കാവിനോ അകത്ത്; സുപ്രീം കോടതി മാറുമോ?

Thu,Oct 11,2018


ഒരു പുതിയ അംഗമെത്തുമ്പോള്‍ സുപ്രീംകോടതി ഒരു പുതിയ സ്ഥലമായി മാറുമെന്നാണ് പറയാറുണ്ട്. ദശകങ്ങളോളം കോടതിയുടെ തീരുമാനങ്ങളില്‍ നിര്‍ണ്ണായക ഘടകമായി നിലകൊണ്ട ജസ്റ്റീസ് ആന്തണി കെന്നഡി വിരമിച്ച ഒഴിവില്‍ കാവിനോ എത്തുന്നതോടെ അതിനു കൂടുതല്‍ അര്‍ത്ഥം കൈവരും. കാരണം, കോടതി കൂടുതല്‍ യാഥാസ്ഥിതികമാകുമെന്ന് നിയമനിരീക്ഷകര്‍ പറയുന്നു. പക്ഷേ, എത്ര കൂടുതല്‍ യഥാസ്ഥിതികമാകുന്നു എന്നത്, പുതിയ ജോലിയോടുള്ള ജഡ്ജി കാവിനോയുടെ സമീപനം, രാജ്യത്ത് കടുത്ത ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് എങ്ങനെ നയിക്കുന്നു എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കുന്നു.
റിപ്പബ്ലിക്കന്‍ സ്വപ്നം
യാഥാസ്ഥിതികര്‍ക്ക് മുന്‍തൂക്കമുള്ള സുപ്രീം കോടതി എന്ന റിപ്പബ്ലിക്കന്മാരുടെ, പ്രസിഡണ്ട് നിക്‌സന്റെ കാലം മുതലുള്ള, സ്വപ്നമാണ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രമ്പിന്റെ നോമിനി ബ്രെറ്റ് കാവിനോ നിയമിതനായതോടെ യാഥാര്‍ത്ഥ്യമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാങ്കേതികമായി 5-4 ഭൂരിപക്ഷം യാഥാസ്ഥിതികര്‍ക്ക് സുപ്രീം കോടതിയില്‍ ഉണ്ടായിരുന്നു. 1969നു ശേഷം നിയമിതരായ 18 ജഡ്ജിമാരെയും നിയമിച്ചത് റിപ്പബ്ലിക്കന്‍ പ്രസിഡണ്ടുമാരായിരുന്നു. ജസ്റ്റീസ് ആന്തണി കെന്നഡിയും യാഥാസ്ഥിതികനായിരുന്നു. പക്ഷേ, റിപ്പബ്ലിക്കന്‍ അജണ്ടകളായ വിഷയങ്ങളില്‍ 'ആശയപരമായി സ്ഥിരതയുള്ള ഫലം' ഉളവാക്കാന്‍ അതൊന്നും മതിയായിരുന്നില്ല. അവിടെയാണ് കാവിനോയുടെ നിയമനം പ്രസക്തമാകുന്നത്. അദ്ദേഹം യാഥാസ്ഥിതിക പാര്‍ട്ടിയുടെ ആശയപരമായ നിലപാടുകള്‍ക്ക് അനുസരിച്ച് സ്ഥിരതയോടെ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞപക്ഷം സ്വര്‍ഗ്ഗഅനുരാഗികള്‍, ഗര്‍ഭനിരോധനം, ഗര്‍ഭച്ഛിദ്രം തുടങ്ങിയ വിഷയങ്ങളില്‍ സാമൂഹ്യ യാഥാസ്ഥിതികരോട് കൂടുതല്‍ അനുഭാവം കാണിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെയാണ് കാവിനോ സുപ്രീം കോടതിയില്‍ എത്തണമെന്ന് യാഥാസ്ഥിതികരും എത്തരുതെന്ന് ലിബറലുകളും വാശിപിടിച്ചത്. പക്ഷേ, അതുകൊണ്ട് സംഭവിച്ചത്, ഉഭയകക്ഷി സഹകരണത്തോടെ അമേരിക്കയ്ക്ക് അനിവാര്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത സ്ഥിതി സംജാതമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒബാമ അധികരത്തില്‍ വന്നതോടെ ആരംഭിച്ച പാര്‍ട്ടിസാന്‍ഷിപ് കാവിനോയുടെ നിയമനത്തോടെ ഉച്ചാവസ്ഥയിലെത്തി.
