യുഎസ്‌ - ചൈന വ്യാപാര ചര്‍ച്ചകള്‍ ബെയ്ജിങ്ങില്‍ തുടരും

Thu,Feb 07,2019


വ്യാപാര ചര്‍ച്ചകള്‍ തുടരുന്നതിനായി യുഎസ് ട്രേഡ് റെപ്രെസെന്ററ്റീവ് റോബര്‍ട്ട് ലൈറ്റ്‌ഹൈസര്‍, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മനുഷിന്‍ എന്നിവര്‍ ഉടന്‍ ബെയ്ജിങ്ങിലേക്കു പോകും. കരാര്‍ രൂപീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയ പരിധി മാര്‍ച്ച് ഒന്നിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഈ വിഷയത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി കൂടിക്കാണുന്നതിനെക്കുറിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇനിയും ഒരു തീരുമാനമെടുത്തിട്ടില്ലെന്നാണ് ട്രംപ് ഭരണത്തിലെ ഉന്നതനായ ഒരു വക്താവ് പറഞ്ഞത്. ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞതില്‍ നിന്നും വ്യത്യസ്തമാണ് കാര്യങ്ങള്‍. പ്രസിഡന്റ് ഷിയുമായി ഒന്നോ രണ്ടോ തവണ കൂടിക്കാണുമെന്നാണ് കഴിഞ്ഞ വ്യാഴാഴ്ച ഓവല്‍ ഓഫിസില്‍ ചൈനയുടെ മുഖ്യ കൂടിയാലോചകനായ ഉപപ്രധാനമന്ത്രി ലിയു ഹിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് പറഞ്ഞത്. രണ്ടു പ്രസിഡന്റുമാരും തമ്മില്‍ കൂടിക്കാഴ്ച നടത്തുക എന്നതിനര്‍ത്ഥം വ്യാപാര കരാര്‍ രൂപപ്പെടുത്തുന്നതിനുള്ള അന്തിമ ഒത്തുതീര്‍പ്പുകള്‍ക്ക് പ്രസിഡന്റുമാര്‍ തയ്യാറായിരിക്കുന്നുവെന്നാണെന്ന്വിദഗ്ധര്‍ പറയുന്നു.
ട്രംപ് - ഷി കൂടിക്കാഴ്ച തീരുമാനമാകാത്തതുകൊണ്ട് വ്യാപാര ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയിലാണെന്നു അര്‍ത്ഥമാക്കേണ്ടതില്ലെന്നും കരാര്‍ രൂപപ്പെടുത്തുന്നതിന് മുമ്പ് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതായി അവശേഷിക്കുന്നുണ്ടെന്നും യുഎസ് വക്താക്കള്‍ പറയുന്നു. കഴിഞ്ഞയാഴ്ച വാഷിംഗ്ടണില്‍ നടന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായെന്നും അദ്ദേഹം അറിയിച്ചു. ദേശീയ സുരക്ഷാപരമായ കാരണങ്ങളാല്‍ ചര്‍ച്ചയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ വിസമ്മതിച്ചിരുന്നതായ ചില കാര്യങ്ങള്‍കൂടി ചര്‍ച്ച ചെയ്യാമെന്ന് ചൈന കഴിഞ്ഞ ചര്‍ച്ചകളില്‍ സമ്മതിക്കുകയുണ്ടായി. യുഎസ് കമ്പനികളെ ഹാക്ക് ചെയ്യുന്നതും അതിലുള്‍പ്പെടുമെന്ന് പറഞ്ഞുവെങ്കിലും വിശദവിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ക്‌ളൗഡ് കമ്പ്യൂട്ടിങ് സര്‍വീസുകളില്‍ ഏര്‍പ്പെടുന്ന യുഎസിലേതുള്‍പ്പടെയുളള വിദേശകമ്പനികള്‍ അവരുടെ സെര്‍വറുകള്‍ ചൈനയില്‍ സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചക്ക് ചൈന സന്നദ്ധമാകാത്തതാണ് വലിയൊരു തര്‍ക്ക പ്രശ്‌നമായി അവശേഷിക്കുന്നത്. ഡേറ്റയും സോഫ്ട്!വെയറും കൈവശമാക്കുന്നതിന് ചൈനക്ക് ഇത് അവസരമൊരുക്കും എന്നാണ് യുഎസ് നിലപാട്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യുണസ് അയേഴ്‌സില്‍ ഡിസംബര്‍ ഒന്നിന് നടത്തിയ കൂടിക്കാഴ്ചയിലാണ് യൂസ്‌ചൈന വ്യാപാര യുദ്ധത്തില്‍ 90 ദിവസത്തെ ഒരു താല്‍ക്കാലിക വിരാമത്തിനു ട്രംപും ഷിയും സമ്മതിച്ചത്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 200 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ 10 ശതമാനത്തില്‍ നിന്നും 25% ആക്കി ഉയര്‍ത്തുന്നതിനുള്ള തീരുമാനം നടപ്പാക്കുന്നത് പ്രസിഡന്റ് ട്രംപ് നീട്ടിവെച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടിയാലോചനകള്‍ക്ക് അവസരമൊരുക്കുകയെന്നതായിരുന്നു ലക്ഷ്യം. യുഎസ് ഉല്‍പ്പന്നങ്ങള്‍ ചൈന കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതുമുതല്‍ സംയുക്ത വ്യവസായ സംരംഭങ്ങളില്‍ ചൈനീസ് പങ്കാളികള്‍ക്ക് സാങ്കേതിക വിദ്യ കൈമാറുന്നതിനായി യുഎസ് കമ്പനികള്‍ക്ക് മേല്‍ ചൈനീസ് ഗവണ്മെന്റും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും നടത്തുന്നതായ സമ്മര്‍ദ്ദങ്ങള്‍ അവസാനിപ്പിക്കുന്നതുവരെയുള്ള ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതായുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ 8 ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു രേഖ യുഎസ് ചൈനക്ക് നല്‍കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ ചൈനക്ക് ഇപ്പോഴുള്ള 375 ബില്യണ്‍ ഡോളറിന്റെ മിച്ചം രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ 200 ബില്യണ്‍ ഡോളറായി കുറക്കുക, ചില വ്യവസായങ്ങളെ പിന്തുണക്കുന്ന വിധമുള്ള നയങ്ങളും സബ്‌സിഡികളും നിര്‍ത്തലാക്കുക, യുഎസ് തീരുവകള്‍ വര്‍ദ്ധിപ്പിച്ചാല്‍ അതിനു തിരിച്ചടി നല്‍കില്ലെന്ന് ഉറപ്പു നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് അതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആ രേഖയെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. യുഎസ് ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളെ 142 വിഭാഗങ്ങളായി ചൈന തരംതിരിച്ചു. അവയില്‍ ഭൂരിപക്ഷവും ചര്‍ച്ചകള്‍ക്ക് വിധേയമാക്കാമെന്നു സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ദേശീയ സുരക്ഷാപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി ചില കാര്യങ്ങളില്‍ ചര്‍ച്ചക്കില്ലെന്നും അറിയിച്ചു. 20 ശതമാനത്തോളം കാര്യങ്ങളില്‍ കൂടിയാലോചനക്ക് ഒരുക്കമല്ലെന്നായിരുന്നു ചൈനയുടെ നിലപാട്. വാഷിംഗ്ടണിലും ബെയ്ജിങിലുമായി നടന്ന ചര്‍ച്ചകളില്‍ കൂടിയാലോചനയുടെ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഇനങ്ങളുടെ എണ്ണം വളരെ ചുരുങ്ങിയിട്ടുണ്ട്. എന്നാല്‍ എത്രത്തോളമെന്നു പറയാന്‍ യുഎസ് വക്താവ് കൂട്ടാക്കിയില്ല.
ഇതൊക്കെയാണെങ്കിലും മേയില്‍ യുഎസ് ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നിനോട് ചൈന യോജിക്കുമോ എന്നത് സംശയമാണെന്നു യുഎസ് വക്താവ് പറയുന്നു. ഉഭയകക്ഷി വ്യാപാരത്തില്‍ യുഎസിന് അനുഭവപ്പെടുന്ന കമ്മി കുറക്കുന്ന കാര്യമാണത്. കൂടിയാലോചനകളിലെ ഏറ്റവും കടുപ്പമേറിയ ഒരു വിഷയമായി അത് അവശേഷിക്കുന്നു. ഏറ്റവും പ്രയാസമേറിയ കാര്യം ഒരു കരാറുണ്ടായാല്‍ അതെങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നതാണെന്നു യുഎസ് വക്താവ് പറയുന്നു. അത് ചര്‍ച്ച ചെയ്യാമെന്ന് ബെയ്ജിങ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ യോജിപ്പായിട്ടില്ല. ബെയ്ജിങ് ചില ആവശ്യങ്ങള്‍ നിറവേറ്റിയാല്‍ ചുമത്തിയ തീരുവകള്‍ പിന്‍വലിക്കുമോ എന്ന കാര്യത്തിലും അമേരിക്കയും നിശബ്ദത പാലിക്കുകയാണ്.

Other News

 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • അപകടമാസങ്ങളിലും കൂടുതൽ ഓർഡർ ബോയിങ്ങിന് തന്നെ
 • കത്തിയമര്‍ന്ന വിശ്വാസഗോപുരം ഇനി പുനര്‍ജനിയിലേക്ക്
 • മുള്‍ക്കിരീടം സംരക്ഷിച്ച് പുരോഹിതന്‍ നായകനായി
 • ഉപഗ്രഹവേധ മിസൈല്‍: ചൈനയുടേത് ഇരട്ടത്താപ്പ്
 • ഇന്ത്യയുടെ ജിഡിപി കണക്കുകളില്‍ വിദഗ്ധര്‍ക്ക് സംശയം
 • ഇന്ത്യയില്‍ വ്യാവസായിക വളര്‍ച്ച കുറയുന്നു
 • Write A Comment

   
  Reload Image
  Add code here