മാണി തള്ളിയ ജോസഫിനെ യുഡിഎഫ് കൂടെ നിർത്തുമോ?

Thu,Mar 14,2019


രമേശ് അരൂര്‍


കെ.എം. മാണി ഒരിക്കല്‍ പറഞ്ഞതുപോലെ വളരുംതോറും പിളരുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. പിളരുകയും വീണ്ടും കൂടിച്ചേരുകയും പിന്നെയും പിളരുകയും തരാതരംപോലെ ഇടതു വലതുമുന്നണികള്‍ക്കൊപ്പം മാറി മാറി ഭാഗ്യം പരീക്ഷിക്കുകയും ചെയ്യുക എന്നതാണ് കേരള കോണ്‍ഗ്രസുകളുടെ പരമ്പരാഗത രീതി.
പലതായി വഴിപിരിഞ്ഞ് ഇടത്തും വലത്തുമായി നിന്നശേഷം വീണ്ടും ഒരുമിച്ചു കൂടിയതാണ് മാണിഗ്രൂപ്പും ജോസഫ് ഗ്രൂപ്പും പി.സി. ജോര്‍ജിന്റെ സെക്യുലറും. കഴിഞ്ഞ യുഡിഎഫ് ഭരണക്കാലത്ത് എല്ലാവരും കൂടി ഒന്നിച്ചുനിന്ന് അധികാരം പങ്കിട്ടെങ്കിലും അധികാരത്തിന്റെയും ആനുകൂല്യങ്ങളുടേയും ഏറ്റക്കുറച്ചിലിനെ ചൊല്ലി കലഹിച്ച് പി.സി ജോര്‍ജ്ജും മാണിഗ്രൂപ്പിനൊപ്പം നിന്ന ഫ്രാന്‍സിസ് ജോര്‍ജ്ജും ആന്റണി രാജുവുമൊക്കെ വീണ്ടും പിളര്‍പ്പുണ്ടാക്കി വഴി പിരിഞ്ഞതാണ്.
സ്ഥിരം വഴക്കാളിയായ പി.സി. ജോര്‍ജിനെ ഒരു മുന്നണിയും കൈക്കൊണ്ടില്ലെങ്കിലും പൂഞ്ഞാറിലെ ജനങ്ങള്‍ കൈവിടാതിരുന്നതുകൊണ്ട് വീണ്ടും അസംബ്ലിയിലെത്തി. ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും ജനാധിപത്യ കോണ്‍ഗ്രസ് ഉണ്ടാക്കി ഇടതുമുന്നണിയുടെ ഭാഗവുമായി.
ഈ മാറ്റങ്ങളെല്ലാം ഉണ്ടായിട്ടും മാണി ഗ്രൂപ്പിലും യുഡിഎഫിലും ഉറച്ചുനില്‍ക്കുകയായിരുന്നു പഴയ പടക്കുതിരയായ പി.ജെ. ജോസഫ്. പാര്‍ട്ടി വർക്കിംഗ് ചെയര്‍മാന്‍ എന്ന കിരീടം മാണി സാര്‍ തലയില്‍ വെച്ചു കൊടുത്തെങ്കിലും ജനാധിപത്യവേദികളില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അവഗണനയായിരുന്നു ഫലം. ആകെയുള്ള കോട്ടയം ലോക് സഭാ സീറ്റില്‍ തുടര്‍ച്ചയായി മകന്‍ ജോസ് കെ. മാണിയെയാണ് മാണി സാര്‍ എപ്പോഴും പരിഗണിച്ചത്.
ഇതിനിടയില്‍ ബാര്‍ കോഴക്കേസില്‍ തന്നെയും പാര്‍ട്ടിയെയും കുടുക്കിയ കോണ്‍ഗ്രസിനോടുള്ള പിണക്കം മൂലം യുഡിഎഫ് വിടാന്‍ മാണി സാര്‍ തയ്യാറായി. അപ്പോഴും മുന്നണി വിട്ടു പോരരുതെന്ന പി.ജെ. ജോസഫിന്റെ തടസവാദങ്ങളോ താല്‍പര്യമോ മാണി സാര്‍ കേട്ടഭാവം പോലുംനടിച്ചില്ല. ഇടതുമുന്നണിയില്‍ ചേക്കേറാനാണ് മാണി സാറിന്റെ തീരുമാനമെന്നറിഞ്ഞപ്പോള്‍ എന്തുവിലകൊടുത്തും അതിനെ തടയാന്‍ ജോസഫിനോളം ശ്രമിച്ചവര്‍ ആരുമില്ല. പാര്‍ട്ടി ഒരുമുന്നണിയിലും ഉള്‍പ്പെടാതെ ഒറ്റക്ക് നിന്നപ്പോഴും കോണ്‍ഗ്രസ് നേതൃത്വവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി കേരള കോണ്‍ഗ്രസിനെ വീണ്ടും യുഡിഎഫ് പാളയത്തിലെത്തിക്കാന്‍ പി.ജെ ജോസഫ് തന്നെയാണ് മുന്‍കൈയ്യെടുത്തത്. പക്ഷെ അതിനുള്ള ഉപാധിയായി കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ട രാജ്യസഭാ സീറ്റും ജോസിനു തന്നെ സമ്മാനിച്ച് മാണി പുത്രവാത്സല്യം പെരുപ്പിച്ചു.
