യുഎസ് പിന്തുണയുള്ള നൂറോളം പോരാളികളെ ഇസ്‌ലാമിക സ്‌റ്റേറ്റ് കൊന്നൊടുക്കി

Tue,Dec 04,2018


സിറിയയില്‍ യുഎസ് പിന്തുണയുള്ള ഡസന്‍കണക്കിനു പോരാളികളെ കഴിഞ്ഞ വാരാന്ത്യത്തില്‍ ഇസ്‌ലാമിക സ്‌റ്റേറ്റ് കൊന്നൊടുക്കിയതായി നിരീക്ഷകര്‍. തങ്ങളുടെ അവസാന ശക്തികേന്ദ്രങ്ങള്‍ നിലനിര്‍ത്തുന്നതിനായി തീവ്രവാദികള്‍ വീറോടെ പൊരുതുന്ന സാഹചര്യത്തില്‍ സിറിയയില്‍ നിന്നുമുള്ള യുഎസ് സൈനിക പിന്മാറ്റം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡമോക്രറ്റിക് ഫോഴ്‌സി(എസ്ഡിഎഫ്)ലെ 91 പോരാളികളെങ്കിലും ഡെയര്‍ എസ്സൂര്‍ എന്ന സിറിയയുടെ കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി യുകെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു. ഇസ്‌ലാമിക സ്‌റ്റേറ്റിന്റെ ഭാഗത്തും വലിയ ആള്‍നാശമുണ്ടായി. 61 ഓളം ഐഎസ് പോരാളികളും 51 സിവിലിയന്മാരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സിവിലിയരില്‍ മിക്കവരും ഐഎസ് പോരാളികളുടെ കുടുംബാംഗങ്ങളാണ്. യുഎസ് നടത്തിയ വ്യോമാക്രമണത്തോടെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്. 2015ല്‍ രൂപീകൃതമായതിനുശേഷം എസ്ഡിഎഫിന് ഇത്രയും വലിയ ആള്‍നാശം സംഭവിക്കുന്നത് ഇതാദ്യമാണ്. ഇസ്‌ലാമിക സ്‌റ്റേറ്റിനെതിരായ യുദ്ധത്തില്‍ യുഎസിന്റെ പ്രധാന സഖ്യശക്തിയാണവര്‍. വ്യോമാക്രമണത്തില്‍ സിവിലിയന്മാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഒബ്‌സര്‍വേറ്ററിയുടെ കണക്കുകള്‍ അതിശയോക്തിപരമാണെന്നും യുഎസ് പറയുന്നു.
സിറിയയില്‍നിന്നും സൈനിക പിന്മാറ്റം നടത്തുന്ന കാര്യം ആലോചിക്കുകയാണ് ട്രമ്പ് ഭരണകൂടം. അതെത്രത്തോളം സങ്കീര്‍ണ്ണമായ ഒന്നാകുമെന്നാണ് ഇപ്പോഴത്തെ യുദ്ധം സൂചിപ്പിക്കുന്നത്. പ്രസിഡന്റായതിനുശേഷമുള്ള ആദ്യ നാളുകളില്‍ സിറിയയില്‍നിന്നും സൈന്യത്തെ എത്രയും വേഗം പിന്‍വലിക്കുമെന്നാണ് ട്രമ്പ് പ്രഖ്യാപിച്ചത്. സിറിയയിലെ പ്രധാന സൈനിക ലക്ഷ്യം ഇസ്‌ലാമിക സ്‌റ്റേറ്റിനെ പരാജയപ്പെടുത്തുക എന്നതാണെന്നും പിന്നീട് പറഞ്ഞു. എന്നാല്‍ തീവ്രവാദികള്‍ക്കെതിരെ സ്വന്തനിലയില്‍ പോരാടുന്നതിനുള്ള ശേഷി സഖ്യശക്തികള്‍ക്ക് ഇല്ലാതെ യുഎസ് സൈന്യത്തിന് എങ്ങനെ പിന്മാറാന്‍ കഴിയുമെന്ന ചോദ്യമാണുയരുന്നത്. സിറിയയില്‍ 2000ത്തോളം യുഎസ് സൈനികരാണ് അവശേഷിച്ചിട്ടുള്ളത്. ഇസ്‌ലാമിക സ്‌റ്റേറ്റിനെതിരെ പൊരുതുന്ന എസ്ഡിഎഫുകാര്‍ക്ക് പരിശീലനവും സഹായവും നല്‍കുന്ന അന്താരാഷ്ട്ര സഖ്യത്തിന്റെ നേതൃത്വം