യുഎസ്-ചൈനാ ബന്ധം പഴയപടി ആകില്ല

Thu,Dec 06,2018


യുഎസ് - ചൈന വ്യാപാരയുദ്ധത്തില്‍ മൂന്നു മാസത്തേക്ക് വെടിനിറുത്തല്‍ പ്രഖ്യാപിച്ചു. അര്‍ജന്റീനയില്‍ നടന്ന ജി20 രാഷ്ട്രങ്ങളുടെ സമ്മേളത്തിനിടയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. അതിന്റെ അടിസ്ഥാനത്തില്‍, ജനുവരി 1 മുതല്‍ ചൈനയില്‍നിന്നുള്ള 200 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിക്ക് വര്‍ദ്ധിച്ച താരിഫ് (25%) ഏര്‍പ്പെടുത്താനുള്ള നീക്കം യുഎസ് തല്‍ക്കാലം മരവിപ്പിക്കും. കൂടാതെ, യുഎസ്-ചൈന വ്യാപാരത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ യുഎസില്‍നിന്ന് കാര്‍ഷിക, വ്യവസായ, ഊര്‍ജ്ജ ഉല്പന്ന ഇറക്കുമതി ചൈന ഗണ്യമായ തോതില്‍ വര്‍ദ്ധിപ്പിക്കും. അത് എത്രയെന്ന് പറഞ്ഞിട്ടില്ലെങ്കിലും, കാര്‍ഷികോല്പന്നങ്ങളുടെ കയറ്റുമതി ഉടനെ ആരംഭിക്കും. കൂടാതെ നിര്‍ബ്ബന്ധിത സാങ്കേതികവിദ്യാ കൈമാറ്റം, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, താരിഫ് ഇതര നിയന്ത്രണങ്ങള്‍, സൈബര്‍ അതിക്രമിച്ചുകടക്കല്‍, സൈബര്‍ ചോരണം തുടങ്ങി ചൈനയ്‌ക്കെതിരെ യുഎസ് ആരോപിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഉടനടി ആരംഭിക്കും ഇതെല്ലാം 90 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള 10 ശതമാനം താരിഫ് 25 ശതമാനമായി ഉയര്‍ത്തുന്നതിനു പുറമെ 267 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിക്ക് ബാധകമാക്കുകയും ചെയ്യും. ഫെന്റനല്‍ എന്ന സിന്തറ്റിക് ഓപിയോയിഡ് കയറ്റുമതി നിയന്ത്രിത വിഭാഗത്തില്‍ ഉള്‍പ്പെടുത്താനും ചൈന സമ്മതിച്ചു. വൈറ്റ് ഹൗസ് നേരത്തെ നിരോധിച്ച ക്വാല്‍കോം-എന്‍എക്‌സ്പി ഇടപാട് പുനപരിശോധിക്കാനുള്ള സന്നദ്ധത ട്രമ്പും പ്രകടമാക്കി.
വ്യാപാരയുദ്ധം തീരുമോ?
