തായ്‌വാനില്‍ ഭരണകക്ഷി പരാജയം ചൈനയ്ക്ക് നേട്ടവും യുഎസിന് തിരിച്ചടിയും

Mon,Dec 03,2018


തായ്‌വാനില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസ്സിവ് പാര്‍ട്ടി(ഡിപിപി)ക്ക് കനത്ത പരാജയം സംഭവിച്ചു. അത് മേഖലയുടെ സുസ്ഥിരതയ്ക്കും വന്‍ശക്തി രാഷ്ട്രീയത്തിനും ഗുരുതരമായ ഭവിഷ്യത്തുകള്‍ സൃഷ്ടിക്കും. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് അടുത്ത പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ബെയ്ജിങ്ങുമായി സൗഹൃദം കാംക്ഷിക്കുന്ന കുമിന്താങ് പാര്‍ട്ടി (കെഎംടി) വിജയം നേടുമെന്നാണ്. അത്തരമൊരു സാധ്യത ചൈനയും തായ്‌വാനും തമ്മിലുള്ള ബന്ധങ്ങളിലും ചൈനയും യുഎസും തമ്മിലുള്ള ബന്ധങ്ങളിലും വലിയ സ്വാധീനം ചെലുത്തും.
തായ്‌വാനിലുള്ള 22 നഗരങ്ങളിലും പ്രവിശ്യകളിലും 13 ന്റെയും ഭരണം നിയന്ത്രിച്ചിരുന്നത് ഡിപിപി ആയിരുന്നു. ഇപ്പോള്‍ അവരുടെ ഭരണനിയന്ത്രണം 6 ഇടങ്ങളിലേക്ക് ചുരുങ്ങി. തായ്‌വാനിലെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ നഗരങ്ങളായ കാസിയോങ്, ടൈചുങ് എന്നിവടങ്ങളില്‍ ഭരണം ഡിപിപിക്ക് നഷ്ടമായി. കഴിഞ്ഞ രണ്ടു ദശകങ്ങളിലേറെയായി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ നിലകൊണ്ടിരുന്ന കാസിയോങ് നഗരത്തില്‍ സംഭവിച്ച തോല്‍വി ഡിപിപി അണികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ദക്ഷിണ തായ്‌വാന്‍ ഡിപിപിയുടെ പരമ്പരാഗത ശക്തികേന്ദ്രമായിട്ടാണ് അറിയപ്പെടുന്നത്. പരാജയത്തെ തുടര്‍ന്നു ഡിപിപിയുടെ അദ്ധ്യക്ഷ സ്ഥാനം പ്രസിഡന്റ് സായി ഇങ് വെന്‍ രാജിവച്ചു. ഭരണകക്ഷിയില്‍ത്തന്നെ വ്യാപകമായ അസംതൃപ്തിയുടെ പ്രതിഫലനംകൂടിയായിരുന്നു ഡിപിപിയുടെ പരാജയം. 1990കളുടെ തുടക്കത്തില്‍ തായ്‌വാന്‍ ജനാധിപത്യ മാതൃക സ്വീകരിച്ചതു മുതല്‍ ചൈനയുമായുള്ള തായ്‌വാന്റെ ബന്ധങ്ങള്‍ സംഘര്‍ഷഭരിതമായിരുന്നു. സ്വന്തം വ്യക്തിത്വം ഉറപ്പിക്കുന്നതിനുള്ള തായ്‌വാന്റെ ശ്രമങ്ങള്‍ ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായിരുന്നു. ഒരു ചൈന മാത്രമേയുള്ളുവെന്നും തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നുമാണ് ചൈനയുടെ നിലപാട്.
