യുഎസില്‍ ആയുര്‍ദൈര്‍ഘ്യം എന്തുകൊണ്ട് വീണ്ടും കുറയുന്നു

Thu,Dec 06,2018


അമേരിക്കക്കാരുടെ ആയുര്‍ദൈര്‍ഘ്യം കഴിഞ്ഞ വര്‍ഷം വീണ്ടും കുറഞ്ഞു. ആയുര്‍ദൈര്‍ഘ്യം കുറയുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യുന്നതിനായി ഫെഡറല്‍, ലോക്കല്‍ ഫണ്ടുകള്‍ ധാരാളമായി ചിലവഴിച്ചിട്ടും ഇതാണ് സ്ഥിതി. രോഗനിയന്ത്രണ,പ്രതിരോധ കേന്ദ്രങ്ങള്‍ പുറത്തുവിട്ട സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ആയുര്‍ദൈര്‍ഘ്യത്തില്‍ സംഭവിച്ച കുറവ് ഒരു വര്‍ഷത്തിന്റെ പത്തിലൊരു ഭാഗമാണ്. ഇപ്പോള്‍ ആയുര്‍ദൈര്‍ഘ്യം ശരാശരി 78.6 വര്‍ഷങ്ങളാണ്. കഴിഞ്ഞ ഒരു ദശകത്തോളമായി ആത്മഹത്യകള്‍ വര്‍ദ്ധിച്ചതും, ഫെന്റണല്‍ പോലുള്ള മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗം മൂലം മരണങ്ങള്‍ കൂടിയതും ആയുര്‍ദൈര്‍ഘ്യം കുറയുന്നതിന് കാരണമായി. കഴിഞ്ഞ വര്‍ഷം ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നതിന് ഫ്‌ളൂ, ന്യുമോണിയ, ഡയബറ്റിസ് തുടങ്ങിയ രോഗങ്ങളും ഘടകമായി. ഒരു രാജ്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതില്‍ ആയുര്‍ദൈര്‍ഘ്യം പ്രധാന ഘടകമായി സാമ്പത്തിക വിദഗ്ദ്ധരും പൊതുജനാരോഗ്യ വിദഗ്ദ്ധരും കണക്കാക്കുന്നു. യുഎസിലെ ആരോഗ്യ, ക്ഷേമ മേഖലകളുടെ ഇരുണ്ട ചിത്രമാണ് 2017ലെ സ്ഥിതിവിവര കണക്കുകള്‍ അവതരിപ്പിക്കുന്നത്. പ്രത്യേകിച്ചും യുവാക്കളിലും മദ്ധ്യവയസ്‌കരിലും വര്‍ദ്ധിച്ചുവരുന്ന ലഹരി ആസക്തി, നിരാശ, വൃദ്ധജനങ്ങളെ അലട്ടുന്ന രോഗങ്ങള്‍, വഹിക്കാന്‍ കഴിയാത്ത ആരോഗ്യ സംരക്ഷണ ചിലവുകള്‍ എന്നിവയെല്ലാമാണ് അത് പ്രകടമാക്കുന്നത്.
സമ്പദ്ഘടന ശക്തിനേടുന്നുവെന്ന് പറയുമ്പോഴും അത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ടോ എന്നു തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. 2014നുശേഷം ആയുര്‍ദൈര്‍ഘ്യത്തില്‍ ഒരു വര്‍ഷത്തിന്റെ പത്തില്‍ മൂന്നു ഭാഗമാണ് നഷ്ടപ്പെട്ടത്. ഒരു വികസിത രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു തിരിച്ചടിയാണ്. ഇക്കാര്യത്തില്‍ യുഎസ് മറ്റു സമ്പന്ന രാഷ്ട്രങ്ങളുടെ പിന്നിലാണ്. സാമ്പത്തിക സഹകരണത്തിനും വികസനത്തിനായുള്ള സംഘടന (ഒഇസിഡി) ഏറ്റവുമൊടുവില്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക പ്രകാരം ആയുര്‍ദൈര്‍ഘ്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള ജപ്പാനില്‍ അത് 84.1 വര്‍ഷമാണെങ്കില്‍ രണ്ടാം സ്ഥാനത്തുള്ള സ്വിറ്റസര്‍ലണ്ടില്‍ 83.7 വര്‍ഷമാണ്. യുഎസ് 29-ാം സ്ഥാനത്താണ്. മരണനിരക്കുകളില്‍ ഏറ്റവും വഷളായ നിരക്കുകള്‍ കാണിച്ചത് വെള്ളക്കാരായ പിരുഷന്മാരും സ്ത്രീകളുമാണ്. കറുത്തവരായ പുരുഷന്മാരും അവര്‍ക്കൊപ്പമുണ്ട്. 25 മുതല്‍ വരെ 44 വയസുള്ളവരിലാണ് മരണനിരക്ക് കൂടുതലായി കണ്ടത്. രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലാണ് ആത്മഹത്യാ നിരക്കുകള്‍ വര്‍ദ്ധിച്ചുകാണുന്നത്. അതേ സമയം കറുത്തവരും ഹിസ്പാനിക്കുകളുമായ സ്ത്രീകളില്‍ മരണനിരക്ക് കുറയുകയാണ്. ഹിസ്പാനിക്കുകളായ പുരുഷന്മാരുടെ കാര്യത്തില്‍ മരണനിരക്കില്‍ മാറ്റമൊന്നുമില്ല. മയക്കുമരുന്നുപയോഗവും ആത്മഹത്യയും കാരണവുമുള്ള മരണനിരക്ക് കൂടുമ്പോള്‍ത്തന്നെ രാജ്യത്ത് ഏറ്റവും വലിയ കൊലയാളിയായി കാണപ്പെടുന്ന ഹൃദ്രോഗങ്ങള്‍ മൂലമുള്ള മരണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ മറ്റു കാരണങ്ങള്‍ മൂലമുണ്ടാകുന്ന മരണനിരക്കിലെ വര്‍ദ്ധനവ് മറികടക്കാന്‍ ഈ കുറവിന് കഴിയുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്നത്. ഹൃദ്രോഗം മൂലമുള്ള മരണങ്ങള്‍ ഒരു ദശകമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ക്കൊപ്പംതന്നെ പുകവലിക്കെതിരായി നടത്തുന്ന പ്രചാരണ പരിപാടികളും അതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഹൃദ്രോഗം മൂലമുള്ള മരണങ്ങളില്‍ സംഭവിക്കുന്ന കുറവ് സ്തംഭനാവസ്ഥയിലാണ്. 2015ല്‍ നേരിയ വര്‍ദ്ധനവുമുണ്ടായി.
