റഷ്യന്‍ മിസൈല്‍ കവചം: ഇന്ത്യ യുഎസിനെ ധിക്കരിക്കുന്നു

Thu,Oct 11,2018


റഷ്യയുടെ എസ്400 മിസൈല്‍ സിസ്റ്റം ഇന്ത്യ വാങ്ങുന്നതിനുള്ള കരാറിന് ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തിയ വേളയിലാണ് 5 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഉറപ്പിച്ചത്. ഇക്കാര്യത്തില്‍ യുഎസ് നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ ഇന്ത്യ അവഗണിക്കുകയായിരുന്നോ? ലോകമെമ്പാടുമുള്ള നിരീക്ഷകരെ കുഴയ്ക്കുന്ന ചേദ്യമാണിത്. യുഎസ് നിയമമനുസരിച്ച് ഇന്ത്യക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. പക്ഷേ, കാര്യമായ പ്രതികരണമൊന്നും യുഎസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കരാറില്‍ ഔപചാരികമായി ഏര്‍പ്പെട്ടിട്ടില്ലാത്തതുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് ചിലര്‍ വിലയിരുത്തുന്നു. എന്നാല്‍, കരാര്‍ ഒപ്പുവച്ചിട്ടില്ലെങ്കിലും അത് ഉറപ്പിച്ചിരിക്കുകയാണ്. പ്രതിരോധ, ഇന്റലിജന്‍സ് മേഖലകളില്‍ റഷ്യയുമായി വ്യാപാര ബന്ധങ്ങളിലേര്‍പ്പെടുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ സ്വയമേവതന്നെ ഉപരോധ നടപടികള്‍ ഉണ്ടാകുന്ന നിയമമാണ് കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാങ്ക്ഷന്‍സ് ആക്ട്. എസ്400 മിസൈല്‍ സിസ്റ്റങ്ങള്‍പോലുള്ള ആയുധങ്ങള്‍ വാങ്ങുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ ഉപരോധ നടപടികളുണ്ടാകുമെന്ന് കഴിഞ്ഞ ആഴ്ചയും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ വക്താവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, റഷ്യയുമായി ചരിത്രപ്രധാനമെന്നു വിശേഷിപ്പിക്കാവുന്ന കരാര്‍ ഉറപ്പിച്ച ശേഷം ഇന്ത്യയിലെ യുഎസ് എംബസിയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. ഉപരോധങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് റഷ്യയെ ആണെന്നും അവരുടെ സഖ്യശക്തികളുടെ സൈനിക ശേഷികള്‍ക്ക് ദോഷം വരുത്താന്‍ അല്ലെന്നുമായിരുന്നു എംബസി പറഞ്ഞത്. അത് ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. കാരണം റഷ്യയില്‍നിന്നും ഈ വര്‍ഷമാദ്യം യുദ്ധവിമാനങ്ങളും എസ്400 മിസൈല്‍ സിസ്റ്റവും വാങ്ങിയതിന്റെ പേരില്‍ ചൈനീസ് സൈന്യത്തിനെതിരെ കഴിഞ്ഞ മാസം യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ഇക്കാര്യത്തില്‍ രണ്ടു സാഹചര്യങ്ങളാണ് നിരീക്ഷകര്‍ കാണുന്നത്. ഒന്നുകില്‍ ഇന്ത്യയുടെ നടപടി അവഗണിക്കാമെന്ന ധാരണ യുഎസില്‍നിന്ന് ഇന്ത്യ സമ്പാദിച്ചിട്ടുണ്ട്. അതല്ലെങ്കില്‍ ഇന്ത്യ ഒരു ഭാഗ്യപരീക്ഷണം നടത്തി നോക്കുകയാണ്. എന്നു വച്ചാല്‍ റഷ്യയും ഇന്ത്യയും യുഎസ് പ്രതിഷേധത്തിന്റെ ആഴം പരിശോധിക്കുകയാണ്. ഇതില്‍ രണ്ടാമത്തേതിനാണ് നിരീക്ഷകര്‍ കൂടുതല്‍ സാദ്ധ്യത കല്പിക്കുന്നത്.
