യുപിഎ കാലത്തെ സാമ്പത്തിക വളര്‍ച്ച കുറച്ചുകാണിക്കാന്‍ കളളക്കണക്ക്?

Thu,Dec 06,2018


ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്ഘടനയാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ സംബന്ധിച്ച മിക്ക കാര്യങ്ങളും ഇന്നിപ്പോള്‍ തര്‍ക്കവിഷയങ്ങളാണ്. കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്ന വര്‍ഷങ്ങളിലെ സാമ്പത്തിക വളര്‍ച്ച കുറച്ചുകാണിക്കാന്‍ പുതിയ ജിഡിപി സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവിട്ട ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. ഗവണ്മെന്റിന്റെ പഴയ കണക്കുകള്‍ ഉപേക്ഷിച്ച് ഒരു 'സ്വതന്ത്ര' സമിതിയാണ് പുതിയ കണക്കുകള്‍ തയ്യാറാക്കിയിട്ടുള്ളത്. 2004 മുതല്‍ 2014 വരെ അധികാരത്തിലുണ്ടായിരുന്ന യുപിഎ ഗവണ്മെന്റ് ഒരു ദശകത്തിനിടയില്‍ കൈവരിച്ച ശരാശരി വളര്‍ച്ച 6.7% ആയിരുന്നു എന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് (സിഎസ്ഒ) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. മുമ്പ് തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം അത് 7.8% ആയിരുന്നു. 'വലിയ തമാശ' എന്നാണ് മുന്‍ ധനമന്ത്രി പി ചിദംബരം പുതിയ കണക്കുകളെക്കുറിച്ചു പറഞ്ഞത്. സിഎസ്ഒ വിശ്വാസ്യതയുള്ള സ്ഥാപനമാണെന്നായിരുന്നു ഇപ്പോഴത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അതിനു നല്‍കിയ മറുപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി വല്ലാത്ത ഒരവസ്ഥയില്‍ പെട്ടിരിക്കുന്ന സമയത്താണ് ഈ വിവാദം ഉണ്ടായിട്ടുള്ളത് എന്നതാണ് ശ്രദ്ധേയം. ജൂലൈ-സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീകഷിച്ചിരുന്നതിനേക്കാള്‍ ദുര്‍ബ്ബലമായിരുന്നു (7.1%). രണ്ടു വര്‍ഷങ്ങളിലെ ഏറ്റവുമുയര്‍ന്ന വളര്‍ച്ചാനിരക്കായിരുന്ന 8.2%ആയിരുന്നു മുന്‍ ക്വാര്‍ട്ടറില്‍ കൈവരിച്ചത്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നേരിടേണ്ട നേതാവാണ് നരേന്ദ്ര മോദി. തന്റെ നേതൃത്വത്തിലുള്ള ബിസിനസ് അനുകൂല ഗവണ്മെന്റിനു കോണ്‍ഗ്രസ് ഗവണ്മെന്റിന്റെ കാലത്തു കൈവരിച്ച വളര്‍ച്ചപോലും കൈവരിക്കാന്‍ കഴിഞ്ഞില്ല എന്നത് തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ വിഷയമായി ഉയര്‍ന്നുവരുമെന്നുറപ്പാണ്. ഇപ്പോഴത്തെ വിവാദം ഇന്ത്യയിലെ സമുന്നതരായ സ്ഥിതിവിവരകണക്ക് വിദഗ്ദ്ധരെയും പരിഭ്രാന്തരാക്കുന്നുണ്ട്. ബില്യണ്‍ കണക്കിന് അസംഘടിത തൊഴിലാളികള്‍ പണിയെടുക്കുന്ന ഒരു സമ്പദ്ഘടനയുടെ വളര്‍ച്ചയും തൊഴിലില്ലായ്മയും വിലയിരുത്തുന്ന വളരെ ആയാസകരമായ ജോലിയിലാണവര്‍ ഏര്‍പ്പെട്ടിട്ടുള്ളത്. വാട്ട്‌സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന കമന്റ് വളരെ രസാവഹമാണ്: 'സെമി ഫൈനലില്‍ ഇന്ത്യ തോറ്റുപുറത്തായ കഴിഞ്ഞ ലോക കപ്പ് ക്രിക്കറ്റ് ഇന്ത്യ ജയിച്ചതായി പ്രഖ്യാപിക്കുന്നതിനുള്ള പുതിയ കണക്കുകൂട്ടല്‍ രീതി ഗവണ്മെന്റ് തയ്യാറാക്കു'മത്രേ.
