യുഎസ്‌ - ചൈന തര്‍ക്കം പരിഹാരത്തിലേക്ക്

Fri,Jan 11,2019


ലോക സാമ്പത്തികരംഗത്തെ തന്നെ ആശങ്കയിലാഴ്ത്തിയ വ്യാപാരപ്രശ്‌നങ്ങളിലുള്ള തീവ്രമായ ഭിന്നതകള്‍ കുറക്കുന്നതില്‍ യുഎസും ചൈനയും ഗണ്യമായ പുരോഗതി കൈവരിച്ചു. അമേരിക്കയുടെ ചരക്കുകളും സേവനങ്ങളും വാങ്ങുന്നതിലും ചൈനയുടെ വിപണികളിലേക്ക് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിലുമാണ് പുരോഗതിയുള്ളത്. കരാറൊന്നും ആയിട്ടില്ലെങ്കിലും ഇരുപക്ഷവും ശുഭപ്രതീക്ഷയിലാണ്. രണ്ടു ദിവസത്തെ തീവ്രമായ ചര്‍ച്ചകള്‍ ബുധനാഴ്ച സമാപിച്ചു.
ബെയ്ജിങ്ങില്‍ ഇരുരാജ്യങ്ങളുടെയും മധ്യനിലവാരത്തിലുളള പ്രതിനിധികള്‍ തമ്മില്‍ നടത്തിയ കൂടിയാലോചനകളില്‍ സങ്കീര്‍ണ്ണമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. ചൈന നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കുന്നത് എങ്ങിനെയെന്നതും അതിലുള്‍പ്പെടും. ''ചൈനയുമായുള്ള ചര്‍ച്ചകള്‍ നന്നായി പുരോഗമിക്കുന്നു' എന്നാണ് ആദ്യ ദിവസത്തെ ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തത്. ചര്‍ച്ചകള്‍ വളരെ 'സൃഷ്ടിപരം' ആണെന്ന് ബെയ്ജിങ്ങും സ്ഥിരീകരിച്ചു. കാബിനറ്റ് നിലവാരത്തിലുളള അടുത്ത റൗണ്ട് ചര്‍ച്ചകള്‍ ഈ മാസമൊടുവില്‍ത്തന്നെ വാഷിംഗ്ടണില്‍ നടക്കാനാണ് സാധ്യത. ഒരു വ്യാപാരയുദ്ധത്തോളം വളര്‍ന്ന രണ്ടു വന്‍ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള ഭിന്നതകള്‍ ആഗോളവിപണികളെയും പിടിച്ചുലച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നതകള്‍ തുടരുകയാണ്.അതുപോലെതന്നെ ട്രംപ് ഭരണകൂടത്തിനുള്ളിലും ഭിന്നതകളുണ്ട്.
സ്വന്തം ഇഷ്ടപ്രകാരമല്ലാതെ സാങ്കേതിക വിദ്യകള്‍ കൈമാറുന്നതിന് യുഎസ് പങ്കാളികള്‍ക്ക് മേല്‍ ചൈനീസ് കമ്പനികള്‍ സമ്മര്‍ദ്ദം ചെലുത്തുകയില്ലെന്നു ബെയ്ജിങ് നല്‍കിയ ഉറപ്പ് എങ്ങനെ നടപ്പാക്കുമെന്നതുതന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. യുഎസില്‍ നിന്നും കൂടുതല്‍ കാര്‍ഷിക, ഊര്‍ജ്ജ ഉല്‍പ്പന്നങ്ങളും ബ്രോക്കറേജ്, ബാങ്കിങ്, ഇന്‍ഷുറന്‍സ് സേവനങ്ങളും വാങ്ങിപ്പിക്കുന്നതിനു ചൈനക്കുമേല്‍ എത്രത്തോളം സമ്മര്‍ദ്ദം ചെലുത്തണമെന്ന കാര്യത്തിലാണ് ട്രമ്പ് ഭരണത്തില്‍ ഭിന്നതയുള്ളത്. അതിനുകഴിഞ്ഞാല്‍മാത്രമേ ഇപ്പോള്‍ ഉഭയകക്ഷി വ്യാപാരത്തില്‍ ചൈനക്കനുകൂലമായി നില്‍ക്കുന്ന വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് കഴിയുകയുള്ളു. 1.2 ട്രില്യണ്‍ ഡോളറിന്റെ ചരക്കുകളും സേവനങ്ങളും യുഎസില്‍ നിന്നും വാങ്ങാന്‍ ചൈനയെക്കൊണ്ട് സമ്മതിപ്പിക്കേണ്ടതുണ്ടെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മനുചിന്‍ പറഞ്ഞത്. എന്നാല്‍ ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന യുഎസ് ട്രേഡ് സെക്രട്ടറി റോബര്‍ട്ട് ലൈറ്റ്‌ഹൈസറും ബെയ്ജിങ്ങില്‍ യുഎസ് സംഘത്തെ നയിച്ച അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും ചൈന കൂടുതല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്ന കാര്യത്തിനല്ല ഊന്നല്‍ നല്‍കിയത്.
രാജ്യത്തെ കമ്പനികള്‍ക്ക് ചൈന നല്‍കുന്ന സബ്‌സിഡികള്‍, ബൗദ്ധികസ്വത്തിന്റെ സംരക്ഷണം തുടങ്ങിയ ഘടനാപരമായ വിഷയങ്ങളിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്തരം വിഷയങ്ങളില്‍ ചൈന വാക്കുപാലിക്കുമെന്ന് ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങളും അവര്‍ ആരായുകയാണ്. ചൈന വാക്കുപാലിക്കാന്‍ തുടങ്ങുമ്പോള്‍ 200 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കഴിഞ്ഞവര്‍ഷം ചുമത്തിയ 10% തീരുവ പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളാണ് പരിഗണനയില്‍. ചില തീരുവകള്‍ തല്‍ക്കാലം നിര്‍ത്തിവെക്കുകയും ചൈന വാക്കുപാലിക്കാത്തപക്ഷം അവ വീണ്ടും ഏര്‍പ്പെടുത്തുകയും ചെയ്യുകയെന്നതും പരിഗണിക്കുന്നുണ്ട്. സമ്പദ്ഘടന മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ യുഎസുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ എങ്ങനെയും പരിഹരിക്കാനുള്ള വ്യഗ്രതയിലാണ് ചൈന. അതുകൊണ്ടു യുഎസിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനു അവര്‍ കൂടുതല്‍ സന്നദ്ധത കാട്ടുന്നു. യുഎസ് നിര്‍മ്മിത കാറുകള്‍ക്കും വാഹന പാര്‍ട്‌സുകള്‍ക്കും വര്‍ധിപ്പിച്ച തീരുവ അടുത്തിടെ ചൈന പിന്‍വലിച്ചിരുന്നു. അമേരിക്കന്‍ സോയാബീനുകള്‍ വീണ്ടും വാങ്ങാന്‍ തുടങ്ങി. സംരക്ഷിത നയമെന്ന് ട്രംപ് ഭരണം വിമര്‍ശിച്ച വ്യവസായനയത്തില്‍ ഭേദഗതികള്‍ വരുത്താനും തുടങ്ങി.
ജനിതകമായി പരിഷ്‌ക്കരിച്ച അഞ്ചു പുതിയയിനം വിളകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള അംഗീകാരം നല്‍കിയതായി ചൈനയുടെ കാര്‍ഷികഗ്രാമീണ മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ജനിതകമായി പരിഷ്‌ക്കരിച്ച വിളകള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് യുഎസ്. ജനിതക പരിഷ്‌ക്കാരം വരുത്തിയ സോയാബീനുകളും കടുകും കൂടുതല്‍ ഇറക്കുമതിചെയ്യുന്ന രാജ്യം ചൈനയാണ്. ജനിതക പരിഷ്‌ക്കരണം വരുത്തിയ വിളകള്‍ ഇറക്കുമതി ചെയ്യുന്നതിന്നു ചൈന ഏറ്റവുമൊടുവില്‍ അംഗീകാരം നല്‍കിയത് 2017 ജൂണിലായിരുന്നു.

