ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തന നിയന്ത്രണം എത്തിഹാദിനു കൈമാറിയേക്കും

Tue,Dec 04,2018


ജെറ്റ് എയര്‍വേസ് നേരിടുന്ന ധനപ്രതിസന്ധി തരണംചെയ്യുന്നതിനായി എത്തിഹാദ് എയര്‍ വേസിനെക്കൊണ്ട് ഓഹരി നിക്ഷേപങ്ങള്‍ നടത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനിയുടെ സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയല്‍. ഓഹരി നിക്ഷേപങ്ങളായും വായ്പകളായും മദ്ധ്യപൂര്‍വദേശത്തെ വ്യോമയാന കമ്പനി നല്‍കുന്ന പണത്തിനു പകരമായി ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം അവര്‍ക്കു കൈമാറുന്നതിനെക്കുറിച്ചും ഗോയല്‍ ആലോചിക്കുന്നു. ഗോയലും സംഘവും എത്തിഹാദ് സിഇഒ ടോണി ഡഗ്ലസ് നയിച്ച ഉന്നതതല സംഘവുമായി ഞായറാഴ്ച കൂടിക്കണ്ടിരുന്നു. തുടര്‍ന്ന് ഗോയല്‍ ദുബൈയിലുള്ള വസതിയില്‍ ജെറ്റ് മാനേജുമെന്റ് സംഘവുമായും ചര്‍ച്ചകള്‍ നടത്തി. എത്തിഹാദിനു ഇപ്പോള്‍ 24% ഓഹരികളാണ് ജെറ്റ് എയര്‍വേസിലുള്ളത്. ഗോയലിനും ഭാര്യക്കും കൂടി 51% ഓഹരികളുമുണ്ട്. ഇപ്പോഴുണ്ടാക്കിയിട്ടുള്ള ധാരണ പ്രകാരം പുതിയ ഓഹരികള്‍ അനുവദിക്കുമ്പോള്‍ എത്തിഹാദിനു 49% ഓഹരികളാകും. ഗോയലിന്റെ ഓഹരികള്‍ 15%മായി ചുരുക്കും. അത് പക്ഷെ പണത്തിന്റെ വരവനുസരിച്ചാകും. ഗോയല്‍ ചെയര്‍മാനായി തുടരും.
ടാറ്റ സണ്‍സുമായി ഗോയല്‍ ചര്‍ച്ച ചെയ്ത ഇടപാടിനേക്കാള്‍ വളരെ മെച്ചപ്പെട്ട ഒന്നാണിത്. കമ്പനിയുടെ പൂര്‍ണ്ണ നിയന്ത്രണമായിരുന്നു ടാറ്റ ആവശ്യപ്പെട്ടത്. നിയന്ത്രണം വിട്ടുകൊടുക്കാന്‍ ഗോയല്‍ തയ്യാറാകാതിരുന്നതിനെതുടര്‍ന്നാണ് മുമ്പ് പല നിക്ഷേപകരുമായും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടത്. പങ്കാളികളായ സിങ്കപ്പൂര്‍ എയര്‍ ലൈന്‍സുമായി ചേര്‍ന്ന് ലയനം, വാങ്ങല്‍ എന്നീ രണ്ടു ഘട്ടങ്ങളിലായുള്ള ഇടപാടിലൂടെ ജെറ്റ് സ്വന്തമാക്കുന്നതിനായിരുന്നു ടാറ്റ ശ്രമിച്ചത്. എന്നാല്‍ അടുത്തിടെ ചേര്‍ന്ന ടാറ്റ സണ്‍സിന്റെ ബോര്‍ഡ് യോഗത്തില്‍ ജെറ്റ് ഇടപാട് നടത്തുന്നത് വളരെ സൂക്ഷിച്ചുവേണമെന്ന മുന്നറിയിപ്പാണ് പലരും നല്‍കിയത്. സ്വകാര്യ ഓഹരി കമ്പനിയായ ടിപിജിയും ജെറ്റ് കമ്പനിയില്‍ നോട്ടമിട്ടിരുന്നു, എന്നാല്‍ അവരുടെ പല ഉപാധികളും ചര്‍ച്ചകള്‍ തുടരുന്നതിനു സഹായകമായിരുന്നില്ല.
