ജുഡീഷ്യറിയില്‍ പിടിമുറുക്കാന്‍ കേന്ദ്രത്തിന്റെ നീക്കം

Fri,Aug 10,2018


ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ജസ്റ്റീസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തുന്നത് തടയാന്‍ നരേന്ദ്രമോദി ഗവണ്മെന്റ് ചതിരുപായങ്ങളും പ്രയോഗിച്ചിട്ടും നടന്നില്ല; പക്ഷേ, പണിയാനാകുന്ന പാര അദ്ദേഹത്തിന്റെ നിയമനകാര്യത്തില്‍ പണിയാന്‍ അവര്‍ മറന്നില്ല. അദ്ദേഹം ബഞ്ചിലെ ഒരു ജൂണിയര്‍ ജഡ്ജിയായി ശിഷ്ടകാലം ചെലവഴിക്കും എന്ന് ഗവണ്മെന്റ് ഉറപ്പാക്കി. ജഡ്ജിമാരുടെ സീനിയോരിറ്റി അവരുടെ ജൂഡീഷ്യല്‍ നടപടികളെ ഒരു വിധേനയും ബാധിക്കുകയില്ല. ജൂണിയര്‍ ജഡ്ജി പുറപ്പെടുവിക്കുന്ന വിധിന്യായത്തിനും സീനിയര്‍ ജഡ്ജി പുറപ്പെടുവിക്കുന്ന വിധിന്യായത്തിനും ഒരേ മൂല്യമാണ്. പക്ഷേ, സുപ്രീം കോടതിയുടെ ഭരണപരമായ കാര്യങ്ങളില്‍ സീനിയോരിറ്റി പ്രധാന ഘടകമാണ്. ഉദാഹരണത്തിന് പുതിയ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നാമ നിര്‍ദ്ദേശം ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ അടങ്ങുന്ന കൊളീജിയിയമാണ് നടത്തുന്നത്. റിട്ടയര്‍ ചെയ്യുന്നതിനുമുമ്പ് കൊളീജിയത്തിന്റെ അടുത്തെങ്ങും ജസ്റ്റീസ് കെ.എം.ജോസഫ് എത്തുകയില്ല എന്ന് ഗവണ്മെന്റ് ഉറപ്പുവരുത്തിയിട്ടുണ്ട്.
വിരോധം എന്തിന്?
എന്താണ് ജസ്റ്റീസ് ജോസഫിനോട് ഗവണ്മെന്റിനിത്ര കലിപ്പെന്ന് വ്യക്തമല്ലെങ്കിലും പറയപ്പെടുന്ന കാരണങ്ങളിലൊന്ന് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് ഗവണ്മെന്റിനെ അകാരണമായി പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര ഗവണ്മെന്റ് നടപടി റദ്ദാക്കിയതിലുള്ള വിരോധമാണെന്നാണ്. എസ്‌കിസ്യൂട്ടീവ് ഗവണ്മെന്റിന്റെ നിയമവിരുദ്ധ, ഭരണഘടനാവിരുദ്ധ, നടപടികള്‍ റദ്ദാക്കാനുള്ള അധികാരവും ബാദ്ധ്യതയും ജുഡീഷ്യറിക്കുണ്ട്. പക്ഷേ, ഭരിക്കുന്ന ഒരു ഗവണ്മെന്റും അത് ആഗ്രഹിക്കുകയില്ല. പക്ഷേ, തിരിച്ചടിയേല്‍ക്കുമ്പോള്‍ വൈര്യനിര്യാതന ബുദ്ധിയോടെ ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നത് അഭിലഷണീയമല്ല. ജോസഫ് കേരളീയനാണെന്നതാണ് മറ്റൊരു കാരണമായി പറയപ്പെടുന്നത്. ജസ്റ്റീസ് ജോസഫ് സുപ്രീം കോടതിയില്‍ എത്തിയാല്‍ കേരളീയരായ രണ്ടു ജഡ്ജിമാര്‍ ഒരേ സമയം അവിടെ ഉണ്ടാകുമെന്ന മുട്ടുന്യായം, അദ്ദേഹത്തിന്റെ നിയമനം നിരാകരിച്ചുകൊണ്ട് ഗവണ്മെന്റ് പറഞ്ഞിരുന്നു. ഒന്നില്‍ കൂടുതല്‍ ജഡ്ജിമാര്‍ ഒരേ സംസ്ഥാനത്തുനിന്ന് ഒരേ സമയത്ത് ഉണ്ടായിരിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. ഒരു സംസ്ഥാനത്തെ പതിനിധീകരിച്ച് മൂന്നുപേര്‍ ഇപ്പോള്‍ത്തന്നെയുണ്ട്. കുടാതെ ചീഫ് ജസ്റ്റീസ് അടക്കം മൂന്നു ജഡ്ജിമാര്‍ കേരളത്തെ പ്രതിനിധീകരിച്ച് ഒരേ സമയത്ത് സുപ്രീം കോടതിയില്‍ ഉണ്ടായിരുന്നിട്ടുണ്ട്. അതായത്, ഗവണ്മെന്റിന്റെ ന്യായീകരണം അര്‍ത്ഥമില്ലാത്തതാണ്. അത് കൊളീജിയം തള്ളുകയും ചെയ്തിരുന്നു. പക്ഷേ, കേരളത്തോടുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ചില അവഗണനകള്‍ ചൂണ്ടിക്കാട്ടാന്‍ ഇല്ലാതെയില്ല. പല തവണ ശ്രമിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ പ്രധാനമന്ത്രി കൂട്ടാക്കാതിരുന്നതും, കൂടുതല്‍ റേഷന്‍ വിഹിതം ചോദിച്ച് കാണാനെത്തിയ സര്‍വ്വകക്ഷി സംഘത്തെ അവഹേളിച്ച് അയച്ചതും, പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ (മുന്‍)മുഖ്യമന്ത്രിയെ ക്ഷണിക്കാതിരുന്നതും, കേരളത്തിന് അനുവദിച്ച റെയില്‍വേ കോച്ചു ഫാക്ടറി നിഷേധിച്ചതുമെല്ലാം ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിജെപിക്ക് കേരളം ബാലികേറാമലയാണ് എന്നതാകാം കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു എംഎല്‍എ സ്ഥാനം ലഭിച്ചതൊഴിച്ച്, ഏറെ നാള്‍ ശ്രമിച്ചിട്ടും കേരളത്തില്‍ ഒന്നും നേടാനായില്ലെന്നു മാത്രമല്ല, അതിനുള്ള സാദ്ധ്യത അടുത്തെങ്ങും തെളിഞ്ഞു കാണുന്നതുമില്ല. അതാകാം കേരളത്തോടുള്ള അവഗണനയ്ക്ക് കാരണം. പക്ഷേ, കേരളത്തിലെ ബി.ജെ.പിക്കാരുടെ ഐക്യമില്ലായ്മയും തന്ത്രമില്ലായ്മയുമാണ് അതിനു കാരണം എന്ന് നേതൃത്വം മനസിലാക്കുന്നില്ല. ഉത്തരേന്ത്യയില്‍ എളുപ്പത്തില്‍ വിലപ്പോകുന്ന വര്‍ഗ്ഗീയത അത്ര എളുപ്പത്തില്‍ കേരളത്തില്‍ നടപ്പില്ലെന്ന് അവര്‍ക്കറിയില്ല. കേരളം പിടിക്കണമെങ്കില്‍ മറ്റു തന്ത്രങ്ങള്‍ കണ്ടെത്തണം. അതിന് ധിഷണാശക്തിയുള്ള നേതൃത്വം ആവശ്യമാണ്. അതില്ലെങ്കില്‍ പരിതപിച്ചിട്ട് കാര്യമില്ല. ജോസഫ് ക്രൈസ്തവനാണെന്നതാണ് മറ്റൊരു കാര്യമെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്. അതിനോട് മറ്റു പലരും യോജിക്കുന്നില്ലെങ്കിലും, ചില ബിജെപി-സംഘ്പരിവാര്‍ നേതാക്കളുടെയും അണികളുടെയും അഭിപ്രായപ്രകടനങ്ങള്‍ കേട്ടാല്‍ അതില്‍ കഴമ്പുണ്ടെന്നു തോന്നും.
