ഡാല്‍ തടാകം സംരക്ഷിക്കുന്നതിനും 'മെട്രോമാന്‍' ശ്രീധരന്‍

Tue,Oct 09,2018


ലോകപ്രശസ്തമായ ഡാല്‍ തടാകം സംരക്ഷിക്കുന്നതിനായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ മുന്‍ മേധാവിയും മലയാളിയുമായ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ മൂന്നംഗ വിദഗ്ധസമിതിക്ക് ജമ്മുകാശ്മീര്‍ ഹൈക്കോടതി രൂപംനല്‍കി. അനധികൃത കയ്യേറ്റം, ഹോട്ടലുകളില്‍നിന്നും ഹൗസ് ബോട്ടുകളില്‍നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍, പാഴ്‌ചെടികളുടെ അനിയന്ത്രിതമായ വളര്‍ച്ച എന്നിവമൂലം തടാകത്തിന്റെ വിസ്തൃതി വളരെ കുറഞ്ഞുവരുകയായിരുന്നു. ഡാല്‍ തടാകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, സംസ്ഥാന ഗവണ്മെന്റ് അധികൃതര്‍ സ്ഥിതി കൈകാര്യം ചെയ്യുന്ന രീതി എന്നിവയെല്ലാം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഗീത മിട്ടാല്‍, ജസ്റ്റിസ് ധിരാജ് സിംഗ് താക്കൂര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിദഗ്ധ സമിതിക്കു രൂപം നല്‍കിയത്. 2002 മുതല്‍ കോടതി ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും, തടാകം സംരക്ഷിക്കുന്നതിനായി ഗവണ്മെന്റ് 400 കോടി രൂപയിലേറെ ചെലവഴിച്ചിട്ടും ഒരു മാറ്റവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിദഗ്ധ സമിതി രൂപീകരിച്ചത്. ഡാല്‍ തടാകം സംരക്ഷിക്കാന്‍ സംസ്ഥാനത്തെ വിദഗ്ധരെക്കൊണ്ട് കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇപ്പോള്‍ നിലവിലുള്ള വിജിലന്‍സ് കമ്മിറ്റിക്കും നിരീക്ഷണ സമിതിക്കും പരിമിതികളുണ്ട്. അതുകൊണ്ട് നല്ല വീക്ഷണവും, വിവിധ പദ്ധതികള്‍ നടപ്പാക്കിയും പ്രശ്‌നങ്ങള്‍ പരിഹരിച്ചും അനുഭവസമ്പത്തുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയെ നിയമിക്കേണ്ടത് ആവശ്യമായിരിക്കുന്നുവെന്ന് കോടതി പറഞ്ഞു.
കേരള ആഭ്യന്തര വകുപ്പ് അഡിഷണല്‍ സെക്രട്ടറി ആയിരുന്ന വിരമിച്ച ഐ എ എസ് ഓഫീസര്‍ നിവേദിത പി ഹരന്‍, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ജമ്മു സ്വദേശിയുമായ എം സി മെഹ്ത എന്നിവരാണ് ഇ ശ്രീധരന്‍ നേതൃത്വം നല്‍കുന്ന സമിതിയിലെ മറ്റംഗങ്ങള്‍. ഇ ശ്രീധരന്‍ ചെയര്‍മാനും നിവേദിത പി ഹരന്‍ കോഓര്‍ഡിനേറ്ററുമാണ്. ഡാല്‍ തടാകത്തിന്റെ പദവി നിജപ്പെടുത്തുക, അതിന്റെ പുനരുദ്ധാരണത്തിനും പരിചരണത്തിനും സംരക്ഷണത്തിനും ആവശ്യമായ എല്ലാ നടപടികളും നിശ്ചയിക്കുക എന്നിവക്കൊപ്പംതന്നെ തടാകത്തിന്റെ കരകള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായ, കരകളില്‍ താമസിക്കുന്നവും ഹൗസ് ബോട്ടുകള്‍ തുടങ്ങിയ ബിസിനസുകളിലൂടെ ഉപജീവനം തേടുന്നവരായ ആള്‍ക്കാരുടെ പുനരധിവാസം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കലും വിദഗ്ധ സമിതിക്കുള്ള പരാമര്‍ശ വിഷയങ്ങളായി കോടതി തീരുമാനിച്ചു. തടാകം സംരക്ഷിക്കുന്നതിനായി ദേശീയതലത്തിലോ അന്താരാഷ്ട്ര തലത്തിലോയുള്ള വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനുള്ള അധികാരവും സമിതിക്കുണ്ടായിരിക്കും.
ഡല്‍ഹിയിലും വിദഗ്ധ സമിതി അംഗങ്ങള്‍ താമസിക്കുന്ന കേരളത്തിലും നിയമപരമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ സഞ്ജയ് ജെയിനെ കോടതി നിയമിച്ചു. അദ്ദേഹത്തെ സഹായിക്കുന്നതിനുള്ള അമിക്കസ് ക്യൂറിയായി അഭിഭാഷകനായ ഗൗതം നാരായണനെയും നിയമിച്ചു. ജമ്മു കാശ്മീരില്‍ സമിതിയെ സഹായിക്കുന്നതിനുള്ള അമിക്കസ് ക്യൂറിയായി മുതിര്‍ന്ന അഭിഭാഷകന്‍ എ എച്ച് നായിക്കിനെയും അദ്ദേഹത്തെ സഹായിക്കാന്‍ അഭിഭാഷകനായ ഫറാഹ് ബഷീറിനെയും നിയമിച്ചു. ഹോട്ടലുകള്‍, ഹൗസ് ബോട്ടുകള്‍, ഗസ്റ്റ് ഹൗസുകള്‍ എന്നിവയുടെ ഉടമസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള ലൈസന്‍സുകളുടെ വിവരം തയ്യാറാക്കി രണ്ടാഴ്ചക്കുള്ളില്‍ സമിതി മുമ്പാകെ സമര്‍പ്പിക്കാന്‍ സംസ്ഥാന ഗവണ്മെന്റിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ഹോട്ടലുകളിലും ഹൗസ് ബോട്ടുകളിലും ഗസ്റ്റ് ഹൗസുകളിലും താമസിക്കുന്നവരുടെ എണ്ണം ഡാല്‍ തടാകത്തിന്റെ സംരക്ഷണത്തിന് ഭീഷണിയാണെന്ന് വിദഗ്ധ സമിതി കരുതുന്നപക്ഷം എണ്ണം കുറക്കുന്നതിനും അവ അടച്ചുപൂട്ടുന്നതിനോ മാറ്റി സ്ഥാപിക്കുന്നതിനോ നഷ്ടപരിഹാരം നല്‍കുന്നതിനോ ഉള്ള നിര്‍ദ്ദേശങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള അധികാരങ്ങള്‍ സമിതിക്കുണ്ടാകും. വിദഗ്ധ സമിതി വിലയിരുത്തലുകള്‍ നടത്തുന്നതുവരെ പുതിയ ലൈസന്‍സുകളൊന്നും നല്‍കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
അര നൂറ്റാണ്ടു മുമ്പ് 50 ചതുരശ്ര കിലോമീറ്ററിലേറെ വ്യാപിച്ചുകിടന്നിരുന്ന ലോക പ്രശസ്തമായ ഡാല്‍ തടാകം 13.5 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തേക്ക് ചുരുങ്ങിയ കാര്യം 2002ല്‍ കോടതി നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ തടാകത്തിന്റെ നാലില്‍ മൂന്നു ഭാഗവും നഷ്ടപ്പെട്ടു. അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആ നിര്‍മ്മാണങ്ങള്‍ക്കായുള്ള കയ്യേറ്റങ്ങളും കാരണമാണ് തടാകത്തിന്റെ വിസ്തൃതി ചുരുങ്ങിയത്. തടാകത്തിലേക്കുള്ള പാതയുടെ 200 മീറ്റര്‍ ചുറ്റളവില്‍ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും പാടില്ലെന്ന് 2002ല്‍ കോടതി വിലക്കിയിരുന്നതാണ്. നിരോധിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് നിര്‍മ്മാണ സാമഗ്രികള്‍ കടത്തുന്നതും നിരോധിച്ചിരുന്നു. എന്നാല്‍ അതൊന്നും മാറ്റമുണ്ടാക്കിയില്ല. മറ്റു മാര്‍ഗങ്ങളൊന്നുമില്ലാതെ 2009ല്‍ ഡാല്‍ തടാകം കോടതി സ്വന്തം നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു.

