യുവതയുടെ മനസുണര്‍ത്താന്‍ ബീറ്റില്‍സ് ചിത്രം വഴിയാകുന്നു

Wed,Jan 09,2019


കണ്ണൂര്‍: ലോക സംഗീത ചരിത്രത്തിലെ ഏറ്റവും പ്രമുഖ മ്യൂസിക് ബാന്‍ഡായി ഇന്നും ആദരിക്കപ്പെടുന്ന ബീറ്റില്‍സ് 1960 കളില്‍ അനുസരണക്കേടിന്റെയും പ്രതിസംസ്‌കാരത്തിന്റെയും പ്രണേതാക്കാളായാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ 'ബീറ്റില്‍ മാനിയ'ക്ക് അനുസരണയുടെയും റോഡ് സുരക്ഷയുടെയും അര്‍ത്ഥം നല്‍കി ലോകത്തിന്റെയാകെ ശ്രദ്ധയാകര്ഷിച്ചിരിക്കുകയാണ് കണ്ണൂര്‍ സിറ്റി പൊലീസ്. ബീറ്റില്‍സ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന നാലംഗ യുവസംഗീതജ്ഞസംഘം ഒരു സീബ്രാ ക്രോസ്സിംഗിലൂടെ പാത മുറിച്ച് കടക്കുന്നതിന്റെ ദൃശ്യമാണ് അവരുടെ വിഖ്യാത സംഗീത ആല്‍ബം 'ആബി റോഡി'ന്റേത്. ആ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കണ്ണൂരിലെ റോഡില്‍ നിര്‍മിച്ച ത്രിമാന സീബ്രാ ക്രോസിങ്ങ് ആണ് 1960കളുടെ പ്രതിസംസ്‌കാര സംഗീതസ്മരണകളെ റോഡ് സുരക്ഷയുടെ സന്ദേശവുമായി വിളക്കി ചേര്‍ക്കാന്‍ കണ്ണൂര്‍ പൊലീസ് ഉപയോഗിച്ചിട്ടുള്ളത്.
'ആബി റോഡി'ന്റെ മുഖചിത്രം ജോണ്‍ ലെനന്‍, പോള്‍ മക്കാര്‍ട്ടിനി, ജോര്‍ജ് ഹാരിസണ്‍, റിംഗോ സ്റ്റാര്‍ എന്നിവര്‍ ലണ്ടനിലെ ആബി റോഡ് സ്റ്റുഡിയോക്ക് പുറത്തെ സീബ്രാ ക്രോസ്സിംഗിലൂടെ റോഡ് മുറിച്ച് കടക്കുന്നതാണ്. കണ്ണൂരില്‍ തെളിഞ്ഞുനില്‍ക്കുന്നത് ഒരു ത്രിമാന സീബ്രാ ക്രോസ്സിംഗിലൂടെ നാല് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പാത മുറിച്ച് കടക്കുന്നതും. ഈ ചിത്രം കണ്ണൂര്‍ ജില്ലാ ളക്ടര്‍ മിര്‍ മുഹമ്മദ് അലി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടതോടെയാണ് ലോകത്തിന്റെ ശ്രദ്ധ കണ്ണൂരിലെ ഈ നൂതന പരീക്ഷണത്തിലേക്ക് തിരിഞ്ഞത്.
കണ്ണവം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലാണ് സീബ്രാ ക്രോസ്സിംഗിന്റെ ത്രിമാന ചിത്രം തയ്യാറാക്കിയത്. പ്രാദേശിക കലാകാരന്മാരുടെ സേവനമാണ് ഇതിനുപയോഗിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ വളരെ പെട്ടെന്ന് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഈ ചിത്രങ്ങള്‍ പിന്നീട് ബീറ്റില്‍സ് ആല്‍ബത്തിന്റെ കവര്‍ ചിത്രത്തിനൊപ്പം അനേകായിരം തവണ ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു.

Write A Comment

 
Reload Image
Add code here