യുഗാന്തര മാറ്റം?
പക്ഷേ, 1937നുശേഷം ഉണ്ടായതുപോലുള്ള ഒരു യുഗാന്തര മാറ്റം കാവിനോയുടെ നിയമനത്തോടെ ഉണ്ടാകുമോ എന്നതാണ് ചോദ്യം. വെള്ളക്കാര്‍ക്കും കറുത്തവര്‍ക്കും പ്രത്യേകമായ സ്‌കൂളുകള്‍ അനുവദിക്കുന്ന നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച 1954ലെ 'ബ്രൗണ്‍ വേഴ്‌സസ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ കേസിലെ വിധിയോടെ ആരംഭിച്ച സിവില്‍ അവകാശ വിപ്ലവത്തിന്റെ പിന്തുടര്‍ച്ചയെന്നോണം 'ന്യൂ ഡീലി'ന് ഭരണഘടനാപരമായ അടിത്തറ നല്‍കിയത് 1937നു ശേഷമുളള കോടതിവിധികളായിരുന്നു. ദശാബ്ദങ്ങളോളം സാമുഹ്യസുരക്ഷാ നിയമങ്ങള്‍ കോടതികള്‍ അസാസാധുവാക്കിയിരുന്ന കാലത്തുനിന്നുള്ള ദിശമാറ്റണാണ് 1937ല്‍ കണ്ടത്. 1930കളിലെ മഹാമാന്ദ്യത്തെ നേരിടാന്‍ കൂടുതള്‍ ശക്തമായ ഫെഡറല്‍ നടപടികള്‍ സാദ്ധ്യമാകുമാറ് അന്തര്‍ സംസ്ഥാന കോമേഴ്‌സിനുമേലുള്ള കോണ്‍ഗ്രസിന്റെ അധികാരം കുടുതല്‍ ഉദാരമായി വ്യാഖ്യാനിക്കണമെന്ന് പ്രസിഡണ്ട് ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റിന്റെ ആശയത്തിന് അനുരോധമായിരുന്നു ആ മാറ്റം. ഒരു തലമുറയ്ക്കു പൗരാവകാശങ്ങളും തുല്യ നിയമപരിരക്ഷയ്ക്കുള്ള അവകാശങ്ങളും ഉറപ്പു നല്‍കുന്നതെങ്കിലും ദീര്‍ഘനാളായി ഉപയോഗിക്കാതെപോയ 14-ാം ഭേദഗതിക്കു കീഴില്‍, തെരഞ്ഞെടുപ്പ് ഡിസ്ട്രിക്റ്റുകളുടെ പരിധി പുനര്‍നിര്‍ണ്ണയിക്കള്‍, വൈവാഹിക അവകാശങ്ങള്‍, പോലീസ് അതിക്രമങ്ങള്‍ തുടങ്ങി വിഷയങ്ങില്‍ കോടതി ഇടപെട്ടു തുടങ്ങി. ഇതിനൊക്കെ ഭരണഘടനയില്‍ അടിസ്ഥാനമില്ലെന്നാണ് യാഥാസ്ഥിതികര്‍ വിശ്വസിക്കുന്നത്. അതിനാല്‍ യാഥാസ്ഥിതിക ഭൂരിപക്ഷം ഉറപ്പാക്കേണ്ടത് ആവശ്യമായി യാഥാസ്ഥിതികര്‍ കരുതുന്നു. ഒരു നൂറ്റാണ്ടിലേറെയായി അമേരിക്കന്‍ നിയമങ്ങളെ വ്യാഖ്യാനിക്കുന്ന ലീഗല്‍ ഡോക്ട്രീനുള്‍ തെറ്റായിരുന്നു എന്നതാണ് യാഥാസ്ഥിതിക ലീഗല്‍ മൂവ്‌മെന്റിന്റെ കാതല്‍. അതുകൊണ്ടുതന്നെ യാഥാസ്ഥിതികരെ നിയമിക്കാന്‍ പോരാട്ടങ്ങള്‍ നടന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തേക്ക് പ്രസിഡണ്ട് ലിണ്ടണ്‍ ജോണ്‍സണ്‍ നാമനിര്‍ദ്ദേശം ചെയ്ത ലിബറല്‍ ജസറ്റീസ് ആബെ ഫോര്‍ട്ടസിന്റെ നിയമനം റിപ്പബ്ലിക്കന്മാരും സതേണ്‍ ഡെമോക്രാറ്റുകളും ചേര്‍ന്ന് ഫിലിബസ്റ്റര്‍ ചെയ്തു. പിന്നീട് പ്രസിണ്ട് നിക്‌സണ്‍ വാറന്‍ ബര്‍ഗറെ നിയമിക്കുന്നതു വരെ ഒഴിവു നിലനിന്നു. ഡെമോക്രാറ്റുകള്‍ പകരം വീട്ടിയത് നിക്‌സന്റെ രണ്ടു യാഥാസ്ഥിതിക നോമിനികളുടെ നിയമനം തടഞ്ഞാണ്. ഒടുവില്‍ മോഡറേറ്റായ ഹാരി ബ്ലാക്ക്മാനെ നിയമിക്കേണ്ടിവന്നു. 1987ല്‍ ഹൈക്കോടതിയിലേക്ക് റോബര്‍ട്ട് ബോര്‍ക്കിന്റെ നിയമനം ഡെമോക്രറ്റുകള്‍ തടസ്സപ്പെടുത്തിയതിന്റെ രോഷം റിപ്പബ്ലിക്കന്മാര്‍ക്കിപ്പോഴുമുണ്ട്. ജോര്‍ജ് ഡബ്‌ള്യു ബുഷിന്റെ കാലത്ത് കീഴ്‌ക്കോടതികളിലേക്കുള്ള നിയമനങ്ങള്‍ ഡെമോക്രറ്റുകള്‍ തടസ്സപ്പെടുത്തി. റിപ്പബ്ലിക്കന്മാരുടെ തടസ്സപ്പെടുത്തലുകളെ മറികടക്കാന്‍ സെനറ്റിന്റെ ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് ഡെമോക്രറ്റുകള്‍ ഒബാമയുടെ കാലഘട്ടത്തില്‍ പ്രധാനപ്പെട്ട അപ്പീല്‍ കോടതിയില്‍ മൂന്നു നിയമനങ്ങള്‍ നടത്തിയത്. ക്ലിന്റന്റെ കാലഘട്ടത്തില്‍ നടപടിക്രമങ്ങളിലെ തടസ്സം ഉന്നയിച്ച് റിപ്പബ്ലിക്കന്മാര്‍ തടസ്സപ്പെടുത്തിയതൊന്നും ഡെമോക്രറ്റുകള്‍ മറന്നിട്ടില്ല. ജസ്റ്റിസ് ആന്റണിന്‍ സ്‌കലിയ മരിച്ചപ്പോള്‍ ഒബാമ നാമനിര്‍ദ്ദേശം ചെയ്ത ജഡ്ജി മെറിക് ഗാര്‍ലണ്ടിനെ പരിഗണിക്കാന്‍ റിപ്പബ്ലിക്കന്മാര്‍ വിസമ്മതിച്ചതും ജസ്റ്റിസ് നീല്‍ ഗോര്‍സച്ചിനെ നിയമിക്കാന്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നത് നിയമ വിരുദ്ധമാക്കിയതും, ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതിനുശേഷവും കാവിനോയുടെ നിയമനവുമായി റിപ്പബ്ലിക്കന്മാര്‍ മുന്നോട്ടുപോയതുമെല്ലാം ഡെമോക്രറ്റുകളെ ഇപ്പോഴും രോഷംകൊള്ളിക്കുന്നു.