എന്തുകൊണ്ട് അഭിലഷണീയമല്ല?
ഇത് ഒരു ജഡ്ജിയുടെ സീനിയോരിറ്റിയുടെ പ്രശ്‌നമല്ല, ജൂഡീഷ്യറിയുടെ സ്വതന്ത്രതയുടെ പ്രശ്‌നമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള നഗ്നമായ കൈകടത്തലാണെന്നതാണ് കാരണം. സ്വതന്ത്രമായ ജൂഡീഷ്യറി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ഭാഗമാണ്. ജനാധിപത്യത്തിന്റെ നിലനില്പിന് അത് അത്യന്താപേക്ഷിതമാണ്. ഭൂരിപക്ഷമാണ് ജനാധിപത്യത്തിന്റെ കാതലെങ്കിലും, ഭൂരിപക്ഷത്തിന് രാജ്യത്തെ തെറ്റായ വഴിയിലേക്ക് തിരിച്ചുവിടാനാകും. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ അടിസ്ഥാനത്തില്‍ അതിനു തടയിടുകയും ജനാധിപത്യത്തെ നേരായ വഴിയില്‍ തിരിച്ചുവിടുകയും ചെയ്യേണ്ടത് ആവശ്യമാണ്. അവിടെയാണ് ജുഡീഷ്യറിയുടെ സ്വതന്ത്രത പ്രകസക്തമാകുന്നത്. ഇന്ത്യന്‍ ജൂഡീഷ്യറി സ്വതന്ത്രമായിരിക്കാന്‍ ആവുന്ന മുന്‍കരുതലെല്ലാം ഭരണഘടനാ നിര്‍മ്മാതാക്കള്‍ കൈക്കൊണ്ടിട്ടുണ്ടെങ്കിലും ഭരണകക്ഷിയുടെ ആശയപരതയില്‍ മുങ്ങിത്താണ് അവര്‍ക്ക് പാദസേവ ചെയ്യാന്‍ ഏതെങ്കിലും ജഡ്ജി തുനിഞ്ഞാല്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ല. അതേസമയം ഭരിക്കുന്ന കക്ഷി വേണ്ടപ്പെട്ടവരെ മാത്രം ജഡ്ജിമാരായി നിയമിക്കുകയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാദ്ധ്യതയുള്ളവര്‍ക്ക് നിയമനം നിഷേധിക്കുകയും ചെയ്യുന്നത് ജൂഡീഷ്യല്‍ സ്വാതന്ത്ര്യത്തിലേക്കുളള നഗ്നമായ കൈകടത്തലാണ്. അത് അനുവദിക്കാന്‍ പാടില്ല. സ്വേച്ഛാധിപതികള്‍ ആധിപത്യം നിലനിറുത്തുന്നത് സൈന്യത്തിലും ജുഡീഷ്യറിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങളിലും വേണ്ടപ്പെട്ടവരെ മാത്രം നിയമിച്ച് ആ സ്ഥാപനങ്ങളെ സ്വന്തം വരുതിക്ക് കൊണ്ടുവന്നാണ്. ഭീഷണികള്‍, പോതുജനവികാരം എന്നു തോന്നിക്കുംവിധം ചെറിയൊരു സംഘം തല്പര കക്ഷികള്‍ വ്യാപകമായി നടത്തുന്ന കോലാഹലങ്ങള്‍, റിട്ടയര്‍മെന്റിനു ശേഷം ലഭിക്കാവുന്ന സ്ഥാനമാങ്ങള്‍ കാട്ടി മോഹിപ്പിക്കല്‍ അങ്ങനെ പല വിധത്തിലും ജഡ്ജിമാരെ സ്വാധിനിക്കുന്ന രീതി നിലവിലുണ്ട്. അതെല്ലാം ജനാധിപത്യം ട്രാക്ക് തെറ്റുന്നതിലേക്കായിരിക്കും നയിക്കുക.
