ധനക്കമ്മി ആദ്യ 8 മാസങ്ങളില്‍ വര്‍ദ്ധിച്ചത് 114 %

Wed,Jan 09,2019


കേന്ദ്ര ഗവണ്മെന്റിന്റെ ധനക്കമ്മി 201819 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ എട്ടു മാസങ്ങളില്‍ ബജറ്റില്‍ വിഭാവനം ചെയ്തിരുന്നതിനേക്കാള്‍ 114 % വര്‍ദ്ധിച്ചു. വര്‍ഷാന്ത്യത്തില്‍ ബജറ്റില്‍ വിഭാവനം ചെയ്തിട്ടുള്ള 6.24 ലക്ഷം കോടി രൂപയില്‍ (ജിഡിപിയുടെ 3.3 %) ആയി ഒതുക്കി നിര്‍ത്താനല്ല വഴികള്‍ തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ ഒന്ന് മുതല്‍ക്കുള്ള ചിലവുകളാണ് കണക്കാക്കുന്നതെങ്കിലും വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് വരുമാനം ശക്തിപ്പെടുന്നത്. അതിനാല്‍ സാമ്പത്തികവര്‍ഷത്തിന്റെ ശേഷിക്കുന്ന 4 മാസങ്ങളില്‍ ചെലവുകളില്‍ വന്ന വലിയ അന്തരം പരിഹരിക്കാന്‍ കഴിയുമെന്നാണ് ധനമന്ത്രാലയത്തിന്റെ വക്താക്കള്‍ പറയുന്നത്.
ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള എട്ട് മാസങ്ങളില്‍ ഗവണ്മെന്റ് 16.31 ലക്ഷം കോടി രൂപയാണ് ചിലവഴിച്ചത്. ബജറ്റില്‍ വിഭാവനം ചെയ്തിരുന്നതിനേക്കാള്‍ 66% കൂടുതല്‍. ഇക്കാലയളവിലെ വരുമാനമാകട്ടെ 9 ലക്ഷം കോടി രൂപ മാത്രവും. അത് ബജറ്റില്‍ വിഭാവനം ചെയ്തതിന്റെ 49 ശതമാനത്തോളം മാത്രമേ വരൂ. നികുതിയിനത്തില്‍ ലഭിച്ച 7.31 ലക്ഷം കോടി രൂപയും നികുതിയേതര വരുമാനമായി ലഭിച്ച 1.38 ലക്ഷം കോടി രൂപയും കടമല്ലാതെയുള്ള മൂലധന വരുമാനമായി ലഭിച്ച 26,277 കോടി രൂപയും (10467 കോടി രൂപ വായ്പകള്‍ തിരിച്ചടച്ചതിലൂടെയും 15810 കോടി രൂപ ഓഹരികള്‍ വിറ്റഴിച്ചതിലൂടെയും ലഭിച്ചു) ഉള്‍പ്പെടെയാണ് ഈ വരുമാനം. എന്നാല്‍ ധനക്കമ്മി ഇനിയും വര്‍ദ്ധിക്കുമെന്നും വരുമാനത്തിന്റെയും ചിലവിന്റെയും കാര്യങ്ങളില്‍ ബജറ്റില്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രയാസമാകുമെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും അവസാന ക്വാര്‍ട്ടറില്‍ നികുതി വരുമാനം ഉയരുമെങ്കിലും പരോക്ഷ നികുതി വരുമാനം കുറയാനുള്ള സാധ്യതയാണവര്‍ ചൂണ്ടിക്കാട്ടുന്നത്.
നികുതിവരുമാനത്തിലെ വര്‍ദ്ധനവ് പരസ്പരവിരുദ്ധ ദിശകളിലേക്ക് നീങ്ങുന്ന രീതി തുടരുകയാണ്. പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകുമ്പോള്‍ പരോക്ഷ നികുതി വരുമാനം കുറയുകയാണ്. ജിഎസ് ടി വരുമാനം 6 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ വിഭാവനം ചെയ്തിട്ടുള്ളതെങ്കിലും 2018 ഏപ്രില്‍നവംബര്‍ മാസങ്ങളില്‍ അതിന്റെ 49% മാത്രമാണ് ലഭിച്ചത്. ബജറ്റില്‍ പ്രതീക്ഷിച്ച വരുമാനം ഉണ്ടാകില്ലെന്നാണ് അത് സൂചിപ്പിക്കുന്നത്. ദീര്‍ഘകാല മൂലധന നേട്ടങ്ങളുടെ നികുതിയില്‍ നിന്നുള്ള വരുമാനവും വ്യക്തികളുടെ ആദായനികുതിയിനത്തില്‍ നിന്നുമുള്ള വരുമാനവും ബജറ്റില്‍ ലക്ഷ്യമിട്ടതില്‍ നിന്നും കുറവാണ്. ഇതൊക്കെയാണെങ്കിലും കോര്‍പ്പറേറ്റ് നികുതി വരുമാനം ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായിരിക്കുമെന്നും അതിനാല്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ വലിയ കുറവ് അനുഭവപ്പെടില്ലെന്നും ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ഡിസംബര്‍ അവസാനവാരത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാരിന്റെ ഓഹരികള്‍ വിറ്റഴിച്ചതിലൂടെ 34,000 കോടി രൂപ നേടാന്‍ കഴിഞ്ഞു. പൊതു മേഖലാ സ്ഥാപനങ്ങളില്‍ ഗവണ്മെന്റിന്റെ ഓഹരികള്‍ വില്‍ക്കുന്നത് മറ്റു ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ വാങ്ങുന്നതിനാല്‍ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ കൂടുതല്‍ ശക്തിപ്പെട്ടേക്കും. എങ്കിലും ബജറ്റില്‍ ലക്ഷ്യമിട്ടുള്ള 80,000 കോടി രൂപ നേടാന്‍ കഴിയുമോയെന്ന് സംശയമാണ്.

Other News

 • ബ്രെക്‌സിറ്റ് മൂന്ന് മാസമെങ്കിലും വൈകും
 • യുഎസ് - ചൈന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്
 • യുഎസ് വാഴ്‌സിറ്റികളിലെ ഉന്നത വിജയികള്‍ക്ക് കൂടുതല്‍ വിസ
 • വെടിയുണ്ടകള്‍ തകര്‍ത്തത് അലിവാവയുടെ സ്വപ്നം, നാസറിന്റെയും
 • എന്‍ഡിഎ 283 സീറ്റ് നേടുമെന്ന് ടൈംസ് സര്‍വേ
 • ഐഎസ് തടവറയില്‍നിന്നും ജീവിതത്തിലേക്ക്
 • വംശീയഭീകരത: ഇനിയും വളരണം രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം
 • ഇന്ത്യാ-പാക് സംഘര്‍ഷ വേളയില്‍ നാവികസേനയും തയ്യാറായിരുന്നു
 • ക്രൈസ്റ്റ്ചര്‍ച്ച് തെളിയിക്കുന്നു: ഭീകരതയുടെ ഭാഷ ഒന്നുതന്നെ
 • പാക് ഭീകരതാ വിരുദ്ധ നടപടികള്‍ പരിശോധിക്കപ്പെടണം: ഇന്ത്യ
 • ജെഎല്‍ആര്‍ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികന്‍ ഇനി ഓര്‍മ്മ
 • Write A Comment

   
  Reload Image
  Add code here