യുഎസ്-ചൈന വ്യാപാരയുദ്ധത്തില്‍ ചൈന കീഴടങ്ങിയതായും, ഇതോടെ ഏറ്റുമുട്ടല്‍ തീരാന്‍ സാദ്ധ്യതയുള്ളതായും പലരും കരുതുന്നുണ്ടങ്കിലും അത് അസ്ഥാനത്താണെന്നാണ് പല വിദഗ്ധരുടെയും വിലയിരുത്തല്‍. കാരണം യുഎസും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ എന്നെന്നത്തേക്കുമായി മാറിപ്പോയി. ഇനി അതു പഴയപടി ആയിരിക്കില്ല. കാല്‍ നൂറ്റാണ്ടായി ഐഫോണുകളും, വസ്ത്രങ്ങളും മറ്റു വ്യാവസായ ഉല്പന്നങ്ങിലും കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച് ലാഭമുണ്ടാക്കാന്‍ യുഎസിലെ വ്യവസായികള്‍, സ്വന്തം രാജ്യത്തെ ഫാക്ടറി ജീവനക്കാരെ അവഗണിച്ച്, ചൈനയിലെ കൂലി കുറഞ്ഞ തൊഴിലാളികളെ ആശ്രയിച്ചുവരുകയായിരുന്നു. നേരേ മറിച്ച് ചൈന 2000ത്തിനു ശേഷം 140 ബില്യണ്‍ ഡോളര്‍ യുഎസില്‍ നിക്ഷേപിച്ച്, ആഗോള സമ്പദ്ഘടനയുടെ 40 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഇരു സമ്പദ്ഘടനകളെയും കൂടുതലായി പരസ്പരം ബന്ധിപ്പിച്ചു. എന്നാല്‍ ഏതാണ്ട് ഒരു വര്‍ഷമായി യുഎസ് നടത്തുന്ന വാചാടോപം, താരിഫ് യുദ്ധം, നിക്ഷേപത്തിനും കയറ്റുമതിക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടങ്ങിയവയെല്ലാം ചൈനീസ് ബിസിനസുകാരുടെയും ഗവണ്മെന്റ് അധികൃതരുടെയും വിശ്വാസം ഇളക്കിമറിച്ചു. അമേരിക്കന്‍ പങ്കാളി പ്രവചനാതീതനായി കാണപ്പെട്ടു. കാനഡയും മെക്‌സിക്കോയുമായി കാല്‍ നുറ്റാണ്ടായി നിലനിന്ന വ്യാപാര കരാര്‍ പൊളിച്ചെഴുതിയത് അമേരിക്കന്‍ പ്രവചനാതീതതയുടെ ഉദാരഹണമായി. ചൈനയെ അമിതമായി ആശ്രയിക്കുന്നത് അപകടമാണെന്ന ചിന്ത അമേരിക്കന്‍ വ്യവസായികളെയും ബാധിച്ചു. ഇരു ഭാഗവും നയങ്ങളില്‍ മാറ്റം വരുത്തി. പ്രസിഡന്റ് ട്രമ്പ് 'അമേരിക്ക ആദ്യം' നയം ആവിഷ്‌കരിച്ചതിനുശേഷമുള്ള രണ്ടു വര്‍ഷങ്ങിളില്‍ വാഷിംഗ്ടണും ബെയ്ജിങ്ങിനുമിടയില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ചു. അത് പഴയപടി ആക്കുക അസാദ്ധ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.
90 ദിവസത്തെ ചര്‍ച്ചയിക്കിടില്‍ ചൈന അതിന്റെ ഗവണ്മെന്റ് നിയന്ത്രിത സാമ്പത്തിക സംവിധാനത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് വിദഗ്ദ്ധര്‍ ആരും കരുതുന്നില്ല. ചൈന അതിനു തയ്യാറാകുകയും താരിഫ് യുദ്ധം അവസാനിക്കുകയും ചെയ്താലും മൂലധനവും ഉല്പന്നങ്ങളും സ്വതന്ത്രമായി പ്രവഹിക്കുന്നതിനുള്ള തടസ്സങ്ങള്‍ നിലനില്‍ക്കും. 