ബിഷപ്പിനെതിരായ ലൈംഗികാരോപണം സഭയുടെ പരാജയം; ഗവണ്‍മെന്റിന്റെയും

Thu,Sep 13,2018


ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ രൂപതയുടെ അധീനതയിലുള്ള മിഷനറീസ് ഓഫ് ജീസസ് എന്ന സന്യാസിനി സമൂഹത്തില്‍പെട്ട ഒരു കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിരുന്നു എന്ന ആരോപണം അവസരോചിതമായി അന്വേഷിക്കാനും നടപടിയെടുക്കാനും സഭാ നേതൃത്വത്തിന് ഉണ്ടായ പരാജയത്തിന് സഭ വലിയ വില നല്‍കേണ്ടി വരുമെന്ന നിരീക്ഷണമാണ് വിദഗ്ദ്ധരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
ബന്ധപ്പെട്ട കന്യാസ്ത്രി പോലീസില്‍ പരാതി കൊടുക്കാനുണ്ടായ സാഹചര്യം, സഭാ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയുടെ സൃഷ്ടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പോലീസില്‍നിന്നും തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന തോന്നലില്‍, ബന്ധപ്പെട്ട കന്യാസ്ത്രിയോട് അനുഭാവമുള്ള അഞ്ച് കന്യാസ്ത്രീകള്‍ ഹൈക്കോടതിയുടെ മുമ്പില്‍ സമരം ആരംഭിക്കുക കൂടെ ചെയ്തതോടെ വിഷയം അന്തര്‍ദ്ദേശീയവല്‍ക്കരിക്കപ്പെട്ടു. സമരം ഇപ്പോള്‍ നാനാജാതിയില്‍പ്പെട്ട ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. സഭാധികാരികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗവണ്മെന്റ് ഭയക്കുന്നു, പോലീസിനെ പണവും സ്വാധീനവും ഉപയോഗിച്ച് സഭാധികാരികള്‍ സ്വാധീനിക്കുന്നു എന്നിങ്ങനെയുള്ള ധാരണയാണ് പൊതുവേ പ്രചരിക്കുന്നത്. സഭയോട് കിറുകിറുപ്പുള്ളവരും സഭയുടെ ശത്രുക്കളും ഇത് അവസരമായി ഉപയോഗിക്കുന്നു. ഇതോടെ പ്രശ്‌നം കൈവിട്ടുപോയി എന്ന അഭിപ്രായമാണ് നിരീക്ഷകര്‍ക്കുള്ളത്. പ്രശ്‌നം സഭയ്ക്കുള്ളില്‍ തീര്‍ക്കാന്‍ സഭാനേതൃത്വത്തിനോ, ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പോലീസിനോ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ''കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച'' ബിഷപ്പിനെ അറസ്റ്റ് ചെയ്യുക എന്ന ആക്രോശമേ എവിടെയും കേള്‍ക്കാനുള്ളു. അദ്ദേഹം യഥാര്‍ത്ഥത്തില്‍ കുറ്റവാളിയാണോ? ആണെങ്കിലും അല്ലെങ്കിലും, അണെന്ന് ജനം ഉറപ്പിച്ചുകഴിഞ്ഞു. മറിച്ചുപറയാന്‍ ആരും ധൈര്യപ്പെടാത്തതുപോലെ തോന്നുന്നു. വ്യംഗ്യമായിട്ടെങ്കിലും അതു ചെയ്യുന്നവരെ 'ട്രോളി'തോല്‍പിക്കുന്നു
മീഡിയ ട്രയല്‍