മറ്റു പല പ്രധാന സമ്പദ്ഘടനകളില്‍നിന്നും വ്യത്യസ്തമായി ഇന്ത്യക്കു സ്വതന്ത്രമായ ഒരു സ്റ്റാറ്റിറ്റിക്‌സ് ഏജന്‍സിയില്ല. 2005ല്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് കമ്മീഷന്‍ (എന്‍എസ്‌സി) രൂപീകരിച്ചുവെങ്കിലും സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നതിനുള്ള ഔദ്യോഗിക സംവിധാനമായി അതിന് ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. ജിഡിപിയുടെ പുതിയ കണക്കുകള്‍ തയ്യാറാക്കുന്നതിനായി സാമ്പത്തിക വിദഗ്ദ്ധനായ സുദിപ്‌തോ മുണ്ടലെയുടെ നേതൃത്വത്തില്‍ എന്‍എസ്‌സി ഒരു സമിതിക്കു രൂപം നല്‍കി. കഴിഞ്ഞ ജൂലൈയില്‍ പ്രസിദ്ധീകരിച്ച അതിന്റെ റിപ്പോര്‍ട്ട് പ്രകാരം ബിജെപി അധികാരമേല്‍ക്കുന്നതിനു മുമ്പുള്ള ഒരു ദശകത്തില്‍ ഇന്ത്യ കൈവരിച്ച ശരാശരി വളര്‍ച്ച 8.1% ആയിരുന്നു. കോണ്‍ഗ്രസ് അതിനെ സ്വാഗതം ചെയ്തപ്പോള്‍ റിപ്പോര്‍ട്ട് അന്തിമമായിട്ടില്ലെന്നും ചില ബദല്‍ രീതികള്‍കൂടി ആവിഷ്‌ക്കരിക്കുകയാണെന്നുമുള്ള വിശദീകരണവുമായി ഗവണ്മെന്റ് രംഗത്തുവരികയും വെബ്‌സൈറ്റില്‍നിന്നും റിപ്പോര്‍ട്ട് അപ്രത്യകഷമാകുകയും ചെയ്തു. രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ കാര്യങ്ങളെല്ലാം കൂടുതല്‍ രാഷ്ട്രീയമാകുകയാണെന്നും അത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും മുണ്ടലെ പറഞ്ഞു. എന്‍എസ്‌സിയുടെ പദവി ഔദ്യോഗികമാക്കുന്നതിനുള്ള ശ്രമത്തെ ഇരു പാര്‍ട്ടികളും എതിര്‍ത്തു. ഗവണ്‍മെന്റില്‍നിന്നും സ്വതന്ത്രമായ ഒരു ഏജന്‍സി ഉണ്ടാകണമെന്നതില്‍ ഇരു കക്ഷികളും താല്‍പ്പര്യം കാട്ടിയില്ല. 130 കോടി ജനങ്ങളുള്ള രാജ്യത്തിന്റെ പ്രകടനം വിലയിരുത്താനുള്ള അവസരമാണ് നഷ്ടമാകുന്നത്. 2015നുശേഷം ഇന്ത്യ ഔദ്യോഗിക തൊഴില്‍ സര്‍വേ പ്രസിദ്ധീകരിച്ചിട്ടില്ല. മാര്‍ച്ചില്‍ പുതിയ രീതികളുമായി ഗവണ്മെന്റ് വന്നതിനു ശേഷം 10ലധികം തൊഴിലാളികള്‍ പണിയെടുക്കുന്ന കമ്പനികളെക്കുറിച്ച് ഓരോ ക്വാര്‍ട്ടറിലും പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയുടെ വിശാലമായ അനൗപചാരിക മേഖലയിലെ തൊഴിലവസരങ്ങള്‍ കണക്കാക്കുന്നത് അസാധ്യമായ ഒരു കാര്യമാണെന്നും ആ വിടവ് പരസ്പരം മത്സരിക്കുന്ന രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതായും വിദഗ്ധര്‍ പറയുന്നു. പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതില്‍ പരാജയപ്പെട്ട ഇപ്പോഴത്തെ ഗവണ്മെന്റ് കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന ഗവണ്മെന്റ് ഒരു ദശകക്കാലം കൈവരിച്ച വളര്‍ച്ച തങ്ങളുടേതിനേക്കാള്‍ കുറവായിരുന്നുവെന്നു