2+2 ചര്‍ച്ച: പന്ത് ഇനിയും യുഎസിന്റെ കോര്‍ട്ടില്‍

Thu,Sep 13,2018


ഇന്ത്യയിലെയും യുഎസിലെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത് സെപ്റ്റംബര്‍ ആറിന് ന്യൂഡല്‍ഹിയില്‍ നടന്ന 2+2 ചര്‍ച്ച ഏകപക്ഷീയമായ ഒന്നായിരുന്നു എന്ന വിമര്‍ശനം നിലനില്‍ക്കുന്നു. വാഷിംഗ്ടനാണ് ഷോട്ടുകള്‍ പായിച്ചത്. യുഎസ് സമ്മര്‍ദ്ദങ്ങളെ ചെറുക്കാന്‍ ആയാസപ്പെട്ട ന്യൂഡല്‍ഹി അതില്‍ വിജയിച്ചതുമില്ല. 2+2 ചര്‍ച്ച 'യുഎസിന് മേല്‍ക്കൈ' നല്‍കിയാണ് അവസാനിച്ചത് - ചില വിദഗ്ധര്‍ ഇങ്ങനെ വിലയിരുത്തുന്നു. പ്രതിരോധ രംഗത്ത് ഇന്ത്യയും യുഎസും തമ്മില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ബന്ധങ്ങള്‍ കൂടുതല്‍ വളര്‍ത്താന്‍ 2+2 ചര്‍ച്ചകള്‍ ഉപകരിച്ചു എന്നതില്‍ രണ്ടു പക്ഷമില്ല. എന്നാല്‍ ഇന്ത്യ അതിനായി ഒട്ടേറെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നു എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വരുംദിവസങ്ങളില്‍ സമാനമായ വിട്ടുവീഴ്ചകള്‍ യുഎസ് ചെയ്യുന്നില്ലെങ്കില്‍ നഷ്ടം ഇന്ത്യയ്ക്കുതന്നെയെന്നും അവര്‍ പറയുന്നു. ഇന്ത്യ - യുഎസ് ബന്ധങ്ങളെപ്പറ്റി വലിയ വാക്കുകളില്‍ ഇരുപക്ഷവും പുകഴ്ത്തി. വാണിജ്യ, സാമ്പത്തിക രംഗങ്ങളിലെ സഹകരണം ശക്തമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത സംയുക്ത പ്രസ്താവനയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ പ്രതിരോധ രംഗത്ത് പുരോഗതി ഉണ്ടായാല്‍ത്തന്നെ സാമ്പത്തിക സഹകരണരംഗത്ത് ആഗ്രഹപ്രകടനത്തിനപ്പുറം പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. യുഎസ് ഏര്‍പ്പെടുത്തിയ സ്റ്റീല്‍, അലുമനിയം താരിഫില്‍നിന്നും ഇന്ത്യയെ ഒഴിവാക്കുന്നതിനുള്ള യാതൊരു നീക്കവുമില്ല. അതിലുപരി, ഇന്ത്യയുടെ ഊര്‍ജ്ജ, പ്രതിരോധ പങ്കാളികളായ ഇറാനും റഷ്യയ്ക്കുമെതിരെ വാഷിംഗ്ടണ്‍ ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളാണ് ഇന്ത്യയുടെ താല്പര്യങ്ങളെ ഏറെ ഹനിക്കുന്നത്. അക്കാര്യത്തില്‍ എന്തെങ്കിലും ഉറപ്പുനല്‍കാന്‍ 2+2 ചര്‍ച്ചകള്‍ക്കായില്ല. ചര്‍ച്ചകളുടെ ഫലങ്ങള്‍ ശ്രദ്ധാപൂര്‍വം വിശകലനം ചെയ്യുകയും ഇന്ത്യയും യുഎസും തമ്മിലുള്ള ഭാവി ബന്ധങ്ങളുടെ ദിശ പരിഗണിക്കുകയും ചെയ്യുമ്പോള്‍ 'ഇന്ത്യ ശക്തനായ പങ്കാളി' എന്ന അമേരിക്കയുടെ മധുര ഭാഷണത്തിലോ അല്ലെങ്കില്‍ പാക്കിസ്ഥാനെ ഭര്‍സിക്കുന്ന വാക്കുകളിലോ അമിതമായി സന്തോഷിക്കാന്‍ ഒന്നുംതന്നെയില്ലെന്നാണ് അവര്‍ പറയുന്നത്.
