റഷ്യ - യുഎസ് ആണവായുധ ഉടമ്പടി ഇല്ലാതാകുന്നു

Sun,Feb 10,2019


ശീതയുദ്ധാനന്തരം യൂറോപ്യന്‍ സുരക്ഷിതത്വത്തിനായി റഷ്യയുമായി ഒപ്പുവെച്ച ഈ സുപ്രധാന ഉടമ്പടി സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. യാതൊരു തത്വദീക്ഷയുമില്ലാതെ റഷ്യ വര്‍ഷങ്ങളായി മധ്യ ദൂര ആണവായുധ ഉടമ്പടി ലംഘിച്ചുകൊണ്ടിരിക്കുന്നതായും റഷ്യയുടെ ലംഘനങ്ങള്‍ മില്യണ്‍ കണക്കിന് യുറോപ്പ് നിവാസികളുടെയും അമേരിക്കക്കാരുടെയും ജീവന് വലിയ ഭീഷണി ഉയര്‍ത്തുകയാണ്. കരാര്‍ പാലിക്കുന്നതിന് റഷ്യക്ക് മതിയായ സമയം യുഎസ് നല്‍കിയിരുന്നു. അതിനാല്‍ തന്നെ റഷ്യയുടെ കരാര്‍ ലംഘനത്തിനെതിരെ പ്രതികരിക്കേണ്ട ബാധ്യത അമേരിക്കക്ക് ഉണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുടെ തീരുമാനം ശനിയാഴ്ച പ്രാബല്യത്തില്‍ വന്നതോടെ മോസ്‌കോയുമായി വീണ്ടുമൊരു ആയുധപ്പന്തയത്തിനുള്ള അവസരമാണൊരുങ്ങുന്നത്. അത് അമേരിക്കയുടെ യൂറോപ്യന്‍ സഖ്യശക്തികളെ വല്ലാത്തൊരു അനിശ്ചിതാവസ്ഥയിലേക്കു തള്ളിനീക്കും.1987ലെ കരാര്‍ പാലിക്കുന്നതിനായി ഇനിയും 180 ദിവസത്തെ സമയം റഷ്യക്ക് നല്‍കിയിട്ടുണ്ട്. അതിനുശേഷം ഉടമ്പടിയില്‍ നിന്നും യുഎസ് പൂര്‍ണ്ണമായി പിന്മാറും. ഐഎന്‍എഫ് ഉടമ്പടിയില്‍ നിന്നും യുഎസ് പിന്മാറുമെന്ന സൂചനകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുതിര്‍ന്ന ഉദ്യോഗസ്ഥരും കഴിഞ്ഞകുറെ മാസങ്ങളായി നല്‍കി വരുകയായിരുന്നു. 2014 മുതല്‍ റഷ്യ ഐഎന്‍എഫ് ലംഘിക്കുന്നതായാണ് അമേരിക്ക ആരോപിക്കുന്നത്.
മുപ്പതിലേറെ വര്‍ഷങ്ങളായി ഐഎന്‍എഫ് ഉടമ്പടി യുഎസ് പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്നും വ്യവസ്ഥകള്‍ ലംഘിക്കുന്ന റഷ്യയുടെ തെറ്റായ പ്രവൃത്തികള്‍ യുഎസ് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും ഈ ഉടമ്പടിയുടെയോ മറ്റേതെങ്കിലും ഉടമ്പടിയുടെയോ വ്യവസ്ഥകള്‍ ഏകപക്ഷീയമായി പാലിക്കേണ്ട ഒരേയൊരു രാജ്യമായി മാറാന്‍ യുഎസിന് കഴിയില്ലെന്നും ട്രംപ് ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വൈറ്റ് ഹൗസില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കവെ പുതിയൊരു ഉടമ്പടിക്കുള്ള കൂടിയാലോചനകള്‍ക്ക് താന്‍ ഒരുക്കമാണെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ യുഎസിന് പുറമെ ഉടമ്പടിയില്‍ ഒപ്പുവെച്ച ഏക രാജ്യം റഷ്യയാണെങ്കിലും, റഷ്യയുടെ പേര് അദ്ദേഹം പരാമര്‍ശിച്ചില്ല. ഐഎന്‍എഫ് ഉടമ്പടി യുഎസും റഷ്യയും തമ്മിലാണെങ്കിലും യൂറോപ്യന്‍ സുരക്ഷിതത്വത്തെയാണ് അത് ഏറെയും ബാധിക്കുന്നത്. 310 മുതല്‍ 3,100 മൈലുകള്‍വരെ അകലെയുള്ള ലക്ഷ്യങ്ങളില്‍ പറന്നുചെന്നു പതിക്കാന്‍ കഴിയുന്ന ആണവായുധങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതും ഭൂമിയില്‍ നിന്നും തൊടുത്തുവിടാവുന്നതുമായ ക്രൂയിസ് മിസ്സൈലുകളെയാണ് ഉടമ്പടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉടമ്പടി സസ്‌പെന്‍ഡ് ചയ്യുന്നതിനുള്ള യുഎസിന്റെ തീരുമാനത്തെ യൂറോപ്യന്‍ നേതാക്കള്‍ ഏകകണ്ഠമായി പിന്താങ്ങുന്നുണ്ട്. അടുത്ത നടപടികളെക്കുറിച്ച് ആലോചനയും തുടങ്ങി. ഇപ്പോഴത്തെ ഉടമ്പടി സംരക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയൊന്നും അവര്‍ക്കില്ല. യൂറോഅറ്റ്‌ലാന്റിക് സുരക്ഷിതത്വത്തിനു റഷ്യ ഭീഷണിയുയര്‍ത്തുകയും ഉടമ്പടി പൂര്‍ണ്ണമായും പാലിക്കുന്ന വിധത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നതിലൂടെ വിശ്വസനീയമായി പ്രതികരിക്കാന്‍ റഷ്യ വിസമ്മതിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യുഎസ് തീരുമാനത്തിന് അമേരിക്കയുടെ സഖ്യശക്തികള്‍ 'പൂര്‍ണ്ണമായ പിന്തുണ' നല്‍കുന്നതായി നാറ്റോ അറിയിച്ചു. അടുത്ത 6 മാസങ്ങള്‍ക്കുള്ളില്‍ ഐ എന്‍ എഫ് ഉടമ്പടി പൂര്‍ണ്ണമായും പാലിക്കുന്നതിന് നാറ്റോ റഷ്യയോട് ആവശ്യപ്പെട്ടു.
മധ്യദൂര മിസൈലുകള്‍ പരിമിതപ്പെടുത്തുന്ന ഐഎന്‍എഫ് ഉടമ്പടിയില്‍ ചൈന ഒരു കക്ഷിയല്ലാത്തതിനാല്‍ ഇപ്പോഴത്തെ ഉടമ്പടി ചൈനക്ക് സൈനികമായ നേട്ടമുണ്ടാക്കിക്കൊടുക്കുന്നതായി യുഎസ് ഭരണകര്‍ത്താക്കളും കോണ്‍ഗ്രസിലെ അംഗങ്ങളും ആശങ്കപ്പെടുന്നു. അത് ശരിവെക്കുന്ന വിധത്തിലായിരുന്നു വെള്ളിയാഴ്ച ട്രംപ് നടത്തിയ പ്രസ്താവനയും. ഉടമ്പടിയില്‍ മറ്റു രാജ്യങ്ങളെയും പങ്കാളികളാക്കണെമെന്നാണ് ട്രംപിന്റെ നിലപാട്. എന്നാല്‍ ഉടമ്പടി സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള ഇപ്പോഴത്തെ തീരുമാനത്തില്‍ ബെയ്ജിങ് ഒരു ഘടകമല്ലെന്ന് മുതിര്‍ന്ന ഒരു യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചൈന യാതൊരു വിലക്കുകള്‍ക്കും വിധേയമല്ലെന്നതും അവര്‍ക്കിപ്പോള്‍ 1000 ത്തിലധികം മധ്യദൂര ആണവ മിസൈലുകള്‍ ഉണ്ടെന്നതും ഒരു വസ്തുതയാണെങ്കിലും യുഎസിന്റെ ഇപ്പോഴത്തെ തീരുമാനം റഷ്യയുടെ ഉടമ്പടി ലംഘനവുമായി മാത്രം ബന്ധപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു. ഉന്നത രാഷ്ട്രീയതലത്തിലുള്ള ചര്‍ച്ചകള്‍ മുതല്‍ സാങ്കേതികതലത്തിലുള്ള 35 നയതന്ത്ര ചര്‍ച്ചകള്‍ ഇതിനകം നടത്തി. ഈ ഉടമ്പടി പരിരക്ഷിക്കണമെന്നു റഷ്യ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് അവര്‍ക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നാണ് യുഎസ് നിലപാട്. ഉടമ്പടി