ഗ്രൂപ്പില്‍ ഇതോടെ സഹപ്രവര്‍ത്തകരുടെ മുറുമുറുപ്പ് ശക്തമായെങ്കിലും മുന്നണിയുടെയും പാര്‍ട്ടിയുടെയും ഐക്യം മാനിച്ച് ജോസഫ് കടിച്ചു പിടിച്ചു നിന്ന് സഹിക്കുകയായിരുന്നു. അപ്പോ നേരിയ പ്രതീക്ഷയോടെ കാത്തിരുന്നത് ലോക് സഭാ തെരഞ്ഞെടുപ്പോടെ ഒഴിവു വരുന്ന കോട്ടയം സീറ്റ് എന്ന പച്ചത്തുരുത്താണ്. മുന്നണിക്കകത്ത് ചര്‍ച്ച ചെയ്ത് ഒരു സീറ്റു കൂടി തരപ്പെടുത്താന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റും അതില്‍ ഉറപ്പുള്ള കോട്ടയം സീറ്റ് തനിക്കും എന്ന് ജോസഫ് സ്വപ്‌നം കണ്ടു.
രണ്ട് സീറ്റ് തരാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വെട്ടിത്തുറന്ന് പറഞ്ഞത്. കിട്ടിയേ പറ്റൂ എന്നൊക്കെ പറഞ്ഞുനോക്കിയെങ്കിലും ഒന്നും നടന്നില്ല. എങ്കില്‍ ആകെയുള്ള കോട്ടയം സീറ്റില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യം ജോസഫ് പാര്‍ട്ടിക്കകത്ത് ഉന്നയിച്ചു. മാധ്യമങ്ങളോടും പറഞ്ഞു. പക്ഷെ മാണി സാര്‍ പതിവുപോലെ ജോസഫിനെ വെട്ടി തന്റെ അനുയായിയായ തോമസ് ചാഴികാടനെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയായിരുന്നു. ഇതോടെ ജോസഫിന്റെയും കൂട്ടരുടേയും സമനില തെറ്റി.
ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കിയ ദിവസം രാത്രി തന്നെ ജോസഫിന്റെ വീട്ടില്‍ അനുയായികള്‍ യോഗം ചേര്‍ന്ന് പാര്‍ട്ടി പിളര്‍ന്നു പോരണമെന്നും കോട്ടയത്ത് തന്നെ സ്വന്തം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കണം എന്നും തീരുമാനിച്ചു. തങ്ങളുടെ അഭിപ്രായം അവഗണിച്ചാണ് സ്ഥാനാര്‍ത്ഥി തീരുമാനമുണ്ടായതെന്നും അസാധാരണമായ രീതിയിലാണ് പ്രഖ്യാപനമുണ്ടായതെന്നും പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറയുകയും ചെയ്തു. ഒരുമിച്ചു നിന്ന കാലത്തൊക്കെ മാണി സാര്‍ ജോസഫിനെയും കൂട്ടരെയും ദ്രോഹിക്കുകയും അവഗണിക്കുകയും ചെയ്തിട്ടേയുള്ളൂ എന്ന് തെളിവുനിരത്തി വാദിച്ചുകൊണ്ട് പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം.ജോര്‍ജ് അടക്കം ചില ഭാരവാഹികള്‍ രാജിവച്ചു. ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കിയത് സിപിഎമ്മിനെ സഹായിക്കാനാണെന്ന് രാജിവച്ച പി.എം. ജോര്‍ജ് തുറന്നടിച്ചു. പാര്‍ട്ടിക്കുള്ളില്‍ നിരവധി നേതാക്കളും പരസ്യ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
പി.ജെ.ജോസഫിന് സീറ്റ് നല്‍കാത്തതിലുള്ള അതൃപ്തി മോന്‍സ് ജോസഫ് പരസ്യമാക്കി. ജോസഫിന് സീറ്റ് നിഷേധിച്ചത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കാകെ വിഷമമുണ്ടാക്കിയെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. പി.ജെ. ജോസഫിന് സീറ്റ് നല്‍കാത്തത് ജോസ് കെ.മാണിയുടെ ഇടപെടലാണെന്ന് ടി.യു.