ഈ അവസ്ഥ സൃഷ്ടിച്ചതിനു മീഡിയയ്ക്ക് വലിയ പങ്കുണ്ട്. സോഷ്യല്‍ മീഡിയ എരിതീയില്‍ എണ്ണ പകരുന്നു. ചൂടന്‍ വാര്‍ത്ത കിട്ടിയല്ലൊ എന്ന സന്തോഷത്തിലാണ് പല അച്ചടി മാദ്ധ്യമ സ്ഥാപനങ്ങളും. അവര്‍ പൊടിപ്പും തൊങ്ങലും വച്ച് കഥ പൊലിപ്പിക്കുന്നു. ചിലര്‍ നുണകള്‍ പ്രചരിപ്പിക്കുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളെല്ലാം പോലീസിനു ലഭിച്ചിട്ടുണ്ട്; ബിഷപ്പ് നുണ പറയുകയായിരുന്നു എന്ന് തെളിഞ്ഞു എന്നൊക്കെ ചില പത്രങ്ങള്‍ അച്ചുനിരത്തി. ഇപ്പോള്‍ പോലീസ് പറയുന്നത് നേരേ തിരിച്ചാണ്. ദൃശ്യമാദ്ധ്യമങ്ങളാകട്ടെ, ചര്‍ച്ചയോടു ചര്‍ച്ചതന്നെ. സഭയെപ്പറ്റി അറിയാത്തവരോ, ശത്രുക്കളെയൊ വിമര്‍കരെയോ ഒക്കെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. അവര്‍ സര്‍വ്വജ്ഞരെന്നവണ്ണം അറിയാവുന്നതും ഇല്ലാത്തതുമായ അഭിപ്രായങ്ങള്‍ തട്ടിമൂളിക്കുന്നു. ജനം വിശ്വസിക്കുന്നു. പക്ഷം ചേരുന്നു. ബിഷപ് മുളയ്ക്കലിനെതിരെ നടപടി എടുക്കാത്തതിന്റെ സകല പാപങ്ങളും സീറോ മലബാര്‍ സഭയുടെ മേലദ്ധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ തലയില്‍ കെട്ടിവയ്ക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പാനല്‍ ചര്‍ച്ചക്കാര്‍ക്കും സഭയുടെ ഘടനയെപ്പറ്റി ഒരു വിവരവുമില്ലെന്നത് വ്യക്തം. കത്തോലിക്കാ സഭ എന്നാല്‍ ഏകശിലാരൂപമായ ഒന്നല്ലെന്നും, ഒരേ വിശ്വാസം പുലര്‍ത്തുകയും ഒരേ തലവനെ (മാര്‍പാപ്പാ) അംഗീകരിക്കുകയും ചെയ്യുന്ന മുപ്പതിലേറെ സഭകളുടെ കൂട്ടായ്മയാണെന്നും അറിയാവുന്നവര്‍ എത്രയുണ്ട്? അതില്‍ ഒരു വ്യക്തി സഭ മാത്രമാണ് സീറോ മലബാര്‍ സഭയെന്നും അതിന്റെ തലവനായ മാര്‍ ആലഞ്ചേരിക്ക്, ലത്തീന്‍ സഭയില്‍പ്പെട്ട ഒരു മത്രാന്റെ മേല്‍ യാതൊരുവിധ അധികാരവുമില്ലെന്നും എത്ര പേര്‍ക്ക് അറിയാം? കര്‍ദിനാള്‍ എന്നത് ഒരു പദവിയാണെന്നും, മറ്റ് ബിഷപ്പുമാരുടെമേല്‍ ആ പദവി കൂടുതല്‍ അധികാരമൊന്നും നല്‍കുന്നില്ലെന്നും പലര്‍ക്കും അറിയില്ല. കര്‍0ിനാള്‍ സാധാരണ ഗതിയില്‍ ഒരു ആര്‍ച്ച് ബിഷപ് ആയിരിക്കും. ആര്‍ച്ച് ബിഷപ്പിന്റെ അധികാരങ്ങള്‍ മാത്രമേ അദ്ദേഹത്തിനുമുള്ളു. കര്‍ദിനാള്‍ ആകുന്നതോടെ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന സംഘത്തിലെ അംഗമാകുക മാത്രമാണ് ചെയ്യുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ് , കര്‍ദിനാള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇന്ത്യയിലുള്ള എല്ലാ മെത്രന്മാരുടെയും തലവനാണെന്നും ശിക്ഷാ നടപടി സ്വീകരിക്കാന്‍ അധികാരമുണ്ടെന്നും പലരും ധരിക്കുന്നു. അവര്‍ അത് വിളിച്ചുപറയുകയും ചെയ്യുന്നു. വസ്തുവില്പന കേസില്‍ മാദ്ധ്യമവിചാരണയും പൊതുജന വിചാരണയും നേരിട്ട് അവശനായ മാര്‍ ആലഞ്ചേരിയെ ഈ കേസുകൂടെ ആയതോടെ പലരും കല്ലെറിയുന്നു.
