പുതിയ എച്ച് 1 ബി വിസ ലോട്ടറി സമ്പ്രദായം കുടിയേറ്റത്തെ ബാധിക്കും

Mon,Dec 03,2018


എച്ച് 1 ബി വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള പുതിയ സീസണായ 2019 ഏപ്രില്‍ മുതല്‍, യുഎസിലെ വളരെ പ്രചാരമേറിയ ഈ തൊഴില്‍ വിസ പരിപാടിയനുസരിച്ച് വിദേശീയരെ നിയമിക്കുന്ന കമ്പനികള്‍ വാര്‍ഷിക എച്ച്1 ബി ലോട്ടറിക്കായി ഇലക്ട്രോണിക് മാര്‍ഗം മുഖേന മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പിന്നീട് അതില്‍ ജേതാക്കളാകുന്നവരുടെ പൂര്‍ണ്ണമായ അപേക്ഷകള്‍ (പെറ്റീഷനുകള്‍ എന്നാണു അതറിയപ്പെടുക) സമര്‍പ്പിക്കണം. നിലവിലെ രീതിയനുസരിച്ച് ബന്ധപ്പെട്ട എല്ലാ രേഖകളോടും കൂടിയാകണം പെറ്റീഷനുകള്‍ ലോട്ടറിയില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷിക്കേണ്ടത്. പ്രത്യേകിച്ചും എച്ച് 1 ബി തൊഴിലാളികളെ ക്ലയന്റ് സൈറ്റുകളില്‍ ഉള്‍പ്പെടുത്തുന്ന ഐടി സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഇത് വളരെ ശ്രമകരമായ ജോലിയാണ്. പുതിയ മാറ്റത്തിലൂടെ വിദേശ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികള്‍ക്ക് ഭരണ ചിലവുകള്‍ ഗണ്യമായി ലാഭിക്കുന്നതിനു കഴിയും. പുതിയ മാറ്റം യുഎസ് ഓഫീസ് ഓഫ് മാനേജുമെന്റ് ആന്‍ഡ് ബജറ്റും, യുഎസ് പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഓഫീസും അംഗീകരിച്ചിട്ടുണ്ട്.
ഡോണാള്‍ഡ് ട്രമ്പ് ഭരണകൂടത്തിന്റെ സംരക്ഷണ നയങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ആരൊക്കെ അമേരിക്കയില്‍ ജോലിയെടുക്കണം എന്ന് തീരുമാനിക്കുന്ന യുഎസ് ഗവണ്മെന്റിന്റെ കുടിയേറ്റ നയങ്ങള്‍ നടപ്പാക്കുന്നതിനുള്ള സംവിധാനമായ യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വീസസിനു ഇത് സംബന്ധിച്ച തീരുമാനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ഒരു വര്‍ഷം ജനറല്‍ കോട്ടയില്‍ 65,000 എച്ച്1ബി വിസകളാണ് അനുവദിക്കുന്നത്. യുഎസ് യൂണിവേഴ്‌സിറ്റികളില്‍നിന്നും മാസ്റ്റര്‍ ബിരുദങ്ങള്‍ നേടിയിട്ടുള്ളവര്‍ക്ക് അധികമായി 20,000 വിസകള്‍ കൂടി അനുവദിക്കാറുണ്ട്. വിസ അപേക്ഷകരെ സ്‌പോണ്‍സര്‍ ചെയ്യുന്ന ജീവനക്കാര്‍ ഏപ്രില്‍ ആദ്യവാരംതന്നെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ലോട്ടറി സമ്പ്രദായത്തിലൂടെ ക്വോട്ട തീരുമാനിക്കുന്നതുമാണ്. 2018-19 വര്‍ഷത്തേക്ക് യുഎസ് ഏജന്‍സിക്ക് 1.9 ലക്ഷം അപേക്ഷകള്‍ ലഭിച്ചു.
എച്ച് 1 ബി വിസയുടെ 60%ത്തില്‍ കൂടുതലും നേടുന്നത് ഇന്ത്യക്കാരാണ്. കോഗ്‌നിസന്റ്, ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവ ഏറ്റവും കൂടുതല്‍ പേരെ നിയമിക്കുന്ന കമ്പനികളില്‍ ഉള്‍പ്പെടുന്നു. എച്ച് 1 ബി അപേക്ഷകള്‍ കൂടുതല്‍ നന്നായി യുഎസ് സിഐഎസിനു കൈകാര്യം ചെയ്യാന്‍ കഴിയണമെന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എച്ച് 1 ബി ഫയലിംഗ് സമ്പ്രദായത്തില്‍ വരുത്തിയിട്ടുള്ള മാറ്റത്തിന്റെ ആദ്യപടി ഒഎംബിയുടെ അംഗീകാരമാണ്. പിന്നീട് ഫെഡറല്‍ രജിസ്ട്രി അതിന്റെ കരട് നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കും. പൊതുജനങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനും പരിഗണിക്കുന്നതിനും വേണ്ടിയാണിത്. ഇതിനു മൂന്നു മുതല്‍ ആറ് വരെ മാസങ്ങള്‍ വേണ്ടിവരും അതിനുശേഷമാകും നിര്‍ദ്ദേശങ്ങള്‍ അന്തിമമായി അംഗീകരിക്കുക. 2019 ഏപ്രിലില്‍ത്തന്നെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് യുഎസ് സിഐഎസ് ഡയറക്ടര്‍ ഫ്രാന്‍സിസ് സിസ്‌ന സൂചിപ്പിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച ഭയാശങ്കകള്‍ നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നവംബര്‍ 19ന് പ്രാബല്യത്തില്‍ വന്ന ഇടിഎ 9035 ഫോമില്‍ (ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ ഫോം) സമര്‍പ്പിക്കേണ്ട പുതിയ വിവരങ്ങള്‍ക്കൊപ്പം നടത്തേണ്ട പ്രീ-രജിസ്‌ട്രേഷന്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യതയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. എച്ച് 1 ബി ലോട്ടറി സമ്പ്രദായം സൂക്ഷ്മമായി നിയന്ത്രിക്കപ്പെടുന്ന പ്രക്രിയയായി മാറുമെന്നതാണ് കാരണം. എച്ച് 1 ബി തൊഴിലാളികളെ ഇടപാടുകാരുടെ (ക്ലയന്റ്) തൊഴില്‍ സ്ഥലങ്ങളില്‍ നിയമിക്കുമോ, ഓരോ തൊഴില്‍ സ്ഥലത്തുമുള്ള തൊഴിലാളികളുടെ വിശദമായ വിവരങ്ങള്‍, ഇടപാടുകാരുടെ പേരുകളും മേല്‍വിലാസവും എന്നിവയെല്ലാം പുതിയ ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ ഫോമില്‍ തൊഴിലുടമകള്‍ സൂചിപ്പിക്കേണ്ടതുണ്ട്.
ലഭ്യമായ ഡേറ്റകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിലൂടെ ഇടപാടുകാരുടെ തൊഴില്‍ സ്ഥലങ്ങളില്‍ നിയമിക്കേണ്ട ആവശ്യമില്ലാത്ത എച്ച് 1 ബി പെറ്റീഷനുകള്‍ മാത്രം തെരഞ്ഞെടുക്കും. അല്ലെങ്കില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറവായ കമ്പനികളുടെ അപേക്ഷകള്‍ മാത്രം പരിഗണിച്ചെന്നിരിക്കും. എച്ച് 1 ബി വിസകള്‍ ലഭിക്കേണ്ട കമ്പനികളുടെ കാര്യത്തില്‍ വിവേചനം കാണിക്കുന്നതിന് അതിലൂടെ കഴിയും. മറ്റൊരു കാര്യവും സൂചിപ്പിക്കപ്പെടുന്നുണ്ട്. എച്ച് 1 ബി വിസകള്‍ നല്‍കുന്ന രീതിയില്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തുക എന്നതാണത്. ഏറ്റവും വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കോ അല്ലെങ്കില്‍ ഏറ്റവുമുയര്‍ന്ന വേതനം വാങ്ങുന്നവര്‍ക്കോ മാത്രമായി അത് പരിമിതപ്പെടുത്തുക എന്നതും യുഎസിലെ മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടിയിട്ടുള്ളവര്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുക എന്നതും നിര്‍ദ്ദിഷ്ട പരിഷ്‌ക്കാരങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രീ-രജിസ്‌ട്രേഷന്‍ അതിനു സഹായകമാകുമെന്നാണ് ഒരു ടെക് കമ്പനിയിലെ കുടിയേറ്റ വിദഗ്ധന്‍ അഭിപ്രായപ്പെട്ടത്.

Other News

 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • അപകടമാസങ്ങളിലും കൂടുതൽ ഓർഡർ ബോയിങ്ങിന് തന്നെ
 • കത്തിയമര്‍ന്ന വിശ്വാസഗോപുരം ഇനി പുനര്‍ജനിയിലേക്ക്
 • മുള്‍ക്കിരീടം സംരക്ഷിച്ച് പുരോഹിതന്‍ നായകനായി
 • ഉപഗ്രഹവേധ മിസൈല്‍: ചൈനയുടേത് ഇരട്ടത്താപ്പ്
 • ഇന്ത്യയുടെ ജിഡിപി കണക്കുകളില്‍ വിദഗ്ധര്‍ക്ക് സംശയം
 • ഇന്ത്യയില്‍ വ്യാവസായിക വളര്‍ച്ച കുറയുന്നു
 • Write A Comment

   
  Reload Image
  Add code here