ഇതിലെല്ലാം ഉപരിയായിരുന്നു എത്തിഹാദിനു ജെറ്റ് എയര്‍വേസില്‍ ഉള്ള അവകാശം. കമ്പനിയുടെ പ്രൊമോട്ടര്‍ ഓഹരി വില്‍ക്കുന്നപക്ഷം എത്തിഹാദ് നിരാകരിച്ചാല്‍ മാത്രമേ അത് മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ കഴിയുകയുള്ളു. ഗോയല്‍ ഏതെങ്കിലുമൊരു ഇടപാട് ഉറപ്പിച്ചാല്‍ത്തന്നെയും അത് തകിടംമറിക്കാന്‍ എത്തിഹാദിനു കഴിയുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഇപ്പോള്‍ പല കാരണങ്ങളാലും ഫണ്ടിന് ക്ഷാമം അനുഭവപ്പെടുന്ന ജെറ്റ് എയര്‍വേസിനെ ഉഷാറാക്കിയെടുക്കേണ്ട ആവശ്യകത എത്തിഹാദിനുമുണ്ട്. വിദേശങ്ങളിലേക്കുള്ള എത്തിഹാദിന്റെ യാത്രക്കാരില്‍ 11%ത്തോളം ഇന്ത്യയില്‍നിന്നുള്ളവരാണ്. അതിനാല്‍ ജെറ്റ് എയര്‍വേസിനുണ്ടാകുന്ന തകര്‍ച്ച അവരെ നേരിട്ട് ബാധിക്കും.
അതിനുപുറമെ അലിറ്റാലിയ, എയര്‍ ബെര്‍ലിന്‍ കമ്പനികളിലും ജെറ്റ് എയര്‍വേസിലും നടത്തിയ നിക്ഷേപങ്ങളില്‍നിന്നും എത്തിഹാദിനു നേട്ടമൊന്നും ഉണ്ടായിട്ടില്ല. ജെറ്റില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തിയില്ലെങ്കില്‍ ഇതുവരെയും നടത്തിയ നിക്ഷേപങ്ങള്‍ പാഴായിപ്പോകുന്ന സ്ഥിതിയുമുണ്ട്. ദുബൈയില്‍നിന്നുള്ള മറ്റൊരു കമ്പനിയായ എമിറേറ്റ്‌സ് ഇന്ത്യയില്‍ നിന്നുമുള്ള യാത്രക്കാരുടെ 18%വുമായി മുന്നിലാണ്. അവരെ മറികടക്കാനും പുതിയ നിക്ഷേപം സഹായിച്ചേക്കും. എമിറേറ്റ്‌സ്, എത്തിഹാദ് കമ്പനികള്‍ ലയിച്ചേക്കുമെന്ന് അടുത്തിടെ മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇരു കമ്പനികളും അത് നിഷേധിക്കുകയാണുണ്ടായത്.

Other News

 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • അപകടമാസങ്ങളിലും കൂടുതൽ ഓർഡർ ബോയിങ്ങിന് തന്നെ
 • കത്തിയമര്‍ന്ന വിശ്വാസഗോപുരം ഇനി പുനര്‍ജനിയിലേക്ക്
 • മുള്‍ക്കിരീടം സംരക്ഷിച്ച് പുരോഹിതന്‍ നായകനായി
 • ഉപഗ്രഹവേധ മിസൈല്‍: ചൈനയുടേത് ഇരട്ടത്താപ്പ്
 • ഇന്ത്യയുടെ ജിഡിപി കണക്കുകളില്‍ വിദഗ്ധര്‍ക്ക് സംശയം
 • ഇന്ത്യയില്‍ വ്യാവസായിക വളര്‍ച്ച കുറയുന്നു
 • Write A Comment

   
  Reload Image
  Add code here