സ്ഥിരീകരണ പ്രക്രിയ അധഃപതിച്ചു
ബ്രെറ്റ് കാവിനോയുടെ നിയമന പ്രക്രിയയോടെ ഇരുഭാഗത്തെയും സെനറ്റര്‍മാര്‍ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്: കക്ഷിപരമായ ഭിന്നതകള്‍ എല്ലായ്‌പ്പോഴും പ്രകടമായിരുന്ന ജഡ്ജിമാരുടെ നിയമന പ്രക്രിയ കൂടുതല്‍ കലുഷിതമായിരിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ റിപ്പബ്ലിക്കന്മാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവരെ ഡെമോക്രറ്റുകളും ഡെമോക്രറ്റുകള്‍ നിര്‍ദ്ദേശിക്കുന്നവരെ റിപ്പബ്ലിക്കന്മാരും എതിര്‍ക്കുന്നതാണ് പ്രകടമായത്. നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവരുടെ യോഗ്യതകളേക്കാള്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത് ഗര്‍ഭഛിദ്രം, പൗരാവകാശങ്ങള്‍, ഗവണ്മെന്റ് നിയമങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ നോമിനിയുടെ കാഴ്ചപ്പാടുകളിലേക്കാണ്. പൊതുജീവിതത്തില്‍ കോടതികള്‍ കൂടുതല്‍ സജീവമായ പങ്ക് വഹിക്കുന്ന സമയത്തുതന്നെയാണ് ഇതും സംഭവിക്കുന്നത്. നിയമ നിര്‍മ്മാണത്തിലൂടെ പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ മുതല്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍വരെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് പലപ്പോഴും സ്തംഭിച്ചു നില്‍ക്കുമ്പോള്‍ പരിഹാരം തേടി ജുഡീഷ്യറിയെ സമീപിക്കുന്ന പ്രവണത ശക്തിപ്പെടുകയാണ്. കാവിനോയുടെ സ്ഥിരീകരണപ്രക്രിയ പല കാരണങ്ങളാലും നിലവാരം കുറഞ്ഞൊരു പോരാട്ടമായി. ഗര്‍ഭച്ഛിദ്രത്തെ സംബന്ധിച്ച ചരിത്രപ്രധാനമായ റോയ് വേഴ്‌സസ് വേഡ് വിധി മാറ്റിമറിക്കുന്ന ജഡ്ജിയെയാകും നിയമിക്കുക എന്ന് തെരെഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ട്രമ്പ് പ്രഖ്യാപിച്ചിരുന്നു. അപ്പോഴാണ് കാവിനോക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നുവന്നത്. ആരോപണം കാവിനോ നിഷേധിച്ചുവെങ്കിലും ''മി ടൂ'' പ്രസ്ഥാനക്കാരും റിപ്പബ്ലിക്കന്മാരും തമ്മിലുള്ള ഏറ്റുമുട്ടലിന് അത് വഴിയൊരുക്കി. പ്രസിഡന്റ് ഒബാമ സുപ്രീം കോടതിയിലേക്ക് അവസാനമായി നിര്‍ദ്ദേശിച്ച ജഡ്ജിയുടെ നിയമനം തടഞ്ഞ റിപ്പബ്ലിക്കന്മാര്‍ക്കെതിരെ ഡെമോക്രറ്റുകളുടെ രോഷം വിട്ടുമാറിയിരുന്നില്ല. സുപ്രീം കോടതിയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനാണ് റിപ്പബ്ലിക്കന്മാര്‍ ശ്രമിച്ചത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടയാള്‍ അസാധാരണമായ വിധത്തില്‍ സംസാരിക്കുന്നതിനും ഇപ്പോഴത്തെ പോരാട്ടം ഇടയാക്കി. ഡെമോക്രറ്റുകളുടെ പ്രസംഗങ്ങളെ വിമര്‍ശിച്ച കാവിനോ സ്ഥിരീകരണ പ്രക്രിയയെ 'ദേശീയ അപമാനം' ആയും വിശേഷിപ്പിച്ചു. ഈ നിയമന പ്രക്രിയയെ അനുകൂലിക്കുന്നത് 'തിന്മക്ക് കൂട്ടുനില്‍ക്കുന്നതിനു തുല്യമാണ്' എന്നായിരുന്നു ഡെമോക്രാറ്റിക് സെനറ്റര്‍ കോറി ബുക്കര്‍ പറഞ്ഞത്. യുഎസിന്റെ ആധുനിക ചരിത്രത്തില്‍ ഇത്രയും കുറഞ്ഞ ഭൂരിപക്ഷത്തിന് സുപ്രീം കോടതിയിലേക്ക് സ്ഥിരീകരിക്കപ്പെടുന്ന നിയമനമായി കാവിനോയുടേത്. ഇതിനു നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് സെനറ്റര്‍മാര്‍ പറയുന്നത്. ഇതാണ് പുതിയ മാനദണ്ഡമെങ്കില്‍ കാവിനോക്കുശേഷം നിയമിക്കപ്പെടേണ്ട ആളിനെ ദൈവത്തിനു മാത്രമേ സഹായിക്കാന്‍ കഴിയൂ എന്നാണ് അറ്റ്‌ലാന്റിക് ഫെസ്റ്റിവലില്‍ സംസാരിച്ച റിപ്പബ്ലിക്കന്‍ സെനറ്ററായ ലിന്‍ഡ്‌സി ഗ്രഹാം പറഞ്ഞത്. വോട്ടെടുപ്പ് സമയംവരെയും രൂക്ഷമായിരുന്ന ഭിന്നതകള്‍ അതിനു ശേഷവും തുടരുകയാണ്. കോടതിക്കും സെനറ്റിനും ദോഷംവരാത്ത മറ്റെന്തെങ്കിലും മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന നിര്‍ദ്ദേശംപോലും ഉയര്‍ന്നുവന്നിരുന്നു.
ഇനി വരാനിരിക്കുന്നത്
കാവിനോയുടെ വരവോടെ സുപ്രീം കോടതിയില്‍ യാഥാസ്ഥിതികര്‍ക്ക് ഭൂരിപക്ഷവുമായി. സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ ചൊവ്വാഴ്ചതന്നെ കാവിനോ കോടതിയിലെത്തി. തോക്കുകള്‍കൊണ്ട് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് പതിവാക്കിയിട്ടുള്ളവര്‍ക്ക് ദീര്‍ഘകാല തടവ് ശിക്ഷ നല്‍കുന്നതിനുള്ള ആംഡ് കരീര്‍ ക്രിമിനല്‍ ആക്ടുമായി ബന്ധപ്പെട്ട കേസാണ് ആദ്യം കേട്ടത്. ബുധനാഴ്ച കുടിയേറ്റക്കാരെ തടവിലാക്കുന്നതും വിഷവാതകങ്ങള്‍ ശ്വസിച്ചുണ്ടാകുന്ന രോഗങ്ങളെ സംബന്ധിച്ചുമുള്ള രണ്ടു കേസുകള്‍ കേട്ടു. പിന്നീട് രണ്ടാഴ്ചത്തെ ഇടവേളക്കു ശേഷം ഒക്ടോബര്‍ 29 മുതലായിരിക്കും കേസുകള്‍ കേള്‍ക്കുക. കാവിനോ നിയമിക്കപ്പെടുന്നതിനുമുമ്പ് കഴിഞ്ഞയാഴ്ച സുപ്രീം കോടതി കേസുകള്‍ കേട്ടു. അതില്‍ എന്‍ഡെയ്ഞ്ചഡ് സ്പിഷീസ് ആക്ട് പ്രകാരം വളരെ ശ്രദ്ധ നേടിയ ഒരു പരിസ്ഥിതി കേസുമുണ്ട്. അവ കാവിനോയുടെ അഭാവത്തില്‍ത്തന്നെ മറ്റു ജഡ്ജിമാര്‍ തീര്‍പ്പാക്കും. സ്വവര്‍ഗാനുരാഗികളുടെ കേസ്, ട്രമ്പിന്റെ യാത്രാ നിരോധനം എന്നിവ ഉള്‍പ്പെടെ ശ്രദ്ധേയമായ കേസുകള്‍ ഉണ്ടായിരുന്ന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2018-19ല്‍ അത്ര ശ്രദ്ധേയമായ കേസുകളൊന്നും സുപ്രീം കോടതി മുമ്പാകെയില്ല. വരുംമാസങ്ങളില്‍ പുതിയ കേസുകള്‍ വരും. അവയില്‍ രാഷ്ട്രീയ പ്രാധാന്യമുള്ളവയും ഉള്‍പ്പെടും. കോടതിയില്‍ യാഥാസ്ഥിതിക മേധാവിത്വം ഉറപ്പായ സ്ഥിതിക്ക് ഗര്‍ഭഛിദ്രം സംബന്ധിച്ച ചില