1992ല്‍ ഇരു ഭാഗത്തുനിന്നുമുള്ള ഔദ്യോഗിക പ്രതിനിധികള്‍ സിംഗപ്പൂരില്‍ സമ്മേളിക്കുകയും അവ്യക്തമായ വിധത്തില്‍ മാത്രം നിര്‍വചിച്ചിട്ടുള്ള ഏക ചൈന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ തുടരുന്നതിനു തീരുമാനിക്കുകയും ചെയ്തു. '1992ലെ സമവായം' എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ തത്വത്തോട് തായ്‌വാന്‍ പ്രതിബദ്ധത തുടരുന്നിടത്തോളം തായ്‌വാന്‍ കടലിടുക്കിനപ്പുറമുള്ള ദ്വീപുമായി ചൈന സമാധാനപൂര്‍ണ്ണമായ ബന്ധങ്ങള്‍ തുടരും. എന്നാല്‍ 2000ത്തില്‍ ഡിപിപി സ്ഥാനാര്‍ത്ഥിയായിരുന്ന ചെന്‍ ഷുയി ബിന്‍ തായ്‌വാന്‍ പ്രസിഡന്റ് ആയതോടെ അദ്ദേഹം തിരുത്തല്‍വാദ സമീപനങ്ങള്‍ സ്വീകരിക്കുകയും ദ്വീപിനു കൂടുതല്‍ സ്വാതന്ത്ര്യം നിയമപരമായി ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് ഉണ്ടായ അസ്ഥിരത 2008ല്‍ കെഎംടിയെ അധികാരത്തില്‍ തിരികെയെത്തിച്ചു.
പ്രസിഡന്റ് മാ യിങ് ജോ '1992 ലെ സമവായം' ആവര്‍ത്തിച്ചുറപ്പിക്കുക മാത്രമല്ല, സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവുമായ നിലവാരങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകളും ബന്ധങ്ങളും വിപുലമാക്കുകയും ചെയ്തു. 2015 ഒക്ടോബറില്‍ അദ്ദേഹവും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും സിംഗപ്പൂരില്‍ ചരിത്രപ്രധാനമായ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ചൈനീസ് വന്‍കരയുമായുള്ള സഹകരണത്തിലൂടെ കൈവരിക്കാവുന്ന സമാധാനവും പുരോഗതിയും വിലമതിച്ച തായ്‌വാനിലെ ഭൂരിപക്ഷം ജനങ്ങളും മായുടെ നിലപാടുകളെ പിന്തുണച്ചു. എന്നാല്‍ ആഭ്യന്തര സ്ഥിതി കൈകാര്യം ചെയ്യുന്നതില്‍ മായ്ക്ക് സംഭവിച്ച പോരായ്മകള്‍ കെഎംടിയുടെ ജനപിന്തുണ ഇടിച്ചു. 2016ല്‍ ഡിപിപിയുടെ സായി ഇങ് വെന്‍ പ്രസിഡന്റായി. ചൈനയുമായുള്ള ബന്ധങ്ങളില്‍ തല്‍സ്ഥിതി തുടരുമെന്ന് നല്‍കിയ വാഗ്ദാനത്തിന്റെകൂടി ഫലമായിരുന്നു അവരുടെ തെരെഞ്ഞെടുപ്പ് വിജയം. എന്നാല്‍ തെരെഞ്ഞെടുക്കപ്പെട്ടതിനുശേഷം 'തായ്‌വാന്‍ ചൈനയുടെ ഭാഗമല്ല' എന്ന ഡിപിപിയുടെ പ്രഖ്യാപിത നിലപാടിനാല്‍ നിസ്സഹായയായി മാറിയ സായ് 'ഏക ചൈന' തത്വം ഉള്‍ക്കൊള്ളുന്ന '1992ലെ സമവായം' അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഡിപിപിയുടെ നിഷേധാത്മക നയം ബെയ്ജിങ്ങുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ വീണ്ടും വഷളാക്കി.