സിനിയോരിറ്റി നിശ്ചയിക്കുന്നത് എങ്ങനെ?
സുപ്രീം കോടതിയലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ സീനിയോറിറ്റി നിശ്ചയിക്കുന്നതു സംബന്ധിച്ച് നയമങ്ങളൊ ചട്ടങ്ങളോ ഒന്നുമില്ല; പാരമ്പര്യങ്ങള്‍ മാത്രം. അതനുശരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന മുറയ്ക്കാണ് സീനിയോരിറ്റി കണക്കാക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യിക്കുന്നതാകട്ടെ പ്രസിഡന്‍ഷ്യല്‍ ഉത്തരവില്‍ പേരു ചേര്‍ത്തിരിക്കുന്ന മുറയ്ക്കാണ്. പ്രസിഡന്‍ഷ്യല്‍ ഉത്തരവില്‍ പേരു ചേര്‍ക്കുന്നതാകട്ടെ കൊളീജിയം നിര്‍ദ്ദേശിക്കുന്ന മുറയ്ക്കും. അങ്ങനെയൊക്കെ ചെയ്യണമെന്ന് നിയമം ഒന്നുമില്ലെങ്കിലും ഇതുവരെ അങ്ങനെയാണ് ചെയ്തിരുന്നത്. ഒരേ ദിവസം ഒന്നിലധികം പേര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോഴും, അത് ചെയ്യുന്ന ക്രമത്തിലാണ് സീനിയോരിറ്റി നിശ്ചയിക്കുക. ഉദാഹരണത്തന് ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും റിട്ടയര്‍ ചെയ്ത ജസ്റ്റീസ് ചലമേശ്വറും ഒരേ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്തത്. പക്ഷേ, പ്രസിഡന്‍ഷ്യല്‍ ഉത്തരവില്‍ ചലമേശ്വര്‍ പിന്നിലായിരുന്നതിനാല്‍ അദ്ദേഹത്തേക്കാള്‍ പ്രായക്കുറവുള്ള മിശ്ര ചീഫ് ജസ്റ്റീസ് ആകുകയും ചലമേശ്വര്‍ അതിനു കഴിയാതെ റിട്ടയര്‍ ചേയ്യുകയും ചെയ്തു. ഈ മാസം 28ന് ജസ്റ്റീസ് ദീപക് മിശ്ര റിട്ടയര്‍ ചെയ്യുമ്പോള്‍ ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി ആയിരിക്കും ചീഫ് ജസ്റ്റീസ് ആകുക. 2019 നവംബര്‍ 17ന് അദ്ദേഹം സ്ഥാനം ഒഴിയുന്നതിനുമുമ്പ് ജസ്റ്റീസ് മദന്‍ ഭീമറാവു ലോക്കൂര്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ്, ജസ്റ്റീസ് അരുണ്‍ കുമാര്‍ സിക്രി എന്നിവര്‍ റിട്ടയര്‍ ചെയ്ത് പോകും. ഇവിടെ ജസ്റ്റീസ് ജോസഫിന്റേ പേര് കൊളീജിയിയം നിര്‍ദ്ദേശിച്ചത് ഈ വര്‍ഷം ജനുവരി 10നായിരുന്നു. ഒപ്പം സുപ്രീം കോടതി ബാറില്‍നിന്ന് ബഞ്ചിലേക്ക് ഉയര്‍ത്തപ്പെട്ട അഭിഭാഷക ഇന്ദു മല്‍ഹോത്രയുടെ പേരും ഉണ്ടായിരുന്നു. കൊളീജിയത്തിന്റെ നിര്‍ദ്ദേശം ഗവണ്മെന്റ് അംഗീകരിച്ചെങ്കില്‍ ജസ്റ്റീസ് ജോസഫ് അവരേക്കാള്‍ സീനിയര്‍ ആകുമായിരുന്നു. കാരണം കൊളീയിത്തിന്റെ ലിസ്റ്റിലെ ആദ്യ പേര് ജോസഫിന്റേതായിരുന്നു. എന്നാല്‍ കൊളീജിയിയത്തിന്റെ നിര്‍ദ്ദേശം നിരാകരിച്ച ഗവണ്മെന്റ് ഏപ്രില്‍ മാസത്തില്‍ ലിസ്റ്റ് പുനപരിശോധനയ്ക്കായി തിരിച്ചയക്കുന്നു. മെയ് 11 ന് ചേര്‍ന്ന കൊളീജിയം ജസ്റ്റീസ് ജോസഫിന്റെ പേര് വീണ്ടും നിര്‍ദ്ദേശിച്ചപ്പോള്‍ ഗവണ്മെന്റിന് അംഗീകരിക്കാതെ നിവൃത്തി ഇല്ലാതാകുകയും അദ്ദേഹത്തെ നിയമിക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. പക്ഷേ, അവിടെയാണ് ഗവണ്മെന്റ് കളിച്ചത്. മെയ് 11ന് കൊളീയീയം നിര്‍ദ്ദേശിച്ച മറ്റു രണ്ടുപേരുടെ (ജസ്റ്റീസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റീസ് വിവീത് സരണ്‍) പിന്നിലാണ് ജോസഫിന്റെ പേര് ചേര്‍ത്തത്. അങ്ങനെ ജിസ്റ്റീസ് കെഎം ജോസഫിനെ സീനയോരിറ്റിയില്‍ ഏറ്റവും താഴെയാക്കി. അതിനനെതിരെ ഒരു പറ്റം ജഡ്ജിമാര്‍ ചീഫ് ജസ്റ്റീനെ കാണുകയും അദ്ദേഹം ഗവണ്മന്റിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. കാരണം ജനുവരി 10ലെ കൊളീജിയത്തന്റെ തീരുമാനം അനുസരിച്ച് ''ജസ്റ്റീസ് ജോസഫ് മറ്റെല്ലാ ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റീസുമാരെയും മറ്റു ജഡ്ജിമാരെയും കാള്‍ കൂടുതല്‍ അര്‍ഹതയുള്ളവനും ജോഗ്യതയുള്ളവനുമാണ്''. പക്ഷേ, ഗവണ്മെന്റ് വഴങ്ങിയില്ല. അതിനാല്‍ ഇന്ദു മല്‍ഹോത്രക്കു മാത്രമല്ല, ജസ്റ്റീസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റീസ് വിനീത് സരണ്‍ എന്നിവര്‍ക്കുപോലും ജൂണിയറായാണ് ജോസഫിന്റെ പേര്‍ അയച്ചത്. അതിന് ഗവണ്മെന്റ് പറഞ്ഞ ന്യായീകരണം ഒരേ ദിവസം ലഭിച്ച രണ്ട് നിര്‍ദ്ദേശങ്ങള്‍ (ജസ്റ്റീസ് ജോസഫിന്റെയും ജസ്റ്റീസ്മാരായ ഇന്ദിരാ ബാനര്‍ജിയുടെയും ജസ്റ്റീസ് വിനീത് സരന്റെയും) പരിഗണിച്ചപ്പോള്‍ അഖിലേന്ത്യാ സീനിയോരിറ്റി നോക്കി ആ ക്രമത്തില്‍ വാറണ്ട് പുറപ്പെടുവിച്ചു എന്നാണ്. ജസ്റ്റീസ് ജോസഫിന്റെ പേര് ജനുവരി 10ന് നിര്‍ദ്ദേശിക്കുകയും അത് തിരിച്ചയച്ച ഗവണ്മെന്റ് നടപടി നിരാകരിക്കാന്‍ മെയ് 11 ന് തീരുമാനിക്കുകയും ചെയ്ത കാര്യം അവഗണിക്കുകയായിരുന്നു ഗവണ്മെന്റ്. പേരുകള്‍ അയച്ചത് ഒരുമിച്ചാണെന്നത് ഒരു അടവായി ഗവണ്മെന്റ് സ്വീകരിച്ചു.
