വിദ്വേഷം പരത്തുന്നതിനെതിരെ പ്രമേയം പാസായി

Mon,Mar 11,2019


വംശീയവും മറ്റ് തരത്തിലുമുള്ള വിദ്വേഷം പരത്തുന്നതില്‍ അഭിരമിക്കുകയും അതില്‍ നിന്ന് രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കും അമേരിക്കയില്‍ ഒരു താക്കീത്. എല്ലാ രൂപത്തിലുമുള്ള വിദ്വേഷ പ്രചാരണങ്ങളെ അപലപിക്കുന്ന പ്രമേയം ഹൗസ് ഓഫ് റെപ്രെസെന്റേറ്റീവ്‌സ് വന്‍ ഭൂരിപക്ഷത്തില്‍ അംഗീകരിച്ചു. കോണ്‍ഗ്രസില്‍ ഇതാദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഒരു വനിതാ മുസ്ലിം ഡെമോക്രാറ്റ് അംഗം നടത്തിയ ജൂത വിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഇങ്ങനെയൊരു പ്രമേയം പാസാക്കിയത്. 'ഒരു വിദേശരാജ്യത്തോട് കൂറുപുലര്‍ത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നവര്‍ ഉണ്ടെ'ന്നുള്ള മിനിസോട്ടയില്‍ നിന്നുമുള്ള ഡെമോക്രാറ്റ് അംഗമായ ഇല്‍ഹാം ഒമറിന്റെ പരാമര്‍ശമാണ് വിവാദമായത്. ഇസ്രയേലിനെയാണവര്‍ എന്നാണ് ശ്രോതാക്കളില്‍ പലര്‍ക്കും തോന്നിയത്. ഹൗസില്‍ ഹാജരായിരുന്നവര്‍ 23നെതിരെ 407വോട്ടുകള്‍ക്കാണ് ജൂതവിരോധം, ഇസ്ലാമിക വിരോധം, വെള്ളക്കാരുടെ വംശീയ അധീശധാരണകള്‍ എന്നിങ്ങനെ എല്ലാ രൂപങ്ങളിലുമുള്ള വിദ്വേഷ പ്രചാരണങ്ങളെയും അപലപിക്കുന്ന പ്രമേയം പാസാക്കിയത്. ഒമറിന്റെ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് ഇങ്ങനെയൊരു പ്രമേയം പാസാക്കിയതെങ്കിലും അവരുടെ പേര് അതില്‍ പരാമര്‍ശിക്കുകയുണ്ടായില്ല. ജൂതവിരോധത്തെ അപലപിക്കുന്ന ഒരു പ്രമേയമായിട്ടാണ് അത് ആദ്യം അവതരിപ്പിച്ചതെങ്കിലും ഡെമോക്രാറ്റ് നേതാക്കള്‍ ഇടപെട്ടു നടത്തിയ പിന്നാമ്പുറ ചര്‍ച്ചകളെ തുടര്‍ന്ന് ഇസ്ലാമിക വിരോധം കൂടി അതില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഒമറിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ശരിയായിരിക്കില്ല എന്ന് ഡെമോക്രാറ്റ് അംഗങ്ങളിലെ പുരോഗമന വിഭാഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പ്രമേയം പരിഷ്‌ക്കരിച്ചത്. ഒമറും ഹൗസിലെ മറ്റു രണ്ടു മുസ്ലിം അംഗങ്ങളും പ്രമേയത്തിന് അനുകൂലമായാണ് വോട്ടു ചെയ്തത്. ഇങ്ങനെയൊരു പ്രമേയം ഹൗസ് പാസാക്കിയത് 'വലിയൊരു പുരോഗതി' ആണെന്നായിരുന്നു അവര്‍ മൂന്നുപേരും അഭിപ്രായപ്പെട്ടത്. ഇതാദ്യമായാണ് മുസ്ലിങ്ങള്‍ക്കെതിരെയുള്ള മതവിദ്വേഷത്തെ അപലപിക്കുന്ന ഒരു പ്രമേയം ഹൗസ് അംഗീകരിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സൊമാലിയയില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥിയായി 12 വയസ്സുള്ളപ്പോഴാണ് ഒമര്‍ യുഎസിലേക്ക് കുടിയേറിയത്. മിനിയാപൊലീസ് സിറ്റി കൗണ്‍സിലിന്റെ പോളിസി എയ്ഡ് ആയി പ്രവര്‍ത്തിച്ച അവര്‍ 2016ല്‍ സംസ്ഥാന നിയമനിര്‍മ്മാണസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസില്‍ അവര്‍ പാര്‍ട്ടിയുടെ ഇടതുപക്ഷ വിഭാഗത്തിനൊപ്പം നിലയുറപ്പിക്കുകയും ഒരാള്‍ മാത്രം പ്രീമിയം വഹിക്കുന്ന ഹെല്‍ത്ത് കെയര്‍, തോക്കുനിയന്ത്രണം, യുഎസിലെ കുടിയേറ്റ വിപുലീകരണം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസിലെത്തിയതിനെ തുടര്‍ന്നുള്ള മാസങ്ങളില്‍ ഇസ്രയേലിനോടുള്ള യുഎസ് നയം, രാഷ്ട്രീയത്തില്‍ പണത്തിന്റെ സ്വാധീനം എന്നിവയെക്കുറിച്ചുള്ള പ്രസ്താവനകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കഴിഞ്ഞയാഴ്ച ഒരു പൊതുവേദിയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ജൂത വിരുദ്ധമായി വിമര്‍ശിക്കപ്പെട്ടത്. അതേച്ചൊല്ലിയുള്ള വിവാദം ഹൗസില്‍ ഭൂരിപക്ഷം നേടിയ ഡെമോക്രറ്റുകള്‍ക്കിടയിലുള്ള ഭിന്നതകള്‍ പ്രകടമാക്കുന്നതായിരുന്നു. ഹൗസ് സ്പീക്കറും കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റ് അംഗവുമായ നാന്‍സി പെലോസി ആഴ്ചതോറും നടത്താറുള്ള പത്രസമ്മേളനത്തിനിടയില്‍ ഒമര്‍ മാപ്പു പറയണമോ, അവരുടെ പരാമര്‍ശങ്ങള്‍ നിന്ദ്യമായി തോന്നുന്നുണ്ടോ എന്നുള്ള ചോദ്യങ്ങളോട് ഇതാദ്യമായി കോണ്‍ഗ്രസിലെ അംഗമായ വനിതയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അവര്‍ മനപൂര്‍വമായി ജൂത വിരോധം പ്രകടിപ്പിച്ചില്ല എന്നായിരുന്നു പെലോസിയുടെ നിലപാട്. ഒമറിന്റെ പ്രസ്താവന തെറ്റായി മനസ്സിലാക്കിയതാണെന്നും ഒരു പ്രത്യേക മത വിശ്വാസത്തെ വിമര്‍ശിക്കുന്നതും ലോബിയിങ് ഗ്രൂപ്പുകളെ വിമര്‍ശിക്കുന്നതും തമ്മിലുള്ള വ്യത്യാസമാണ് അവര്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചതെന്നുമാണ് ഒമറിന്റെ വക്താവ് പറഞ്ഞത്. എന്നാല്‍ ഒമറിന്റെ പ്രസ്താവന യാദൃശ്ചികമായി കാണാന്‍ കഴിയില്ലെന്നും ഇത്തരം പ്രസ്താവനകള്‍ അവര്‍ ആവര്‍ത്തിച്ചു നടത്താറുണ്ടെന്നുമാണ് മിനിസോട്ടയിലെ ജൂത നേതാക്കള്‍ പറയുന്നത്. ജൂതന്മാരെ പണവുമായി ബന്ധപ്പെടുത്തി ചെയ്ത ഒരു ട്വീറ്റിന് കഴിഞ്ഞമാസം ഒമര്‍ ക്ഷമ ചോദിച്ചിരുന്നു. കാര്യങ്ങള്‍ താന്‍ പഠിച്ചുവരുന്നതേയുള്ളുവെന്നാണവര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ പറയുന്നത് അസത്യമാണെന്നു ഒമറിന്റെ ഡിസ്ട്രിക്ടില്‍ താമസിക്കുന്ന മിനിസോട്ടയിലെ സ്റ്റേറ്റ് സെനറ്റര്‍ റോണ്‍ ലാറ്റ്‌സ് പറയുന്നത്.
ഒമര്‍ ഹൗസിലേക്ക് മത്സരിക്കുന്ന സമയത്ത് 2018 ജൂണില്‍ പ്രദേശത്തെ മറ്റു ജൂതനേതാക്കള്‍ക്കൊപ്പം അവരെ ലാറ്റ്‌സ് അദ്ദേഹത്തിന്റെ വസതിയിലേക്ക് ക്ഷണിച്ചു. 2012 ല്‍ അവര്‍ നടത്തിയ ഒരു ട്വീറ്റിനെക്കുറിച്ച് സംസാരിക്കുന്നതിനു വേണ്ടിയായിരുന്നു അത്. 'ഇസ്രായേല്‍ ലോകത്തെ മയക്കിക്കിടത്തിയിരിക്കുകയാണ്. അള്ളാ ജനങ്ങളെ ഉണര്‍ത്തുകയും ഇസ്രായേല്‍ ചെയ്യുന്ന തിന്മകള്‍ കാണുന്നതിനായി അവരെ സഹായിക്കുകയും ചെയ്യുമോ' എന്നതായിരുന്നു ട്വീറ്റ്. ആ ട്വീറ്റ് ഇസ്രയേലും അതിനെ പിന്തുണക്കുന്നവരും ലോകത്ത് പിന്തുണ നേടിയെടുക്കുന്നതിനായി കൗശലപൂര്‍വ്വം ഉപയോഗപ്പെടുത്തി. വീട്ടിലെ കൂടിക്കാഴ്ചയില്‍ രണ്ടു മണിക്കൂറോളം സമയം ചിലവഴിച്ചുവെങ്കിലും ട്വീറ്റിന് ക്ഷമ ചോദിക്കാന്‍ ഒമര്‍ തയ്യാറായില്ല. വളരെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷം ജനുവരിയില്‍ മാത്രമാണ് ആ ട്വീറ്റിന്റെ പേരില്‍ അവര്‍ ക്ഷമ ചോദിച്ചത്.
ഒമറുമായി കൂടിക്കാഴ്ചനടത്തിയ ലാറ്റ്‌സും മറ്റുള്ളവരും ഹൗസിലേക്കുള്ള മത്സരത്തില്‍ അവരെ പിന്തുണക്കുന്നവര്‍ ആയിരുന്നില്ലെന്നാണ് ആ കൂടിക്കാഴ്ചയെക്കുറിച്ചു അറിയാവുന്ന ഒരാള്‍ പറഞ്ഞത്. തന്റെ നിലപാടുകളുമായി വിയോജിപ്പുള്ളവരുമായി കൂടിക്കാണുന്നതിനുള്ള ഒമറിന്റെ ശ്രമത്തിന്റെ ഭാഗമായുള്ള ഒരു കൂടിക്കാഴ്ചയായിരുന്നു അത്. തന്റെ പരാമര്‍ശങ്ങളുടെ പേരില്‍ ഫെബ്രുവരിയില്‍ ക്ഷമ ചോദിച്ച ഒമറുമായി മിനിസോട്ടയിലെയും ഡെക്കോട്ടയിലെയും ജ്യൂവിഷ് കമ്മ്യൂണിറ്റി റിലേഷന്‍സ് കൌണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീവ് ഹ്യൂനേഗ്‌സ് കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇരുവരും തമ്മില്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളില്‍ നടത്തിയ കൂടിക്കാഴ്ചകളില്‍ ഒന്നുമാത്രമായിരുന്നു അത്. ഫെബ്രുവരിയിലെ കൂടിക്കാഴ്ചയില്‍ രണ്ടാം ലോക യുദ്ധത്തില്‍ കൊല്ലപ്പെട്ട ജൂത അമേരിക്കനായ തന്റെ ഒരു കസിന്റെ ഫോട്ടോ ഹ്യൂനേഗ്‌സ് ഒമറിനെ കാണിച്ചു. തന്റെ ദേശാഭിമാനത്തെ ചോദ്യം ചെയ്യുമ്പോള്‍ എന്തുമാത്രം വേദന അനുഭവപ്പെടുന്നുണ്ടെന്നു മനസ്സിലാക്കണമെന്ന് അദ്ദേഹം അവരോടു പറഞ്ഞു. ഇത് ബോധ്യപ്പെടുത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ വിദേശ രാജ്യത്തോടാണ് കൂറ് പുലര്‍ത്തുന്നതെന്ന വിധത്തില്‍ അവര്‍ നടത്തിയ പ്രസ്താവന തന്നെ അമ്പരപ്പിച്ചുവെന്നാണ് ഹ്യൂനേഗ്‌സ് പറഞ്ഞത്. ഒരു തവണയാണെങ്കില്‍ തെറ്റ് പറ്റിയതാണെന്ന് മനസ്സിലാക്കാം. എന്നാല്‍ അത് അവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ലായെന്നും ഹ്യൂനേഗ്‌സ് പറഞ്ഞു. ഹൗസില്‍ പ്രമേയത്തെ എതിര്‍ത്തു വോട്ടു ചെയ്ത 23 പേരും റിപ്പബ്ലിക്കന്മാരായിരുന്നു. ഇങ്ങനെയൊരു പ്രമേയത്തിന്റെ ആവശ്യകത ഇല്ലായിരുന്നുവെന്നാണ് അവരില്‍ ചിലര്‍ പറഞ്ഞത്.

