പൊതുമേഖലാബാങ്കുകള്‍ എഴുതിത്തള്ളിയ വായ്പകള്‍ പിരിച്ചെടുത്തതിന്റെ ഏഴിരട്ടി

Wed,Oct 10,2018


ഇന്ത്യയിലെ 21 പൊതു മേഖലാ ബാങ്കുകള്‍ 2014 ഏപ്രിലിനും 2018 ഏപ്രിലിനും മദ്ധ്യേ 316,500 കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളിയപ്പോള്‍ പിരിച്ചെടുത്തത് 44,900 കോടി രൂപയുടേത് മാത്രം. ഇത് എഴുതിത്തള്ളിയ വായ്പകളുടെ ഏഴിലൊന്നില്‍ കുറവ് മാത്രമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയ വായ്പകളുടെ തുക 2018-19ലെ ബജറ്റില്‍ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷാ എന്നിവക്കായി നീക്കിവച്ചിട്ടുള്ള 1.38 ലക്ഷം കോടി രൂപയുടെ ഇരട്ടിയിലധികമാണ്. 2014 വരെയുള്ള 10 വര്‍ഷങ്ങള്‍ക്കിടയില്‍ 21 പൊതുമേഖലാ ബാങ്കുകളും കൂടി എഴുതിത്തള്ളിയ തുകയുടെ 166% കൂടുതലാണ് കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിത്തള്ളിയത്.
പാര്‍ലമെന്റിന്റെ ധനകാര്യ സമിതിക്കു മുമ്പാകെ ആര്‍ ബി ഐ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം 2018 മാര്‍ച്ചുവരെയുള്ള നാലു വര്‍ഷങ്ങളില്‍ പൊതുമേഖലാ ബാങ്കുകള്‍ പിരിച്ചെടുത്ത വായ്പതുക 14.2% ആയിരുന്നു. അത് സ്വകാര്യ ബാങ്കുകള്‍ പിരിച്ചെടുത്ത 5% ത്തെക്കാള്‍ മൂന്നിരട്ടിയോളം കൂടുതലായിരുന്നു. രാജ്യത്തെ മൊത്തത്തിലുള്ള ബാങ്കിങ് ആസ്തികളുടെ 70%ത്തോളം 21 പൊതുമേഖലാ ബാങ്കുകളുടേതാണെങ്കില്‍ ഇന്ത്യയിലെ ബാങ്കിങ് മേഖലയില്‍ ആകെയുള്ള നിഷ്‌ക്രിയ ആസ്തികളുടെ 86%വും അവരുടേതുതന്നെയാണ്. ഓഹരി മൂലധനങ്ങളിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും പൊതുമേഖലാ ബാങ്കുകളെ ഉത്തേജിപ്പിക്കാന്‍ ഗവണ്മെന്റ് ശ്രമിക്കുന്നുണ്ടെങ്കിലും 2011നുശേഷം അവയുടെ പീഡിത ആസ്തികളില്‍ ക്രമേണ വര്‍ദ്ധനവ് സംഭവിച്ചു. എന്നാല്‍ നിഷ്‌ക്രിയ ആസ്തികളുടെ കാര്യത്തില്‍ 2014വരെയും വര്‍ദ്ധനവൊന്നും ഉണ്ടായിരുന്നില്ല. അതിനുശേഷം നാടകീയമായ വിധമാണ് വര്‍ദ്ധനവുണ്ടായത്. പ്രത്യേകിച്ചും 2015-16നുശേഷമാണ് വലിയ വര്‍ദ്ധനയുണ്ടായത്. 2014ലാണ് ബാങ്കുകളുടെ അസറ്റ് ക്വാളിറ്റി റിവ്യൂ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയത് എന്നതിനാലാണ് അങ്ങനെ സംഭവിച്ചത്. 2004നും 2014നും മദ്ധ്യേ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയ കിട്ടാക്കടങ്ങള്‍ 1.9ലക്ഷം കോടി രൂപയില്‍ കൂടുതലായിരുന്നെങ്കില്‍ അതിന്റെ പകുതിയും എഴുതിത്തള്ളപ്പെട്ടത് 2013നും 2015നും മദ്ധ്യേയാണ്. അതിനുശേഷം നിഷ്‌ക്രിയ ആസ്തി 2014-15ല്‍ 4.4% ആയിരുന്നത് 2015-16ല്‍ 7.79%മായും, 2017 ഡിസംബറില്‍ 10.41%മായും ഉയര്‍ന്നു. അസറ്റ് ക്വാളിറ്റി റിവ്യൂവിന്റെ ഫലമായി 2017 അവസാനം പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 7.70 ലക്ഷം കോടി രൂപയായിരുന്നു. കിട്ടാക്കടങ്ങള്‍ പ്രതീക്ഷിക്കുന്ന നഷ്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കിട്ടാക്കടങ്ങള്‍ സമയബന്ധിതമായി പിരിച്ചെടുക്കുന്നതിനുള്ള സംവിധാനമായ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്രപ്‌സി കോഡിന് റെഫര്‍ ചെയ്യേണ്ട കേസുകള്‍ തീരുമാനിക്കുന്നതിന് ആര്‍ബിഐ ഒരു ഇന്റേണല്‍ അഡൈ്വസറി കമ്മിറ്റിക്ക് രൂപംനല്‍കി. അതിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രണ്ടു ശാഖകളിലായി 41 അക്കൗണ്ടുകള്‍ കണ്ടെത്തി. ആകെയുള്ള നിഷ്‌ക്രിയ ആസ്തികളില്‍ 1.75 ലക്ഷം കോടി രൂപ ഉള്‍പ്പെടുന്ന 12 അക്കൗണ്ടുകള്‍ 2017 ജൂണിനുശേഷം നാഷണല്‍ കമ്പനി ലോ ട്രിബുണലിനു കൈമാറി. രണ്ടാം റൗണ്ടില്‍ 90,000 കോടി രൂപയുടെ 29 അക്കൗണ്ടുകള്‍കൂടി കൈമാറി. പല ഘടകങ്ങളും കണക്കിലെടുത്താണ് ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ശരിയാക്കുന്നതിനായി കിട്ടാക്കടങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ എഴുതിത്തള്ളുന്നതെന്നാണ് ബാങ്കുകള്‍ പറയുന്നത്.
പലപ്പോഴും നികുതി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും നിഷ്‌ക്രിയ ആസ്തികളുടെ അനുപാതം കുറയ്ക്കുന്നതിനും അങ്ങനെ ചെയ്യാറുണ്ട്. വായ്പകള്‍ എഴുതിത്തള്ളുന്നുവെന്നു പറയുമ്പോള്‍ ബാങ്കുകളുടെ കണക്കുപുസ്തകങ്ങളില്‍നിന്നും അവ സാങ്കേതികമായി നീക്കം ചെയ്യുന്നു എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ. വീണ്ടെടുക്കുന്നതിനുള്ള അവകാശം കൈവിടുന്നില്ല. വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ ബാങ്കുകളുടെ ലാഭനഷ്ട കണക്കു പുസ്തകത്തില്‍ അവ ഇടം നേടുകയും ചെയ്യും.