പ്രസിഡന്റ് സായിയെയും ഡിപിപിയെയും ദുര്‍ബ്ബലപ്പെടുത്തുന്നതിനുള്ള വിവിധ നടപടികള്‍ ബെയ്ജിങ് സ്വീകരിച്ചു. തായ്‌വാനിലെക്കുള്ള ചൈനീസ് ടൂറിസ്റ്റുകളുടെ എണ്ണം കുറച്ച ചൈനയുടെ നടപടി ഉദാഹരണമാണ്. അത് അവിടുത്തെ ട്രാവല്‍ വ്യവസായത്തിന് കനത്ത തിരിച്ചടിയായി. ദ്വീപിനു ചുറ്റിനും യുദ്ധവിമാനങ്ങളും ബോംബറുകളും പറത്തി ചൈന സൈനികമായ സമ്മര്‍ദ്ദങ്ങളും ചെലുത്തി. സമ്മര്‍ദ്ദ നടപടികള്‍ ദ്വീപിന്റെ സുരക്ഷയില്‍ തായ്‌വാനീസ് ജനതയില്‍ ആശങ്കകള്‍ സൃഷ്ടിച്ചു. സംഘര്‍ഷങ്ങള്‍ വീണ്ടും തലപൊക്കിയതും ബെയ്ജിങ്ങുമായുള്ള ബന്ധങ്ങള്‍ വഷളായതുമെല്ലാം സായി ഭരണകൂടത്തിന്റെ ആധികാരികതക്കുതന്നെ കോട്ടം വരുത്തി. ചൈനയില്‍ നിന്നും ദ്വീപിന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ വ്യഗ്രത കാട്ടുമ്പോള്‍ത്തന്നെ തായ്‌വാനീസ് ജനത ദ്വീപിന്റെ സമാധാനത്തിനും സുസ്ഥിരതക്കും ഹാനിവരുത്തുന്നതൊന്നും ഇഷ്ടപ്പെടുന്നില്ല. ഇപ്പോഴത്തെ തെരെഞ്ഞെടുപ്പിനു മുമ്പ് സായിയുടെ ജനപിന്തുണ 30%ത്തില്‍ താഴേക്കു പോയിരുന്നതായി അഭിപ്രായ വോട്ടെടുപ്പുകളില്‍ തെളിഞ്ഞു. തായ്‌വാന് സ്വാതന്ത്ര്യം നേടുക എന്ന തിരുത്തല്‍വാദപരമായ സമീപനം മയപ്പെടുത്താന്‍ ഇപ്പോഴത്തെ പരാജയം ഡിപിപിയെ നിര്‍ബ്ബന്ധിതമാക്കും. 2020ലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ബെയ്ജിങ്ങുമായുള്ള ബന്ധങ്ങളുടെ കാര്യത്തില്‍ മിതവാദപരമായ നിലപാട് സ്വീകരിക്കുകയാകും അവര്‍ ചെയ്യുക. എന്നാല്‍ ഈ പ്രധാന പ്രശ്‌നത്തില്‍ തായ്‌വാനിലെ മുഖ്യധാരാ വോട്ടര്‍മാരുടെ പിന്തുണ വീണ്ടെടുക്കാന്‍ ഡിപിപിക്ക് കഴിയുമോ എന്ന് കണ്ടറിയണം.
സായി ആയാലും മറ്റേതെങ്കിലും സ്ഥാനാര്‍ഥി ആയാലും 2020ലെ തെരെഞ്ഞെടുപ്പില്‍ ഡിപിപിക്ക് വിജയിക്കാന്‍ എളുപ്പമല്ലെന്നുതന്നെയാണ് ഇപ്പോഴത്തെ കനത്ത പരാജയം കാണിക്കുന്നത്. കെഎംടി ഒരിക്കല്‍ കൂടി അധികാരത്തില്‍ തിരിച്ചെത്തുമെങ്കില്‍ മേഖലയുടെ സുസ്ഥിരതയുടെ കാര്യത്തില്‍ ബെയ്ജിങ് നേടുന്ന വലിയ വിജയമായി അതു മാറും. കിഴക്കന്‍ ഏഷ്യയിലെ വളരെ അപകടകരമായ ഒരു സ്ഥലമായി അവശേഷിക്കുകയാണ് തായ്‌വാന്‍. ദ്വീപുമായുള്ള ബന്ധങ്ങള്‍ വീണ്ടും സുസ്ഥിരമാകുന്നതോടെ സൈനിക സംഘര്‍ഷങ്ങള്‍ അയയ്ക്കുകയും ചൈനയ്ക്ക് വലിയൊരു സുരക്ഷാ വെല്ലുവിളി അവസാനിക്കുകയും ചെയ്യും. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കെഎംടി വിജയിക്കുന്നപക്ഷം തായ്‌വാനുമായുള്ള 'സമാധാനപരമായ പുനരേകീകരണം' എന്ന ആശയം വീണ്ടും ബെയ്ജിങ് സജീവമാക്കും. മാ യിങ് ജോയുടെ ഭരണകാലത്ത് രാഷ്ട്രീയ പുനരേകീകരണത്തിന്റെ ആദ്യപടി എന്ന നിലയില്‍ ഇരു ഭാഗങ്ങളും 'സമാധാന ഉടമ്പടി' രൂപപ്പെടുത്താന്‍ ബെയ്ജിങ് ശ്രമിച്ചു. യുഎസിന് തിരിച്ചടി