നടപടിക്ക് അധികാരം ആര്‍ക്ക്
മാര്‍ മുളക്കല്‍ കുറ്റക്കാരനാണെങ്കില്‍ ആരാണ് നടപടി എടുക്കേണ്ടത്. സീറോ മലബാര്‍, സീറോ മലങ്കര എന്നീ സഭകള്‍ക്ക് ഉള്ളതുപോലെ ഒരു തലവന്‍ കേരളത്തിലും പുറത്തുമുള്ള ലത്തീന്‍ സഭയ്ക്ക് ഇല്ല. അതിന്റെ തലവന്‍ റോമിലെ മാര്‍പാപ്പാ ആണ്. അതിനാല്‍ ഒരു ബിഷപ്പിനെതിരെ നടപടി എടുക്കേണ്ടത് റോം ആണ്. വത്തിക്കാന്റെ സ്ഥാനപതിയായ പ്രൊനുണ്‍ഷ്യോയ്ക്കുപോലും ഒരു ലത്തീന്‍ ബിഷപ്പിനെതിരെ നടപടി എടുക്കാന്‍ കഴിയില്ല. പക്ഷേ അദ്ദേഹത്തിന് വിഷയം വത്തിക്കാനെ അറിയിച്ച് യുക്തമായ അന്വേഷണം നടത്തുകയും ആളത്ര ശരിയല്ലെന്നു കണ്ടാല്‍ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്യാമായിരുന്നു. ചില ആരോപണങ്ങള്‍ക്കു വിധേയനായ കൊച്ചി ബിഷപ് ജോണ്‍ തട്ടുങ്കലിനെതിരെ ഇരുചെവി അറിയാതെ അന്വേഷണം നടത്തി 2008ല്‍ നീക്കം ചെയ്തത് ഉദാഹരണമാണ്. വത്തിക്കാന്‍ സ്ഥാനപതിക്ക് ആരോപണം ഉന്നയിച്ച കന്യാസ്ത്രി പരാതി അയച്ചിരുന്നു. എന്നാല്‍ സഭയുടെ സ്വതസിദ്ധ ശൈലിയില്‍ സ്ഥാനപതി അത് അവഗണിക്കുകയായിരുന്നു. ബന്ധപ്പെട്ട കന്യാസ്ത്രിയും സമീപിക്കേണ്ടവരെയല്ല സമീപിച്ചത്. സീറോ മലബാര്‍ സഭയുടെ ഭാഗമായ കുറവിലങ്ങാട് പള്ളി വികാരി ഫാ.ജോസഫ് തടത്തിലിനേയും പാലാ രൂപതാ മെത്രാന്‍ ജോസഫ് കല്ലറങ്ങാട്ടിനെയുമാണ് അവര്‍ കണ്ട് കാര്യം പറഞ്ഞത്. പിന്നീട് മാര്‍ ആലഞ്ചേരിയെ സമീപിച്ചു. എല്ലാവരും കയ്യൊഴിഞ്ഞു. മാര്‍ ആലഞ്ചേരി ചെയ്ത കുറ്റം എന്നു വേണമെങ്കില്‍ പറയാവുന്നത് ഇത്രമാത്രമാണ്: മുളയ്ക്കല്‍ തന്റെ അധികാരസീമയില്‍പ്പെട്ട ആളല്ലെന്നും വത്തിക്കാന്‍ സ്ഥാനപതിയെ ആണ് സമീപിക്കേണ്ടതെനനും പറഞ്ഞ് കയ്യൊഴിയുമ്പോള്‍, അതിനുള്ള സൗകര്യം ചെയ്തുകൊടുക്കണമായിരുന്നു. ഒരു സാധാരണ കന്യാസ്ത്രിക്കോ അല്‍മായനോ സാധിക്കുന്ന കാര്യമല്ല അത്. അദ്ദേഹം അത് ചെയ്തില്ല. പിന്നീട് ജബല്‍പൂര്‍ ബിഷപ്പാണ് കന്യാസ്ത്രിയുടെ പരാതി വത്തിക്കാന്‍ സ്ഥാനപതിയെ ഏല്പിച്ചത്. അഞ്ചുമാസം കഴിഞ്ഞിട്ടും മറുപടി ഒന്നും ലഭിച്ചില്ല. എല്ലാവരും കയ്യൊഴിയുന്നു; തന്നെ സഹായിക്കാന്‍ ആരുമില്ല എന്ന തോന്നലാണ്, വീട്ടുകാരുടെ ഒത്താശയോടെ പോലീസില്‍ കേസ് കൊടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്. കന്യാസ്ത്രിയുടെ വീട്ടുകാര്‍ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് ബിഷപ് ഫ്രാങ്കോ പോലീസില്‍ പരാതിപ്പെടുക കൂടെ ചെയ്തതോടെ കന്യാസ്ത്രീക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാതാകുകയും ചെയ്തു.
