എണ്ണ സൗഹൃദത്തിനപ്പുറം ഭീകരതയ്‌ക്കെതിരെയും ഇറാന്‍ ഇന്ത്യക്കൊപ്പം

Mon,Mar 11,2019


അമേരിക്കന്‍ ഉപരോധം വകവയ്ക്കാതെ ഇന്ത്യക്ക് എണ്ണ നല്‍കുന്ന ഇറാന്‍ ഇന്ത്യക്കൊപ്പം ഭീകരതയുടെ ഇരയാണ്. പുല്‍വാമ ആക്രമണമുണ്ടായപ്പോള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം അതിനെ അപലപിച്ചത് ഇറാന്‍ മാത്രമായിരുന്നു. ആ നിലപാട് കുറേക്കൂടെ കര്‍ക്കശമാക്കുകയാണ് ഇറാനിയന്‍ ഭരണകൂടം.
ഇന്ത്യക്കെതിരെയും ഇറാനെതിരെയും ആവര്‍ത്തിച്ചാരങ്ങേറുന്ന ഭീകരാക്രമണങ്ങളുടെ പ്രഭവസ്ഥാനം പാകിസ്ഥാനാണെന്ന് തുറന്നടിച്ച് പാകിസ്ഥാനോട് മര്യാദക്ക് പെരുമാറണമെന്ന് ആവശ്യപ്പെടുകയാണവര്‍. പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ നിയന്ത്രിക്കണമെന്നും അവയുടെ സാമ്പത്തിക ശ്രോതസുകള്‍ തകര്‍ക്കണമെന്നും ഇറാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാന്‍ കേന്ദ്രമാക്കിയാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അതിനുള്ള പണം അവര്‍ക്ക് ലഭിക്കുന്നത് എവിടെനിന്നാണെന്ന് 'എല്ലാവര്‍ക്കും അറിവുള്ള' കാര്യമാണെന്നും പറഞ്ഞ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ഭീകര സംഘടനകള്‍ക്കെതിരെ നടപടി എടുക്കാതിരുന്നാല്‍ അത് ഇറാന്‍പാക് ബന്ധങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനില്‍ നടന്ന ഒട്ടേറെ ഭീകര പ്രവര്‍ത്തനങ്ങളുടെ ഉറവിടം പാക് അതിര്‍ത്തിക്ക് അപ്പുറമാണെന്ന് കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച പാകിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനുമായി ഫോണില്‍ സംസാരിക്കവെ ഒട്ടേറെ ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുള്ളവര്‍ പാകിസ്ഥാന്റെ മണ്ണില്‍നിന്നുമാണ് വന്നതെന്ന് കണ്ടതായും അത്തരം സംഘങ്ങള്‍ മേഖലയില്‍ ഇറാന്റെയും പാക്കിസ്ഥാന്റെയും താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമല്ലെന്നും അവരെ അമര്‍ച്ച ചെയ്യുന്നതിനുള്ള ശ്രമങ്ങളില്‍ പാകിസ്ഥാനിലെ ഗവണ്മെന്റുമായും സൈന്യവുമായും സഹകരിക്കാന്‍ തയ്യാറാണെന്നും റൂഹാനി പറഞ്ഞു. പാകിസ്ഥാന്റെ ശക്തമായ നടപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഇറാനിലെ ഇസ്ലാമിക് വിപ്ലവ ഗാര്‍ഡ് സേനയിലെ 27 പേര്‍ ഭീകരാക്രമണത്തില്‍ മൂന്നാഴ്ചകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍ കേന്ദ്രമാക്കിയുള്ള ജെയ്ഷ് ഉല്‍ അദുല്‍ എന്ന ഭീകര സംഘടന അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പുല്‍വാമയിലെ ആക്രമണത്തിന് ഒരു ദിവസം മുമ്പ് ഫെബ്രുവരി 13ന് ഇറാന്റെ സിസ്റ്റന്‍ ആന്‍ഡ് ബലൂചിസ്ഥാന്‍ പ്രവിശ്യയിലായിരുന്നു ആക്രമണം. ഇറാനില്‍ നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അത്. ഒരു ചാവേര്‍ ബോംബായിരുന്നു ആക്രമണം നടത്തിയതെന്ന് ഇറാന്‍ അറിയിച്ചു. ഇത്തരം ആക്രമണങ്ങള്‍ തുടരുന്നത് ഇറാന്‍പാക് ബന്ധങ്ങളെ ബാധിക്കുമെന്ന് റൂഹാനി മുന്നറിയിപ്പ് നല്‍കി.
ഇമ്രാന്‍ ഖാനുമായി റൂഹാനി നടത്തിയ സംഭാഷണത്തില്‍ ഭീകര ആക്രമണമായിരുന്നു മുഖ്യമായും ഉന്നയിച്ചതെന്നാണ് ഇറാന്‍ പറഞ്ഞത്. എന്നാല്‍ പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷ്യത്തില്‍ ഭീകരത ചെറുതായി മാത്രമേ പരാമര്‍ശിച്ചുള്ളു, ഭീകരത വളരെ ഗൗരവമുള്ള ഒരു പ്രശ്‌നമായി ഇറാന്‍ കണക്കാക്കുന്നുവെന്ന കാര്യം പറഞ്ഞതുപോലുമില്ല. പാക് മണ്ണില്‍ ഔദ്യോഗിക പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ പാക് സൈന്യവും ഐഎസ്‌ഐയും പരാജയപ്പെടുന്നപക്ഷം പാക് ഭൂപ്രദേശത്തിനുള്ളില്‍ കടന്നുകൊണ്ട് തിരിച്ചടി നല്‍കുമെന്നാണ് ഇറാനിലെ ശക്തരായ വിപ്ലവ ഗാര്‍ഡുകള്‍ നല്‍കിയിട്ടുളള മുന്നറിയിപ്പ്. ഇറാന്‍ വിപ്ലവ ഗാര്‍ഡുകളിലെ പ്രത്യേക വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ തലവന്‍ കാസ്സിം സുലൈമാനിയാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഇറാക്കിലും സിറിയയിലും ഇസ്ലാമിക് സേനക്കെതിരെയുള്ള യുദ്ധത്തില്‍ മുന്നണിയില്‍ പോരാടുന്ന വിഭാഗമാണ് ഖുദ്‌സ് ഫോഴ്‌സ്.