ഡിപിപിയുടെ ഇപ്പോഴത്തെ പരാജയവും 2020ല്‍ സംഭവിച്ചേക്കാവുന്ന ഇതിലും വലിയ പരാജയവും ചൈനയുടെ കാര്യത്തില്‍ പുതിയ നയം പിന്തുടരുന്ന ട്രമ്പ് ഭരണകൂടത്തിന് തിരിച്ചടിയായി മാറും. 1970കള്‍ മുതല്‍ യുഎസില്‍ തുടര്‍ച്ചയായി വന്ന എല്ലാ ഗവണ്മെന്റുകളും 'ഏക ചൈനാ'നയമാണ് അംഗീകരിച്ചത്. അതേസമയം തായ്‌വാനുമായുള്ള നയതന്ത്ര, സുരക്ഷാ ബന്ധങ്ങള്‍ ശക്തമാക്കുന്നു സമീപനമാണ് ട്രമ്പ് ഭരണകൂടം സ്വീകരിച്ചത്. ചൈനയെ തകര്‍ക്കാനുള്ള ലക്ഷ്യമാണ് അതെന്ന ആരോപണം നിഷേധിക്കുമ്പോഴും ചൈനയുടെ ശക്തിയും സ്വാധീനവും പരിമിതപ്പെടുത്തുക എന്നതാണ് ട്രമ്പ് ഭരണകൂടത്തിന്റെ ചൈനാ നയത്തിന്റെ ലക്ഷ്യം. ചൈനയോട് വിരോധം പുലര്‍ത്തുന്ന ഡിപിപിയുടെ നയവും വാഷിങ്ങ്ടന്റെ ചൈനാ നയവും വളരെ താദാത്മ്യം പ്രാപിച്ചു. 2020ലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ കെഎംടിയുടെ വിജയം വാഷിങ്ങ്ടന്റെ ചൈനാ നയത്തെ തകിടം മറിക്കുമെന്നതില്‍ സംശയമില്ല. മുന്‍ കാലങ്ങളില്‍ വിവിധ കെഎംടി ഗവണ്‍മെന്റുകള്‍ യുഎസുമായി നല്ല ബന്ധങ്ങള്‍ തുടരുമ്പോള്‍ത്തന്നെ വന്‍കരയുമായി നല്ല ബന്ധങ്ങള്‍ തുടരുകയെന്ന പാര്‍ട്ടിയുടെ പരമ്പരാഗത സമീപനത്തിന് അനുരോധമായി ചൈനയുടെ വളര്‍ച്ചയെ ചെറുക്കാന്‍ യുഎസുമായി ഒത്തുചേരുന്നതിനു ആവേശമൊന്നും കാണിച്ചിരുന്നില്ല. അതിനാല്‍ ഡിപിപിയുടെ പരാജയത്തിന്റെ ഫലങ്ങള്‍ തായ്‌വാന്‍ ദ്വീപില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അത് യുഎസ്-ചൈന ബന്ധങ്ങളിലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. ലോകത്തിലെ രണ്ടു വന്‍ശക്തികളും തമ്മിലുള്ള പോരാട്ടത്തിന്റെ ഭൂമിയായി തായ്‌വാന്‍ മാറും.

Other News

 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • അപകടമാസങ്ങളിലും കൂടുതൽ ഓർഡർ ബോയിങ്ങിന് തന്നെ
 • കത്തിയമര്‍ന്ന വിശ്വാസഗോപുരം ഇനി പുനര്‍ജനിയിലേക്ക്
 • മുള്‍ക്കിരീടം സംരക്ഷിച്ച് പുരോഹിതന്‍ നായകനായി
 • ഉപഗ്രഹവേധ മിസൈല്‍: ചൈനയുടേത് ഇരട്ടത്താപ്പ്
 • ഇന്ത്യയുടെ ജിഡിപി കണക്കുകളില്‍ വിദഗ്ധര്‍ക്ക് സംശയം
 • ഇന്ത്യയില്‍ വ്യാവസായിക വളര്‍ച്ച കുറയുന്നു
 • Write A Comment

   
  Reload Image
  Add code here