കണ്ണൂര്‍ വിമാനത്താവളം; മലബാറിനൊപ്പം ആഹ്‌ളാദം പങ്കിട്ട് മധ്യതിരുവിതാംകൂറും

Thu,Dec 06,2018


മലബാര്‍ മേഖലയുടെ വികസന വിഹായസിലേക്ക് ഡിസംബര്‍ 9ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയരുമ്പോള്‍ മധ്യതിരുവിതാംകൂര്‍ ഉള്‍പ്പെട്ട തെക്കന്‍ കേരളത്തിനും ശുഭപ്രതീക്ഷ. തെക്കന്‍ കേരളത്തില്‍നിന്ന് മലബാറിലെ കുടിയേറ്റ മേഖലകളിലേക്കും അവിടെ നിന്ന് പില്‍ക്കാലത്ത് വിദേശങ്ങളിലേക്കും കുടിയേറിയവര്‍ക്ക് നാടുമായും ബന്ധുക്കളുമായും ബന്ധപ്പെടാന്‍ തടസമായി നിന്നിരുന്ന യാത്രാക്ലേശങ്ങള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരവോടെ അറുതിയാവുകയാണ്. ഒപ്പം മലബാറിനേയും മധ്യതെക്കന്‍കേരളത്തെയും ബന്ധിപ്പിക്കുന്ന കാര്‍ഷികവ്യാപാരവ്യവസായ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകാന്‍ കണ്ണൂര്‍ വിമാനത്താവളം ഉപകരിക്കുമെന്ന പ്രതീക്ഷയ്ക്കും തിളക്കമേറി.
വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടിപ്പോയ വടക്കന്‍ ജില്ലകളിലെ ലക്ഷക്കണക്കിനുപേരുടെ യാത്രാദുരിതങ്ങള്‍ക്ക് കണ്ണൂരില്‍ വന്നുപോകുന്ന വിമാനങ്ങള്‍ വലിയ ആശ്വാസമാകും. മലബാര്‍ മേഖലയിലെ വിമാനയാത്രക്കാര്‍ക്ക് ഏക ആശ്രയമായിരുന്ന കരിപ്പൂരില്‍ നിര്‍ത്തിവച്ചിരുന്ന വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചതും ആഹ്‌ളാദം ഇരട്ടിപ്പിക്കുന്നു. ഇതിനെല്ലാം പുറമെയാണ് നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളെ മാത്രം ആശ്രയിച്ചിരുന്ന മധ്യതിരുവിതാംകൂറിനും തെക്കന്‍ കേരളത്തിനും കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആശ്വാസവും ആഹ്‌ളാദവും പകരും എന്ന ചര്‍ച്ച സജീവമായത്.
രണ്ടാം ലോകയുദ്ധശേഷമുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ഭാഗത്തുനിന്ന് കൃഷിഭൂമി തേടി നിരവധി കുടുംബങ്ങള്‍ മലബാറിലേക്ക് കുടിയേറിയിരുന്നു. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കുടിയേറ്റക്കാര്‍ വനഭൂമി വെട്ടിത്തെളിച്ച് താമസവും കാര്‍ഷികവൃത്തിയും ആരംഭിച്ചത്. പിന്നീട് ഇവരില്‍ നിന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമെല്ലാം കുടിയേറ്റമുണ്ടായി. ഇവരുടെ വേരുകള്‍ ഇപ്പോഴും തിരുവിതാംകൂറില്‍തന്നെ ഉള്ളതിനാല്‍ മലബാറിലും തിരുവിതാംകൂറിലുമുള്ള ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിന് ദീര്‍ഘയാത്ര ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സന്ദര്‍ശനസമയത്തിന്റെ ഏറിയ പങ്കും യാത്രയ്ക്കായി ചെലവഴിക്കേണ്ടിവരുന്ന ഇന്നലെകള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരവോടെ പഴങ്കഥയാവും.
കോട്ടയത്തോ തിരുവനന്തപുരത്തോ ഉള്ള ഒരു കുടുംബത്തിന് ഇതുവരെ കണ്ണൂരോ വയനാട്ടിലോ ഉള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ റോഡുമാര്‍ഗം പത്തും പന്ത്രണ്ടും മണിക്കൂര്‍ വീതം ഇരുഭാഗത്തേക്കും യാത്രചെയ്യേണ്ട ഗതികേടുണ്ടായിരുന്നു. താരതമ്യേന സാമ്പത്തിക ബാധ്യതയും കൂടും. അതേസമയം യാത്രയ്ക്ക് വിമാന സര്‍വീസുകളെ ആശ്രയിക്കുന്നതോടെ ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നുമാത്രമല്ല ഇതുവരെ നേരിടേണ്ടിവന്ന ക്ലേശങ്ങളും അധികച്ചെലവും ഇല്ലാതാവുകയും ചെയ്യും. തിരുവനന്തപുരംകൊച്ചികണ്ണൂര്‍കോഴിക്കോട് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന ആഭ്യന്തര സര്‍വീസ് മെച്ചപ്പെടുന്നതോടെ മലബാറുംം മധ്യകേരളവും തെക്കന്‍ കേരളവും അതിവേഗം ഒന്നായി മാറുകയും പരസ്പര വിനിമയവും സമ്പര്‍ക്കവും കൂടുതല്‍ ദൃഢമാവുകയും ചെയ്യും.
കാര്‍ഷിക വ്യാവസായികസാമ്പത്തിക മേഖലയിലുള്ളവര്‍ക്ക് അവരുടെ ബിസിനസ് വളര്‍ച്ചയ്ക്കും ഇടപാടുകള്‍ക്കും കണ്ണൂര്‍ വിമാനത്താവളം അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. കൂടുതല്‍ വിമാനക്കമ്പനികള്‍ ആഭ്യന്തര സര്‍വീസിനെത്തുന്നതോടെ അവര്‍ക്കിടയിലുള്ള കിടമത്സരം ടിക്കറ്റ് നിരക്കില്‍ ഗണ്യമായ കുറവുവരുത്തുമെന്നും പ്രതീക്ഷിക്കാം. ഇതിനുപുറമെ മലബാറുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതും വയനാടുമായി അതിര്‍ത്തി പങ്കിടുന്നതുമായ കര്‍ണാടകയുടെ തെക്കന്‍ മേഖലയിലെ കുടിയേറ്റമലയാളികള്‍ക്ക് കണ്ണൂര്‍ വിമാനത്താവളം അനുഗ്രഹമാകുമെന്നാണ് കണക്കാക്കുന്നത്.
അഞ്ചര ലക്ഷം ജനസംഖ്യയുള്ള കുടകില്‍ കേരളത്തില്‍ നിന്ന് കുടിയേറിയ മലയാളികള്‍ക്ക് ഗണ്യമായ സ്ഥാനമുണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന കുടകിലേക്ക് തെക്കന്‍ കേരളത്തില്‍ നിന്നടക്കം ലക്ഷക്കണക്കിന് ടൂറിസ്റ്റുകളും എത്തുന്നുണ്ട്. 13 ലക്ഷം ടൂറിസ്റ്റുകളാണ് കഴിഞ്ഞവര്‍ഷം കുടകില്‍ എത്തിയത്. കുടക് ജില്ലയില്‍ ടൂറിസം രംഗത്തുള്ള വന്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ യൂണിറ്റുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകളിലുമാണ്. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന നിരതമാകുന്നതോടെ കേരളത്തിലെമ്പാടുമുള്ള മലയാളികള്‍ക്ക് കിലോമീറ്ററുകളോളം റോഡുവഴിയുള്ള നെടുങ്കന്‍ യാത്ര ഒഴിവാക്കി കുറഞ്ഞ സമയത്തിനുള്ളില്‍ തിരുവനന്തപുരത്തുനിന്നോ നെടുമ്പാശേരിയില്‍ നിന്നോ കണ്ണൂരിലോ കരിപ്പൂരിലോ എത്തി മൈസൂരിലേക്കും കുടകിലേക്കും പോകാന്‍ കഴിയും.
ഏറ്റവും കൂടുതല്‍ മലയാളികള്‍ യാത്ര ചെയ്യാറുള്ള സ്ഥലമാണ് മലബാറില്‍ നിന്ന് ഏറെ ദൂരെയല്ലാത്ത മൈസൂര്‍. വിനോദ സഞ്ചാരികളുടെ പ്രധാന ലക്ഷ്യകേന്ദ്രമായ മൈസൂരില്‍ നിരവധി ആളുകളാണ് ദിവസേന എത്തിച്ചേരുന്നത്. മൈസൂര്‍ കൊട്ടാരം, ചാമുണ്ഡിമല, മൈസൂര്‍ മൃഗശാല, ആര്‍ട്ട് ഗാലറി, ലളിതമഹല്‍ കൊട്ടാരം, സെന്റ് ഫിലോമിനാസ് ചര്‍ച്ച്, കാരഞ്ചി തടാകം, രംഗനതിട്ടു പക്ഷിസങ്കേതം, ബൃന്ദാവന്‍ ഗാര്‍ഡന്‍, റെയില്‍ മ്യൂസിയം, ജയലക്ഷ്മി കൊട്ടാരം, കുക്കരഹള്ളി തടാകം എന്നിവയെല്ലാം മൈസൂരിന്റെ പ്രധാന കാഴ്ചകളാണ്. അതേപോലെതന്നെ കര്‍ണാടകയിലെ തന്നെ കൂര്‍ഗ് മലയാളികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് മൂന്നാറില്‍ എത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ കൂര്‍ഗില്‍ എത്തിച്ചേരാം.