അമേരിക്കന്‍ വാങ്ങുക
ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപ്രധാന ബന്ധങ്ങളെക്കുറിച്ചു പറയുമ്പോഴും മറയില്ലാത്ത വിപണന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ സംഘം എത്തിയത്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും പിന്മാറുകയും ഇറാനെതിരെ ഏകപക്ഷീയമായ ഉപരോധ നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്ത യുഎസ് ഇന്ത്യയെയും അതില്‍ ഭാഗഭാക്കാക്കുന്നതിനാണ് ശ്രമിക്കുന്നത്. ഇറാനില്‍നിന്നുമുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പാടെ അവസാനിപ്പിക്കണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. എണ്ണയുടെ ആവശ്യത്തില്‍ സംഭവിക്കുന്ന കുറവ് പരിഹരിക്കുന്നതിനായി യുഎസില്‍നിന്നും എണ്ണ ഇറക്കുമതി ചെയ്യാനും അവര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇന്ത്യയിലേക്കുള്ള യുഎസിന്റെ എണ്ണകയറ്റുമതി ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. യുഎസിന്റെ ഉപരോധ ഭീഷണികളെ ഭയന്നായിരുന്നു ഇറക്കുമതി കൂട്ടിയത്. അത് അമേരിക്കയില്‍ ശക്തിപ്പെട്ടുവരുന്ന എണ്ണ വ്യവസായത്തിന് കൂടുതല്‍ കരുത്തേകി. ഇറാനില്‍നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ ഇളവൊന്നും 2+2 ചര്‍ച്ചയില്‍ യുഎസ് നല്‍കിയില്ല എന്നത് ശ്രദ്ധേയമാണ്. രണ്ടാമതായി, റഷ്യയുമായി പ്രതിരോധ, ഇന്റലിജന്‍സ് മേഖലകളില്‍ സഹകരിക്കുന്ന രാഷ്ട്രങ്ങളെ ശിക്ഷിക്കുന്നതിനുള്ള യുഎസിലെ നിയമം ഇന്ത്യക്കു ഭീഷണിയായി നിലകൊള്ളുകയാണ്. കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറിസ് ത്രൂ സാങ്ക്ഷന്‍സ് ആക്ട് (കാറ്റ്‌സ) എന്ന നിയമം ഇന്ത്യയ്ക്ക് വളരെ ആവശ്യമുളള എസ്400 മിസൈല്‍ പ്രതിരോധ സംവിധാനം റഷ്യയില്‍നിന്നും വാങ്ങുന്നതിനു തടസ്സമാകും. ഇന്ത്യക്ക് ആകെയുള്ള ആയുധങ്ങളില്‍ 60%വും റഷ്യന്‍ നിര്‍മ്മിതമാണെന്നതിനാല്‍ അത് വലിയ ബുദ്ധിമുട്ടാകും സൃഷ്ടിക്കുക. റഷ്യന്‍ ആയുധം വാങ്ങുന്നതിന് 2+2 ചര്‍ച്ചയില്‍ എന്തെങ്കിലും ഇളവ് ലഭിച്ചോ എന്നു വ്യക്തമല്ല. സംയുക്ത പ്രസ്താവനയില്‍ അതേക്കുറിച്ചൊന്നും പറയുന്നില്ല. ഇളവൊന്നും ലഭിച്ചിട്ടില്ലെങ്കില്‍ ഇന്ത്യക്കത് വലിയ തിരിച്ചടിതന്നെയാകും. 2+2 ചര്‍ച്ചക്കു മുന്നോടിയായി നടന്ന ചര്‍ച്ചകളില്‍ ഇന്ത്യ-യുഎസ് വ്യാപാരത്തിലെ അസന്തുലിതാവസ്ഥ നീക്കുന്നതിന് വലിയ സമ്മര്‍ദ്ദമുണ്ടായി. ഇപ്പോള്‍ ഇന്ത്യയ്ക്കാണ് വ്യാപാര മിച്ചമുള്ളത്. അമേരിക്കയില്‍നിന്നും കൂടുതല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് വ്യാപാര സന്തുലനം കൈവരിക്കാനാണ് അമേരിക്ക ആവശ്യപ്പെടുന്നത്.