ഒന്നാമത്തെ കൊലയാളിയായ ഹൃദ്രോഗത്തിന്റെ ഫലമായുള്ള മരണങ്ങളില്‍ സംഭവിക്കുന്ന കുറവില്‍ സ്തംഭനാവസ്ഥ നേരിടുകയാണെങ്കിയിലും രണ്ടാമത്തെ കൊലയാളിയായ കാന്‍സര്‍ മൂലമുള്ള മരണങ്ങള്‍ 1990കള്‍ക്ക് ശേഷം നിരന്തരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അങ്ങനെ അല്ലായിരുന്നെങ്കില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ സംഭവിക്കുന്ന കുറവ് ഇതിലും വളരെ വലുതാകുമായിരുന്നു. മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം കാരണമുള്ള മരണങ്ങള്‍ 2015നും 2017നുമിടയില്‍ കുതിച്ചുയര്‍ന്നു. പ്രത്യേകിച്ചും 25നും 54നും മദ്ധ്യേ പ്രായമുള്ള വിഭാഗത്തിലാണ് അത് വളരെ പ്രകടമായത്. ആ സമയത്ത് ഫെന്റാനലിന്റെയും മറ്റു സിന്തറ്റിക് മയക്കുമരുന്നുകളുടെയും നിയമവിരുദ്ധമായ വ്യാപാരം യുഎസില്‍ വ്യാപകമായിരുന്നു. 2017ല്‍ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം കാരണമുള്ള മരണങ്ങള്‍ 45% വര്‍ധിച്ചപ്പോള്‍ 2010നുശേഷം വര്‍ദ്ധിച്ചുകൊണ്ടിരുന്ന ഹെറോയിന്‍ ഉപയോഗം കാരണമുള്ള മരണനിരക്ക് അതേപടി നിലനിന്നു. മെതംഫെറ്റമിന്‍, കൊക്കെയിന്‍ എന്നിവയുടെ ഉപയോഗവും യുഎസില്‍ വര്‍ദ്ധിക്കുകയാണ്. എന്നാല്‍ അവ മൂലമുണ്ടാകുന്ന മരണം പ്രത്യേകം കണക്കാക്കിയിട്ടില്ല. ആയുര്‍ദൈര്‍ഘ്യത്തില്‍ സംഭവിക്കുന്ന കുറവ് അധികം നീണ്ടുപോകില്ലെന്ന പ്രതീക്ഷയാണുള്ളത്. മയക്കുമരുന്നിന്റെ അമിതമായ ഉപയോഗം മൂലമുണ്ടായ മരണങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2017ല്‍ കുറവായിരുന്നു. കഴിഞ്ഞ വര്‍ഷവും നേരിയ കുറവുണ്ടായി. മയക്കുമരുന്നുപയോഗം മൂലമുള്ള മരണനിരക്ക് വളരെ കൂടുതലാണെങ്കിലും അത് കുറയുകയാണ്.
മയക്കുമരുന്നുപയോഗ പ്രതിസന്ധി നേരിടുന്നതിനായി ഫെഡറല്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍ കൂടുതല്‍ പണം ചിലവഴിച്ചു. ഒരു ബില്യണോളം ഡോളറാണ് 2017ല്‍ സംസ്ഥാനങ്ങള്‍ക്ക് ഇതിനായി ഗ്രാന്‍ഡായി നല്‍കിയത്. മയക്കുമരുന്നുകള്‍ ചേര്‍ന്ന ഔഷധങ്ങള്‍ കുറിക്കുന്നതില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ വരുത്തുകയും അമിതമായ മയക്കുമരുന്നുപയോഗം തടയുന്നതിനുള്ള ഔഷധങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുകയും ചെയ്തു. ഇപ്പോള്‍ അനുഭവപ്പെടുന്ന കുറവിന് മറ്റു പലതിന്റെയും കൂട്ടത്തില്‍ ഇതും ഘടകമാണ്. ആത്മഹത്യകളില്‍ 2017ല്‍ 3.7% വര്‍ദ്ധനയുണ്ടായി. 1999നുശേഷം ആത്മഹത്യാ നിരക്കുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ട്. ഗ്രാമങ്ങളിലാണ് ആത്മഹത്യകള്‍ കൂടുതലും നടക്കുന്നത്. സാമ്പത്തിക പ്രയാസങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവ കാരണമുണ്ടാകുന്ന മാനസികാഘാതങ്ങള്‍ക്കൊപ്പം മാരകങ്ങളായ തോക്കുകളും മയക്കുമരുന്നുകളും ലഭ്യമാകുന്നതും മതിയായ സംരക്ഷണം ലഭിക്കാത്തതും ആത്മഹത്യ നിരക്കുകള്‍ ഉയരുന്നതിന് ഇടയാക്കുന്നു. മരണത്തിന്റെ കാരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ തുടങ്ങിയതും ഇതിന്റെ സംഖ്യ ഉയരുന്നതിനിടയാക്കി. ആത്മഹത്യകള്‍ തടയുന്നതിനുള്ള പുതിയ പരിപാടികള്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവയുടെ ഫലം അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. ശാസ്ത്രം വളരെ പുരോഗമിക്കുന്നതിനൊപ്പംതന്നെ ആത്മഹത്യകള്‍ എങ്ങനെ തടയാം എന്നതിന്റെ ഉത്തരങ്ങളും ലഭിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

