പഞ്ചാബില്‍ സമാധാനം തകര്‍ന്നാല്‍ ആര്‍ക്കാണ് നേട്ടം?

Tue,Dec 04,2018


സ്വതന്ത്ര ഖാലിസ്ഥാന്‍ രാഷ്ട്രം സ്വപ്നംകാണുന്ന ഇന്ത്യന്‍ വംശജര്‍ കാനഡയിലും യുഎസിലും യുകെയിലും ജര്‍മ്മനിയിലുമുണ്ട്. എന്നാല്‍ അവരുടെ മുന്‍ഗാമികള്‍ ജനിച്ച രാജ്യത്തെ അവരുടെ ബന്ധുക്കള്‍ ആ സ്വപ്നം പങ്കുവയ്ക്കുന്നില്ല. പഞ്ചാബിലെ വിഘടനവാദികള്‍ വളരെ മുമ്പുതന്നെ ഉപേക്ഷിച്ച ഒരാവശ്യമാണത്. 'സിഖ് ഹിതപരിശോധന 2020' എന്ന പേരില്‍ ഒരു പ്രസ്ഥാനത്തിന് തുടക്കമിട്ടിരിക്കുകയാണ് യുഎസിലെ പൗരനായി മാറിയ ഗുര്‍പത്വാണ്ട് സിംഗ് പാനൂന്‍ എന്ന അഭിഭാഷകന്‍. ഒരു പ്രത്യേക സിഖ് രാഷ്ട്രത്തിനായി അദ്ദേഹം സജീവമായി നിലകൊള്ളുന്നു. വിദേശത്തു താമസിക്കുന്ന പല സിഖ് യുവാക്കളിലും അദ്ദേഹം സ്വാധീനം ചെലുത്തുന്നു. സംസ്ഥാനത്തെ ചില യുവാക്കളും ആ സ്വാധീനവലയത്തില്‍പ്പെടുന്നു എന്നതാണ് പഞ്ചാബ് ഗവണ്മെന്റിനെയും പോലീസിനെയും അസ്വസ്ഥമാക്കുന്ന കാര്യം. മതനിന്ദയുടെ പേരില്‍ 2015ലുണ്ടായ ഒരു സംഭവം അക്രമങ്ങള്‍ക്ക് തിരികൊളുത്തി. പോലീസ് വെടിവയ്പ്പില്‍ രണ്ടു പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടത് എരിതീയില്‍ എണ്ണയൊഴിച്ചതുപോലായി. ഇത്തരം സംഭവങ്ങളാണ് യുവാക്കളെ സ്വാഭാവികമായും തീവ്രവാദികളാക്കുന്നത്. ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ പാക് ഇന്റലിജന്‍സ് മുതലെടുക്കുകയും ചെയ്യും. ഇന്ത്യയിലുള്ള സിഖുകാരേക്കാള്‍ വിദേശത്തുള്ള സിഖുകാരാണ് ഖാലിസ്ഥാനുവേണ്ടി കൂടുതല്‍ ആവേശഭരിതരാകുന്നത്. 1987ല്‍ കാനഡയില്‍നിന്നും ആറംഗ പാര്‍ലമെന്ററി സംഘം ഇന്ത്യയിലെത്തി. ഇന്ത്യയില്‍ സിഖുകാര്‍ കൊല്ലപ്പെടുന്നതായും സമ്പൂര്‍ണ്ണ കലാപത്തിനിരയാകുന്നതായും അവിടുത്തെ സിഖുകാര്‍ പറഞ്ഞതിന്റെ സത്യാവസ്ഥ അറിയുന്നതിനാണ് അവര്‍ എത്തിയത്.
സംഘത്തിന് സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിക്കുന്നതിനുള്ള അനുമതി നല്‍കാന്‍ അന്നത്തെ ഇന്ത്യ ഗവണ്മെന്റ് വിമുഖരായിരുന്നു. എന്നാല്‍ അന്ന് സംസ്ഥാനത്തെ ഡി ജി പി ആയിരുന്ന ജൂലിയോ റെബെയ്‌റോ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തു. സത്യാവസ്ഥ മനസ്സിലാക്കാന്‍ അതവരെ സഹായിക്കുമെന്ന് അദ്ദേഹം കരുതി. കനേഡിയന്‍ പാര്‍ലമെന്ററി സംഘം എത്തിയപ്പോള്‍ അവരെ സ്വാഗതം ചെയ്ത പോലീസ് പക്ഷേ സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളിലേക്കു അവര്‍ക്കൊപ്പം ചെല്ലാന്‍ കഴിയില്ല എന്നറിയിച്ചു. വളരെ അപകടകാരികളായ ചിലര്‍ ക്ഷേത്രം 'കയ്യടക്കി'യതാണ് കാരണമായി പറഞ്ഞത്. പ്രതിനിധി സംഘത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും അവരെ ക്ഷേത്രത്തിനുള്ളില്‍ കടക്കാന്‍ അനുവദിച്ചു. അതവരുടെ കണ്ണ് തുറപ്പിച്ചു. പത്രങ്ങളോട് അവര്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞു. കാനഡ, യുഎസ്, യുകെ, ജര്‍മ്മനി എന്നിവടങ്ങളിലെ വിദേശവാസികളായ അതേ വിഭാഗംതന്നെയാണ്, നാട്ടില്‍ താമസിക്കുന്ന സിഖുകാര്‍ ഖാലിസ്ഥാന്‍ രൂപീകരണത്തില്‍ ആവേശമൊന്നും കാണിക്കുന്നില്ലെങ്കിലും, പഞ്ചാബില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ വീണ്ടും ശ്രമിക്കുന്നത്. ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സാഹസികമായ പ്രവൃത്തികള്‍ക്ക് പ്രേരിപ്പിക്കുന്നതിനും സോഷ്യല്‍ മീഡിയ അവരെ സഹായിക്കുന്നു. കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ ആവശ്യമായ എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ പാക് ഇന്റലിജന്‍സ് സന്നദ്ധവുമാണ്. ഈയിടെ നിരങ്കാരി പ്രാര്‍ത്ഥനാ ഹാളിനു സമീപം ആക്രമണത്തിനുപയോഗിച്ച ബോംബ് ഇന്ത്യയുടെ അയല്‍രാജ്യത്ത് നിര്‍മ്മിച്ചതാകാനാണ് സാധ്യത.
നിരങ്കാരികള്‍ എല്ലായ്‌പ്പോഴും അനായാസം ആക്രമിക്കപ്പെടുന്ന വിഭാഗമാണ്. ഗുരു ജീവിച്ചിരിക്കുന്നു എന്ന അവരുടെ സങ്കല്‍പ്പം സിഖ് മതഭക്തരെ രോഷാകുലരാക്കാറുണ്ട്. തന്റെ പ്രചാരണത്തിന് ജര്‍ണൈല്‍ സിംഗ് ഭിന്ദ്രന്‍വാല തുടക്കമിട്ടതും അവിടെനിന്നുമാണ്. അന്നത്തേതുപോലുള്ള സാഹചര്യമൊന്നും ഇന്ന് നിലവിലില്ല. എങ്കിലും 'ഇന്ത്യയുടെ വാള്‍' എന്ന ബഹുമതി നേടിയ സംസ്ഥാനത്ത് യുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങുന്നതായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനു മുന്നറിയിപ്പ് നല്‍കേണ്ടിവന്നിരിക്കുന്നു. സാധാരണ സിഖ് ജാട്ട് കര്‍ഷകന്‍ എല്ലായ്‌പ്പോഴും ഇന്ത്യക്കൊപ്പംതന്നെ നിലകൊള്ളുമെന്നു ഉറപ്പുവരുത്തുകയാണ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ചെയ്യേണ്ടതെന്നാണ് റെബെയ്‌റോ പറയുന്നത്. സാധാരണ ജനങ്ങളോട് അവര്‍ അര്‍ഹിക്കുന്ന ആദരവോടെ പോലീസ് പെരുമാറുമെന്ന് ഉറപ്പാക്കണം. അങ്ങനെ ചെയ്താല്‍ എല്ലാ ഗവണ്മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളിലും വ്യാപിച്ചിട്ടുളള അഴിമതി തടയുന്നതിന് സഹായിക്കും. ആ ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ ഐഎസ്‌ഐയുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്ന ചുമതല എപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാവുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ ഏല്‍പ്പിക്കാന്‍ കഴിയും. ദശകങ്ങളായി തങ്ങളുടെ ജീവിതതാളം തെറ്റിച്ച ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചാബ് ജനത, പ്രത്യേകിച്ചും സിഖ് ജാട്ട് കര്‍ഷകര്‍, അന്ത്യം കുറിച്ചു. സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവരുടെ ശല്യം സഹിക്കവയ്യാതെയായപ്പോള്‍ അവരെ അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു. ഭീകരന്മാര്‍ക്ക് ആവശ്യമായ പ്രാണവായു എന്ന് പറയാവുന്ന പരോക്ഷ പിന്തുണ നല്‍കുന്നതിലേക്കു ഇപ്പോള്‍ അവര്‍ മടങ്ങി പോയിട്ടുണ്ടോ എന്ന സംശയം റെബെയ്‌റോ പ്രകടിപ്പിക്കുന്നു.
