പ്രതിപക്ഷ സഖ്യ രൂപീകരണത്തില്‍ സോണിയയുടെ പ്രസക്തി

Thu,Oct 11,2018


കോണ്‍ഗ്രസ് പാര്‍ട്ടിയെയും അതിന്റെ മുതിര്‍ന്ന നേതാവായ ദിഗ്‌വിജയ് സിങ്ങിനെയും കടന്നാക്രമിച്ചും രാജസ്ഥാന്‍, മദ്ധ്യപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചും മായാവതി ചെയ്ത പ്രസ്താവനയില്‍ ഒരു വാചകം വളരെ ശ്രദ്ധേയമായിരുന്നു: താന്‍ നടത്തുന്ന വിമര്‍ശനമൊന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും മുന്‍ പ്രസിഡന്റ് സോണിയ ഗാന്ധിക്കും ബാധകമല്ല. ഈ രണ്ടു സംസ്ഥാനങ്ങളിലും, അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കുന്ന ഛത്തിസ്ഗഡിലും അത്ഭുതങ്ങള്‍ സംഭവിച്ചാല്‍പ്പോലും അവരിപ്പോള്‍ എടുത്തിട്ടുള്ള തീരുമാനം മാറ്റുന്നതിനുള്ള സാധ്യതയില്ല. അതേ സമയം 2019ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനു മായാവതിയുടെ ഈ തീരുമാനം ബാധകമാകുന്നതിനുള്ള സാധ്യതയുമില്ല. ബിജെപിക്കെതിരെ ഒരു മഹാസഖ്യം രൂപീകരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ഇത് നല്‍കുന്ന സൂചന. രണ്ടു സാധ്യതകളാണ് കാണുന്നത്. ഒന്ന്, തെരെഞ്ഞെടുപ്പ് കഴിയുന്നതുവരെയും പ്രതിപക്ഷ കക്ഷികള്‍ മഹാസഖ്യത്തിനുള്ള തീരുമാനം മാറ്റിവയ്ക്കുകയും തങ്ങള്‍ക്ക് സഹായകമായ വിധത്തില്‍ പ്രാദേശിക തലത്തില്‍ സഖ്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നതാണ്. യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും തമ്മിലുള്ള സഖ്യം അതിലൊന്നാണ്.
എന്നാലിത് വളരെ അപകടകരമായ തീരുമാനമാണ്. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടുന്നവര്‍ വിജയിക്കുന്ന ഇന്ത്യയിലെ തെരെഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ കണക്കുകള്‍ പ്രധാനമാണ്. ബിജെപിക്കെതിരെ വിജയം നേടണമെങ്കില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് അവരുടെ വോട്ടു വിഹിതങ്ങള്‍ സംയോജിപ്പിക്കേണ്ടതുണ്ട്. മറ്റൊരു രാഷ്ട്രീയ പ്രശ്‌നവുമുണ്ട്. തെരെഞ്ഞെടുപ്പിനു മുമ്പുണ്ടാക്കുന്ന സഖ്യങ്ങള്‍ക്ക് തെരെഞ്ഞെടുപ്പിനു ശേഷമുള്ള സ്ഥിതിഗതികളോട് പ്രതിബദ്ധത ഉണ്ടാകും. തെരെഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യം അവസരവാദപരമായിരിക്കും. ജനാധിപത്യ വിധിയെഴുത്തിനെ ഒരു തരത്തില്‍ അട്ടിമറിക്കുകയാകും അത് ചെയ്യുക. ഒരു മഹാസഖ്യം രൂപീകരിക്കുക എന്നതാണ് രണ്ടാമത്തെ സാധ്യത. ഇത് ഫലവത്താകണമെങ്കില്‍ മൂന്നു പ്രധാന സംസ്ഥാനങ്ങളില്‍ (രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്) എന്നിവടങ്ങളില്‍ കോണ്‍ഗ്രസിനും ബിഎസ്പിക്കും ഉണ്ടായ അനുഭവങ്ങളുടെയും മായാവതിയുടെ പ്രസ്താവനയുടെയും അടിസ്ഥാനത്തില്‍ സോണിയാ ഗാന്ധി പ്രധാന പങ്ക് വഹിക്കണം. രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടി നേതൃത്വം കൈമാറുമ്പോള്‍ത്തന്നെ പാര്‍ട്ടിയുടെ സഖ്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സോണിയ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി സ്ഥാനം കാംക്ഷിക്കാത്ത താനും സോണിയ ഗാന്ധിയും എച്ച് ഡി ദേവഗൗഡയും മുതിര്‍ന്ന നേതാക്കളെന്ന നിലയില്‍ വിവിധ പാര്‍ട്ടികള്‍ തമ്മിലുളള ഭിന്നതകള്‍ പരിഹരിക്കുന്നതിനും അവരെ സഖ്യത്തില്‍ കൊണ്ടുവരുന്നതിനും ശ്രമിക്കണമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാര്‍ അടുത്തിടെ പറഞ്ഞിരുന്നു. അതുതന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെയും നിലപാട്. സോണിയ ഗാന്ധിക്ക് തുല്യനായി സ്വയം കരുതുന്ന തെലുഗുദേശം പാര്‍ട്ടി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവും മറ്റേതൊരു നേതാവിനെയുംകാള്‍ കൂടുതല്‍ സോണിയ ഗാന്ധിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചക്ക് തയ്യാറാകും. 2019ലെ തെരെഞ്ഞെടുപ്പിനു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വിജയ സാധ്യത ഉണ്ടാകണമെങ്കില്‍ അവര്‍ ഒരുമിക്കണം. അവരെ ഒരുമിപ്പിക്കാന്‍ ഒരു മദ്ധ്യസ്ഥനും ഉണ്ടാകണം.
മായാവതിയുടെ നിലപാട് ബിജെപിക്ക് നേട്ടം
മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ബഹുജന്‍ സമാജ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന പാര്‍ട്ടി പ്രസിഡന്റ് മായാവതിയുടെ പ്രഖ്യാപനം മത്സരം ത്രികോണമാക്കും. ഇരു സംസ്ഥാനങ്ങളിലും ആകെയുള്ള നിയമസഭാ സീറ്റുകളുടെ മൂന്നിലൊന്നില്‍ ഗണ്യമായ പിന്തുണ ആ പാര്‍ട്ടിക്കുണ്ട്. ഛത്തീസ്ഗഡില്‍ അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസുമായിട്ടാണ് സഖ്യം. ബിജെപിക്കെതിരായ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മൂന്നു സംസ്ഥാനങ്ങളിലും ബിഎസ്പിയുമായുള്ള ഐക്യത്തിന് കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ മായാവതിയുടെ നിലപാട് സഹായകമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മൂന്നു സംസ്ഥാനങ്ങളിലും മൂന്നു ശതമാനത്തിനും എട്ടു ശതമാനത്തിനും ഇടയിലുള്ള പിന്തുണ ബിഎസ്പിക്കുണ്ട്. ഉദാഹരണത്തിന് യുപിയോടു ചേര്‍ന്നുകിടക്കുന്ന വടക്കന്‍ മധ്യപ്രദേശില്‍ 2008ല്‍ ബിഎസ്പി 20% വോട്ടുകള്‍ നേടുകയും 34ല്‍ 7 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു. മദ്ധ്യപ്രദേശില്‍ പട്ടികജാതി വിഭാഗക്കാര്‍ 15.6% ഉണ്ടെങ്കിലും അവരുടെ വോട്ടുകളെല്ലാം സമാഹരിക്കുന്നതിനു പാര്‍ട്ടിക്ക് കഴിഞ്ഞില്ല. 2013ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ 4 സീറ്റുകളില്‍ വിജയിച്ച ബിഎസ്പിക്ക് 6.29% വോട്ടുകള്‍ നേടുന്നതിനെ കഴിഞ്ഞുള്ളു. 7 സീറ്റുകളില്‍ വിജയിച്ച 2008ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്നു ശതമാനത്തോളം വോട്ടുകള്‍ കുറയുകയും ചെയ്തു. 2013ല്‍ 40 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനും ബിഎസ്പിക്കും ലഭിച്ച വോട്ടുകള്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികളേക്കാള്‍ കൂടുതലുണ്ടായിരുന്നു.
അതുപോലെ രാജസ്ഥാനിലും ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ബിഎസ്പിക്ക് നല്ലൊരു വോട്ടു ബാങ്കുണ്ട്. 2008ല്‍ ആകെയുള്ളതിന്റെ 10% വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ 2013ല്‍ വോട്ടുകള്‍ പകുതിയായി കുറഞ്ഞു. 2008ല്‍ 7.6% വോട്ടുകള്‍ ലഭിച്ചപ്പോള്‍ 2013ല്‍ 3.37% വോട്ടുകള്‍ നേടാന്‍ കഴിഞ്ഞുള്ളു. രാജസ്ഥാനില്‍ പട്ടികജാതി വിഭാഗക്കാര്‍ 18%മുണ്ട്. 200 നിയമസഭാ സീറ്റുകളില്‍ 60 ഓളം സീറ്റുകളില്‍ അവര്‍ ഗണ്യമായ ശക്തിയാണ്. ഗംഗാനഗര്‍, ബിക്കാനീര്‍, ധോല്‍പൂര്‍, കരൗലി, ഭരത്പൂര്‍ എന്നീ 5 ജില്ലകളില്‍ പട്ടിക ജാതിക്കാര്‍ 21%ത്തില്‍ കൂടുതലുണ്ട്. രാജസ്ഥാനില്‍ 9 സീറ്റുകളും മദ്ധ്യപ്രദേശില്‍ 25 സീറ്റുകളും നല്‍കാന്‍ മാത്രമേ കോണ്‍ഗ്രസ് തയ്യാറായുള്ളു എന്നാണ് മായാവതി പറഞ്ഞത്. സഖ്യത്തില്‍ മത്സരിച്ചിട്ടുള്ളപ്പോഴെല്ലാം ബിഎസ്പി വോട്ടുകള്‍ അപ്പാടെ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. രാജസ്ഥാനില്‍ സഖ്യമുണ്ടാക്കുന്നത് പാര്‍ട്ടിയുടെ ഭാവിക്ക് ദോഷം ചെയ്യുമെന്നാണ് അവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. മദ്ധ്യപ്രദേശില്‍ 50 സീറ്റുകള്‍ ആവശ്യപ്പെട്ട മായാവതിയുടെ നിലപാട് യാഥാര്‍ഥ്യവുമായി പൊരുത്തമില്ലാത്തതാണെന്ന് അവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഒറ്റയ്ക്ക് മത്സരിക്കുമെന്ന ബിഎസ്പിയുടെ പ്രഖ്യാപനത്തെക്കുറിച്ചു സംസാരിക്കാന്‍ വിസമ്മതിച്ച സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര നേതൃത്വം വിശദീകരിക്കുമെന്നു പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലും മുഖ്യ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്നും അവര്‍ പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും സംഭവഗതികള്‍ ബിജെപിയെ സന്തുഷ്ടരാക്കിയിട്ടുണ്ട്. ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബിഎസ്പിയുടെ തീരുമാനം പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയയായെങ്കിലും അത് കോണ്‍ഗ്രസിന്റെ തെരെഞ്ഞെടുപ്പ് ഫലങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പറയാറായിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ബിജെപിയേക്കാള്‍ കോണ്‍ഗ്രസിനെതിരെയാണ് മത്സരമെന്ന സന്ദേശമാണ് മായാവതി നല്‍കിയിട്ടുള്ളത്.

