'മീ ടൂ' കാമ്പയിന്‍ കേരളത്തിലും അലയടിക്കുന്നു

Thu,Oct 11,2018


ഹോളിവുഡില്‍ തുടക്കമിട്ട 'മീ ടൂ' കാമ്പയില്‍ ബോളിവുഡില്‍ പ്രതിധ്വനി ഉയര്‍ത്തിയതിനു പിന്നാലെ കേരളത്തിലും അലയടിച്ചു തുടങ്ങി. സിനിമാ മേഖലയില്‍ മാത്രമല്ല മാധ്യമ രംഗത്തും സ്ത്രീകള്‍ ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയമാകേണ്ടി വന്നിട്ടുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഇനി ഏതൊക്കെ മേഖലയില്‍ നിന്ന് സമാന പരാതികള്‍ ഉയരുമെന്ന് ആര്‍ക്കും പറയാനാകില്ല. പണ്ടു കാലത്ത് തുറന്നു പറയാന്‍ മടിച്ചിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ പലരും വെളിപ്പെടുത്തുമ്പോള്‍ പല പ്രമുഖരുടെയും മുഖംമൂടികളാണ് അഴിഞ്ഞു വീഴുന്നത്. മറുവശത്ത് പതിറ്റാണ്ടുകള്‍ക്കു മുമ്പു നടന്ന പല കാര്യങ്ങളുടെയും തുറന്നു പറച്ചിലിനു പിന്നിലെ വിശ്വസനീയത അപകടകരമായ സ്ഥിതിവിശേഷങ്ങള്‍ക്കു കാരണമാകുമെന്ന് ചിലര്‍ പറയുന്നു.
ലോക സിനിമയുടെ സിരാകേന്ദ്രമായി വിലയിരുത്തപ്പെടുന്ന ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റിനെതിരേ സൂപ്പര്‍ താരം അലിസ മിലാനോ നടത്തിയ വെളിപ്പെടുത്തലാണ് 'മീ ടൂ ' കാമ്പയിനു തിരി കൊളുത്തിയത്. വാസ്തവത്തില്‍ 2006 ല്‍ സാമൂഹ്യ പ്രവര്‍ത്തകയായ ടരാന ബുര്‍ക്കെയാണ് 'മൈ സ്‌പേസ്' സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ 'മീ ടൂ' എന്ന പദം പ്രയോഗിച്ചു തുടങ്ങിയത്. നിറത്തിന്റ പേരില്‍ ലൈംഗിക ചൂഷണത്തിനു വിധേയമാകുന്ന വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബുര്‍ക്കെ ഈ കാമ്പയിന്‍ നടത്തിയത്. ലൈംഗികമായി താന്‍ ചൂഷണം ചെയ്യപ്പെട്ടു എന്ന് ഒരു 13 വയസുകാരി നടത്തിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ പറ്റാതെ വന്ന സഹാചര്യത്തിനു ശേഷമാണ് ഈ പദം തന്റെ മനസില്‍ വന്നതെന്ന് ടരാന വെളിപ്പെടുത്തുകയുണ്ടായി. ആ പെണ്‍കുട്ടിയയോട് 'മീ ടൂ' എന്നു മാത്രമേ പറയേണ്ടിയിരുന്നുള്ളു എന്നാണ് പിന്നീട് ടരാന പറഞ്ഞത്. പക്ഷേ, 2017 ഒക്‌ടോബര്‍ 15 ന് നടി അലിസ 'മീ ടൂ' ഹാഷ് ടാഗായി പ്രയോഗിക്കുവാന്‍ ട്വിറ്ററിലൂടെ നടത്തിയ അഭ്യര്‍ഥനയാണ് മാലപ്പടക്കം പോലെ കത്തിപ്പടര്‍ന്നത്. ടരാന ഈ പദപ്രയോഗം നേരത്തെ ഉപയോഗിച്ചിട്ടുള്ള കാര്യം പിന്നീട് അലീസ അംഗീകരിച്ചിരുന്നു. അലീസയുടെ ആഹ്വാനം വന്ന ദിവസം അവസാനിക്കുമ്പോള്‍ രണ്ടു ലക്ഷം തവണ ഈ പദം ഉപയോഗിക്കപ്പെട്ടു. രണ്ടു ദിവസം കൊണ്ട് ഫേസ്ബുക്കില്‍ അത് അഞ്ചു ലക്ഷമായി. 24 മണിക്കൂര്‍ കൊണ്ട് ഈ ഹാഷ്ടാഗ് 4.7 മില്യണ്‍ ആളുകള്‍ 12 മില്യണ്‍ പോസ്റ്റിന് അത് ഉപയോഗിച്ചു. തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കു വച്ചു കൊണ്ട് പതിനായിരങ്ങളാണ് 'മീ ടൂ' കാമ്പയനില്‍ അണി ചേര്‍ന്നത്. അമേരിക്കയില്‍ രാഷ്ട്രീയം. ഫിനാന്‍സ്, മിലിട്ടറി, ചര്‍ച്ച്, മെഡിസിന്‍, മ്യൂസിക്, സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലയിലൊക്കെ ഇതിന്റെ പ്രതിധ്വനി ഉണ്ടായി.