പോലീസ് എന്തുകൊണ്ട് അറസ്റ്റ് വൈകിക്കുന്നു?
ഒരു ബിഷപ്പിനെ അറസ്റ്റ് ചെയ്ത് പ്രശ്‌നം സൃഷ്ടിക്കാന്‍ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ഗവണ്മെന്റ് തയ്യാറല്ല. വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയന്നിട്ടാണ് ഇതെന്ന് ചിലര്‍ ആരോപിക്കുന്നു. ബിഷപ്പുമാര്‍ പറഞ്ഞാല്‍ ആരും ആര്‍ക്കും വോട്ടുചെയ്യുകയില്ലെന്ന് അവര്‍ വാദിക്കുന്നു. അത് ശരിയാകാം. പക്ഷേ, ഗവണ്മെന്റ് അമിതാവേശം കാട്ടിയെന്നോ തിടുക്കം കാട്ടിയെന്നോ ഉള്ള ധാരണ സൃഷ്ടിച്ചാല്‍ കഥ മറിച്ചാകും. അത് ഗവണ്മെന്റ് ഒട്ടും ആഗ്രഹിക്കുന്നില്ല. കൂടാതെ, ഇതിനിടയില്‍ കേസ് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സഭയുടെ ചില കോണുകളില്‍നിന്ന് ശ്രമം നടക്കുന്നുണ്ടായിരുന്നു. ആരോപണം ഉന്നയിച്ച കന്യാസ്ത്രിയെക്കൊണ്ട് പരാതി പിന്‍വലിപ്പിച്ച് പ്രശ്‌നം പരിഹരിക്കാനായിരുന്നു ശ്രമം. അതിനവര്‍ ചതിരുപായങ്ങളും പയറ്റി. പത്തേക്കര്‍ സ്ഥലവും ഒരു കോണ്‍വെന്റും സ്വന്തമായി നള്‍കാമെന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നള്‍കി. ഭീഷണി മുഴക്കി. ജീവന് ഹാനി വരുമെന്നുവരെ പറഞ്ഞുനോക്കി. ഫാ.ജെയിംസ് ഏര്‍ത്തയില്‍ സിഎംഐ കന്യാസ്ത്രികളെ മൂന്ന് തവണ സമീപിച്ച് ബിഷപ് ഫ്രാങ്കോയ്ക്ക് എതിരായ പരാതി പിന്‍വലിക്കുകയാണെങ്കില്‍ വന്‍തുകയും കാഞ്ഞിരപ്പള്ളി രൂപതാ പരിധിയില്‍ പത്ത് ഏക്കര്‍ ഭൂമിയും തരാമെന്ന് വാഗ്ദാനം ചെയ്തു. സഭയിലെ 'എന്തിനുംപോന്ന' ഉന്നതര്‍ ശ്രമിച്ചാല്‍ കന്യാസ്ത്രി വഴങ്ങുമെന്നും കേസ് പിന്‍വലിക്കുമെന്നും ഗവണ്മെന്റ് കരുതി. അങ്ങനെയാണെങ്കില്‍ വയ്യാവേലി ഒഴിയുമല്ലൊ എന്നായിരുന്നു ചിന്ത. പക്ഷേ, കന്യാസ്ത്രി വഴങ്ങാതിരിക്കുകയും, 'സത്യം അറിയാവുന്നവരെ'ന്ന് അവകാശപ്പെടുന്ന സഹസന്യാസിനികള്‍ പൊതുജന മദ്ധ്യത്തിലേക്കിറങ്ങുകയും ചെയ്തതോടെ കഥയാകെ മാറി. ഇനി അറസ്റ്റല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. അങ്ങനെ വന്നാല്‍ സഭാധികാരികള്‍ക്കും ബിഷപ്പിനെ നീക്കം ചെയ്യാതിരിക്കാന്‍ കഴിയാതെവരും. ഇപ്പോള്‍ത്തന്നെ ബോംബെ അതിരൂപത അങ്ങനെയൊരു ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. ആള്‍ക്കൂട്ട വൈകാരികതയോ നിയമമോ ഈ സാഹചര്യത്തില്‍ ഉദിക്കുന്ന മറ്റൊരു പ്രശ്‌നം ആള്‍ക്കൂട്ട വൈകാരികതയോ, നിയമമോ ഏതാണ് പുലരേണ്ടത് എന്നതാണ്. നാട്ടുകാര്‍ മൈക്ക് കെട്ടി ആര്‍ത്തു വിളിച്ചു പറയുമ്പോള്‍ ആണോ പോലീസ് ഒരാളെ ഒരു കേസില്‍ അറസ്റ്റ് ചെയ്യേണ്ടത്? അതോ, ഒരു കേസിലെ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്ക് ഒരാളുടെ അറസ്റ്റ് അത്യാവശ്യമാണ് എന്ന് തോന്നുമ്പോഴാണോ? ഒരാളെ അറസ്റ്റ് ചെയ്യും മുന്‍പ്, സുപ്രീം കോടതി പറഞ്ഞ ഒരു ചെക്ക് ലിസ്റ്റ് പരിശോധിക്കേണ്ടതുണ്ട് എന്ന് ക്രിമിനല്‍ നിയമത്തില്‍ വിദഗ്ധരായവര്‍ പറയുന്നു. ഈ കേസില്‍ വിധി കല്‍പ്പിക്കാന്‍ നിയമം മൂലം സ്ഥാപിതമായ കോടതികളും മറ്റു അനുബന്ധ സംവിധാനങ്ങളും ഉണ്ട്. 'അവനെ ക്രൂശിലേറ്റു' എന്നു ആര്‍ത്തു വിളിക്കുന്നവരുടേതാകണം നീതി എന്നില്ല. എല്ലാ കേസിലും ഇങ്ങനെയാണോ പോലീസ് പെരുമാറുന്നത് എന്ന സംശയം ഉണ്ടാകാം. ആകണമെന്നില്ല. കന്യാസ്ത്രീയുടെ പരാതിയില്‍ ഫ്രാങ്കോയെ അറസ്റ്റു ചെയ്യണം എന്നു അന്വേഷണോദ്യോഗസ്ഥന് ബോധ്യം വന്നാല്‍ അറസ്റ്റ് ചെയ്യുക തന്നെ വേണം. പക്ഷേ, സര്‍ക്കാരോ പോലീസോ വഴിവിട്ടു പ്രതിയെയോ പരാതിക്കാരെയോ അതുമല്ലെങ്കില്‍ മറ്റു ആരെയെങ്കിലുമോ സഹായിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അതിനെയും നിയമാനുസരണം നേരിടാന്‍ നിയമ വാഴ്ച നിലനില്‍ക്കുന്ന ഈ നാട്ടില്‍ സംവിധാനങ്ങള്‍ ഉണ്ടാകണം. നീതി നിഷേധം ഉണ്ടായാല്‍ നിയമത്തിന്റെ വഴിയിലൂടെ പോവുക എന്നാണു നിയമ വാഴ്ചയുള്ള ഒരു രാജ്യത്തു ചെയ്യേണ്ടത്. അല്ലാതെ, അയാളെ അറസ്റ്റ് ചെയ്യൂ എന്ന് ആക്രോശിക്കുന്ന ആള്‍ക്കൂട്ട നീതി നടപ്പാക്കുകയല്ല.