Other News

 • ബിജെപി വിരുദ്ധ ബദലിനെ ഇടതുപക്ഷം പിന്തുണക്കും
 • വാട്ട്‌സ്ആപ്പിലേക്ക് ഇസ്രായേലി സ്‌പൈവെയറുകള്‍ കടന്നുകയറുന്നു
 • യുഎസില്‍ ക്രെഡിറ്റ് കാര്‍ഡ് പണം അടക്കാത്ത യുവാക്കളുടെ എണ്ണം കൂടുന്നു
 • കോളജ് അഡ്മിഷന് ഇനി 'പ്രതികൂല ഘടകങ്ങളും' മാര്‍ക്കാവും
 • ബിജെപി വിരുദ്ധ ബദലിനെ ഇടതുപക്ഷം പിന്തുണക്കും
 • മോഡിയുടെ 'കാര്‍മേഘസിദ്ധാന്തം' ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു
 • ഡല്‍ഹിയിലെ കുറഞ്ഞ പോളിംഗ് ശതമാനം ആര്‍ക്കാണ് ഗുണം ചെയ്യുക
 • പണക്കൊഴുപ്പിന്റെ മത്സരത്തില്‍ ബിജെപി വളരെ മുന്നില്‍
 • കറുത്ത സുന്ദരികള്‍ ചരിത്രം കുറിച്ചു
 • ട്രംപ് നികുതി വെട്ടിച്ചിരുന്നു: മാധ്യമ റിപ്പോര്‍ട്ട്
 • അസര്‍ പ്രശ്‌നത്തില്‍ ചൈന നിലപാട് മാറ്റിയത് വ്യക്തമായ ലക്ഷ്യങ്ങളോടെ
 • Write A Comment

   
  Reload Image
  Add code here