സുരക്ഷാ കരാറുകള്‍
2+2 ചര്‍ച്ചാ വേളയില്‍ കമ്മ്യൂണിക്കേഷന്‍സ് കോംപാറ്റിബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി എഗ്രിമെന്റ് അഥവാ 'കോംകാസ'യില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുകയുണ്ടായി. ഇന്ത്യയും യുഎസും തമ്മിലുള്ള സൈനിക ബന്ധങ്ങളുടെ മൂന്ന് അടിത്തറകളിലൊന്നായിട്ടാണ് അതിനെ കണക്കാക്കുന്നത്. 2016ല്‍ ഇന്ത്യയും യുഎസും ലോജിസ്റ്റിക് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് അഥവാ ലെമോവയില്‍ ഒപ്പുവച്ചിരുന്നു. മൂന്നാമത്തേ ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോഓപ്പറേഷന്‍ എഗ്രിമെന്റ് ഫോര്‍ ജോ സ്‌പേഷ്യല്‍ കോഓപ്പറേഷന്‍ അഥവാ 'ബേക്ക' സംബന്ധിച്ച കൂടിയാലോചനകള്‍ നടക്കുന്നതേയുള്ളു. ഈ കരാറുകള്‍ ദേശീയ സുരക്ഷയ്ക്കുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. ഇപ്പോള്‍ സൈനികാവശ്യങ്ങള്‍ക്കായി ഇന്ത്യ ഉപയോഗിക്കുന്ന യുഎസ് നിര്‍മ്മിത പി81, സി130 ജെ എന്നീ വിമാനങ്ങളില്‍ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനു കോംകാസ കരാറിലൂടെ ഇന്ത്യക്കു അവസരം ലഭിക്കും. ഇങ്ങനെയൊരു കരാറില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നില്ലെങ്കില്‍ അത്തരം ഉപകരണങ്ങള്‍ ഇന്ത്യക്കു നല്‍കാന്‍ യുഎസിലെ നിയമങ്ങള്‍ അനുവദിക്കില്ല. ഇത്തരം അത്യാധുനികങ്ങളായ ഉപകരണങ്ങളില്ലാതെ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനും വലിയ തടസ്സങ്ങള്‍ നേരിടും. ഈ വാദത്തില്‍ അല്‍പ്പം കഴമ്പുണ്ടെന്ന് കാണാം. എന്നാല്‍ ഇന്ത്യ ഒപ്പുവച്ച കോംകാസ കരാര്‍ ഇനിയും പരസ്യമായ രേഖയല്ല. അത് പല ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. ഇന്ത്യക്കു വില്‍ക്കുന്ന കോംകാസ ഉപകരണങ്ങള്‍ പരിശോധിക്കുന്നതിനായി ഇന്ത്യയുടെ സൈനിക താവളങ്ങളില്‍ കടന്നു ചെല്ലുന്നതിനു യുഎസ് പരിശോധകന്മാര്‍ക്ക് കഴിയുമെന്നതാണ് വലിയൊരു ആശങ്ക. ഈ ആശങ്കയുടെ പേരിലാണ് കോംകാസ കരാറില്‍ ഒപ്പിടുന്നതിന് ഇന്ത്യ ഇക്കാലമത്രയും മടിച്ചിരുന്നത്. ഈ പരിശോധന എത്രത്തോളം ആഴത്തിലുള്ളതാകുമെന്ന് ഇപ്പോഴും ഒരു രൂപവുമില്ല. 2008ല്‍ ദക്ഷിണ കൊറിയയുമായി യുഎസ് ഒപ്പുവച്ച സമാനമായൊരു കരാര്‍, ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതും അവയ്ക്കാവശ്യമായ മെയിന്റനന്‍സ് ജോലികള്‍ ചെയ്യുന്നതും സമയാസമയങ്ങളില്‍ പരിശോധനകള്‍ നടത്തുന്നതും യുഎസ് അധികാരപ്പെടുത്തിയവര്‍ ആയിരിക്കുമെന്നു പറയുന്നുണ്ട്.