Other News

 • അതിവേഗ റെയില്‍ പാതയുടെ നിര്‍മ്മാണം 2020ല്‍ ആരംഭിക്കും
 • അസ്സാന്‍ജിനെ വിട്ടുകിട്ടുന്നതിനായി യുഎസും സ്വീഡനും
 • പ്രശസ്തരുടെ വിവരങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ചോര്‍ന്നു
 • എലോണ്‍ മസ്‌കിന്റെ ഇന്ത്യ സ്വപ്നം സഫലമാക്കാന്‍ അശോക് ലെയ്‌ലാന്‍ഡ്
 • യുഎസില്‍ ഏഷ്യന്‍ തൊഴിലാളികളുടെ എണ്ണം കൂടുന്നു
 • വിദഗ്ധരെ പ്രോത്സാഹിപ്പിക്കുന്ന കുടിയേറ്റ നയവുമായി ട്രംപ് ഭരണം
 • ഇലക്ഷന്‍ ഫലം; വടക്കേ അമേരിക്ക പ്രതികരിക്കുന്നു
 • അപ്രതീക്ഷിതമല്ലാത്ത തിരിച്ചടി
 • എന്തുകൊണ്ട് മോഡി?
 • തിരിച്ചടിച്ചത് ശബരിമലയിലെ കടുംപിടിത്തം; വിമര്‍ശനം നീളുക പിണറായിക്കു നേരെ
 • ചിന്തയുണര്‍ത്തുന്ന ഉജ്ജ്വലവിജയം
 • Write A Comment

   
  Reload Image
  Add code here