സംരക്ഷിക്കുന്നതുതന്നെയാണ് റഷ്യയുടെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്ക് നല്ലതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ സഖ്യ ശക്തികളുമായി ഇക്കാര്യത്തില്‍ വലിയ യോജിപ്പാണുള്ളതെന്നു യുഎസ് നയതന്ത്ര വിദഗ്ധര്‍ പറയുമ്പോള്‍ ഉടമ്പടി ഇല്ലാതെയാകുന്നതിലുള്ള ആശങ്കയാണ് യൂറോപ്യന്‍ നേതാക്കള്‍ പങ്കുവയ്ക്കുന്നത്. ആറുമാസക്കാലത്തെ കാലാവധി ഉടമ്പടി പാലിക്കാന്‍ റഷ്യയെ നിര്‍ബ്ബന്ധിക്കുന്നതിനായി ഉപയോഗപ്പെടുത്താമെന്ന് അവര്‍ പ്രത്യാശിക്കുന്നു.
അമേരിക്കന്‍ വാദം തെറ്റ്: റഷ്യ
തങ്ങള്‍ മധ്യദൂര ആണവായുധ ഉടമ്പടി ലംഘിക്കുന്നതായുള്ള അമേരിക്കന്‍ ആരോപണം റഷ്യ നിഷേധിച്ചു. അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഒരു പുരോഗതിയുമില്ലെന്നും യുഎസ് വളരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുകയും അന്ത്യശാസനങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നതെന്നും റഷ്യന്‍ ഡെപ്യൂട്ടി വിദേശമന്ത്രി സെര്‍ഗെയ് റിബാക്കോവ് പറഞ്ഞു. റഷ്യയെ ഭീഷണിപ്പെടുത്തി ചര്‍ച്ചകള്‍ തുടരാന്‍ കഴിയില്ലെന്ന് അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യ ഉടമ്പടി ലംഘിച്ചുവെന്നത് വ്യക്തമാണെങ്കിലും അവരോടു സംസാരിക്കേണ്ടതുണ്ടെന്നാണ് ഉടമ്പടി സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള അമേരിക്കയുടെ തീരുമാനം വന്നതിനു ശേഷം ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പ്രതികരിച്ചത്. അന്ത്യശാസനാ കാലാവധി ഉപയോഗപ്പെടുത്താന്‍ ജര്‍മ്മനി കഴിവതെല്ലാം ചെയ്യുമെന്നും മെര്‍ക്കല്‍ പറഞ്ഞു. വരും മാസങ്ങളില്‍ റഷ്യയുടെ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയാണ് യൂറോപ്യന്‍ നേതാക്കള്‍ കാണുന്നത്. ഉടമ്പടിയില്‍ നിന്നുമുള്ള യുഎസിന്റെ പിന്മാറ്റം ചൂണ്ടിക്കാട്ടിക്കൊണ്ടുതന്നെ മിസൈല്‍ വിന്യാസങ്ങള്‍ റഷ്യ ശക്തമാക്കും. നാറ്റോയില്‍ ഭിന്നതയുണ്ടാക്കാന്‍ റഷ്യ ശ്രമിക്കുമെന്നും യൂറോപ്യന്‍ നേതാക്കള്‍ ഭയക്കുന്നുണ്ട്.

Other News

 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • അപകടമാസങ്ങളിലും കൂടുതൽ ഓർഡർ ബോയിങ്ങിന് തന്നെ
 • കത്തിയമര്‍ന്ന വിശ്വാസഗോപുരം ഇനി പുനര്‍ജനിയിലേക്ക്
 • മുള്‍ക്കിരീടം സംരക്ഷിച്ച് പുരോഹിതന്‍ നായകനായി
 • ഉപഗ്രഹവേധ മിസൈല്‍: ചൈനയുടേത് ഇരട്ടത്താപ്പ്
 • ഇന്ത്യയുടെ ജിഡിപി കണക്കുകളില്‍ വിദഗ്ധര്‍ക്ക് സംശയം
 • ഇന്ത്യയില്‍ വ്യാവസായിക വളര്‍ച്ച കുറയുന്നു
 • Write A Comment

   
  Reload Image
  Add code here