സാമ്രാജ്യത്വ മോഹങ്ങളോടെ വളരുന്ന ചൈനയെ ചെറുക്കുന്നതിന് ഇന്ത്യയുമായുള്ള സൈനിക സഹകരണം യുഎസ് ആഗ്രഹിക്കുന്നുന്നത്. ചൈനയുടെ സ്വാധീനം ചെറുക്കാന്‍ ഇന്ത്യയുമായി സഹകരിക്കേണ്ടത് അനിവാര്യമാണെന്ന് കരുതുന്ന വിദഗ്ധരുമണ്ട്. സൈനിക - സാമ്പത്തിക ബലങ്ങളില്‍ ഇന്ത്യ ചൈനയ്ക്ക് ഒപ്പമല്ലെങ്കിലും ഇന്ത്യയ്ക്ക് ഒപ്പമെത്തുന്ന മറ്റൊരു രാജ്യം മേഖലയിലില്ല. ചൈനയുടെ ബല്‍റ്റ് റോഡ് പദ്ധതിയെ ഇന്ത്യ ശക്തിയുക്തം എതിര്‍ക്കുന്നു. മറ്റെല്ലാ രാജ്യങ്ങളും ചൈനയുടെ ആജ്ഞാനുവര്‍ത്തികളാകുന്നു. അതെന്തായാലും, യുഎസ്-ഇന്ത്യ സഹകരണം വളരുകയാണ്. പരസ്പര ശത്രുതയുടെ നാളുകളില്‍നിന്ന് മുഖത്തോടുമുഖം കാണാവുന്ന അവസ്ഥയില്‍ എത്തിയെങ്കിലും പരസ്പര അവിശ്വാസത്തിന്റെ നിഴല്‍ വിരിച്ചുനിന്നിരുന്നു. യുഎസ് - ഇന്ത്യ ആണവക്കരാറിപോടുള്ള എതിര്‍പ്പും അവിശ്വസവും അതിന്റെ തെളിവായിരുന്നു. പക്ഷേ, എങ്കിലും രണ്ടിടത്തും മാറിമാറിവന്ന സര്‍ക്കാരുകള്‍ സഹകരണം പുതിയ തലത്തിലേക്ക് എത്തിക്കുന്നതിനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. അത് ഫലം കാണുന്നുമുണ്ട്. ഏതാനും മാസം മുമ്പ് 2+2 ചര്‍ച്ചാ വേളയില്‍ കമ്മ്യൂണിക്കേഷന്‍സ് കോംപാറ്റിബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി എഗ്രിമെന്റ് അഥവാ 'കോംകാസ'യില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുകയുണ്ടായി. ഇന്ത്യയും യുഎസും തമ്മിലുള്ള സൈനിക ബന്ധങ്ങളുടെ മൂന്ന് അടിത്തറകളിലൊന്നായിട്ടാണ് അതിനെ കണക്കാക്കുന്നത്. 2016ല്‍ ഇന്ത്യയും യുഎസും ലോജിസ്റ്റിക് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് അഥവാ ലെമോവയില്‍ ഒപ്പുവച്ചിരുന്നു. മൂന്നാമത്തേ ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോഓപ്പറേഷന്‍ എഗ്രിമെന്റ് ഫോര്‍ ജോ സ്‌പേഷ്യല്‍ കോഓപ്പറേഷന്‍ അഥവാ 'ബേക്ക' സംബന്ധിച്ച കൂടിയാലോചനകള്‍ നടക്കുന്നു. ഇപ്പോള്‍ സൈനികാവശ്യങ്ങള്‍ക്കായി ഇന്ത്യ ഉപയോഗിക്കുന്ന യുഎസ് നിര്‍മ്മിത പി81, സി130 ജെ എന്നീ വിമാനങ്ങളില്‍ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനു കോംകാസ കരാറിലൂടെ ഇന്ത്യക്കു അവസരം ലഭിക്കും. ചൈനയുടെ സൈനിക ഭീഷണിയെ നേരിടാന്‍ ആവശ്യമായ ആയുധങ്ങളാണ് ഇന്ത്യ റഷ്യയില്‍നിന്ന് വാങ്ങിക്കുന്നത് എന്നതിനാല്‍ ഉപരോധങ്ങളില്‍ ട്രമ്പ് ഭരണകൂടം ഇളവുകള്‍ നല്‍കിയേക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. വളരെ അകലത്തില്‍വച്ചുതന്നെ ശത്രുവിമാനങ്ങളും മിസൈലുകളും തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് ഈ മിസൈലുകള്‍ ലഭിക്കുന്നതോടെ കഴിയും. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ സൈനിക വളര്‍ച്ച തടയാന്‍ യുഎസ് ആഗ്രഹക്കുയില്ലെന്ന വിശ്വാസമാണ് പലര്‍ക്കുമുള്ളത്. യുഎസിന്റെ മൗനത്തിന്റെ അര്‍ത്ഥവും അതാകാം.
എട്ടു കരാറുകള്‍
റയില്‍വേ, ബഹിരാകാശം, ആണവ വൈദ്യുതി തുടങ്ങിയ മേഖലകളില്‍ റഷ്യയുമായി ഇന്ത്യ 8 കരാറുകളില്‍ ഒപ്പുവച്ചു. മോസ്‌കൊയുമായി ന്യൂഡല്‍ഹിക്കുള്ള പ്രത്യേക ബന്ധത്തെ മോദി ഉയര്‍ത്തിക്കാട്ടി. 2022 ലേക്ക് ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നതിനുള്ള ഇന്ത്യയുടെ ദൗത്യത്തെ റഷ്യ സഹായിക്കും. റഷ്യന്‍ സഹകരണത്തോടെ 6 ആണവ വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കും. രാസവളങ്ങളുടെ മേഖലയിലാണ് മറ്റൊരു വലിയ കരാര്‍ ഒപ്പുവെച്ചത്. 2021 ആകുമ്പോഴേക്കും ഒരു ബില്യണ്‍ ഡോളറിന്റെ 2 മില്യണ്‍ ടണ്‍ രാസവളങ്ങള്‍ ഇന്ത്യക്കു നല്‍കാമെന്നാണ് റഷ്യയിലെ ഫോസഗ്രോ കമ്പനി സമ്മതിച്ചിട്ടുള്ളത്. റഷ്യയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന രാസവളങ്ങള്‍ക്കു ഇന്ത്യ ചുമത്തുന്ന 5% തീരുവ പിന്‍വലിച്ചാല്‍ കൂടുതല്‍ രാസവളം ലഭിക്കും. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇരു ഗവണ്മെന്റുകളും തമ്മില്‍ നടത്തും. ചൈന കഴിഞ്ഞാല്‍ വിളകള്‍ക്കായി ഏറ്റവും കൂടുതല്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണ്. ഫോസ്‌ഫേറ്റ് അടിസ്ഥാനമാക്കിയുള്ള രാസവളങ്ങളുടെ 90%വും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഫോസ്‌ഫേറ്റ് അടിസ്ഥാനമാക്കിയുള്ള രാസവളങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഫോസ്‌ഗ്രോ 2016 നു ശേഷം ഇന്ത്യക്ക് 1.2 മില്യണ്‍ ടണ്‍ രാസവളം നല്‍കിയിട്ടുണ്ട്. റഷ്യയിലെ രാസവളം മേഖലയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനായി രാസവളങ്ങള്‍ ഏറ്റവും കൂടുതലായി ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ സ്ഥാപനമായ ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡിനെ ഫോസഗ്രോ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വിഹിതം നേടുന്നത് യുഎസിലെ മൊസൈക് ഉള്‍പ്പടെയുള്ള ലോകത്തിലെ മറ്റു വലിയ രാസവളം ഉല്‍പ്പാദകരുമായി കൂടുതല്‍ മത്സരക്ഷമത കൈവരിക്കാന്‍ സഹായിക്കുമെന്ന് ഫോസഗ്രോ കരുതുന്നു. ഇന്ത്യക്കു ഒരു വര്‍ഷം 1.5 ടണ്‍ മുതല്‍ 1.8ടണ്‍ വരെ രാസവളങ്ങള്‍ റഷ്യ നല്‍കുന്നുണ്ട്. അത് പ്രധാനമായും പൊട്ടാഷ് അടിസ്ഥാനമാക്കിയുള്ളതാണ്. അതേ സമയം ഇന്ത്യ ആകെ ഇറക്കുമതി ചെയ്യുന്ന രാസവളങ്ങളുടെ 8% മാത്രമാണ് റഷ്യയില്‍നിന്നുമുള്ളത്. കാനഡ, ഇസ്രായേല്‍, ചൈന എന്നിവടങ്ങളില്‍ നിന്നുമാണ് ഇന്ത്യ രാസവളങ്ങള്‍ കൂടുതലും വാങ്ങുന്നത്. റഷ്യയുമായുള്ള ബന്ധങ്ങള്‍ക്ക് ഇന്ത്യ വളരെ പ്രാധാന്യം കല്‍പ്പിക്കുന്നതായും മാറുന്ന ലോകത്ത് ആ ബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈവന്നിട്ടുള്ളതായും മോദി പറഞ്ഞു. എന്നാല്‍ ശീതയുദ്ധകാലത്തിനുശേഷം മോസകോയുമായുള്ള ഡല്‍ഹിയുടെ ബന്ധങ്ങള്‍ക്ക് പഴയ പ്രാധാന്യം നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യ മറ്റു പല രാജ്യങ്ങളില്‍നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ തുടങ്ങി. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ യുഎസില്‍നിന്നും 15 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള കരാറുകളില്‍ ഒപ്പുവയ്ക്കുകയുണ്ടായി.
ഇറാനില്‍നിന്നും എണ്ണ വാങ്ങും
യുഎസിന്റെ ഉപരോധ ഭീഷണിയെ അവഗണിച്ച് ഇറാനില്‍നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും. നവംബറില്‍ 9 മില്യണ്‍ ബാരലുകളായിരിക്കും വാങ്ങുക. ഇറാന്‍ ഇസ്‌ലാമിക റിപ്പബ്ലിക്കിനെതിരെ യുഎസ് പ്രഖ്യാപിച്ച ഉപരോധ നടപടികള്‍ നവംബര്‍ 4നാണ് പ്രാബല്യത്തില്‍ വരുക. നവംബറിലെ ഇറാന്‍ എണ്ണയുടെ 9 മില്യണ്‍ ബാരലുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും 3 മില്യണ്‍ ബാരലുകള്‍ മംഗളുരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡുമായിരിക്കും ഏറ്റെടുക്കുക. സിറിയയിലെയും ഇറാഖിലെയും സംഘര്‍ഷങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കുകയും ബാലിസ്റ്റിക് മിസൈല്‍ വികസന പരിപാടിയില്‍ ഇറാനെ കൂടിയാലോചനകള്‍ക്ക് നിര്‍ബ്ബന്ധിക്കുന്നതിനും വേണ്ടിയാണ് നവംബര്‍ 4 നു പ്രാബല്യത്തില്‍ വരുന്ന ഉപരോധ നടപടികള്‍ യുഎസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബറില്‍ 10 മില്യണ്‍ ബാരല്‍ എണ്ണയാകും ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുക. ഇറാനെതിരായ ഉപരോധങ്ങള്‍ മുമ്പ് നിലനില്‍ക്കുമ്പോഴും അവിടെനിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ തുടര്‍ന്നിരുന്നു. എന്നാല്‍ വാങ്ങുന്ന അളവില്‍ കുറവ് വരുത്തി. യുഎസ് സമ്പദ്ഘടനയുമായി ഇന്ത്യ വളരെ കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതിനാലാണ് യുഎസ് ഉപരോധങ്ങള്‍ ഇന്ത്യയെ ബാധിക്കുന്നത്. യുഎന്‍ പ്രഖ്യാപിക്കുന്ന ഉപരോധങ്ങള്‍ മാത്രമാണ് ഇന്ത്യക്കു ബാധകമാകുകയെന്നും മറ്റൊരു രാജ്യത്തിന്റെ ഉപരോധങ്ങള്‍ ഇന്ത്യക്കു ബാധകമല്ലെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി. ഇറാനുമായുമുള്ള വ്യാപാരം തുടരുന്നതിനു യൂറോപ്യന്‍ യൂണിയന്‍ ചില പ്രത്യേക സംവിധാനങ്ങളെകുറിച്ച് ആലോചിക്കുകയാണ്. ഇറാനുമായുമുള്ള വ്യാപാരത്തിന് മറ്റു ചില സംവിധാനങ്ങള്‍ ഇന്ത്യയും ആലോചിക്കുന്നു. മുമ്പ് ഉപരോധങ്ങള്‍ നിലവിലുണ്ടായിരുന്നപ്പോള്‍ യൂറോപ്യന്‍ യൂണിയനും യുഎസിനൊപ്പം ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ യുഎസിനൊപ്പമില്ല എന്നത് ഇന്ത്യക്ക് സഹായകമാകും. ചൈന കഴിഞ്ഞാല്‍ ഇറാന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്. ഇറാനുമായി ഗാഢമായ നയതന്ത്ര ബന്ധങ്ങളാണ് ഇന്ത്യക്കുള്ളത്. ഇന്ത്യന്‍ സഹരണത്തോടെ വികസിപ്പിച്ച ഇറാനിലെ ചബാഹര്‍ തുറമുഖം 2019 ആകുമ്പോഴേക്കും പ്രവര്‍ത്തന സജ്ജമാകും. അതേ സമയം തന്ത്രപ്രധാനമായ താല്‍പ്പര്യങ്ങളുടെ പേരില്‍ യുഎസുമായുമുള്ള സഹകരണം ഇന്ത്യ കൂടുതല്‍ ശക്തിപ്പെടുത്താനും ശ്രമിക്കുന്നു.

Other News

 • പ്രളയം തകര്‍ത്ത ജീവിതം വീണ്ടെടുത്ത 'ചേക്കുട്ടി' പാവകള്‍ ലോക ശ്രദ്ധ നേടുന്നു
 • ജീവിതം തകര്‍ന്നു നുറുങ്ങിയിട്ടും ഐഎഎസ് മോഹവുമായി ഒരു മലയാളി പെണ്‍കുട്ടി
 • യുഎസ് വിസ സമ്പന്നര്‍ക്കും അപ്രാപ്യമാകും
 • ജെഫ് വൈഡ്‌നെര്‍ അനശ്വരമാക്കിയ 'ടാങ്ക്മാന്' ചൈനയില്‍ ഇന്നും വിലക്ക്
 • പ്രതിപക്ഷം തകര്‍ന്നടിയുന്നു
 • പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യ
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • ലളിതവത്കരിച്ചാല്‍ മറയുമോ കൊടും കൊലയാളിയുടെ മുഖം?
 • ബംഗാളിലെ കോളേജുകളില്‍ മതം മാനവികതക്ക് വഴിമാറുന്നു
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • കടഭാരം വര്‍ദ്ധിക്കുന്ന ടാറ്റയ്ക്ക് ജഗ്വാര്‍ പ്രശ്‌നമാകുന്നു
 • Write A Comment

   
  Reload Image
  Add code here