നിസ്സഹായാവസ്ഥ
പക്ഷേ, ഇപ്പറയുന്നതൊന്നും, കന്യാസ്ത്രിക്ക് നീതി നിഷേധിക്കാന്‍ പോന്നതല്ല. ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ശക്തി കേരളത്തിലെ വിശ്വാസ സമൂഹം ആണ്. അതില്‍ത്തന്നെ ഏറ്റവും ശക്തം സീറോ മലബാര്‍ സഭ ആണ്. കേരളത്തിന് പുറത്തുള്ള മിക്കവറും ലത്തീന്‍ രൂപതകളില്‍ പ്രവര്‍ത്തിക്കുന്ന വൈദികരും കന്യാസ്ത്രികളും സീറോ മലബാര്‍ സംഭാംഗങ്ങളാണ്. 50 വര്‍ഷം മുന്‍പ് കോട്ടയം ജില്ലയിലെ കടപ്ലാമറ്റം സ്വദേശിയായ മാര്‍ സിംഫോറിയന്‍ കീപുറത്ത് ജലന്ധര്‍ രൂപത മെത്രാന്‍ ആയതോടെ ധാരാളം മലയാളികള്‍ ആ രൂപതയില്‍ പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വന്നു. രൂപതയ്ക്ക് മാത്രമായി ഒരു സന്യാസ സമൂഹവും അദ്ദേഹം സ്ഥാപിച്ചു. അതാണ് മിഷനറീസ് ഓഫ് ജീസസ്. അതിലേക്ക് കന്യാസ്ത്രീകളെ ആകര്‍ഷിക്കാനാണ് കുറവിലങ്ങാട്ടിനടുത്ത് നാട്കുന്നില്‍ ഒരു മഠം തുടങ്ങിയത്. കഴിവും നേതൃപാടവവും ചെറുപ്പത്തില്‍ തന്നെ പ്രകടിപ്പിച്ച കന്യാസ്ത്രീയെ അതിന്റെ മദര്‍ ജനറാള്‍ ആയി നിയമിച്ചു. അവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് 9 വര്‍ഷത്തോളം ആ സ്ഥാനത്ത് തുടര്‍ന്നു. സ്വാഭിവകമായും മെത്രാനുമായി അടുത്ത് ഇടപെടാന്‍ അവര്‍ക്ക് അവസരമുണ്ടായി. ആ അടുപ്പവും വിധേയത്വവും സിംഫോറിയന്റെ പിന്‍ഗാമി ഫ്രാങ്കോ മുളക്കല്‍ മുതലെടുത്തു എന്നാണ് ആരോപണം. മാര്‍ സിംഫോറിയന്‍ സ്ഥാപിച്ച മിഷനറീസ് ഓഫ് ജീസസ് ഒരു ഡയോസിസന്‍ കോണ്‍ഗ്രിഗേഷനാണ്. എന്നു വച്ചാല്‍, പോപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍മ്മലീത്താ സഭ, ഫ്രാന്‍സിസ്‌ക്കന്‍ സഭ തുടങ്ങിയവയില്‍ നിന്നെല്ലാം വ്യത്യസ്തമായി, രൂപതാ ബിഷപ്പിന്റെ കീഴില്‍ പ്രവര്‍ക്കുന്ന സമൂഹമാണ് മിഷനറീസ് ഓഫ് ജീസസ്. ബിഷപ്പിന് അവരുടെമേല്‍ നിയന്ത്രണം ഉണ്ട്. ഒരു ബിഷപ് ദൈവഭയമില്ലാതെ അവരെ ഉപദ്രവിക്കാന്‍ തുനിഞ്ഞാല്‍ അവര്‍ നിസ്സഹായരാണ്. പ്രത്യേകിച്ച് ആജ്ഞാനുവര്‍ത്തിയായ ഒരാളാണ് സുപ്പീരിയര്‍ ജനറല്‍ എങ്കില്‍.
സമരക്കാരുടെ ഭാവി
ബിഷപ്പ് മുളയ്ക്കലിനെ അറസ്റ്റു ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പറയുന്നു. അതു സംഭവിക്കാം. പക്ഷേ, അവരുടെ ഭാവി ഇരുളടഞ്ഞതാകും എന്ന് അറിവുള്ളവര്‍ പറയുന്നു. അവരെ അവരുടെ സന്യാസ സമൂഹവും, രൂപതയും, ബിഷപ്പും, കെസിബിസിയും, തള്ളിപ്പറഞ്ഞുകഴിഞ്ഞു. സമരം അപലപനീയമാണെന്നും സമരത്തിനു പിന്നില്‍ ബാഹ്യപ്രേരണയാണെന്നും മിഷണറീസ് ഓഫ് ജീസസ് കുറ്റപ്പെടുത്തുന്നു. ആരോപണം 'വ്യക്തമായ അജണ്ടയോടുകൂടി ബിഷപ്പിനേയും സഭയേയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണെ'ന്ന് ജലന്ധര്‍ രൂപതയും ബിഷപ്പും ആരോപിച്ചു. സഭാവിരുദ്ധരാണ് കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നത്. സമരം അതിരുകടന്നുവെന്നും കത്തോലിക്കാ സഭയെയും ബിഷപ്പുമാരെയും അധിക്ഷേപിക്കാന്‍ നീക്കം നടക്കുന്നുവെന്നും കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി) ആരോപിച്ചു. ആരുടേയും പ്രേരണയിലല്ല സമരം ചെയ്യുന്നതെന്ന് കന്യാസ്ത്രീകള്‍ ആവര്‍ത്തിക്കുമ്പോഴും സമരത്തിന് വേദിയൊരുക്കിയവര്‍ സഭയിലെ വിമതരാണെന്ന കാര്യം അവരെ പുറത്തുകളയാനുള്ള ന്യായീകരണമാകാം. 