1930 നുശേഷം മറ്റേതൊരു അമേരിക്കന്‍ നേതാവും നടത്താന്‍ തയ്യാറാകാത്ത വിധമുള്ള താരിഫ് യുദ്ധത്തിനാണ് ട്രമ്പ് മുതിര്‍ന്നത്. കൂടാതെ ചൈനയ്‌ക്കെതിരായ അദ്ദേഹത്തിന്റെ യുദ്ധം വെറും ഇറക്കുമതി തീരുവയില്‍ ഒതുങ്ങുന്നതല്ല. സിലിക്കന്‍ വാലിയില്‍ ചൈനീസ് നീക്ഷേപം നിയന്ത്രിക്കുക, ഉയര്‍ന്ന സാങ്കേതികവിദ്യയുടെ കയറ്റുമതി നിയന്ത്രിക്കുക, സ്റ്റുഡന്റ-സയന്റിഫിക് വിസകള്‍ നിയന്ത്രിച്ച് ചൈനയുടെ കടന്നുകയറ്റം തടയുക തുടങ്ങിയവയെല്ലാം അതില്‍ പെടുന്നു. അക്കാര്യം ചൈനയ്ക്ക് നന്നായി അറിയാം. ചൈനീസ് ഇറക്കുമതിക്ക് യുഎസ് താരിഫ് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യാനയില്‍നിന്നും അയോവയില്‍നിന്നും സോയാബിന്‍ ഇറക്കുമതി ചെയ്യുന്നതിനു പകരം ബ്രസീലില്‍നിന്നും ഇറക്കുമതി ചെയ്ത് ചൈന തിരിച്ചടിച്ചു. ഉത്തര കൊറിയക്ക് എതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ചതിന്റെ പേരില്‍ ചൈനീസ് സാങ്കേതികവിദ്യാ വ്യവസായത്തിലെ ക്രൗണ്‍ ജുവലായ ഇസഡ്ടിഇ എന്ന പൊതുമേഖലാ ടെലികമ്യൂണിക്കേഷന്‍ കമ്പനിക്ക് ഘടക വസ്തുക്കള്‍ നല്‍കുന്നതിന് യുഎസ് ഏര്‍പ്പെടുത്തിയ വിലക്ക് സാങ്കേതിക വിദ്യകളില്‍ സ്വയംപര്യാപ്തത നേടേണ്ടതിന്റെ ആവശ്യകത ചൈനയെ ബോദ്ധ്യപ്പെടുത്തി. അത്തരത്തിലുള്ള നീക്കം ത്വരിതപ്പെടുത്തിയിരിക്കുകയാണ്, യുഎസുമായി ഒരു താല്കാലിക വെടിനിറുത്തല്‍ സമ്പാദിച്ച ശേഷം, ഷി ജിന്‍ പിങ്.
2017ല്‍ ലെറ്റീസ് സെമി കണ്ടക്ടര്‍ ചൈനീസ് ഗവണ്മെന്റ് പിന്തുണയുള്ള ഒരു കമ്പിനിക്ക് വില്‍ക്കാനുളള നീക്കം ട്രമ്പ് തടഞ്ഞതോടെ വളരെ സുപ്രധാനമായ ഉല്പന്നങ്ങള്‍ ചൈനയില്‍ നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്ന് ചൈനയ്ക്ക് ബോദ്ധ്യമായി. ചുരുക്കത്തില്‍ യുഎസില്‍നിന്നുള്ള കാര്‍ഷിക, വ്യവസായ ഉല്പന്നങ്ങളില്‍നിന്ന് അകലം പാലിക്കാന്‍ ചൈന നിര്‍ബ്ബന്ധിതമാകുകയാണ്. അതോടൊപ്പം ചൈനയിലുള്ള യുഎസ് കമ്പനികള്‍ വിയറ്റ്‌നാം പോലെ കുലി കുറഞ്ഞ രാജ്യങ്ങളിലേക്ക് മാറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. റോബോട്ടിക്‌സ്, ബയോടെക്‌നോളജി, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങളിലെ ഉന്നത സാങ്കേതിക വിദ്യകള്‍ കയറ്റുമതി നിയന്ത്രിക്കാന്‍ യുഎസ് കോമേഴ്‌സ് വകുപ്പ് ചട്ടങ്ങള്‍ ആവിഷ്‌കരിക്കുകയാണ്. ദേശസുരക്ഷ ഉറപ്പുവരുത്തുകയും, യുഎസ് സാങ്കേതിക മേല്‍ക്കോയ്മ നിലനിറുത്തുകയുണാണ് ലക്ഷ്യം. അമേരിക്കന്‍ സാങ്കേതികവിദ്യ മോഷ്ടിച്ചോ വാങ്ങിച്ചോ സിലിക്കന്‍ വാലിയെ മറികടക്കാന്‍ ചൈന ശ്രമിക്കുന്നു എന്ന ആശങ്കയാണ് സാങ്കേതികവിദ്യാ കൈമാറ്റതിന് തടസ്സം. പത്ത് സാങ്കേതികവിദ്യാ മേഖലകളിലുള്ള കമ്പനികള്‍ക്ക് വന്‍ സബ്‌സിഡി നല്‍കുന്ന പദ്ധതിയാണ് 'മേഡ്-ഇന്‍-ചൈന 2025'. അതുവഴി യുഎസ് കമ്പനികളെ മറികടന്ന് ലോക നേതൃത്വത്തിലേക്ക് ഉയരാമെന്ന് ചൈന കരുതുന്നു.