യുഎസിനാണ്. ഒരിക്കല്‍ ഇറാക്കിലും സിറിയയിലുമായി സ്വന്തം നിയന്ത്രണത്തിലുണ്ടായിരുന്ന വലിയൊരു ഭൂപ്രദേശം നഷ്ടമായതിനു ശേഷം ഐഎസ് പോരാളികള്‍ ഗറില യുദ്ധമുറകളും, ചാവേര്‍ ബോംബുകളും ചാരപ്രവര്‍ത്തനങ്ങളും തട്ടിക്കൊണ്ടു പോകലുകളും മറ്റുമാണ് ശത്രുക്കള്‍ക്കെതിരെ നടത്തുന്നത്. സിറിയയുടെ തെക്കന്‍ പ്രവിശ്യയായ സ്വെയിടയില്‍ കഴിഞ്ഞ ജൂലൈയില്‍ ഒരു മിന്നലാക്രമണത്തിലൂടെ ഡസന്‍ കണക്കിന് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. മൂന്നു മാസത്തിലധികം അവരെ ബന്ദികളാക്കി സൂക്ഷിച്ചു. ഇറാക്കി അതിര്‍ത്തിയോടു ചേര്‍ന്നുള്ള കിഴക്കന്‍ സിറിയയില്‍ മോശപ്പെട്ട കാലാവസ്ഥ ഉപയോഗപ്പെടുത്തിയാണ് ഇസ്‌ലാമിക സ്‌റ്റേറ്റ് ആക്രമണങ്ങള്‍ നടത്തുന്നത്. ഒക്ടോബറില്‍ മണല്‍ ചുഴലിക്കാറ്റുണ്ടായപ്പോള്‍ ഒരാക്രമണത്തിലൂടെ ഡസന്‍ കണക്കിന് എസ്ഡിഎഫുകാരെ കൊല്ലുകയുണ്ടായി. ഇപ്പോള്‍ ഹാജിനിലെ ചെറിയൊരു പട്ടണമായ ഡെയര്‍ എസ്സോറില്‍ കനത്ത മൂടല്‍ മഞ്ഞിന്റെ മറവിലാണ് 20 മോട്ടോര്‍ സൈക്കിളുകളിലും 100ഓളം വാഹനങ്ങളിലുമായി എത്തിയ ഐഎസ് പോരാളികള്‍ എസ്ഡിഎഫ് കേന്ദ്രങ്ങള്‍ ആക്രമിച്ചത്. എസ്ഡിഎഫിലുള്‍പ്പെട്ട കുര്‍ദ് പോരാളികളും അറബ് പോരാളികളും തമ്മില്‍ ഏകോപനമില്ലാത്തതും വളരെ എളുപ്പത്തില്‍ നുഴഞ്ഞുകയറുന്നതിനു ഐഎസിനു സഹായമാകുന്നു.
സിറിയയില്‍ ഇസ്‌ലാമിക സ്‌റ്റേറ്റിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ഹാജിനില്‍ ഐഎസ് കടന്നാക്രമണം തുടങ്ങിയതിനുശേഷം 452 എസ്ഡിഎഫുകാര്‍ കൊല്ലപ്പെട്ടതായി ഒബ്‌സര്‍വേറ്ററി പറയുന്നു. സിറിയയില്‍ എതിരാളികള്‍ക്കെതിരെ പ്രഹരമേല്‍പ്പിക്കുമ്പോഴും ഐഎസ് നേതൃത്വത്തിന് വലിയ നഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ട്. നവംബര്‍ 21ന് ഇറാക്കി സുരക്ഷാ സേന സാലിഹ് അല്‍ പ്രവിശ്യയില്‍ നടത്തിയ ഒരാക്രമണത്തില്‍ കാത്കുത് എന്നറിയപ്പെടുന്ന ഇസ്‌ലാമിക സ്‌റ്റേറ്റിന്റെ മുതിര്‍ന്ന നേതാവ് കൊല്ലപ്പെടുകയുണ്ടായി.

Other News

 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • അപകടമാസങ്ങളിലും കൂടുതൽ ഓർഡർ ബോയിങ്ങിന് തന്നെ
 • കത്തിയമര്‍ന്ന വിശ്വാസഗോപുരം ഇനി പുനര്‍ജനിയിലേക്ക്
 • മുള്‍ക്കിരീടം സംരക്ഷിച്ച് പുരോഹിതന്‍ നായകനായി
 • ഉപഗ്രഹവേധ മിസൈല്‍: ചൈനയുടേത് ഇരട്ടത്താപ്പ്
 • ഇന്ത്യയുടെ ജിഡിപി കണക്കുകളില്‍ വിദഗ്ധര്‍ക്ക് സംശയം
 • ഇന്ത്യയില്‍ വ്യാവസായിക വളര്‍ച്ച കുറയുന്നു
 • Write A Comment

   
  Reload Image
  Add code here