Other News

 • പ്രളയം തകര്‍ത്ത ജീവിതം വീണ്ടെടുത്ത 'ചേക്കുട്ടി' പാവകള്‍ ലോക ശ്രദ്ധ നേടുന്നു
 • ജീവിതം തകര്‍ന്നു നുറുങ്ങിയിട്ടും ഐഎഎസ് മോഹവുമായി ഒരു മലയാളി പെണ്‍കുട്ടി
 • യുഎസ് വിസ സമ്പന്നര്‍ക്കും അപ്രാപ്യമാകും
 • ജെഫ് വൈഡ്‌നെര്‍ അനശ്വരമാക്കിയ 'ടാങ്ക്മാന്' ചൈനയില്‍ ഇന്നും വിലക്ക്
 • പ്രതിപക്ഷം തകര്‍ന്നടിയുന്നു
 • പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യ
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • ലളിതവത്കരിച്ചാല്‍ മറയുമോ കൊടും കൊലയാളിയുടെ മുഖം?
 • ബംഗാളിലെ കോളേജുകളില്‍ മതം മാനവികതക്ക് വഴിമാറുന്നു
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • കടഭാരം വര്‍ദ്ധിക്കുന്ന ടാറ്റയ്ക്ക് ജഗ്വാര്‍ പ്രശ്‌നമാകുന്നു
 • Write A Comment

   
  Reload Image
  Add code here