സൗദി പത്രപ്രവര്‍ത്തകനെ കോണ്‍സുലേറ്റില്‍ അപായപ്പെടുത്തിയതായി ടര്‍ക്കി

Thu,Oct 11,2018


ഈ മാസമാദ്യം കാണാതെയായ സൗദിയിലെ പത്രപ്രവര്‍ത്തകന്‍ ഇസ്താംബുളില്‍ സൗദിയിലെ കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ടതായും മൃതദേഹം അവിടെനിന്നും നീക്കം ചെയ്തതായും ടര്‍ക്കി പോലീസ് പറയുന്നു. ഇതോടെ മേഖലയിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്. സൗദി ഭരണകൂടത്തിന്റെ നിശിത വിമര്‍ശകനായിരുന്ന ജമാല്‍ ഖഷോഗിയെയാണ് കാണാതായത്. തിരോധാനത്തില്‍ ഒരു പങ്കുമില്ലെന്നായിരുന്നു സൗദി ഭരണകൂടത്തിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തള്ളിക്കളയുകയും ചെയ്തിരുന്നു. എന്നാല്‍ സ്വന്തം അവകാശവാദങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തെളിവുകളൊന്നും സൗദിയോ ടര്‍ക്കിയോ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. തെളിവുകള്‍ പുറത്തുവിടുമെന്നാണ് ടര്‍ക്കി പോലീസ് പറയുന്നത്. മൃതദേഹം കോണ്‍സുലേറ്റ് കെട്ടിടത്തിനുള്ളില്‍ത്തന്നെ മറവു ചെയ്യുന്നതിന് ചിലര്‍ ശ്രമിച്ചതായും അവര്‍ പറയുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഖഷോഗി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റ് കെട്ടിടത്തിനുള്ളിലേക്കു കയറിയെന്നും അതിനുശേഷം അദ്ദേഹം പുറത്തേക്കു വന്നിട്ടില്ലെന്നുമാണ് കെട്ടിടത്തിന്റെ പ്രവേശന കവാടംവരെ അദ്ദേഹത്തെ അനുഗമിച്ചിരുന്നു പ്രതിശ്രുത വധു ഹാറ്റിസ് ചെങ്കിസും ടര്‍ക്കിഷ് അധികൃതരും പറയുന്നത്. ഖഷോഗി മരിച്ചതായി വിശ്വസിക്കാന്‍ തനിക്കു കഴിയുന്നില്ലെന്ന് ഞായറാഴ്ച ചെങ്കിസ് പറഞ്ഞു. പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുന്നതായും ഗവണ്മെന്റിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നുവെന്നും അവര്‍ ട്വീറ്റ് ചെയ്തു.
സൗദി പത്രപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി സെപ്റ്റംബര്‍ 11നാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നും ഇസ്താംബുളില്‍ എത്തിയത്. സെപ്റ്റംബര്‍ 28ന് വിവാഹമോചനത്തിനുള്ള രേഖകള്‍ ശരിയാക്കുന്നതിനായി ഇസ്താംബുളിലെ സൗദിയുടെ കോണ്‍സുലേറ്റിനെ സമീപിച്ചു. ഉടന്‍തന്നെ രേഖകള്‍ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ലണ്ടനിലേക്ക് പോയി. സെപ്റ്റംബര്‍ 29ന് ലണ്ടനില്‍ നടന്ന പലസ്തീന്‍ വിഷയത്തെ സംബന്ധിച്ച സെമിനാറില്‍ സൗദിയുടെ നിലപാടിനെക്കുറിച്ചു സംസാരിച്ചു. ഒക്ടോബര്‍ ഒന്നിന് ലണ്ടനില്‍നിന്നും ഇസ്താംബുളില്‍ തിരിച്ചെത്തി. ഒക്ടോബര്‍ 2ന് ഉച്ചക്ക് ഒരു മണിയോടുകൂടി തന്റെ രണ്ടു സെല്‍ഫോണുകള്‍ പ്രതിശ്രുത വധുവിനെ ഏല്‍പ്പിച്ച ശേഷം ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിലേക്കു പോയി. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തന സമയം കഴിഞ്ഞിട്ടും ഖഷോഗിയെ പുറത്തേക്കു കാണാതിരുന്നതിനെ തുടര്‍ന്ന് പരിഭ്രാന്തയായ ചെങ്കിസ് ടര്‍ക്കിഷ് അധികൃതരെ വിവരമറിയിച്ചു. രേഖകളും വാങ്ങി ഖഷോഗി പുറത്തേക്കു പോയതായി ഒക്ടോബര്‍ 3ന് സൗദി അധികൃതര്‍ അറിയിച്ചു. ഖഷോഗി കോണ്‍സുലേറ്റ് കെട്ടിടത്തിനുള്ളില്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചുവെന്ന് ടര്‍ക്കിഷ് അധികൃതര്‍ ഒക്ടോബര്‍ 6ന് അറിയിച്ചു. ആരോപണം അടിസ്ഥാനരഹിതമെന്ന് സൗദി അധികൃതര്‍ പറഞ്ഞു. ഖഷോഗി സൗദി കോണ്‍സുലേറ്റ് മന്ദിരത്തിനുള്ളില്‍ കൊല്ലപ്പെട്ടതായുള്ള ആരോപണം തെളിയിക്കപ്പെട്ടാല്‍ വിമതരെ അമര്‍ച്ച ചെയ്യുന്ന സൗദി ഭരണകൂടത്തിന്റെ നടപടികള്‍ രൂക്ഷമാകുകയും അത് നയതന്ത്ര നിലവാരത്തില്‍ സൗദി ഭരണകൂടത്തിന് ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ ഉളവാക്കുകയും ചെയ്യും. കടുത്ത യാഥാസ്ഥികത്വം പുലര്‍ത്തുന്ന സൗദി അറേബ്യയെ ഉദാരവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് സല്‍മാന്‍ രാജാവും കിരീടാവകാശിയായ മകന്‍ സല്‍മാന്‍ രാജകുമാരനും ഏര്‍പ്പെട്ടിട്ടുള്ളത്. അതേ സമയം വിമതര്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തല്‍ നടപടികളും തീവ്രഗതിയില്‍ത്തന്നെ നടക്കുന്നു. കഴിഞ്ഞ വര്‍ഷത്തിനുശേഷം നൂറുകണക്കിന് ആള്‍ക്കാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ ഗവണ്മെന്റിന്റെ ഒരു കടുത്ത വിമര്‍ശകന്‍, കൊല്ലപ്പെടുന്നത് ഇതാദ്യ സംഭവമാണ്. അതും ഒരു വിദേശരാജ്യത്താണ് സംഭവിച്ചിട്ടുള്ളത്.
യുഎസിന് തലവേദന
പത്രപ്രവര്‍ത്തകന്റെ തിരോധാനം മേഖലയില്‍ സ്വാധീനം വ്യാപിപ്പിക്കുന്നതിനുള്ള മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൗദിയും ടര്‍ക്കിയും തമ്മിലുള്ള ബന്ധങ്ങള്‍ വഷളാക്കും. ഇത് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുക സൗദിയുടെ ഏറ്റവുമടുത്ത സഖ്യശക്തിയായ യുഎസിനായിരിക്കും. സൗദിയുമായുള്ള ബന്ധങ്ങളെ അടിസ്ഥാനമാക്കി മദ്ധ്യപൂര്‍വദേശ നയം വികസിപ്പിക്കാന്‍ ശ്രമിക്കുന്ന യുഎസ് സൗദി രാജഭരണത്തിനു ഉറച്ച പിന്തുണ നല്‍കുന്നുണ്ട്. യുഎസ്-ടര്‍ക്കി ബന്ധങ്ങള്‍ വിഷമകരമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന