കേരളം നോര്‍വെ പോലെയും യുപി കസാക്കിസ്ഥാന്‍ പോലെയുമാകും

Tue,Oct 09,2018


ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനമായി ലോകമൊട്ടാകെ ആചരിച്ചു. പ്രായമേറുന്ന തലമുറയും കുടിയേറ്റ പ്രക്രിയകള്‍ പ്രായഘടനയില്‍ വരുത്തുന്ന മാറ്റങ്ങളും നമ്മുടെ സമൂഹത്തെയും വ്യവസ്ഥയെയും സമ്പദ്ഘടനയെയും എങ്ങനെ രൂപപ്പെടുത്തുമെന്ന് ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങള്‍ ചിന്തിക്കേണ്ട സമയമാണിതെന്ന് വിദഗ്ദ്ധര്‍.
കഴിഞ്ഞ ദശകത്തിലെ ജനസംഖ്യാ കണക്കുകളും ഏറ്റവും ഒടുവിലെ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റവും വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത് ഇന്ത്യയിലെ പുരോഗതിപ്രാപിച്ച മിക്ക സംസ്ഥാനങ്ങളും മറ്റുള്ളവയെ അപേക്ഷിച്ച് വേഗതയില്‍ പ്രായമേറുന്നവയാകുമെന്നാണ്. ബീഹാര്‍, യുപി തുടങ്ങിയ ദരിദ്രസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാടും കേരളവുംപോലുള്ള സംസ്ഥാനങ്ങളില്‍ ജനസംഖ്യയില്‍ പ്രായമേറിയവരുടെ ശതമാനം വളരെ കൂടുതലായിരിക്കും. വരുംവര്‍ഷങ്ങളില്‍ ദരിദ്ര സംസ്ഥാനങ്ങളിലെ പ്രജനനനിരക്ക് കേരളത്തിലെ നിലവാരത്തിന് തുല്യമായാല്‍പ്പോലും യുവാക്കള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ അവതന്നെ ആയിരിക്കും. 2031 ആകുമ്പോഴേക്കും തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനസംഖ്യയില്‍ പകുതിയോളം പേരും 40 വയസ്സിനു മുകളിലുള്ളവരായിരിക്കുമ്പോള്‍ ബിഹാറും യുപിയും താരതമ്യേന ചെറുപ്പമായി തുടരും. വരുംവര്‍ഷങ്ങളില്‍ ഇന്ത്യയില്‍ പ്രായംചെന്നവരും ചെറുപ്പക്കാരും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുന്നതുപോലെതന്നെ ഒരു തെക്ക്-വടക്ക് വിഭജനവും പ്രകടമാകും. വടക്കും കിഴക്കുമുള്ള ചില ഭാഗങ്ങളില്‍ തമിഴ്‌നാടിനും കേരളത്തിനും സമാനമായ വേഗതയില്‍ത്തന്നെ പ്രായമേറുമെങ്കിലും വടക്കേ ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പ്രായമേറുന്ന പ്രക്രിയ മന്ദഗതിയിലായിരിക്കും സംഭവിക്കുക.
2031 ആകുമ്പോഴേക്കും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യയില്‍ പ്രായം ചെന്നവരുടെ ശതമാനം യുറോപ്പിലേതിന് സമാനമാകും. അതേ സമയം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രായം ചെന്നവരുടെ ശതമാനം കുറവായ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളോടാകും സാദൃശ്യം തോന്നുക. ഉദാഹരണത്തിന് 2031 ആകുമ്പോഴേക്കും മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ കേരളം നോര്‍വേക്കു തുല്യമാകുമ്പോള്‍ യുപി ഇന്നത്തെ കസാക്കിസ്ഥാനു തുല്യമാകും.
2036 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളും കേരളത്തിലേതിന് തുല്യമായ പ്രജനന, മരണ നിരക്കുകള്‍ കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നിഗമനങ്ങളില്‍ എത്തിയിട്ടുള്ളത്. അഞ്ചു വര്‍ഷത്തെ ഇടവേളകളില്‍ ഓരോ സംസ്ഥാനത്തുമുണ്ടാകുന്ന ജനന,മരണ നിരക്കുകളുടെ അടിസ്ഥാനത്തിലാണ് ആകെയുള്ള ജനസംഖ്യ കണക്കുകൂട്ടിയിട്ടുള്ളത്. കര്‍ണാടകം, കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യയില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ 2011ല്‍ 10.3% ആയിരുന്നത് 2031 ആകുമ്പോള്‍ 17.3% ആയി ഉയരും. അതേ സമയം 2031ല്‍ ഹിന്ദി മേഖലയിലുള്ള സംസ്ഥാനങ്ങളില്‍ 60നു മുകളില്‍ പ്രായമുള്ളവര്‍ 2011ലെ 7.7%ത്തില്‍നിന്നും 11.4% മായി മാത്രമേ ഉയരുകയുള്ളു. ഹിന്ദി മേഖല എന്നതുകൊണ്ടുദ്ദേശിക്കുന്നത് യുപി, ബീഹാര്‍, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹര്യാന, ഹിമാചല്‍പ്രദേശ്, ഡല്‍ഹി, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളെയാണ്.
എന്നാല്‍ സംസ്ഥാനാന്തര കുടിയേറ്റങ്ങള്‍ ഉണ്ടാക്കുന്ന സ്വാധീനം ഇതില്‍ വിലയിരുത്തിയിട്ടില്ല. അത് വ്യവസ്ഥക്കും സമ്പദ്ഘടനക്കും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തും. പുരോഗതി പ്രാപിച്ച സംസ്ഥാനങ്ങളില്‍ പണിയെടുക്കുന്ന പ്രായവിഭാഗത്തിലുള്ളവരുടെ അനുപാതം കുറയുമ്പോള്‍ അവര്‍ക്ക് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നുമുള്ള കുടിയേറ്റക്കാരെ ആശ്രയിക്കേണ്ടതായിവരും. കുടിയേറ്റക്കാര്‍ കൂടുതലായെത്തുമ്പോള്‍ അത് രാഷ്ട്രീയത്തിലും രാഷ്ട്രീയ ചര്‍ച്ചകളിലും പുതിയ വിള്ളലുകള്‍ സൃഷ്ടിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി മേഖലകളില്‍നിന്നുമുള്ള കുടിയേറ്റക്കാരുടെ എണ്ണം ചെറുതാണെങ്കിലും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അത് ഇപ്പോള്‍ത്തന്നെ പല അസ്വസ്ഥതകളും സൃഷ്ടിക്കുന്നുണ്ട്.
പുരോഗതി പ്രാപിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രായമേറുമ്പോള്‍ നയങ്ങളെക്കുറിച്ചും വിഭവങ്ങളുടെ പങ്കിടല്‍ സംബന്ധിച്ചും ഭിന്നതകള്‍ ഉടലെടുക്കും. വടക്കേ ഇന്ത്യയിലെ പ്രായം കുറഞ്ഞതും കൂടുതല്‍ ജനസംഖ്യയുള്ളതുമായ സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തങ്ങളായ ആവശ്യങ്ങളായിരിക്കും തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ ഇന്ത്യാ ഗവണ്മെന്റിനു മുമ്പാകെ ഉന്നയിക്കുക. ഉദാഹരണത്തിന് തങ്ങളുടെ സമ്പാദ്യങ്ങളുടെ യഥാര്‍ത്ഥ മൂല്യം നഷ്ടപ്പെടാതിരിക്കാന്‍ പ്രായംചെന്നവര്‍ നാണയപ്പെരുപ്പം ഇഷ്ടപ്പെടില്ല. അതേസമയം തങ്ങളുടെ വരുമാനത്തിലുണ്ടാകുന്ന നഷ്ടം നികത്തുംവിധമുള്ള ഉയര്‍ന്ന നാണയപ്പെരുപ്പത്തെ യുവാക്കള്‍ അനുകൂലിക്കുകയും ചെയ്യും. ഇന്ത്യന്‍ ജനസംഖ്യയില്‍ പ്രായം വരുത്തുന്ന മാറ്റങ്ങള്‍ അടുത്ത ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഉയര്‍ത്താന്‍ പോകുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള ശേഷി നമ്മുടെ വ്യവസ്ഥിതിക്കുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം.