എന്തടിസ്ഥാനത്തിലാണ് കൊളീജിയം നിര്‍ദ്ദേശിക്കുന്നത്
രണ്ടാം ജഡ്ജസ് കേസ് എന്നറിയപ്പെടുന്ന കേസിന്റെ വിധി അനുസരിച്ചാണ് ഇപ്പോഴത്തെ കൊളീജിയം സമ്പ്രദായം നിലവില്‍ വന്നത്. അതനുസരിച്ച് സുപ്രീം കോടതിയിലേക്കുള്ള നിയമനം ഒരു 'സബ്ജക്റ്റീവ് പ്രോസസ്' ആണ്. സീനിയോരിറ്റി ഒരു ഘടകമല്ല. മെറിറ്റ്, യോഗ്യത തുടങ്ങിയവയാണ് മാനദണ്ഡം. വിവിധ ഹൈക്കോടതികളുടെ പ്രാതിനിധ്യവും പരിഗണിക്കും. അതിനാല്‍ ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോരിറ്റി ലിസ്റ്റില്‍ മുമ്പിലുള്ളവരെ തഴഞ്ഞ് താഴെയുള്ളവരെ നിയമിക്കും. ഉദാഹരണത്തിന് ജസ്റ്റിസ് ജെ എസ് ഖേഹര്‍ അഖിലേന്ത്യ ലിസ്റ്റില്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് മിശ്രയ്ക്കും ജസ്റ്റീസ് ചലമേശ്വര്‍ക്കും പിന്നിലായിരുന്നു. എങ്കിലും അവര്‍ക്കു മുമ്പേ ഖേഹര്‍ സുപ്രീം കോടതിയില്‍ നിയമിതനാകുകയും ചീഫ് ജസ്റ്റീസായി റിട്ടയര്‍ ചെയ്യുകയും ചെയ്തു. മിശ്രയ്ക്കും ചലമേശ്വര്‍ക്കും ഒപ്പമാണ് നിയമിക്കപ്പെട്ടതെങ്കില്‍ അദ്ദേഹം ചീഫ് ജസ്റ്റീസ് ആകുമായിരുന്നില്ല. അതിനാല്‍ ഗവണ്മെന്റ് നിലവിലുള്ള പ്രൊസീജിയര്‍ തെറ്റിച്ചെന്നു മാത്രമല്ല; അതിന് മുടന്തന്‍ ന്യായങ്ങള്‍ നിരത്തുകുയും ചെയ്തു. ജസ്റ്റീസ് ജോസഫ്, ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ പേരുകള്‍ മുമ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളതാകയാല്‍ ഗവണ്മെന്റ് നിയമന ഉത്തരവിലും അതേ ക്രമം പാലിക്കാന്‍ ബാദ്ധ്യസ്ഥരായിരുന്നു എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, നിയമത്തിന്റെയും ചട്ടങ്ങളുടെയും അഭാവത്തില്‍ ഗവണ്മെന്റ് അത് പാലിക്കാന്‍ കൂട്ടാക്കിയില്ല. അതിനു പറഞ്ഞ ന്യായീകരണമാകട്ടെ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റീസുമാരുടെ അഖിലേന്ത്യാ സീനിയോരിറ്റി ലിസ്റ്റില്‍ ജസ്റ്റിസ് ജോസഫിന് 39-ാം സ്ഥാനത്താണെന്നതാണ്. ആ ന്യായം നേരത്തെ കൊളീജിയിയം തള്ളിയതാണ്.
എന്തുകൊണ്ട് ചീഫ് ജസ്റ്റീസ് വഴങ്ങി?