സന്ദര്‍ഭത്തില്‍ത്തന്നെയാണ് ഈ സംഭവവികാസവും. ഒരു അമേരിക്കന്‍ പാസ്റ്റര്‍ ദീര്‍ഘകാലമായി ടര്‍ക്കി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെ തുടര്‍ന്നാണ് ബന്ധങ്ങള്‍ വഷളായത്. അമേരിക്കന്‍ മിഷനറിക്ക് വെള്ളിയാഴ്ചയോടെ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിയുമെന്നും എന്നാല്‍ ടര്‍ക്കിക്കു മേലുള്ള യുഎസിന്റെ സമ്മര്‍ദ്ദം അവസാനിപ്പിച്ചാല്‍ മാത്രമേ അത് സാധ്യമാകുകയുള്ളുവെന്നും ടര്‍ക്കി പറയുന്നു. വളരെ ശക്തമായ സുരക്ഷാസംവിധാനങ്ങളുള്ള രാജ്യമായിട്ടാണ് ടര്‍ക്കി അറിയപ്പെടുന്നത്. ഒരു വിദേശ പൗരന്‍, അതും നയതന്ത്ര കേന്ദ്രത്തിനുള്ളില്‍ കൊല്ലപ്പെട്ടാല്‍പ്പോലും അത് സ്വന്തം പരമാധികാരത്തിന്റ ഗുരുതരമായ ലംഘനമായി ടര്‍ക്കി കണക്കാക്കും. സ്ഥിതിഗതികള്‍ താന്‍ നിരീക്ഷിക്കുന്നതായും ടര്‍ക്കിഷ് പ്രോസിക്യൂട്ടര്‍ ആരംഭിച്ചിട്ടുളള കുറ്റാന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നുമാണ് ടര്‍ക്കി പ്രസിഡന്റ് റെസിപി തയ്യിപ് എര്‍ദോഗാന്‍ പറഞ്ഞത്. സാധാരണയുള്ള മാര്‍ഗങ്ങളിലൂടെയൊന്നും ഖഷോഗി കോണ്‍സുലേറ്റ് മന്ദിരത്തില്‍നിന്നും പുറത്തുപോയിട്ടില്ലെന്ന് വ്യക്തമാണെന്ന് എര്‍ദോഗന്റെ ഉപദേഷ്ടാവായ യാസിന്‍ അഖ്തായി പറഞ്ഞു. സൗദി പൗരന്റെ തിരോധാനത്തെക്കുറിച്ചു നടക്കുന്ന അന്വേഷണത്തെ സഹായിക്കുന്നതിനായി ടര്‍ക്കിഷ് ഗവണ്മെന്റിന്റെ അനുമതിയോടെ സൗദിയില്‍നിന്നും ഒരു സംഘം എത്തിയിട്ടുള്ളതായി സൗദി കോണ്‍സുലേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. മന്ദിരത്തിനുള്ളില്‍ പ്രവേശിച്ച് അധികം കഴിയുന്നതിനുമുമ്പുതന്നെ ഖഷോഗി അവിടം വിട്ടുപോയതായാണ് സൗദി അധികൃതര്‍ പറയുന്നത്. എന്നാല്‍ അതിനുള്ള വിഡിയോ തെളിവൊന്നും സൗദി അധികൃതര്‍ നല്‍കിയിട്ടില്ലെന്ന് ടര്‍ക്കിഷ് പോലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം സൗദിയും ഖത്തറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഖത്തറിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചതോടെ സൗദിയും ടര്‍ക്കിയും തമ്മിലുള്ള ബന്ധങ്ങള്‍ വഷളായിരുന്നു. ഖത്തറില്‍ അതിനുശേഷം ടര്‍ക്കിയുടെ സൈനിക സാന്നിധ്യം വര്‍ദ്ധിക്കുകയും ചെയ്തു.
മുസ്ലിം ബ്രദര്‍ഹുഡിനോട് അനുഭാവപൂര്‍ണ്ണമായ സമീപനം ടര്‍ക്കി സ്വീകരിക്കുന്നതിനെച്ചൊല്ലിയും സൗദി-ടര്‍ക്കി ഭിന്നതകളുണ്ട്. മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായിട്ടാണ് സൗദിയും സഖ്യശക്തികളും കാണുന്നത്.