Other News

 • ബിജെപി വിരുദ്ധ ബദലിനെ ഇടതുപക്ഷം പിന്തുണക്കും
 • വാട്ട്‌സ്ആപ്പിലേക്ക് ഇസ്രായേലി സ്‌പൈവെയറുകള്‍ കടന്നുകയറുന്നു
 • യുഎസില്‍ ക്രെഡിറ്റ് കാര്‍ഡ് പണം അടക്കാത്ത യുവാക്കളുടെ എണ്ണം കൂടുന്നു
 • കോളജ് അഡ്മിഷന് ഇനി 'പ്രതികൂല ഘടകങ്ങളും' മാര്‍ക്കാവും
 • ബിജെപി വിരുദ്ധ ബദലിനെ ഇടതുപക്ഷം പിന്തുണക്കും
 • മോഡിയുടെ 'കാര്‍മേഘസിദ്ധാന്തം' ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു
 • ഡല്‍ഹിയിലെ കുറഞ്ഞ പോളിംഗ് ശതമാനം ആര്‍ക്കാണ് ഗുണം ചെയ്യുക
 • പണക്കൊഴുപ്പിന്റെ മത്സരത്തില്‍ ബിജെപി വളരെ മുന്നില്‍
 • കറുത്ത സുന്ദരികള്‍ ചരിത്രം കുറിച്ചു
 • ട്രംപ് നികുതി വെട്ടിച്ചിരുന്നു: മാധ്യമ റിപ്പോര്‍ട്ട്
 • അസര്‍ പ്രശ്‌നത്തില്‍ ചൈന നിലപാട് മാറ്റിയത് വ്യക്തമായ ലക്ഷ്യങ്ങളോടെ
 • Write A Comment

   
  Reload Image
  Add code here