ബോളിവുഡില്‍ തനുശ്രീ ദത്ത തുടക്കമിട്ടു
പ്രശസ്ത നടന്‍ നാനാ പടേക്കര്‍ക്കെതിരേ ലൈംഗിക അതിക്രമ ആരോപണം ഉയര്‍ത്തി നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ സിനിമാ മേഖലയിലെ മൂല്യച്യുതി തുറന്നു കാട്ടുന്നതായി. 'ഹോണ്‍ ഒ കെ' എന്ന സിനിമയുടെ സെറ്റില്‍ വച്ച് പടേക്കര്‍ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. സംവിധായകനോട് പരാതിപ്പെട്ടപ്പോള്‍ തന്നെയും മാതാപിതാക്കളെയും ഒരു കൂട്ടം ആളുകള്‍ വന്ന് ആക്രമിക്കുകയായിരുന്നുവെന്നും തനുശ്രി പറഞ്ഞു. ഇത് ശരിവയ്ക്കുന്ന വീഡിയോ ഫുട്ടേജ് സാമൂഹകി മാധ്യമങ്ങളില്‍ വൈറലായിരുന്നു. പടേക്കറിനൊപ്പം ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് തനുശ്രീ പറയുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്നയാളാണെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയമെങ്കിലും. സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടപ്പെട്ടയാളായതു കൊണ്ട് ആരും പ്രതികരിക്കാറില്ലെന്നും തനുശ്രീ കൂട്ടിച്ചേര്‍ത്തിരുന്നു. ഈ ചിത്രത്തില്‍ നിന്ന് തനുശ്രീ പിന്നീട് പിന്മാറുകയായിരുന്നു. സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ വികാസ് ബഹല്‍ ലൈംഗിക ചൂഷണത്തിനു ശ്രമിച്ചുവെന്ന പ്രമുഖ നടി കങ്കണ റാവത്തിന്റെ വെളിപ്പെടുത്തലും, ഒമ്പതു വയസുള്ളപ്പോള്‍ ലൈംഗിക അതിക്രമത്തിനു വിധേയമായെന്ന തെന്നന്ത്യന്‍ ഗായിക ചിന്‍മയി ശ്രീപാദയുടെ തുറന്നു പറച്ചിലും പിന്നാലെ ഉണ്ടായി. സമൂഹത്തില്‍ ഏറെ ബഹമാനിക്കപ്പെടുന്ന പ്രായം ചെന്ന ഒരു വ്യക്തിയില്‍ നിന്നും മോശം അനുഭവം ഉണ്ടായതായും ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ പലരും നിശബ്ദയാക്കാന്‍ ശ്രമിച്ചുവെന്നും ചിന്‍മയി വെളിപ്പെടുത്തി.
