അമേരിക്കയുടെ പടിവാതില്‍ക്കല്‍ പുതിയ ശീതയുദ്ധഭീഷണിയുമായി പുടിന്‍

Thu,Feb 07,2019


വെനിസ്വേലയിലെ പ്രതിസന്ധി ശീതയുദ്ധകാലശൈലിയിലുള്ള ഒരു ഏറ്റുമുട്ടലായി രൂപം കൊള്ളുകയാണ്. രാജ്യത്തിനുള്ളില്‍ പ്രതിപക്ഷനേതാവ് ഹ്വന്‍ ഗ്വിഡോയുടെ നേതൃത്ത്വത്തില്‍ വലിയൊരു ജനാവലി അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കാന്‍ പരിശ്രമിക്കുമ്പോള്‍ രാജ്യത്തിനു പുറത്ത് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോക്ക് റഷ്യ മുന്നോട്ട് വന്നിരിക്കുകയാണ്. വെനിസ്വേലയില്‍ രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിയുണ്ടെന്ന് വാദിക്കുന്ന ഗ്വിഡോയും സഹപ്രവര്‍ത്തകരും അന്താരാഷ്ട്രസമൂഹത്തിന്റെ ഉദാരമായ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. അതിര്‍ത്തിക്കടുത്ത് ഒരു ജനസഞ്ചയത്തെ തന്നെ ഒരുക്കി വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കാനും അതുവഴി മാധ്യമശദ്ധ ആകര്‍ഷിക്കാനും അവര്‍ ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ട്. അത്യന്തം സ്‌തോഭജനകമായ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ വെനിസ്വേലന്‍ അതിര്‍ത്തിയില്‍ ഉള്ളത്.
ഒരു അപസര്‍പ്പക കഥയെപ്പോലെയാണ് വെനിസ്വെലന്‍ രാഷ്ട്രീയം ഒറ്റനോട്ടത്തില്‍ കാണപ്പെടുക. അടുത്തകാലത്ത് റഷ്യന്‍ കൂലിപ്പട്ടാളക്കാര്‍, സ്വര്‍ണ്ണക്കട്ടികള്‍ നിറച്ച റഷ്യന്‍ കപ്പലുകള്‍, വധഗൂഢാലോചനകള്‍ എന്നിവയെല്ലാം നിറഞ്ഞ അഭ്യൂഹങ്ങള്‍ രാജ്യത്ത് പ്രചരിച്ചു വരുകയായിരുന്നു. ഈ നാടകത്തില്‍ ഒരു അഭിനവ ഫിഡല്‍ കാസ്‌ട്രോയായി സ്വയം നടിക്കുകയാണ് മഡൂറോ. അടുത്തിടെ റഷ്യന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ നോവോസ്തിആര്‍ ഐ എയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ തന്നെ വധിക്കാന്‍ യുഎസ് പിന്തുണയോടെ നടക്കുന്ന നീക്കങ്ങളെക്കുറിച്ച് മഡൂറോ പറഞ്ഞിരുന്നു. തന്നെ കൊല്ലുന്നതിനായി കൊളംബിയന്‍ ഗവണ്മെന്റിനെയും കൊളംബിയന്‍ മാഫിയെയുമാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചുമതലപ്പെടിത്തിയിരിക്കുന്നതെന്നായിരുന്നു മഡൂറോയുടെ ആരോപണം. 1961ലെ 'ബേ ഓഫ് പിഗ്‌സ്' ആക്രമണത്തിന്റെ ഇന്റര്‍നെറ്റ് യുഗത്തിലെ ഒരു പുനരാവിഷ്‌ക്കാരമാകും വെനിസ്വേലയില്‍ കാണുക ശക്തമാണ്. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ വിരുദ്ധങ്ങളായ ചേരികളില്‍ നിലയുറപ്പിച്ചശേഷം റഷ്യയും യുഎസും തമ്മിലുള്ള സംഘര്‍ഷത്തിന്റെ മറ്റൊരു മേഖലയായി വെനിസ്വേല മാറുകയാണോ ഉയരുന്നുണ്ട്. മഡൂറോയുടെ ഗൂഡാലോചന സിദ്ധാന്തങ്ങളും അമേരിക്കയുടെ പുത്തന്‍ കൊളോണിയലിസമെന്ന പേരില്‍ അദ്ദേഹം ഉപയോഗിക്കുന്നതായ ഭാഷയും ലാറ്റിനമേരിക്കയില്‍ യുഎസും സോവിയറ്റ് യൂണിയനും തമ്മില്‍ നടന്ന പഴയ കലഹങ്ങളെ അനുസ്മരിപ്പിക്കുന്നു. എന്നാല്‍ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിന് വേണ്ടിയല്ല വെനിസ്വേലയില്‍ മഡൂറോ ഗവണ്മെന്റിനെ റഷ്യ ഇപ്പോള്‍ പിന്താങ്ങുന്നതെന്ന വ്യത്യാസമുണ്ട്.
റഷ്യയില്‍ സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റാണ് മഡൂറോ ഗവണ്മെന്റിനെ ശക്തമായി പിന്തുണക്കുന്നവര്‍. പണത്തിന്റെ ഞെരുക്കമനുഭവപ്പെട്ട വെനിസ്വേലക്ക് ബില്യണ്‍ കണക്കിന് ഡോളറാണ് വായ്പയായും നിക്ഷേപമായും അവര്‍ നല്‍കിയിട്ടുള്ളത്. ഈ കടങ്ങളെല്ലാം എണ്ണയുടെ കയറ്റുമതിയിലൂടെയാണ് വെനിസ്വേലയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ പിഡിവിഎസ്എ വീട്ടിക്കൊണ്ടിരിക്കുന്നത്. യുഎസിലെയും മറ്റു രാജ്യങ്ങളിലെയും എണ്ണശുദ്ധീകരണ ശാലകളിലേക്കു ക്രൂഡ് ഓയില്‍ എത്തിക്കുന്നതിനുള്ള ബാധ്യത വെനിസ്വേല നിറവേറ്റിക്കൊണ്ടിരുന്നത് റോസ്‌നെഫ്റ്റില്‍നിന്നും മുന്‍കൂറായി വാങ്ങിയ പണംകൊണ്ടായിരുന്നു. സാമ്പത്തികമായ ഈ താല്‍പ്പര്യത്തിന് പുറമെ മഡുറോയെ പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തുന്നതിനുള്ള റഷ്യയുടെ താല്‍പ്പര്യത്തിന് ഒരു രാഷ്ട്രീയമാനംകൂടിയുണ്ട്. യുഎസ്‌റഷ്യന്‍ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് വെനിസ്വേലയിലെ പ്രതിസന്ധി സമീപനാളുകളില്‍ റഷ്യന്‍ ടെലിവിഷന്‍ അവതരിപ്പിക്കുന്നത്. ഗ്വിഡോയെയും വെനസ്വേലയിലെ പ്രതിപക്ഷത്തെയും പലപ്പോഴും താരതമ്യം ചെയ്യുന്നത് 2014ല്‍ യുക്രയിനിലെ തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിനെ പുറത്താക്കിയ പാശ്ചാത്യ അനുകൂല വിപ്ലവവുമായോ അല്ലെങ്കില്‍ ലിബിയന്‍ നേതാവ് മുവമ്മര്‍ ഗദ്ദാഫിയെയുള്‍പ്പടെ പുറത്താക്കിയ അറബ് വസന്തമോ ആയിട്ടാണ്. ലോകമൊട്ടാകെത്തന്നെ വാഷിങ്ങ്ടന്റെ എതിരാളികളെ അട്ടിമറിക്കുന്നതുനുള്ള 'ഭരണമാറ്റത്തിന്റെ' അല്ലെങ്കില്‍ 'വര്‍ണ്ണ വിപ്ലവത്തിന്റെ' നയമാണ് യുഎസ് അനധികൃതമായി പിന്തുടരുന്നതെന്നു മോസ്‌കോ കുറ്റപ്പെടുത്തുമുണ്ട്. മോസ്‌കോയുടെ ആ ഔദ്യോഗിക നിലപാടുതന്നെയാണ് റഷ്യന്‍ മാധ്യമങ്ങളിലും പ്രതിഫലിക്കുന്നത്. യുഎസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്‌ള്യു ബുഷിന്റെ കാലം മുതല്‍ വര്‍ണ്ണവിപ്ലവങ്ങളുടെ പ്രശ്‌നം മോസ്‌കോ ഉയര്‍ത്തിക്കാട്ടാറുണ്ടായിരുന്നു. ലോകമൊട്ടാകെ തങ്ങള്‍ക്കിഷ്ടമില്ലാത്ത ഭരണാധികാരികളെ ജനാധിപത്യത്തിന്റെ പതാക ഉയര്‍ത്തിക്കൊണ്ടാണ് യുഎസ് പുറത്താക്കിയത്.