സ്ഥാപിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. അതാണ് ഇപ്പോഴത്തെ ജിഡിപി വിവാദത്തിനു പിന്നില്‍. എന്‍ഡിഎ ഗവണ്മെന്റിന്റെ ശരാശരി വളര്‍ച്ച 7.35% മാത്രമായിരിക്കെയാണ് ഒരു ദശകക്കാലത്തെ ശരാശരി വളര്‍ച്ച 7.75%ത്തില്‍നിന്നും 6.82%ത്തിലേക്ക് കുറച്ചത്. യുപിഎ ഭരണകാലത്ത് കോര്‍പ്പറേറ്റ് ഇന്ത്യ ജിഡിപി വളര്‍ച്ചയുടെ 2.7 മടങ്ങു വളര്‍ച്ച നേടിയെന്നും എന്‍ഡിഎ ഭരണകാലത്ത് അത് 0.7% മായി ചുരുങ്ങുകയാണുണ്ടായതെന്നും പുതിയ റിപ്പോര്‍ട്ട് പറയുന്നു. പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലെ രാഷ്ട്രീയ ഇടപെടല്‍ വിവാദമായിരിക്കുകയാണ്. 1951 മുതല്‍ ഇന്ത്യയുടെ ദേശീയ സ്ഥിതിവിവര കണക്കുകള്‍ തയ്യാറാക്കുന്നതും കൈകാര്യം ചെയ്യുന്നതും സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് കമ്മീഷനായിരുന്നു. എന്നാല്‍ പുതിയ കണക്കുകള്‍ പുറത്തുവിട്ടത് നീതി ആയോഗുമായി ചേര്‍ന്നാണ്. ഇതേത്തുടര്‍ന്നാണ് രാഷ്ട്രീയ ഇടപെടലിന്റെയും സിഎസ്ഒയുടെ പദവി ഇല്ലാതാക്കുന്നതിന്റെയും ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ ജിഡിപി കണക്കുകള്‍ പുറത്തുവിടുന്നതിലുള്ള പങ്കാളിത്തത്തെ ന്യായീകരിക്കുകയാണ് നീതി ആയോഗ് ചെയര്‍മാന്‍ ചെയ്തത്. ജിഡിപി വിശാല സമ്പദ്ഘടനയുമായി ബന്ധപ്പെട്ടതാണെന്നും സ്ഥിതിവിവര കണക്കുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത് നീതി ആയോഗാണെന്നുമായിരുന്നു ന്യായീകരണമായി പറഞ്ഞത്. എന്നാല്‍ ഒരു രാഷ്ട്രീയ സ്ഥാപനം സ്ഥിതിവിവര കണക്കുകള്‍ തയ്യാറാക്കുന്നതില്‍ പങ്കുവഹിക്കുന്നത് ഇതാദ്യമാണെന്നും ഇത് സ്വതന്ത്രമായി സ്ഥിതിവിവര കണക്കുകള്‍ തയ്യാറാക്കുന്നതിന് വലിയ ദോഷം ചെയ്യുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. പരിഷ്‌ക്കരിച്ച രീതിയിലുളള സ്ഥിതിവിവര കണക്കുകളുടെ പൂര്‍ണ്ണ വിവരം ലഭ്യമായിട്ടില്ല. എന്നാല്‍ യുപിഎ ഗവണ്മെന്റിന്റെ കാലത്ത് 9 ശതമാനത്തിലധികം വളര്‍ച്ച നേടിയ 4 വര്‍ഷങ്ങളുണ്ടെന്നും ഗവണ്മെന്റിന്റെ മറ്റൊരു ഏജന്‍സി തയ്യാറാക്കിയ കണക്കുകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ അത് 'അനൗദ്യോഗിക' കണക്കായിരുന്നു എന്നു പറഞ്ഞ് തള്ളിക്കളയുകയായിരുന്നു ഗവണ്മെന്റ്. ഒടുവില്‍ കഴിഞ്ഞ മാസമാദ്യം അത് റദ്ദാക്കുകയും ചെയ്തു. ഇതെല്ലാം നടക്കുമ്പോഴാണ് ചീഫ് സ്റ്റാറ്റിറ്റിഷ്യന്‍ പദവി ഒഴിഞ്ഞത്. ഒക്ടോബര്‍വരെയുള്ള 8 മാസങ്ങളില്‍ ആ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഗവണ്മെന്റിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് നേരെതന്നെയാണ് ഈ കാലവിളംബം വിരല്‍ ചൂണ്ടുന്നത്.