ചൈനീസ് കമ്പനികള്‍ക്ക് വന്‍തോതില്‍ സബ്‌സിഡി നല്‍കുകയും ചൈനീസ് മാര്‍ക്കറ്റില്‍ വിദേശ കമ്പനികള്‍ക്ക് പ്രവേശനം നിയന്ത്രിക്കുകയും ചൈനയില്‍ മുതല്‍മുടക്കുന്ന വിദേശ കമ്പനികള്‍ ചൈനീസ് കമ്പനികളുമായി സംയുക്ത സംരംഭം തുടങ്ങണമെന്ന് നിര്‍ദ്ദേശിക്കുന്നതുമായ ബെയ്ജിങിന്റെ ബിസിനസ് മോഡലാണ് യുഎസ് ഭരണകൂടം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നത്. യുഎസ് സമ്പദ്ഘടന പോലൊന്ന് ചൈനയും നടപ്പാക്കണമെന്നാണ് ട്രമ്പ് നിര്‍ദ്ദേശിക്കുന്നത്. അത് ചൈനയ്ക്ക് ഒട്ടും സ്വീകാര്യമായ ഒന്നല്ല. അക്കാര്യം എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. ചുരുക്കത്തില്‍ താരിഫ് യുദ്ധം ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാം; പക്ഷേ, ട്രമ്പിനു മുമ്പുള്ള ലോകത്തേക്ക് ചൈനയും യുഎസും തിരിച്ചുപോകില്ല.

Other News

 • ബിജെപി വിരുദ്ധ ബദലിനെ ഇടതുപക്ഷം പിന്തുണക്കും
 • വാട്ട്‌സ്ആപ്പിലേക്ക് ഇസ്രായേലി സ്‌പൈവെയറുകള്‍ കടന്നുകയറുന്നു
 • യുഎസില്‍ ക്രെഡിറ്റ് കാര്‍ഡ് പണം അടക്കാത്ത യുവാക്കളുടെ എണ്ണം കൂടുന്നു
 • കോളജ് അഡ്മിഷന് ഇനി 'പ്രതികൂല ഘടകങ്ങളും' മാര്‍ക്കാവും
 • ബിജെപി വിരുദ്ധ ബദലിനെ ഇടതുപക്ഷം പിന്തുണക്കും
 • മോഡിയുടെ 'കാര്‍മേഘസിദ്ധാന്തം' ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു
 • ഡല്‍ഹിയിലെ കുറഞ്ഞ പോളിംഗ് ശതമാനം ആര്‍ക്കാണ് ഗുണം ചെയ്യുക
 • പണക്കൊഴുപ്പിന്റെ മത്സരത്തില്‍ ബിജെപി വളരെ മുന്നില്‍
 • കറുത്ത സുന്ദരികള്‍ ചരിത്രം കുറിച്ചു
 • ട്രംപ് നികുതി വെട്ടിച്ചിരുന്നു: മാധ്യമ റിപ്പോര്‍ട്ട്
 • അസര്‍ പ്രശ്‌നത്തില്‍ ചൈന നിലപാട് മാറ്റിയത് വ്യക്തമായ ലക്ഷ്യങ്ങളോടെ
 • Write A Comment

   
  Reload Image
  Add code here