Other News

 • അതിവേഗ റെയില്‍ പാതയുടെ നിര്‍മ്മാണം 2020ല്‍ ആരംഭിക്കും
 • അസ്സാന്‍ജിനെ വിട്ടുകിട്ടുന്നതിനായി യുഎസും സ്വീഡനും
 • പ്രശസ്തരുടെ വിവരങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ചോര്‍ന്നു
 • എലോണ്‍ മസ്‌കിന്റെ ഇന്ത്യ സ്വപ്നം സഫലമാക്കാന്‍ അശോക് ലെയ്‌ലാന്‍ഡ്
 • യുഎസില്‍ ഏഷ്യന്‍ തൊഴിലാളികളുടെ എണ്ണം കൂടുന്നു
 • വിദഗ്ധരെ പ്രോത്സാഹിപ്പിക്കുന്ന കുടിയേറ്റ നയവുമായി ട്രംപ് ഭരണം
 • ഇലക്ഷന്‍ ഫലം; വടക്കേ അമേരിക്ക പ്രതികരിക്കുന്നു
 • അപ്രതീക്ഷിതമല്ലാത്ത തിരിച്ചടി
 • എന്തുകൊണ്ട് മോഡി?
 • തിരിച്ചടിച്ചത് ശബരിമലയിലെ കടുംപിടിത്തം; വിമര്‍ശനം നീളുക പിണറായിക്കു നേരെ
 • ചിന്തയുണര്‍ത്തുന്ന ഉജ്ജ്വലവിജയം
 • Write A Comment

   
  Reload Image
  Add code here