ജിഡിപിയുടെ കാര്യത്തില്‍ മാത്രമല്ല, മറ്റു പല സ്ഥിതിവിവര കണക്കുകളും ലഭ്യമല്ലാത്ത സ്ഥിതിയാണ് ഈ ഗവണ്മെന്റിനു കീഴില്‍ ഉണ്ടായിട്ടുള്ളത്. റാഫേല്‍ യുദ്ധവിമാനങ്ങളുടെ വില സംബന്ധിച്ച അതീവ രഹസ്യമായ കണക്കുകള്‍ മുതല്‍ രാജ്യത്തെ തൊഴില്‍ സ്ഥിതിയെ സംബന്ധിച്ച കണക്കുകള്‍വരെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ജാതി സെന്‍സസ് സംബന്ധിച്ച കണക്കുകളും നോട്ടു നിരോധനത്തിന്റെ ആര്‍ബിഐ കണക്കുകളും പുറത്തുവിടുന്നതില്‍ വലിയ കാലവിളംബമാണ് സംഭവിച്ചത്. ഈ ആവസരത്തില്‍ത്തന്നെയാണ് 2017ല്‍ ജിഡിപിയില്‍ സംഭവിച്ച കുറവിന്റെ വിശദീകരണവുമായി മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം രംഗത്തുവന്നത്. നോട്ടുനിരോധനത്തിന് മുമ്പുണ്ടായിരുന്ന 6 ക്വാര്‍ട്ടറുകളില്‍ ശരാശരി 8% ഉണ്ടായിരുന്ന സാമ്പത്തിക വളര്‍ച്ച അതിനുശേഷമുള്ള 7 ക്വാര്‍ട്ടറുകളില്‍ 6.8%ത്തോളമായി ചുരുങ്ങിയെന്നാണ് അദ്ദേഹം പറയുന്നത്.

Other News

 • ബിജെപി വിരുദ്ധ ബദലിനെ ഇടതുപക്ഷം പിന്തുണക്കും
 • വാട്ട്‌സ്ആപ്പിലേക്ക് ഇസ്രായേലി സ്‌പൈവെയറുകള്‍ കടന്നുകയറുന്നു
 • യുഎസില്‍ ക്രെഡിറ്റ് കാര്‍ഡ് പണം അടക്കാത്ത യുവാക്കളുടെ എണ്ണം കൂടുന്നു
 • കോളജ് അഡ്മിഷന് ഇനി 'പ്രതികൂല ഘടകങ്ങളും' മാര്‍ക്കാവും
 • ബിജെപി വിരുദ്ധ ബദലിനെ ഇടതുപക്ഷം പിന്തുണക്കും
 • മോഡിയുടെ 'കാര്‍മേഘസിദ്ധാന്തം' ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു
 • ഡല്‍ഹിയിലെ കുറഞ്ഞ പോളിംഗ് ശതമാനം ആര്‍ക്കാണ് ഗുണം ചെയ്യുക
 • പണക്കൊഴുപ്പിന്റെ മത്സരത്തില്‍ ബിജെപി വളരെ മുന്നില്‍
 • കറുത്ത സുന്ദരികള്‍ ചരിത്രം കുറിച്ചു
 • ട്രംപ് നികുതി വെട്ടിച്ചിരുന്നു: മാധ്യമ റിപ്പോര്‍ട്ട്
 • അസര്‍ പ്രശ്‌നത്തില്‍ ചൈന നിലപാട് മാറ്റിയത് വ്യക്തമായ ലക്ഷ്യങ്ങളോടെ
 • Write A Comment

   
  Reload Image
  Add code here