കേസുകള്‍ ഉയര്‍ന്നുവരാനുള്ള സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് നിയമം, തൊഴിലിടങ്ങളില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍, കുട്ടികളായിരിക്കുമ്പോള്‍ അനധികൃത കുടിയേറ്റക്കാരായി എത്തിയവര്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്ന ഡെഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ് നിയമം ട്രമ്പ് ഭരണകൂടം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസ് എന്നിവയൊക്കെ കോടതി മുമ്പാകെയുള്ള ശ്രദ്ധേയമായ കേസുകളാണ്. ജുഡീഷ്യല്‍ നിയമനങ്ങള്‍ റിപ്പബ്ലിക്കന്മാര്‍ തെരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. ട്രമ്പിനെ വൈറ്റ് ഹൗസിലെത്താന്‍ അത് സഹായിക്കുകയും ചെയ്തു. കാവിനോയുടെ നാമനിര്‍ദ്ദേശ പ്രശ്‌നം ഇടക്കാല തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ സഹായിക്കുമെന്നാണ് റിപ്പബ്ലിക്കന്മാര്‍ കണക്കുകൂട്ടുന്നത്. അത് ശരിയെന്നു തെളിഞ്ഞാല്‍ കടുത്ത യാഥാസ്ഥിതികരെ ജഡ്ജിമാരായി നിയമിക്കുന്ന തന്ത്രം സാധൂകരിക്കപ്പെടും.
ജഡ്ജിമാരുടെ നിയമനം ഡെമോക്രറ്റുകളും ഒരു രാഷ്ട്രീയ വിഷയമാക്കുകയാണ്. കോടതികളെ വലതുപക്ഷം ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടാകുമെന്നാണ് അവര്‍ നല്‍കുന്ന മുന്നറിയിപ്പ്. അപ്പോള്‍ ഗര്‍ഭഛിദ്ര അവകാശങ്ങളൊക്കെ അപകടത്തിലാകും. ഇടക്കാല തെരഞ്ഞെടുപ്പില്‍ സെനറ്റിന്റെ നിയന്ത്രണം ഡെമോക്രറ്റുകള്‍ നേടുകയെന്ന വിദൂര സാദ്ധ്യത യാഥാര്‍ത്ഥ്യമായാല്‍ സുപ്രീംകോടതിയിലേക്കും അപ്പീല്‍ കോടതികളിലേക്കുമുള്ള നാമ നിര്‍ദ്ദേശങ്ങളുടെ സ്ഥിരീകരണ പ്രക്രിയ അവസാനിച്ചേക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

Other News

 • പ്രളയം തകര്‍ത്ത ജീവിതം വീണ്ടെടുത്ത 'ചേക്കുട്ടി' പാവകള്‍ ലോക ശ്രദ്ധ നേടുന്നു
 • ജീവിതം തകര്‍ന്നു നുറുങ്ങിയിട്ടും ഐഎഎസ് മോഹവുമായി ഒരു മലയാളി പെണ്‍കുട്ടി
 • യുഎസ് വിസ സമ്പന്നര്‍ക്കും അപ്രാപ്യമാകും
 • ജെഫ് വൈഡ്‌നെര്‍ അനശ്വരമാക്കിയ 'ടാങ്ക്മാന്' ചൈനയില്‍ ഇന്നും വിലക്ക്
 • പ്രതിപക്ഷം തകര്‍ന്നടിയുന്നു
 • പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യ
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • ലളിതവത്കരിച്ചാല്‍ മറയുമോ കൊടും കൊലയാളിയുടെ മുഖം?
 • ബംഗാളിലെ കോളേജുകളില്‍ മതം മാനവികതക്ക് വഴിമാറുന്നു
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • കടഭാരം വര്‍ദ്ധിക്കുന്ന ടാറ്റയ്ക്ക് ജഗ്വാര്‍ പ്രശ്‌നമാകുന്നു
 • Write A Comment

   
  Reload Image
  Add code here