ആധാര്‍ വിധി സേവനങ്ങളെ ബാധിക്കും
Wed,Oct 10,2018

ക്ഷേമപദ്ധതികള്ക്കൊഴികെ ആധാറിന്റെ ആധികാരികത ഉപയോഗപ്പടുത്തുന്നതില്‍ ഏജന്‍സികളെ വിലക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി, പരിശോധനക്കും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി ബയോ മെട്രിക്സ് അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ ഉപയോഗപ്പെടുത്തുന്ന ഒട്ടേറെ ഗവണ്മെന്റ് സേവനങ്ങള്‍ക്ക് അതിനി ഉപയോഗപ്പെടുത്താന്‍ കഴിയില്ലെന്ന സ്ഥിതിയുണ്ടാകും.
പാസ്പോര്‍ട്ട് വിതരണം, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, ഡിജി ലോക്കര്‍ തുടങ്ങിയവ സുപ്രീം കോടതി വിധി ബാധിക്കുന്ന ഗവണ്മെന്റ് സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. അതോടൊപ്പംതന്നെ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുകളെയും ഡ്രൈവിംഗ് ലൈസന്‍സുകളെയും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങളെയും അത് ബാധിക്കും.
ആധാര്‍ നിയമത്തിന്റെ 57-ാം വകുപ്പിന്റെ ഭാഗങ്ങളാണ് സുപ്രീം കോടതി റദ്ദാക്കിയത്. ആധാറിനെ അടിസ്ഥാനമാക്കി ആള്‍ക്കാരുടെ ആധികാരികത ഉറപ്പാക്കുന്നതിന് ഗവണ്മെന്റ് വകുപ്പുകളെയും സ്വകാര്യ ഏജന്‍സികളെയും വിധി അനുവദിക്കുന്നില്ല. ബാങ്കുകളും ടെലികോം കമ്പനികളും മാത്രമല്ല, ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ആധാര്‍ നിര്‍ബ്ബന്ധമാക്കിയ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പോലുള്ള സ്ഥാപനങ്ങള്‍ക്കും ശ്രമങ്ങള്‍ ഉപേക്ഷിക്കേണ്ടിവരും.
സുപ്രീം കോടതിവിധി ആധാറിനെ ശക്തിപ്പെടുത്തുമ്പോള്ത്തന്നെ ജനങ്ങള്‍ക്ക് അവരുടെ ആധികാരികത ഉറപ്പാക്കാന്‍ ആധാര്‍ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാന്‍ കഴിയുമോ എന്നത് ഇനിയും അറിയേണ്ടതായുണ്ടെന്നാണ് ആധാറിന് രൂപം നല്കിയ സംഘത്തിലെ അംഗമായിരുന്ന എ പി ശര്‍മ്മ പറയുന്നത്. അതിനു കഴിയുന്നില്ലെങ്കില്‍ ഇന്നത്തെ ഡിജിറ്റല്‍ ലോകത്തിനു കടലാസുകള്‍ അടിസ്ഥാനമാക്കി മനുഷ്യന്‍തന്നെ എന്‍ട്രികള്‍ രേഖപ്പെടുത്തുന്ന പഴയ കാലത്തേക്കു തിരിച്ചുപോകേണ്ടിവരും. ഈ വിടവ് നികത്താന്‍ ഭാവിയില്‍ മറ്റെന്തങ്കിലും സാങ്കേതികവിദ്യകള്‍ ഉദയം ചെയ്തുകൂടെന്നുമില്ലെന്നാണ് ഇപ്പോള്‍ ഇന്ത്യ പോസ്റ്റ് ടെക്നോളജി സെന്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ശര്‍മ്മ പറയുന്നത്.
തുടക്കത്തില്‍ വ്യാജ അപേക്ഷകളും ഡ്യൂപ്ലിക്കേറ്റുകളും ഒഴിവാക്കി പൊതുഖജനാവിന്റെ നഷ്ടം ഒഴിവാക്കുന്നതിനായി പാചകവാതകം, സ്കോളര്‍ഷിപ്പുകള്‍ എന്നിവയ്ക്കു മാത്രമാണ് ആധാര്‍ ബാധകമാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിന്റെ ഉപയോഗം വ്യാപകമായി. സബ്സിഡി പദ്ധതികള്‍ക്ക് മാത്രമല്ല, ഗവണ്മെന്റ് സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ജന സൗഹൃദവുമാക്കുന്നതിനായി അത് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു.
തുക അടയ്ക്കുന്നത് കാര്യക്ഷമാക്കുന്നതിനായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് 2017 ജൂലൈ മുതല്‍ പിഎഫ് അക്കൗണ്ടുകളുമായും യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറുമായും ആധാറിനെ ബന്ധിപ്പിക്കുന്നത് നിര്‍ബ്ബന്ധമാക്കി. ഇപിഎഫിലെ 60 മില്യണ്‍ അംഗങ്ങളില്‍ 50 മില്യണിലധികം പേരും ആധാറിനെ പി എഫ് ആക്കൗണ്ടുകളുമായി ബന്ധിപ്പിച്ചു.
പുതിയ പാസ്പോര്ട്ടുകള് നേടുന്നതിനോ അല്ലെങ്കില്‍ നിലവിലുള്ളവ പുതുക്കുന്നതിനോ തിരിച്ചറിയല്‍ രേഖയെന്ന നിലയില്‍ ബയോ മെട്രിക്സ് അടിസ്ഥാനമാക്കിയുള്ള ആധാര്‍ ആധികാരിക രേഖയാക്കിയതോടെ കടലാസ് ജോലികള്‍ കുറയ്ക്കുന്നതിനും അതിനുള്ള പ്രക്രിയകള്‍ വേഗത്തിലാക്കുന്നതിനും കഴിഞ്ഞു. പാസ്സ്പോര്ട് സേവനങ്ങള്‍ക്കായി 13.6 മില്യണിലധികം പേര് ആധാര്‍ ഉപയോഗപ്പെടുത്തി.