ദക്ഷിണ കൊറിയ യുഎസിന്റെ സഖ്യശക്തിയാണ്. എന്നാല്‍ ഇന്ത്യ അതല്ല. കോംകാസ കരാര്‍ ഒപ്പുവച്ചതിലൂടെയും യുഎസിന്റെ കാറ്റ്‌സ നിയമത്തിനു അനുരോധമായി റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്നത് കുറയ്ക്കാമെന്നു സമ്മതിച്ചതിലൂടെയും യുഎസിന്റെ ഒരു നിയമം ഇന്ത്യയിലും പ്രാവര്‍ത്തികമാക്കാമെന്നു സമ്മതിച്ചിരിക്കുകയാണ് ഇന്ത്യ. 2009ല്‍ ഇന്ത്യയും യുഎസും എന്‍ഡ് യൂസ് മോണിറ്ററിങ് എഗ്രിമെന്റ് ഒപ്പുവച്ചിരുന്നു എന്നത് സത്യമാണ്. എന്നാല്‍ ഇന്ത്യന്‍ സൈനിക താവളങ്ങളിലേക്കു കടക്കുന്നതില്‍നിന്നും യുഎസ് പരിശോധകരെ മാറ്റി നിര്‍ത്തുമെന്ന് അതില്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാലിപ്പോള്‍ യുഎസിലെ ആഭ്യന്തര നിയമം തികച്ചും പുതിയൊരു തലത്തിലേക്കുയര്‍ത്തി നടപ്പാക്കുന്നതിനാണ് ന്യൂഡല്‍ഹി ശ്രമിക്കുന്നത്. യുഎസ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതോടെ ഇന്ത്യന്‍ സൈനിക കമ്മ്യൂണിക്കേഷന്‍ സമ്പ്രദായത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ന്നുപോകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി അമേരിക്കന്‍ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തരുത് എന്നല്ല, അതിനു കൂടുതല്‍ വ്യക്തത ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
ചൈനക്കെതിരെ
ഇന്ത്യയും യുഎസും തമ്മിലുള്ള ആദ്യ 2+2 മന്ത്രിതല ചര്‍ച്ചകള്‍ക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ചൈനയെക്കുറിച്ചൊന്നും പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ഇന്തോ - പസിഫിക് മേഖലയെക്കുറിച്ചു വ്യക്തമായി പറയുകയും ചെയ്യുന്നുണ്ട്. ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ 'ചൈനയുടെ ഭീഷണി' വലിയൊരു വിഷയമാണ്. ചൈനയുടെ ഭീഷണി വലുതാണെന്നും ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണത്തിലൂടെ മാത്രമേ അതിനെ നേരിടാന്‍ കഴിയുള്ളുവെന്നുമാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ ദക്ഷിണേഷ്യന്‍ രാഷ്ട്രമായ ഇന്ത്യ ഏഷ്യയില്‍ നേരിടുന്ന വെല്ലുവിളികള്‍ ഇപ്പോള്‍ ശക്തിക്ഷയം സംഭവിക്കുന്ന ഒരു വിദേശ വന്‍ശക്തിയുടെ സഹായത്തോടെ നേരിടാമെന്ന മോഹം പരിമിതമായ ഫലം മാത്രമേ ഉളവാക്കുകയുള്ളു എന്ന് വാദിക്കുന്ന വിദഗ്ദ്ധരുമുണ്ട്. അതിലുപരി അതിനു തിരിച്ചടികളും ഉണ്ടാകും. ഇന്ത്യയുടെ അന്തരാഷ്ട്ര നിലപാടുകളെയോ മറ്റു രാഷ്ട്രങ്ങളുമായുമുള്ള ഉഭയകക്ഷി ബന്ധങ്ങളെയോ നിര്‍വചിക്കാന്‍ ഇന്ത്യ-യുഎസ് ബന്ധങ്ങളെ അനുവദിക്കരുത് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. സ്വാതന്ത്ര്യം നേടിയതിനു ശേഷം കൂടുതല്‍ കുഴപ്പം നിറഞ്ഞ ലോകത്ത്, യുഎസുമായുള്ള ബന്ധങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുമ്പോള്‍ത്തന്നെ, ഇന്ത്യ തുറന്ന സമീപനം സ്വീകരിക്കുകയും ബഹുമുഖമായ ബന്ധങ്ങള്‍ പടുത്തുയര്‍ത്തുകയും ചെയ്യണമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പെസിമിസം വേണ്ടാ
എന്നാല്‍ ഇത്രയും പെസിമിസം വേണ്ടെന്ന നിലപാടുകളും ശക്തമാണ്. യുഎസിന്റെ നിലപാട് അനുരഞ്ജനപരമായിരുന്നു എന്നതാണ് ഒരു കാര്യം. റഷ്യയും ഇറാനുമായി ബിസിനസ് നടത്തുന്നതിന്റെ പേരില്‍ ഇന്ത്യയെ ശിക്ഷിക്കാന്‍ ഒരുമ്പെടുകയില്ലെന്ന സൂചനയാണ് അത് നല്‍കുന്നത്. എന്നാല്‍ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ച് നവംബറോടെ പൂര്‍ണ്ണമായും നിറുത്തണമെന്നാണ് യുഎസ് ആഗ്രഹിക്കുന്നത് എന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപെയോ വ്യക്തമാക്കി. ഇന്ത്യയെ സംബധിച്ചിടത്തോളം ഏതാണ്ട് അസാദ്ധ്യമായ കാര്യമാണത്. റഷ്യയുമായുള്ള ആയുധ ഇടപാടിന്റെ കാര്യത്തിലും വ്യക്തമായ എന്തെങ്കിലും ഉറപ്പ് ലഭിച്ചിട്ടില്ല. അതുണ്ടായില്ലെങ്കിലും പ്രതികാര നടപടികള്‍ ഉണ്ടാവുകയില്ലെന്നാണ് പ്രതീക്ഷ. കാരണം ഇന്ത്യയുമായി ശക്തമായ ബന്ധം വേണമെന്ന കാര്യത്തില്‍ രണ്ടു പാര്‍ട്ടികള്‍ക്കും പൊതുവെ അനുകൂല നിലപാടാണുള്ളത്. കാപിറ്റോള്‍ ഹില്ലില്‍ ഇന്ത്യാ കോക്കസാണ് രണ്ടാമത്തെ വലിയ കോക്കസ്. പോംപെയോതന്നെ ഇന്ത്യാ അനുകൂലിയാണ്. ഇന്ത്യ പോലുള്ള തന്ത്രപരമായ വലിയ പങ്കാളികളെ ശിക്ഷിക്കാനാവില്ലെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിക്കുന്നു.