Other News

 • ബിജെപി വിരുദ്ധ ബദലിനെ ഇടതുപക്ഷം പിന്തുണക്കും
 • വാട്ട്‌സ്ആപ്പിലേക്ക് ഇസ്രായേലി സ്‌പൈവെയറുകള്‍ കടന്നുകയറുന്നു
 • യുഎസില്‍ ക്രെഡിറ്റ് കാര്‍ഡ് പണം അടക്കാത്ത യുവാക്കളുടെ എണ്ണം കൂടുന്നു
 • കോളജ് അഡ്മിഷന് ഇനി 'പ്രതികൂല ഘടകങ്ങളും' മാര്‍ക്കാവും
 • ബിജെപി വിരുദ്ധ ബദലിനെ ഇടതുപക്ഷം പിന്തുണക്കും
 • മോഡിയുടെ 'കാര്‍മേഘസിദ്ധാന്തം' ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു
 • ഡല്‍ഹിയിലെ കുറഞ്ഞ പോളിംഗ് ശതമാനം ആര്‍ക്കാണ് ഗുണം ചെയ്യുക
 • പണക്കൊഴുപ്പിന്റെ മത്സരത്തില്‍ ബിജെപി വളരെ മുന്നില്‍
 • കറുത്ത സുന്ദരികള്‍ ചരിത്രം കുറിച്ചു
 • ട്രംപ് നികുതി വെട്ടിച്ചിരുന്നു: മാധ്യമ റിപ്പോര്‍ട്ട്
 • അസര്‍ പ്രശ്‌നത്തില്‍ ചൈന നിലപാട് മാറ്റിയത് വ്യക്തമായ ലക്ഷ്യങ്ങളോടെ
 • Write A Comment

   
  Reload Image
  Add code here