Other News

 • പ്രളയം തകര്‍ത്ത ജീവിതം വീണ്ടെടുത്ത 'ചേക്കുട്ടി' പാവകള്‍ ലോക ശ്രദ്ധ നേടുന്നു
 • ജീവിതം തകര്‍ന്നു നുറുങ്ങിയിട്ടും ഐഎഎസ് മോഹവുമായി ഒരു മലയാളി പെണ്‍കുട്ടി
 • യുഎസ് വിസ സമ്പന്നര്‍ക്കും അപ്രാപ്യമാകും
 • ജെഫ് വൈഡ്‌നെര്‍ അനശ്വരമാക്കിയ 'ടാങ്ക്മാന്' ചൈനയില്‍ ഇന്നും വിലക്ക്
 • പ്രതിപക്ഷം തകര്‍ന്നടിയുന്നു
 • പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യ
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • ലളിതവത്കരിച്ചാല്‍ മറയുമോ കൊടും കൊലയാളിയുടെ മുഖം?
 • ബംഗാളിലെ കോളേജുകളില്‍ മതം മാനവികതക്ക് വഴിമാറുന്നു
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • കടഭാരം വര്‍ദ്ധിക്കുന്ന ടാറ്റയ്ക്ക് ജഗ്വാര്‍ പ്രശ്‌നമാകുന്നു
 • Write A Comment

   
  Reload Image
  Add code here