ഐ ഫോണുകള്‍ ഇനി തമിഴ് നാട്ടില്‍ നിന്ന്

Wed,Jan 09,2019


ഐ ഫോണുകളുടെ ചില മോഡലുകള്‍ കരാറടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനായി തായ്‌വാനീസ് കമ്പനിയായ ഫോസ്‌കോണ്‍ തമിഴ്‌നാട്ടില്‍ 1,500 കോടിയില്‍പ്പരം രൂപയുടെ നിക്ഷേപമിറക്കും. ചെന്നൈക്ക് സമീപമുള്ള ശ്രീപെരുംപുദൂരില്‍ കമ്പനിക്കുള്ള ഫാക്ടറിയിലാകും അവ നിര്‍മ്മിക്കുക. ഐ ഫോണുകളുടെ ഉപകരണങ്ങളുള്‍പ്പടെ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കാന്‍ കഴിയുംവിധം ശ്രീപെരുംപുത്തൂരിലെ ഉല്‍പ്പാദന സൗകര്യങ്ങള്‍ വിപുലീകരിക്കാനുള്ള പദ്ധതിക്ക് 'പ്രോജക്ട് ഫ്രൂട്ട്' എന്നാണു പേരിട്ടിട്ടുള്ളത്.
ഒരു വര്‍ഷത്തോളമായി ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് തായ്‌വാനീസ് കമ്പനി. തമിഴ്‌നാട് ഗവണ്മെന്റ് 2019 ജനുവരിയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള രണ്ടാമത് ആഗോള നിക്ഷേപക സമ്മേളനത്തിനിടയില്‍ ജനുവരി 24നു ഫോസ്‌കോണ്‍ അതിന്റെ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 25,000ത്തിലധികം പേര്‍ക്ക് ഇതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി എം.സി. സമ്പത്ത് പറയുന്നു. ഫോസ്‌കോണ്‍ പദ്ധതിയെക്കുറിച്ച് ഐ ഫോണുകളുടെ നിര്‍മ്മാതാക്കളായ ആപ്പിള്‍ കമ്പനി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
ഐ ഫോണുകളുടെ 6 എസ്, എസ് ഇ മോഡലുകള്‍ തായ്‌വാനിലെ മറ്റൊരു ഫോണ്‍ നിര്‍മ്മാണ കമ്പനിയായ വിസ്‌ട്രോണ്‍ ബംഗളുരുവില്‍ നിര്‍മ്മിക്കുന്നുണ്ട്. ശ്രീപെരുംപുദൂരിലെ യൂണിറ്റ് ഫോണുകളുടെ ഘടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഫോണ്‍ അസ്സംബ്ലിങ് നടത്തുന്നതിനുമുള്ള ഒന്നായി വികസിപ്പിക്കുന്നതിനാണ് ഫോസ്‌കോണ്‍ നേരത്തെ ആലോചിച്ചിരുന്നത്. പ്രത്യേക സാമ്പത്തികമേഖലയിലാണ് ശ്രീപെരുംപുദൂരില്‍ ഫോസ്‌കോണിന്റെ യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയുംവിധം അതിന്റെ ഒരു ഭാഗം ഡിടിഎ (ഡൊമസ്റ്റിക് താരിഫ് ഏരിയ) ആയി മാറ്റേണ്ടതുണ്ട്. അതിനായി ഫോസ്‌കോണ്‍ അപേക്ഷിച്ചിട്ടുണ്ടോയെന്നു വ്യക്തമല്ല.
ശ്രീപെരുംപുത്തൂരിലുള്ള നോകിയ ടെലികോം പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വലിയ യൂണിറ്റ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ യൂണിറ്റ് ഫോക്‌സ്‌ക്കോണും നിര്‍ത്തിയിരുന്നു. നോകിയ കമ്പനി മൈക്രോസോഫ്ട് ഏറ്റെടുത്തതിനെ തുടര്‍ന്നാണ് യൂണിറ്റ് അടച്ചുപൂട്ടിയത്. ആ ഇടപാടില്‍ തമിഴ്‌നാട്ടിലെ യൂണിറ്റ് ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനു ശേഷം ഫോസ്‌കോണ്‍ അയല്‍ സംസ്ഥാനമായ ആന്ധ്ര പ്രദേശിലെ ഉല്‍പ്പാദന മേഖലയായ ശ്രീ സിറ്റിയില്‍ ഒരു വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. ശ്രീപെരുംപുദൂരിലെ ഫാക്ടറിവികസന പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ഫോസ്‌കോണിന് നോകിയ ടെലികോം പ്രത്യേക സാമ്പത്തിക മേഖലക്കുള്ളില്‍ മറ്റൊരു ഫാക്ടറികൂടിയുണ്ട്. ഫോണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്ന സല്‍കോം കമ്പനിയാണത്. 212 ഏക്കര്‍ വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക യൂണിറ്റ് അതാണ്.
ഫോസ്‌കോണ്‍ ആരംഭിക്കുന്ന ഐ ഫോണ്‍ നിര്‍മ്മാണം ദേശീയ ഉല്‍പ്പാദന മേഖലയില്‍ തമിഴ്‌നാടിന്റെ പ്രതിച്ഛായ വളരെ ഉയര്‍ത്താന്‍ സഹായകമാകും. അനായാസം ബിസിനസ് ചെയ്യാന്‍ കഴിയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാടിന്റെ സ്ഥാനം കുറേക്കാലമായി സ്തംഭനാവസ്ഥയിലാണ്. അതിനൊപ്പം തന്നെ നിര്‍മ്മാണ യൂണിറ്റുകള്‍ ആന്ധ്രയിലേക്കു കൂടുമാറുന്നതും ആശങ്കയുണര്‍ത്തുന്നു. ഈ സാഹചര്യത്തിലാണ് ഫോക്‌സ്‌കോണിന്റെ തീരുമാനം ഒരനുഗ്രഹമായി മാറുന്നത്.

Other News

 • ബ്രെക്‌സിറ്റ് മൂന്ന് മാസമെങ്കിലും വൈകും
 • യുഎസ് - ചൈന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്
 • യുഎസ് വാഴ്‌സിറ്റികളിലെ ഉന്നത വിജയികള്‍ക്ക് കൂടുതല്‍ വിസ
 • വെടിയുണ്ടകള്‍ തകര്‍ത്തത് അലിവാവയുടെ സ്വപ്നം, നാസറിന്റെയും
 • എന്‍ഡിഎ 283 സീറ്റ് നേടുമെന്ന് ടൈംസ് സര്‍വേ
 • ഐഎസ് തടവറയില്‍നിന്നും ജീവിതത്തിലേക്ക്
 • വംശീയഭീകരത: ഇനിയും വളരണം രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം
 • ഇന്ത്യാ-പാക് സംഘര്‍ഷ വേളയില്‍ നാവികസേനയും തയ്യാറായിരുന്നു
 • ക്രൈസ്റ്റ്ചര്‍ച്ച് തെളിയിക്കുന്നു: ഭീകരതയുടെ ഭാഷ ഒന്നുതന്നെ
 • പാക് ഭീകരതാ വിരുദ്ധ നടപടികള്‍ പരിശോധിക്കപ്പെടണം: ഇന്ത്യ
 • ജെഎല്‍ആര്‍ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികന്‍ ഇനി ഓര്‍മ്മ
 • Write A Comment

   
  Reload Image
  Add code here