'നിരന്തരമായി സഭാവിരുദ്ധപ്രവര്‍ത്തനം നടത്തുന്ന' ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പോലുള്ള സംഘടനകളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകള്‍ സമരം നടത്തുന്നത്. സമരകേന്ദ്രത്തിലേക്ക് എ.ഐ.വൈ.എഫ്., എസ്.യു.സി.ഐ., മഹിളാ മോര്‍ച്ച, നാഷണല്‍ വിമന്‍സ് ഫ്രണ്ട് എന്നീ സംഘടനകളാണ് എത്തിയത്. ഇതെല്ലാം അവര്‍ക്കെതിരായ തെളിവുകളാകും. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയും സന്യാസസഭയുടെ മദര്‍ ജനറലിനുമെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കെതിരെ മിഷനറീസ് ഓഫ് ജീസസ് അന്വേഷണം നടത്താന്‍ പോവുകയാണ്. ബിഷപ്പിനെതിരെയുള്ള പ്രതിഷേധം ബാഹ്യശക്തികളുടെ പ്രേരണ മൂലമെന്നാണ് ആരോപണം. സമരത്തിനു ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടവും അന്വേഷിക്കും. കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിലെത്തുന്നവരെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. ഇതൊക്കെ അതിജീവിക്കാന്‍ സമരക്കാര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല.
സഭയെ കാത്തിരിക്കുന്നത് വന്‍ ദുരന്തം
സമ്പത്തും അധികാരവും സ്വാധീനവും മാത്രമല്ല സഭാമക്കളുടെ അമിതമായ വിധേയത്വവുമാണ് ഇന്ത്യയില്‍ സഭയുടെ മുതല്‍ക്കൂട്ട്. അടുത്ത കാലത്ത് എറണാകുളം അതിരുപതയില്‍ ഉണ്ടായ സംഭവവികാസങ്ങള്‍, കന്യാസ്ത്രികളുടെ സമരം തുടങ്ങിയവ അന്ധമായ വിധേയത്വത്തെ ചോദ്യം ചെയ്യുന്നതിന്റെ ഉദാഹരണങ്ങളായി കണക്കാക്കാം. യൂറോപ്പില്‍, കത്തോലിക്കാ സഭയുടെ ആസ്തികള്‍ക്ക് കുറവുണ്ടായിരുന്നില്ല. ഇപ്പോഴും ആസ്തികള്‍ ഉണ്ട്. പക്ഷേ, സഭ പരാജയപ്പെടുന്നു. പള്ളിയില്‍ പോകുന്നവരുടെ എണ്ണം പരിമിതം. സഭ മിക്കവാറും അവിടെ എടുക്കാചരക്കാണ്. ആസ്തികള്‍ കൊണ്ടുമാത്രം കാര്യമില്ല എന്നര്‍ത്ഥം.

Other News

 • മള്ളര്‍ റിപ്പോര്‍ട്ട് ; പ്രസിഡന്റും കോണ്‍ഗ്രസും ഏറ്റുമുട്ടലിലേക്ക്
 • ലോക് സഭാ തെരഞ്ഞെടുപ്പ് ; ഫലം നിര്‍ണ്ണയിക്കുക ന്യൂനപക്ഷ വോട്ടുകള്‍
 • ശ്രീലങ്കയ്ക്ക് പുതിയ ഭീഷണിയായി ഭീകരാക്രമണം
 • ചൈന കനിഞ്ഞാല്‍ അസര്‍ കരിമ്പട്ടികയില്‍
 • ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നത് റെക്കോഡ് വേഗതയില്‍
 • പത്തനംതിട്ട ഇന്ത്യയിലെ മികച്ച മണ്ഡലം
 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • Write A Comment

   
  Reload Image
  Add code here