പക്ഷേ, ചേദ്യം ഇതാണ്: അദ്ദേഹത്തന്റെ ബോസ് സമ്മതിക്കുമോ? ഇന്ത്യയെ സംബധിച്ചിടത്തോളം വ്യക്തതയില്ലാത്ത നലപാടാണ് ട്രമ്പിന്റേത്. ഇതുവരെ ഇന്ത്യ സന്ദര്‍ശിക്കാന്‍ അദ്ദേഹം കൂട്ടാക്കിയിട്ടില്ല. റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥിയാകാനുള്ള ഇന്ത്യയുടെ ക്ഷണം ട്രമ്പ് സ്വീകരിച്ചാല്‍ അത് മഞ്ഞുരുക്കത്തിന് വഴിതെളിക്കുമെന്ന് കരുതുന്നവരുണ്ട്. എന്തായാലും ഇന്ത്യ-യുഎസ് ബന്ധങ്ങള്‍ അണയുകയല്ല, തിളങ്ങുകയാണെന്നതിന്റെ ഉറപ്പായി 2+2 ചര്‍ച്ചയെ ചില വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. കോംകാസാ കരാര്‍ 2008ല്‍ ഒപ്പിട്ട ഇന്ത്യ-യുഎസ് ആണവക്കരാറില്‍നിന്നും ഒട്ടും പ്രാധാന്യം കുറഞ്ഞതല്ല എന്ന് പറയുന്ന വിദഗ്ദ്ധരുമുണ്ട്. അതിനെ വെറുമൊരു സൈനിക വിവരകൈമാറല്‍ കരാര്‍ മാത്രമായി കാണാനാവില്ല. ആണവ കരാറിനോളംതന്നെ പ്രവസവേദന അനുഭവിച്ച് ഉണ്ടായതാണ് കോംകാസയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന റിവിഷനിസ്റ്റ് ശക്തിക്ക് സന്തുലനം ഉണ്ടാക്കാനുള്ള തന്ത്രപരമായ പ്രതിരോധ പങ്കാളിത്തത്തിന്റെ ഒരു പ്രധാന ചവിട്ടുപടിയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശീതയുദ്ധ ആലസ്യത്തില്‍നിന്നുള്ള മാറ്റമാണത്. ഇന്ത്യയുടെ പ്രതിരോധ ശക്തി ഇന്തോ പസഫിക്ക് മേഖലയിലേക്കുകുടെ പ്രതിഫലിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ശക്തിപകരുന്ന ഒന്നാണത്. മേഖലയിലെ അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് അനുരോധമാണത്. ഇറാനും റഷ്യയുമായി ഇന്ത്യ വ്യാപാര ഇടപടുകള്‍ നടത്തുന്നതിനേക്കാള്‍ ആഴത്തിലുള്ള തന്ത്രപരമായ കാര്യമാണത്.

Other News

 • മള്ളര്‍ റിപ്പോര്‍ട്ട് ; പ്രസിഡന്റും കോണ്‍ഗ്രസും ഏറ്റുമുട്ടലിലേക്ക്
 • ലോക് സഭാ തെരഞ്ഞെടുപ്പ് ; ഫലം നിര്‍ണ്ണയിക്കുക ന്യൂനപക്ഷ വോട്ടുകള്‍
 • ശ്രീലങ്കയ്ക്ക് പുതിയ ഭീഷണിയായി ഭീകരാക്രമണം
 • ചൈന കനിഞ്ഞാല്‍ അസര്‍ കരിമ്പട്ടികയില്‍
 • ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നത് റെക്കോഡ് വേഗതയില്‍
 • പത്തനംതിട്ട ഇന്ത്യയിലെ മികച്ച മണ്ഡലം
 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • Write A Comment

   
  Reload Image
  Add code here