എന്തുകൊണ്ട് ചീഫ് ജസ്റ്റീസ് വഴങ്ങി എന്ന ചോദ്യത്തിന്, അദ്ദേഹം ഗവണ്മെന്റിന്റെ അപ്രീതി ഏറ്റുവാങ്ങാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നാണ് ഉത്തരം. ഭരണകക്ഷിയുടെ ആളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. കൂടാതെ ഈ മാസം അവസാനം റിട്ടയര്‍ ചെയ്യും. റിട്ടയര്‍മെന്റിനു ശേഷം സ്ഥാനമാനങ്ങള്‍ ലഭിക്കണമെങ്കില്‍ ഗവണ്മെന്റ് കനിയണം. പക്ഷേ, മോശമായ ഒരു പ്രീസിഡന്‍സാണ് അദ്ദേഹം സ്ഥാപിച്ചിരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ജൂഡീഷ്യറില്‍ കൈ കടത്താന്‍ അത് ഗവണ്മെന്റിന് ഇനിയും അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കും എന്നതാണ് അതിന്റെ മോശമായ വശം. ജൂഡീഷ്യറി അതിന്റെ ഭരണഘടനാ ദത്തമായ സ്വാതന്ത്ര്യം കളഞ്ഞുകുളിക്കുന്നതിന്റെ ദൃഷ്ടാന്തമായി നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. സീനിയോരിറ്റി നോക്കിയാണ് ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നതെങ്കില്‍ (ഇന്ദിരാ ഗാന്ധിയുടെ കാലത്ത് സീനിയോരിറ്റി മറികടന്ന് നിയമിച്ചിട്ടുണ്ട്. പക്ഷേ, അന്ന് നിയമനരീതി വ്യത്യസ്തമായിരുന്നു) ഇപ്പോള്‍ നിയമിക്കപ്പെട്ട മൂന്നു ജഡ്ജിമാരും ചീഫ് ജസ്റ്റീസ് പദവി വഹിക്കാന്‍ ഇടയില്ല. പക്ഷേ, കൊളീജിയത്തിലെ അംഗത്വത്തെ ബാധിക്കും. കൊളീജിയത്തില്‍ ഗവണ്മെന്റ് അനുകൂലികള്‍ ഉണ്ടെങ്കില്‍ ഗവണ്മെന്റിന് ആഗ്രഹിക്കുന്ന വ്യക്തികളെ ജഡ്ജിമാരാക്കാന്‍ കഴിയും.

Other News

 • ബ്രെക്‌സിറ്റ് മൂന്ന് മാസമെങ്കിലും വൈകും
 • യുഎസ് - ചൈന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്
 • യുഎസ് വാഴ്‌സിറ്റികളിലെ ഉന്നത വിജയികള്‍ക്ക് കൂടുതല്‍ വിസ
 • വെടിയുണ്ടകള്‍ തകര്‍ത്തത് അലിവാവയുടെ സ്വപ്നം, നാസറിന്റെയും
 • എന്‍ഡിഎ 283 സീറ്റ് നേടുമെന്ന് ടൈംസ് സര്‍വേ
 • ഐഎസ് തടവറയില്‍നിന്നും ജീവിതത്തിലേക്ക്
 • വംശീയഭീകരത: ഇനിയും വളരണം രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം
 • ഇന്ത്യാ-പാക് സംഘര്‍ഷ വേളയില്‍ നാവികസേനയും തയ്യാറായിരുന്നു
 • ക്രൈസ്റ്റ്ചര്‍ച്ച് തെളിയിക്കുന്നു: ഭീകരതയുടെ ഭാഷ ഒന്നുതന്നെ
 • പാക് ഭീകരതാ വിരുദ്ധ നടപടികള്‍ പരിശോധിക്കപ്പെടണം: ഇന്ത്യ
 • ജെഎല്‍ആര്‍ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികന്‍ ഇനി ഓര്‍മ്മ
 • Write A Comment

   
  Reload Image
  Add code here