മന്‍മോഹന്‍ സിങ് അമൃതസറില്‍ മത്സരിക്കുമോ?

Mon,Mar 11,2019


ദീര്‍ഘവും വിശിഷ്ടവുമായ രാഷ്ട്രീയ ജീവിതത്തിനിടയില്‍ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തരണം ചെയ്യാത്തതായ ഒരു നാഴികക്കല്ലേയുള്ളൂ: അഞ്ചുതവണ രാജ്യസംഭാംഗമായ അദ്ദേഹം ഒരിക്കല്‍പ്പോലും ലോക് സഭയിലൂടെ പാര്‍ലമെന്റിലെത്തിയിട്ടില്ല. 1999ല്‍ മാത്രമാണ് അദ്ദേഹം ലോക് സഭ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്ന് ബിജെപിയിലെ വി കെ മല്‍ഹോത്രയോടു പരാജയപ്പെടുകയും ചെയ്തു. ഇപ്പോള്‍ ലോക് സഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കവേ പഞ്ചാബിലെ പല കോണ്‍ഗ്രസ് നേതാക്കളും അമൃതസര്‍ ലോക് സഭാ മണ്ഡലത്തില്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിക്കുന്നുണ്ട്. അമൃതസറില്‍ നിന്നുള്ള എംഎല്‍എ മാരാണ് ഇങ്ങനെയൊരു ആശയം അവതരിപ്പിച്ചത്. അതെ തുടര്‍ന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ അദ്ദേഹത്തോട് മത്സരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അടുത്ത സെപ്റ്റംബറില്‍ 87 വയസ്സ് പൂര്‍ത്തിയാക്കുകയാണ് മന്‍മോഹന്‍ സിങ്.
സംസ്ഥാനത്തെ കോണ്‍ഗ്രസിന് വലിയൊരു അഭിമാനമാകും സിങിന്റെ മത്സരമെന്നാണ് പി സി സി അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹം മാത്രമായിരിക്കുമെന്നും ജാക്കര്‍ പറഞ്ഞു. രാജ്യസഭയില്‍ മന്‍മോഹന്‍ സിങിന്റെ കാലാവധി ജൂണ്‍ 14 ന് അവസാനിക്കുകയാണ്. അസമില്‍ നിന്നുമുള്ള അംഗമാണ് അദ്ദേഹമിപ്പോള്‍. അവിടെയിപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തിനു പുറത്താണ്. അതിനാല്‍ വീണ്ടും അദ്ദേഹത്തെ രാജ്യ സഭയിലെത്തിക്കുന്നതിനുള്ള തന്ത്രമാണ് പാര്‍ട്ടിക്ക് ആവിഷ്‌ക്കരിക്കേണ്ടത്. പഞ്ചാബില്‍ നിന്നും അദ്ദേഹത്തിന് രാജ്യ സഭയിലെത്താന്‍ കഴിയും. അവിടെനിന്നും ഇപ്പോള്‍ മൂന്നു കോണ്‍ഗ്രസ് എംപിമാരാണ് രാജ്യസഭയിലുള്ളത്അംബിക സോണി, പ്രതാപ് ബജ്വ, എസ് എസ് ദുല്ലോ. അവരിലൊരാള്‍ രാജിവെച്ചാല്‍ മതി. രാജ്യ സഭാംഗത്വം രാജിവെക്കുന്നതിനും ലോക് സഭയിലേക്കു മത്സരിക്കുന്നതിനുള്ള സന്നദ്ധത ബജ്വ അറിയിച്ചിട്ടുണ്ട്. അംബിക സോണിയുടെ കാലാവധി 2022ലാണ് അവസാനിക്കുക.
മന്‍മോഹന്‍ സിങ് മത്സരിക്കുന്നത് കോണ്‍ഗ്രസിന് ഉത്തേജനമേകുമെന്നതിനു പുറമെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായ ഉയര്‍ത്തുമെന്നും ഭൂരിപക്ഷം നേതാക്കളും കരുതുന്നു. പാര്‍ട്ടിക്കും രാജ്യത്തിനും ഒരു മുതല്‍ക്കൂട്ടാണ് മന്‍മോഹന്‍ സിങ് എന്നാണു അദ്ദേഹത്തിന്റെ കാബിനറ്റില്‍ അംഗമായിരുന്ന അശ്വനി കുമാര്‍ പറയുന്നത്. കൂടുതല്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന സിങിന്റെ രാഷ്ട്രീയ ഇന്നിങ്‌സ് അവസാനിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ സ്വകാര്യമായി പറയുന്നുണ്ട്. നോട്ടുനിരോധനം ജിഡിപിയില്‍ രണ്ടു ശതമാനത്തിന്റെ കുറവുണ്ടാക്കുമെന്നു കൃത്യമായി പ്രവചിച്ച സിങിനെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അടുത്തിടെ പരസ്യമായി പ്രകീര്‍ത്തിക്കുകയുണ്ടായി.
തെരെഞ്ഞെടുപ്പിനുശേഷം ഉരുത്തിരിയുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ സംയുക്ത പ്രതിപക്ഷത്തിന്റെ മുഖമായി സിങ് ഉയര്‍ന്നുവരുമോയെന്നതാണ് ചോദ്യം. സിങ്ങിന് അതിനുള്ള ജ്ഞാനവും ഭാഗ്യവും ഉണ്ടെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. യുജിസി ചെയര്‍മാന്‍ ആയിരിക്കുമ്പോഴാണ് 1991ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹ റാവു സിങിനെ ധനമന്ത്രിയാക്കിയത്.

Other News

 • ഇന്ത്യാ-പാക് സംഘര്‍ഷ വേളയില്‍ നാവികസേനയും തയ്യാറായിരുന്നു
 • ക്രൈസ്റ്റ്ചര്‍ച്ച് തെളിയിക്കുന്നു: ഭീകരതയുടെ ഭാഷ ഒന്നുതന്നെ
 • പാക് ഭീകരതാ വിരുദ്ധ നടപടികള്‍ പരിശോധിക്കപ്പെടണം: ഇന്ത്യ
 • ജെഎല്‍ആര്‍ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികന്‍ ഇനി ഓര്‍മ്മ
 • നരാധമന്റെ വെടിയൊച്ചകൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല ന്യൂസിലാന്‍ഡിന്റെ സ്വസ്ഥത
 • ബിജെപിക്ക് 6 സംസ്ഥാനങ്ങള്‍ നിര്‍ണ്ണായകം
 • ജനപ്രീതിയില്‍ മോഡി മുന്നിലെന്ന് ഇന്ത്യടുഡേ സര്‍വേ
 • 'പുല്‍വാമ ഭീകരാക്രമണം മോഡിയുടെ റേറ്റിംഗ് 7% ഉയര്‍ത്തി'
 • ചര്‍ച്ചയില്‍ തീരുമോ ബാബ്‌രി തര്‍ക്കം?
 • ബോയിംഗ് പ്രതിസന്ധി വിമാന യാത്രയെ ബാധിക്കും
 • ചൈന നമ്മളെയെല്ലാം പറ്റിക്കുകയായിരുന്നു?
 • Write A Comment

   
  Reload Image
  Add code here