ഖാലിസ്ഥാനി ഭീകരന്മാര്‍ വലിയ ഭീതി വിതച്ചിരുന്ന സമയത്ത് അവര്‍ക്കാവശ്യമായ ആയുധങ്ങളും ഒളിസങ്കേതവും പരിശീലന സൗകര്യങ്ങളും പാകിസ്ഥാനി ഇന്റലിജന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ആ യുദ്ധം തുടരുന്നതിന് അവര്‍ക്ക് അതുമാത്രം മതിയാകുമായിരുന്നില്ല. മതവിശ്വാസികളുടെ പിന്തുണയും ആവശ്യമായിരുന്നു. അതില്ലാതെയായപ്പോള്‍ പാകിസ്ഥാനില്‍ സമാധാനം തിരിച്ചെത്തി. കുഴപ്പങ്ങള്‍ വീണ്ടും തലപൊക്കാതിരിക്കണമെങ്കില്‍ ഈ സത്യം സംസ്ഥാനം മനസ്സിലാക്കണം. 1980കളിലെ പഞ്ചാബല്ല, ഇന്നത്തെ പഞ്ചാബ്. അധികാരത്തിനു പുറത്തായിരിക്കുമ്പോഴും അകാലികള്‍ വളരെ സാമര്‍ഥ്യം കാട്ടുന്നു എന്നതുമാത്രമാണ് ഏക സാദൃശ്യം. മോഹഭംഗമുണ്ടാകുന്ന അവസ്ഥകളില്‍ വളരെ അപകടകരമായ രാഷ്ട്രീയക്കളിക്ക് അവര്‍ മുതിരുമായിരുന്നു. എന്നാല്‍ ഇനി അങ്ങനെ ചെയ്യാന്‍ സാധ്യതയില്ല. ചില പാഠങ്ങള്‍ അവരും പഠിച്ചു. ഇന്നിപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്ന ഒരു ഭിന്ദ്രന്‍വാലേ ഇല്ല. അകാലികളുടെ മുഖ്യ ശത്രുവായ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ അധികാരത്തിനു പുറത്താണ്. അതിലുപരി ഭീകരത സംഹാര താണ്ഡവമാടിയ നാളുകളില്‍ അനുഭവപ്പെട്ട കഷ്ടപ്പാടുകള്‍ ഇനിയും അനുഭവിക്കാന്‍ ജാട്ട് കര്‍ഷകര്‍ ഒരുക്കമല്ല. കുഴപ്പക്കാര്‍ പഞ്ചാബിലെ സമാധാനം തകര്‍ത്താല്‍ ആരാണ് അതുകൊണ്ട് നേട്ടമുണ്ടാക്കുക എന്നതാണ് പ്രധാന ചോദ്യം. നമ്മുടെ അയല്‍ രാജ്യം തീര്‍ച്ചയായും ആഹ്ലാദിക്കും. എന്നാല്‍ പഞ്ചാബില്‍ ആര്‍ക്ക് എന്തു നേട്ടമുണ്ടാകും? ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയാല്‍ ശരിയായ പരിഹാരമാര്‍ഗങ്ങളും കണ്ടെത്താം. ഗുര്‍പത്വാണ്ട് സിംഗ് പാനൂനും അനുയായികളും നടത്തുന്ന പ്രചാരണങ്ങളെ യുകെയിലും യുഎസിലും കാനഡയിലും എതിര്‍ പ്രചാരണങ്ങളിലൂടെ നിര്‍വീര്യമാക്കുക എന്നതാകണം സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റുകള്‍ അവരുടെ അജണ്ടയില്‍ ആദ്യ ഇനമായി ഉള്‍ക്കൊള്ളിക്കേണ്ടത്.

Other News

 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • അപകടമാസങ്ങളിലും കൂടുതൽ ഓർഡർ ബോയിങ്ങിന് തന്നെ
 • കത്തിയമര്‍ന്ന വിശ്വാസഗോപുരം ഇനി പുനര്‍ജനിയിലേക്ക്
 • മുള്‍ക്കിരീടം സംരക്ഷിച്ച് പുരോഹിതന്‍ നായകനായി
 • ഉപഗ്രഹവേധ മിസൈല്‍: ചൈനയുടേത് ഇരട്ടത്താപ്പ്
 • ഇന്ത്യയുടെ ജിഡിപി കണക്കുകളില്‍ വിദഗ്ധര്‍ക്ക് സംശയം
 • ഇന്ത്യയില്‍ വ്യാവസായിക വളര്‍ച്ച കുറയുന്നു
 • Write A Comment

   
  Reload Image
  Add code here