മോസ്‌കോയുടെ ആഗോള സ്വാധീനം പ്രകടമാക്കുകയെന്നൊരു ലക്ഷ്യം കൂടി മഡൂറോക്ക് പിന്തുണ നല്‍കുന്ന റഷ്യയുടെ നടപടിക്ക് പിന്നിലുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലാറ്റിനമേരിക്കയില്‍ യുഎസിനെതിരെ ഒച്ചപ്പാടുണ്ടാക്കുന്ന റഷ്യയുടെ ലക്ഷ്യം വലുതാണ്. യാഥാര്‍ത്ഥത്തിലുള്ളതിനേക്കാള്‍ വലിയൊരു പങ്കാണ് റഷ്യക്കുള്ളതെന്നു കാണിക്കുകയാണത്. അമേരിക്കയുടെ പിന്നാമ്പുറത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് തെളിയിക്കാനുള്ള വലിയൊരു കളിയാണത്. വെനിസ്വേല റഷ്യയുടെ അതിര്‍ത്തിയില്‍ നിന്നും വളരെ അകലെ സ്ഥിതിചെയ്യുന്ന രാജ്യമാണ്. പശ്ചിമാര്‍ദ്ധ ഗോളത്തില്‍ റഷ്യക്ക് സൈനിക താവളങ്ങളൊന്നുമില്ല.എങ്കിലും അതൊന്നും തന്നെ ഗൂഡാലോചന സിദ്ധാന്തങ്ങളെ നിരുത്സാഹപ്പെടുത്തുന്നില്ല. തന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനു റഷ്യന്‍ സ്വകാര്യ സൈനിക കരാറുകാരെ ഏല്‍പ്പിച്ചതായി പ്രചരിക്കുന്ന അഭ്യുഹങ്ങളൊന്നും മഡൂറോ നിഷേധിക്കുന്നുമില്ല. അത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരമൊന്നും നല്‍കുന്നില്ല. സ്വന്തം വിദേശ നയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി സ്വകാര്യ സൈനിക കരാറുകാരെ ഏല്‍പ്പിക്കുന്ന ചരിത്രമുള്ള രാജ്യമാണ് റഷ്യ. വാഗ്‌നര്‍പോലുള്ള സ്വകാര്യ സൈനിക കമ്പനികള്‍ നിലവിലുണ്ടെന്ന വസ്തുത റഷ്യ പൂര്‍ണ്ണമായോ ഔദ്യോഗികമായോ ഇതുവരെയും സമ്മതിച്ചിട്ടില്ല. കിഴക്കന്‍ യുക്രയിനില്‍ റഷ്യന്‍ അനുകൂലികളായ വിഘടനവാദികള്‍ക്കൊപ്പം പോരാടുന്നതിനു കൂലിപ്പട്ടാളക്കാരെ റിക്രൂട്ട് ചെയ്യുന്ന രഹസ്യ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണത്. എന്നാല്‍ സിറിയയില്‍ യുഎസ് വ്യോമാക്രമണങ്ങളില്‍ അര്‍ദ്ധ സൈനിക വിഭാഗത്തിലെ കരാറുകാര്‍ കൊല്ലപ്പെട്ടതോടെ ഇങ്ങനെയൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നുവെന്നത് മറച്ചുപിടിക്കാന്‍ കഴിയാത്ത അവസ്ഥയിലായി റഷ്യ. അതൊക്കെ തന്നെയാണോ വെനിസ്വെലയിലും നടക്കുന്നത് എന്നാണു ഇനി കാണാനുള്ളത്.

Other News

 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • അപകടമാസങ്ങളിലും കൂടുതൽ ഓർഡർ ബോയിങ്ങിന് തന്നെ
 • കത്തിയമര്‍ന്ന വിശ്വാസഗോപുരം ഇനി പുനര്‍ജനിയിലേക്ക്
 • മുള്‍ക്കിരീടം സംരക്ഷിച്ച് പുരോഹിതന്‍ നായകനായി
 • ഉപഗ്രഹവേധ മിസൈല്‍: ചൈനയുടേത് ഇരട്ടത്താപ്പ്
 • ഇന്ത്യയുടെ ജിഡിപി കണക്കുകളില്‍ വിദഗ്ധര്‍ക്ക് സംശയം
 • ഇന്ത്യയില്‍ വ്യാവസായിക വളര്‍ച്ച കുറയുന്നു
 • Write A Comment

   
  Reload Image
  Add code here