കുരുവിളയും പ്രതികരിച്ചു. തീരുമാനം എല്‍ഡിഎഫുമായുള്ള രഹസ്യ ധാരണയുടെ പുറത്താണെന്നും കുരുവിള ആഞ്ഞടിച്ചു. യുഡിഎഫിന്റെ വിജയ സാധ്യതയെ തന്നെ അപകടത്തിലാക്കും വിധം കേരള കോണ്‍ഗ്രസിലെ സീറ്റു തര്‍ക്കം രൂക്ഷമായതോടെ കോണ്‍ഗ്രസ് നേതൃത്വവും ലീഗ് അടക്കമുള്ള ഘടക കക്ഷികളും പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും ജോസഫ് ഗ്രൂപ്പ് ഉന്നയിച്ച ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ലോക്‌സഭാ സീറ്റ് പ്രശ്നം പരിഹരിക്കാനാകാത്ത സാഹചര്യത്തില്‍ പാര്‍ട്ടി വിടേണ്ടിവന്നാല്‍ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കണമെന്നു കോണ്‍ഗ്രസ് നേതൃത്വത്തോടു പി.ജെ. ജോസഫ് ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി വിട്ടാലും യുഡിഎഫില്‍ തന്നെ തുടരും. പക്ഷേ അതിനുള്ള ക്രമീകരണം കോണ്‍ഗ്രസ് ഏര്‍പ്പെടുത്തുമോ എന്നതായിരുന്നു ജോസഫിന്റ ചോദ്യം. യുഡിഎഫില്‍ തന്നെ പ്രത്യേക കക്ഷി എന്നതാണു ജോസഫ് ഉന്നമിടുന്നത് എന്നു കണ്ട കോണ്‍ഗ്രസ് അതിനു മറുപടി നല്‍കാതെ ഘടകകക്ഷികളുമായിക്കൂടി ചര്‍ച്ച ചെയ്തു പ്രശ്‌നപരിഹാരത്തിനു സാധ്യമായ എല്ലാ ശ്രമവും നടത്തുമെന്നു വ്യക്തമാക്കി.
ഇടുക്കി, കോട്ടയം സീറ്റുകള്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും വച്ചുമാറി കോട്ടയത്ത് ഉമ്മന്‍ചാണ്ടിയും ഇടുക്കിയില്‍ താനും മത്സരിക്കാമെന്ന നിര്‍ദേശമാണു ജോസഫ് ആദ്യം മുന്നോട്ടു വച്ചത്. കോട്ടയത്തു മാണി പ്രഖ്യാപിച്ച തോമസ് ചാഴികാടനെ പിന്‍വലിപ്പിക്കണമെന്ന ഈ ആവശ്യത്തിന്റെ അപകടം മണത്ത കോണ്‍ഗ്രസ് ആ സാധ്യത എളുപ്പമല്ലെന്നു ചൂണ്ടിക്കാട്ടി.
അറ്റകൈ എന്ന നിലയില്‍ പാര്‍ട്ടി വിട്ടുപോരേണ്ടി വന്നാല്‍ പി.ജെ ജോസഫിനും മോന്‍സ് ജോസഫിനുമെല്ലാം മുമ്പില്‍ ആകെയുള്ള വഴി യുഡിഎഫില്‍ തന്നെ പ്രത്യേക ഘടകകക്ഷിയായി നില്‍ക്കുക എന്നതാണ്. പക്ഷെ അതിന് മുന്നണിയുടെ അനുമതി വേണം. മാണി അത് അംഗീകരിച്ചില്ലെങ്കില്‍ എംഎല്‍എമാരായ ജോസഫിനെയും മോന്‍സ് ജോസഫിനെയും കൂറുമാറ്റനിരോധനനിയമപ്രകാരം അയോഗ്യരായി പ്രഖ്യാപിക്കണമെന്നു സ്പീക്കറോട് ആവശ്യപ്പെടാം. ഇങ്ങനെ വന്നാല്‍ ഗത്യന്തരമില്ലാതെ തല താഴ്ത്തി മാണിയോടൊപ്പം നടക്കുക മാത്രമേ ജോസഫിനും കൂട്ടര്‍ക്കും കഴിയൂ.
യുഡിഎഫിനെ തള്ളിപ്പറഞ്ഞ് പുറത്തുവന്നാല്‍ ജോസഫിനെയും കൂട്ടരേയും ഇടതുമുന്നണിയില്‍ ചേര്‍ക്കുന്ന കാര്യം ആലോചിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതും ചില അട്ടിമറി സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
തെരഞ്ഞെടുപ്പുകാലമായതിനാല്‍ ജോസഫ് ഗ്രൂപ്പിന്റെ നിരാശയും പ്രതികാരവും തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായ പ്രതിഫലനമുണ്ടാക്കുമെന്ന പ്രത്യാശയിലാണ് എല്‍ഡിഎഫ്. ഇടതുമുന്നണിക്കൊപ്പമുള്ള ജനാധിപത്യ കോണ്‍ഗ്രസിലെ പഴയ സഹപ്രവര്‍ത്തകരായ ഫ്രാന്‍സിസ് ജോര്‍ജ്ജും, ആന്റണി രാജുവുമെല്ലാം ജോസഫുമായി സൂക്ഷിക്കുന്ന ബന്ധം ജോസഫിന് സ്വാധീനമുള്ള ഇടുക്കി, കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് അനുകൂലമായ അടിയൊഴുക്കുകള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്.