ഭരണത്തിന്റെ നിശിത വിമര്‍ശകന്‍
ഒരിക്കല്‍ സൗദി ഭരണവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ഖഷോഗി ഇപ്പോഴത്തെ ഭരണാധികാരികളുടെ വരവോടെയാണ് നിശിത വിമര്‍ശകനായി മാറിയത്. സ്ത്രീകളെ ഡ്രൈവ് ചെയ്യാന്‍ അനുവദിക്കുന്നത് ഉള്‍പ്പടെയുള്ള സാമൂഹ്യ പരിഷ്‌ക്കരണ നടപടികളെ അനുകൂലിച്ച ഖഷോഗി പക്ഷെ സൗദി അറേബ്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം അമര്‍ച്ച ചെയ്യുന്നതിനെ വിമര്‍ശിച്ചു. താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്നും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചേക്കുമെന്നുള്ള ഭയം കാരണം കഴിഞ്ഞ വര്‍ഷം അദ്ദേഹം വാഷിങ്ങ്ടണിലേക്കു പോയി. വാഷിംഗ്ടണ്‍ പോസ്റ്റില്‍ ലേഖനങ്ങളെഴുതിയും മറ്റും സ്വയം പ്രവാസിയായി അവിടെ കഴിയുകയായിരുന്നു. രാജഭരണത്തെ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ ഖഷോഗിയുടെ കുടുംബ ജീവിതവും തകര്‍ന്നു. കുടുംബാംഗങ്ങളില്‍നിന്നും അദ്ദേഹം അകറ്റിനിര്‍ത്തപ്പെട്ടു. സൗദിയില്‍ കഴിയുന്ന ഭാര്യയുമായി വിവാഹ മോചനത്തിന് സമ്മതിച്ചു. ഈ വര്‍ഷമാദ്യമാണ് ഇസ്താംബുളില്‍ പി എച്ച് ഡി വിദ്യാര്‍ത്ഥിനിയായ ചെങ്കിസിനെ ഒരു സമ്മേളനത്തിനിടയില്‍ ഖഷോഗി കണ്ടുമുട്ടിയത്. പിന്നീടവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇസ്താംബുളില്‍ അദ്ദേഹം ഒരു വീട് വാങ്ങുകയും ചെയ്തു.
സൗദി ഭരണകൂടവുമായി സംഘര്‍ഷത്തിലായിരുന്നുവെങ്കിലും ചിലരുമായി അദ്ദേഹം ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നു. സമീപ മാസങ്ങളില്‍ വാഷിംഗ്ടണിലെ സൗദി എംബസ്സി പല തവണ അദ്ദേഹം സന്ദര്‍ശിക്കുകയും സൗദി രാജാവിന്റെ മകനും അംബാസിഡറുമായ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാണുകയും ചെയ്തിരുന്നു. തന്റെ മക്കള്‍ക്ക് സൗദി ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാ വിലക്ക് പിന്‍വലിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അപ്പോഴൊന്നും തന്റെ ജീവന്‍ അപകടത്തിലാണെന്ന് അദ്ദേഹത്തിന് തോന്നിയതുമില്ല. ടര്‍ക്കിയില്‍ എര്‍ദോഗന്റെ ഭരണത്തിലുള്ള പലരുമായും ഖഷോഗി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. യുഎസിനേക്കാള്‍ കൂടുതല്‍ ടര്‍ക്കിയെ അദ്ദേഹം വിശ്വസിച്ചു. വിവാഹ മോചന നടപടികള്‍ ത്വരിതപ്പെടുത്തിയശേഷം ഈ മാസമൊടുവില്‍ ലളിതമായ ഒരു ചടങ്ങില്‍ വിവാഹിതരാകുന്നതിനായിരുന്നു ഖഷോഗിയും ചെങ്കിസും തീരുമാനിച്ചിരുന്നത്. ഒരു പുതിയ ജീവിതം തുടങ്ങുന്നതിന് അദ്ദേഹം വളരെ ആഗ്രഹിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

Other News

 • പ്രളയം തകര്‍ത്ത ജീവിതം വീണ്ടെടുത്ത 'ചേക്കുട്ടി' പാവകള്‍ ലോക ശ്രദ്ധ നേടുന്നു
 • ജീവിതം തകര്‍ന്നു നുറുങ്ങിയിട്ടും ഐഎഎസ് മോഹവുമായി ഒരു മലയാളി പെണ്‍കുട്ടി
 • യുഎസ് വിസ സമ്പന്നര്‍ക്കും അപ്രാപ്യമാകും
 • ജെഫ് വൈഡ്‌നെര്‍ അനശ്വരമാക്കിയ 'ടാങ്ക്മാന്' ചൈനയില്‍ ഇന്നും വിലക്ക്
 • പ്രതിപക്ഷം തകര്‍ന്നടിയുന്നു
 • പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യ
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • ലളിതവത്കരിച്ചാല്‍ മറയുമോ കൊടും കൊലയാളിയുടെ മുഖം?
 • ബംഗാളിലെ കോളേജുകളില്‍ മതം മാനവികതക്ക് വഴിമാറുന്നു
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • കടഭാരം വര്‍ദ്ധിക്കുന്ന ടാറ്റയ്ക്ക് ജഗ്വാര്‍ പ്രശ്‌നമാകുന്നു
 • Write A Comment

   
  Reload Image
  Add code here