മുകേഷിനെതിരേ ആരോപണം
മലയാളത്തിലെ ' മീ ടൂ' കാമ്പയനില്‍ ആദ്യ ആരോപണ വിധേയനായിരിക്കുന്നത് നടനും കൊല്ലത്തു നിന്നുള്ള നിയമസഭാംഗവുമായ മുകേഷാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ ജോസഫാണ് ട്വിറ്ററിലൂടെ മുകേഷിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. രണ്ടു പതിറ്റാണ്ടു മുമ്പ് ഒരു ടിവി ചാനലില്‍ വന്ന ക്വിസ് പ്രോഗ്രാമായ കോടീശ്വരന്‍ ചിത്രീകരിക്കുന്ന അവസരത്തിലാണ് അതിന്റെ അവതാരകനായ മുകേഷിന്റെ ഭാഗത്തു നിന്ന് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന നീക്കമുണ്ടായതെന്ന് ടെസ പറയുന്നു. അന്നത്തെ തന്റെ ബോസായിരുന്ന ഡെറിക് ഒബ്രീനാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും ടെസ ട്വിറ്ററില്‍ കുറിച്ചു. ചെന്നൈയില്‍ ഇവര്‍ താമസിച്ചിരുന്ന ലെ മെറീഡിയന്‍ ഹോട്ടല്‍ മുകേഷിന് ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചതെന്നും കുറ്റപ്പെടുത്തലുണ്ട്. ആരോപണങ്ങള്‍ മുകേഷ് ശക്തമായി നിഷേധിച്ചു. 'മീ ടൂ' കാമ്പയനില്‍ പ്രതികരണവുമായി മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക രംഗത്തു വരികയുണ്ടായി. 'മീ ടൂ' കാമ്പയിനെ പിന്തുണയ്ക്കുന്നുവെന്നും, ഭാര്യ എന്ന നിലയില്‍ ആശങ്കയില്ലെന്നും പറഞ്ഞ മേതില്‍ ദേവിക, പുരുഷന്മാര്‍ക്ക് പ്രലോഭനകരമായ സന്ദേശങ്ങള്‍ അയക്കുന്ന സ്ത്രീകള്‍ക്കെതിരേയും 'മീ ടൂ' കാമ്പയിന്‍ ആവശ്യമാണെന്ന് നിരീക്ഷിച്ചു. ഇത്രയും കാല മുമ്പു നടന്ന കാര്യത്തെപ്പറ്റി വ്യക്തമായി ഓര്‍ക്കുന്നില്ലെന്ന മുകേഷിന്റെ വെളിപ്പെടുത്തല്‍ താന്‍ വിശ്വസിക്കുകയാണെന്നും ദേവിക പറഞ്ഞു.
മാധ്യമ രംഗത്തും അപചയം
സിനിമാ മേഖലയിലെ വെളിപ്പെടുത്തലുകളുമായി തുടങ്ങിയ 'മീ ടൂ' കാമ്പയിന്‍ മാധ്യമ രംഗത്തും കത്തിപ്പടരുകയാണ്. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ ദേശീയ ദിനപത്രങ്ങളിലെ പ്രമുഖര്‍ ആരോപണങ്ങളെ തുടര്‍ന്ന് രാജിവയ്ക്കുകയോ, അവധിയില്‍ പ്രവേശിക്കുകയോ ചെയ്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ.അക്ബറും ആരോപണ വിധേയനായിട്ടുണ്ട്. 'ദ ടെലിഗ്രാഫി'ന്റെ സ്ഥാപക എഡിറ്റര്‍ കൂടിയായ അക്ബറിനെതിരേ, പ്രിയ രമണി എന്ന മാധ്യമ പ്രവര്‍ത്തകയാണ് ട്വിറ്ററിലൂടെ ആരോപമം ഉന്നയിച്ചത്. 1994 ല്‍ രാത്രി ഏഴു മണിക്ക് മുബൈയിലുള്ള ഒരു ഹോട്ടലില്‍ വച്ചാണ് തന്നോട് അക്ബര്‍ മോശമായി പെരുമാറിയതെന്നും, തനിക്ക് കൂടുതലൊന്നും സംഭവിച്ചില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍, മോശം അനുഭവം ഉണ്ടായ നിരവധി സ്ത്രീകള്‍ ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏഴ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച പരാതിയെ തുടര്‍ന്ന് ടൈംസ് ഓഫ് ഇന്ത്യ ഹൈദരാബാദ് റസിഡന്റ് എഡിറ്റര്‍ കെ.ആര്‍.ശ്രീനിവാസനെ ചുമതലയില്‍ നിന്ന് നീക്കി. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ പ്രശാന്ത് ഷാ രാജിവച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് അസോസിയേറ്റ് എഡിറ്റര്‍ മനോജ് രാമചന്ദ്രന്‍, 'ദ വയര്‍' ഓണ്‍ലൈനിന്റെ സ്ഥാപക എഡിറ്റര്‍മാരില്‍ ഒരാളായ സിദ്ധാര്‍ഥ് ഭാട്ടിയ തുടങ്ങിയ പ്രമുഖരും ആരോപണങ്ങള്‍ നേരിടുന്നു.