remeshjournalist@gmail.com

Other News

 • അതിവേഗ റെയില്‍ പാതയുടെ നിര്‍മ്മാണം 2020ല്‍ ആരംഭിക്കും
 • അസ്സാന്‍ജിനെ വിട്ടുകിട്ടുന്നതിനായി യുഎസും സ്വീഡനും
 • പ്രശസ്തരുടെ വിവരങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ചോര്‍ന്നു
 • എലോണ്‍ മസ്‌കിന്റെ ഇന്ത്യ സ്വപ്നം സഫലമാക്കാന്‍ അശോക് ലെയ്‌ലാന്‍ഡ്
 • യുഎസില്‍ ഏഷ്യന്‍ തൊഴിലാളികളുടെ എണ്ണം കൂടുന്നു
 • വിദഗ്ധരെ പ്രോത്സാഹിപ്പിക്കുന്ന കുടിയേറ്റ നയവുമായി ട്രംപ് ഭരണം
 • ഇലക്ഷന്‍ ഫലം; വടക്കേ അമേരിക്ക പ്രതികരിക്കുന്നു
 • അപ്രതീക്ഷിതമല്ലാത്ത തിരിച്ചടി
 • എന്തുകൊണ്ട് മോഡി?
 • തിരിച്ചടിച്ചത് ശബരിമലയിലെ കടുംപിടിത്തം; വിമര്‍ശനം നീളുക പിണറായിക്കു നേരെ
 • ചിന്തയുണര്‍ത്തുന്ന ഉജ്ജ്വലവിജയം
 • Write A Comment

   
  Reload Image
  Add code here