Other News

 • അതിവേഗ റെയില്‍ പാതയുടെ നിര്‍മ്മാണം 2020ല്‍ ആരംഭിക്കും
 • അസ്സാന്‍ജിനെ വിട്ടുകിട്ടുന്നതിനായി യുഎസും സ്വീഡനും
 • പ്രശസ്തരുടെ വിവരങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ചോര്‍ന്നു
 • എലോണ്‍ മസ്‌കിന്റെ ഇന്ത്യ സ്വപ്നം സഫലമാക്കാന്‍ അശോക് ലെയ്‌ലാന്‍ഡ്
 • യുഎസില്‍ ഏഷ്യന്‍ തൊഴിലാളികളുടെ എണ്ണം കൂടുന്നു
 • വിദഗ്ധരെ പ്രോത്സാഹിപ്പിക്കുന്ന കുടിയേറ്റ നയവുമായി ട്രംപ് ഭരണം
 • ഇലക്ഷന്‍ ഫലം; വടക്കേ അമേരിക്ക പ്രതികരിക്കുന്നു
 • അപ്രതീക്ഷിതമല്ലാത്ത തിരിച്ചടി
 • എന്തുകൊണ്ട് മോഡി?
 • തിരിച്ചടിച്ചത് ശബരിമലയിലെ കടുംപിടിത്തം; വിമര്‍ശനം നീളുക പിണറായിക്കു നേരെ
 • ചിന്തയുണര്‍ത്തുന്ന ഉജ്ജ്വലവിജയം
 • Write A Comment

   
  Reload Image
  Add code here