Other News

 • ചന്ദ്ര കൊച്ചാര്‍: ആകാശത്തോളമുയര്‍ന്ന ഒരു വനിതയുടെ പതനം
 • ഗുജറാത്തില്‍ അക്രമം; കുടിയേറ്റ തൊഴിലാളികളുടെ പലായനം വ്യവസായങ്ങളെ ബാധിച്ചു
 • ആധാര്‍ ഉപയോഗിക്കാന്‍ ബാങ്കുകളെയും ടെലികോമുകളെയും അനുവദിച്ചേക്കും
 • യുഎസ് കമ്പനികളിലേക്ക് ചെറിയ ചിപ്പുമായി നുഴഞ്ഞുകയറി ചൈന ഹാക്കിങ് നടത്തി
 • രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയിക്കും; മദ്ധ്യപ്രദേശിലും ഛത്തിസ്ഗഡിലും മുന്‍തൂക്കം
 • ഗോസംരക്ഷകര്‍ അഴിഞ്ഞാടുമ്പോഴും ഇന്ത്യയില്‍ ഇറച്ചി ഭക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു
 • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് - ഇന്ത്യയ്ക്ക് മുന്നേറാന്‍ അവസരമുണ്ട്
 • 'കിഴക്കിന്റെ ജെറുസലേമി'ലേക്ക് പോപ്പ് ഫ്രാന്‍സിസിനെ ക്ഷണിച്ച് കിം ജോങ് ഉന്‍
 • സൗദി പത്രപ്രവര്‍ത്തകനെ കോണ്‍സുലേറ്റില്‍ അപായപ്പെടുത്തിയതായി ടര്‍ക്കി
 • കാവിനോ അകത്ത്; സുപ്രീം കോടതി മാറുമോ?
 • റഷ്യന്‍ മിസൈല്‍ കവചം: ഇന്ത്യ യുഎസിനെ ധിക്കരിക്കുന്നു
 • Write A Comment

   
  Reload Image
  Add code here