ആധാര്‍ നമ്പര്‍ തുടര്‍ന്നും ഉപയോഗിക്കുന്നതിനും കസ്റ്റമര്‍മാരുടെ ആധികാരികത വേഗത്തില്‍ ഉറപ്പുവരുത്തുന്നതിനും ബാങ്കുകളെയും മൊബൈല്‍ കമ്പനികളെയും അനുവദിക്കുന്ന വിധത്തില്‍ ഓരോ മേഖലക്കും ബാധകമാകുന്ന പ്രത്യേക ഭേദഗതികള്‍ നിയമത്തില്‍ ആവിഷ്ക്കരിക്കുന്നതിന് ഗവണ്മെന്റിനു കഴിയും. ആധാര്‍ നിയമത്തിന്റെ 57-ാം വകുപ്പിന്റെ ചില ഭാഗങ്ങള്‍ സുപ്രീം കോടതി റദ്ദാക്കിയതോടെ അങ്ങനെയുള്ള ഉപയോഗങ്ങള്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്.
മന്ത്രാലയങ്ങള്‍ തമ്മിലുള്ള കൂടിയാലോചനകളിലൂടെ ഗവണ്മെന്റിന് അതിന്റെ നയങ്ങള്‍ ആവിഷ്ക്കരിക്കാന്‍ കഴിയും. നിയമത്തിന്റെ പിന്തുണയുണ്ടെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ആധാര്‍ ഉപയോഗപ്പെടുത്തുന്നതിന് കഴിയുമെന്നാണ് വിധി വന്നതിനു പിന്നാലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചത്. നിരോധിക്കപ്പെട്ട മേഖലകളില്‍ എക്കാലവും നിരോധനം തുടരുമെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വിധി അനുസരിച്ചാകും ഗവണ്മെന്റ് മുന്നോട്ടു പോകുകയെന്നും തുടര്‍ നടപടികളുടെ ഭാഗമായി നിയമ നിര്‍മ്മാണം ആവശ്യമുള്ളിടത്ത് ഗവണ്മെന്റ് അത് തീരുമാനിക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
57-ാം വകുപ്പിന്റെ കരാറുകളുടെ ബന്ധപ്പെട്ട ഭാഗമാണ് സുപ്രീം കോടതി റദ്ദാക്കിയതെന്നും വിപുലമായ കൂടിയാലോചനകളിലൂടെ ഗവണ്മെന്റ് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ്. ഐ ടി. നിയമ വകുപ്പുകളുടെ മന്ത്രിയായ രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.
സുപ്രീം കോടതി വിധി ആധാറിനെ ശക്തമാക്കി എന്നാണ് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ചെയര്മാന് അജയ് ഭൂഷണ് പാണ്ഡേ പറഞ്ഞത്. ദേശീയ സുരക്ഷയുടെ കാരണങ്ങളാല്‍ ആധാര്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്നും നിയമ പ്രകാരമല്ലാതെ സ്വകാര്യ കമ്പനികള്‍ അത് ഉപയോഗിക്കുന്നത് വിലക്കുകയും നിയമവിരുദ്ധമായ കുടിയേറ്റക്കാര്‍ യു ഐ ഡി നമ്പര്‍ തേടുന്നത് തടയുകയും ചെയ്തതിലൂടെ ആധാറിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് കോടതി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ആധാര്‍ ഭരണഘടനാ സാധുതയുള്ളതാണെന്നു വിധിച്ചതോടെ സ്വന്തം ഇഷ്ടപ്രകാരം തിരിച്ചറിയല്‍ രേഖയായി അതിനെ ഉപയോഗിക്കുന്നതിന് വ്യക്തികള്‍ക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആധാര്‍ നിലവില്‍വന്നതിനു ശേഷമുള്ള കഴിഞ്ഞ 8-9 വര്‍ഷങ്ങളില്‍ ഒരു ബയോ മെട്രിക് ഡേറ്റാ പോലും ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് യുഐഡിഎഐയുടെ മുന്‍ തലവനും ഇപ്പോള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായ ആര് എസ് ശര്‍മ്മ പറഞ്ഞത്. ആധാര്‍ സ്വകാര്യത ലംഘിക്കുന്നില്ലെന്ന് അവകാശപ്പെട്ട ശര്‍മ്മ തന്റെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ മുമ്പ് ഹാക്കര്‍മാരെ വെല്ലുവിളിച്ചിട്ടുണ്ടായിരുന്നു.
ഇന്ത്യയിലിപ്പോള്‍ 122 കോടി പേര് ആധാര്‍ ഉള്ളവരാണെന്നും ഗവണ്മെന്റ് നല്കുന്ന ആനുകൂല്യങ്ങള്‍ നേടാന്‍ വ്യാജ അപേക്ഷകള്‍ സമര്‍പ്പിക്കുന്നവരെയും ഡ്യൂപ്ലിക്കേറ്റ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നവരെയും തടയാന്‍ കഴിഞ്ഞതിലൂടെ ഗവണ്മെന്റ് ഓരോ വര്‍ഷവും 9,000 കോടി രൂപയാണ് ലാഭിക്കുന്നതെന്നും ജെയ്റ്റിലി പറഞ്ഞു.