അര്‍ജുന രണതുംഗയും ആരോപണച്ചുഴിയില്‍
ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരവും, ഇപ്പോള്‍ രാജ്യത്തിന്റെ പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയും 'മീ ടൂ' കാമ്പയനില്‍ ആരോപണം നേരിടുകയാണ്. ക്രിക്കറ്റ് മത്സരത്തിന് ഇന്ത്യയില്‍ എത്തിയ അവസരത്തില്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ച് രണതുംഗ പീഢിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് അന്ന് വിമാനത്തില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡായിരുന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ക്രിക്കറ്റ് ആരാധികയായ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം താരങ്ങള്‍ താമസിച്ചിരുന്ന ഹോട്ടല്‍ ജുഹു സെന്ററില്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് അവര്‍ വെളിപ്പെടുത്തി. താരത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ഹോട്ടല്‍ റിസ്പഷനിലെത്തി പരാതിപ്പെട്ടപ്പോള്‍ 'ഇത് നിങ്ങളുടെ സ്വകാര്യ കാര്യമല്ലേ' എന്ന നിസംഗത കലര്‍ന്ന മറുപടിയാണ്‌ലഭിച്ചതെന്നും അവര്‍ പറഞ്ഞു. 1996 ലോകകപ്പില്‍ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രണതുംഗ. ശ്രീലങ്കന്‍ ഏകദിന ക്രിക്കറ്റ് ടീമില്‍ അംഗമായ പേസ് ബൗളര്‍ ലസിത് മലിംഗയ്‌ക്കെതിരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രശസ്ത പിന്നണി ഗായിക ചിന്‍മയി ശ്രീപദയാണ് 'അജ്ഞാതയായ' യുവതിയെ പീഢിപ്പിക്കുവാന്‍ മലിംഗ ശ്രമിച്ചതിന്റെ വിശദാംശങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന അവസരത്തില്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ചാണ് ലാണ് സംഭവമുണ്ടായത്. പീഢന ശ്രമത്തിനു വിധേയമായ യുവതിയുടെ പേര് ട്വിറ്ററില്‍ വെളിപ്പെടുത്തിയിട്ടില്ല.
ഈ കാമ്പയിന്‍ ഗുണമാകുമോ
ജോലി സ്ഥലത്തോ മറ്റിടങ്ങളിലോ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ചിലപ്പോള്‍ ആ സമയത്ത് പലതും വെളിപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയായിരിക്കും ഉണ്ടാവുക. ഒരുപക്ഷേ അവരെ മനസിലാക്കാന്‍ പലരും തയാറായെന്നു വരില്ല. അല്ലെങ്കില്‍ അതിക്രമത്തിനു മുതിരുന്നവര്‍ അതിശക്തരായിരിക്കാം. വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങള്‍ക്കുണ്ടായ അനുഭവം അവര്‍ പങ്കു വയ്ക്കുന്നത് പലര്‍ക്കും ജാഗ്രത പാലിക്കാന്‍ സഹായകമാകുന്നു. ആരെയും കണ്ണടച്ചു വിശസിക്കരുതെന്നും, എവിടെ പോയാലും സ്വന്തം മാനം രക്ഷിക്കാനുള്ള ജാഗ്രത മുന്‍കൂട്ടി കാണണമെന്നുമുള്ള മുന്നറിയിപ്പാണ് കാമ്പയിന്‍ നല്‍കുന്നത്. ആരോപണം ഉന്നയിച്ച പലരും നിയമ നടപടിക്കു പോകുന്നില്ല എന്നതും ശ്രദ്ധേയമാണ്. സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. കാമ്പയിന്‍ പലരും ദുരുപയോഗിക്കുമോ എന്ന ആശങ്ക ബാക്കി നില്‍ക്കുന്നു. കോഴിയെ കട്ടവനെ തലയില്‍ പൂടയുണ്ടോ എന്നു സംശയിക്കേണ്ടതുള്ളു എന്ന പഴമൊഴിയാണ് ഇതിനുള്ള മറുപടി.

Other News

 • പ്രളയം തകര്‍ത്ത ജീവിതം വീണ്ടെടുത്ത 'ചേക്കുട്ടി' പാവകള്‍ ലോക ശ്രദ്ധ നേടുന്നു
 • ജീവിതം തകര്‍ന്നു നുറുങ്ങിയിട്ടും ഐഎഎസ് മോഹവുമായി ഒരു മലയാളി പെണ്‍കുട്ടി
 • യുഎസ് വിസ സമ്പന്നര്‍ക്കും അപ്രാപ്യമാകും
 • ജെഫ് വൈഡ്‌നെര്‍ അനശ്വരമാക്കിയ 'ടാങ്ക്മാന്' ചൈനയില്‍ ഇന്നും വിലക്ക്
 • പ്രതിപക്ഷം തകര്‍ന്നടിയുന്നു
 • പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യ
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • ലളിതവത്കരിച്ചാല്‍ മറയുമോ കൊടും കൊലയാളിയുടെ മുഖം?
 • ബംഗാളിലെ കോളേജുകളില്‍ മതം മാനവികതക്ക് വഴിമാറുന്നു
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • കടഭാരം വര്‍ദ്ധിക്കുന്ന ടാറ്റയ്ക്ക് ജഗ്വാര്‍ പ്രശ്‌നമാകുന്നു
 • Write A Comment

   
  Reload Image
  Add code here