ചൈന നമ്മളെയെല്ലാം പറ്റിക്കുകയായിരുന്നു?

Thu,Mar 14,2019


കഴിഞ്ഞ ഒരു പതിറ്റാണ്ടായി ചൈനയും ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ച ലോകത്തിന്റെ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. എന്നാലിപ്പോള്‍ തെളിയുന്നത് പെരുപ്പിച്ച് കാട്ടിയ ബലത്തിലാണ് ചൈന ലോകത്തിന് മുന്നില്‍ നെഞ്ച് വിരിച്ച് നിന്നതാണെന്നാണ്. സ്വന്തം സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പെരുപ്പിച്ചു കാട്ടിയ കണക്കുകളാണ് ചൈന ഒന്‍പത് വര്‍ഷക്കാലം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നതത്രെ!
2008നും 2016നും മദ്ധ്യേയുള്ള ആഭ്യന്തര ഉത്പാദന വളര്‍ച്ചയെക്കുറിച്ചുള്ള ചൈനയുടെ കണക്കുകളില്‍ ശരാശരി 1.7% പോയിന്റുകളുടെ വര്‍ദ്ധന അധികമായി അവകാശപ്പെട്ടുവെന്ന് പറയുന്നത് സാധാരണക്കാരല്ല, ഹോംഗ്‌കോംഗിലെ ചൈനീസ് സര്‍വകലാശാലയിലെയും ചിക്കാഗോ സര്‍വകലാശാലയിലെയും ഗവേഷകരാണ്. പക്ഷെ അതൊന്നും മനഃപൂര്‍വമായിരുന്നില്ല കേട്ടോ! വളര്‍ച്ചയുടെയും നിക്ഷേപങ്ങളുടെയും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പാരിതോഷികങ്ങള്‍ ലഭിച്ചിരുന്ന തദ്ദേശീയ ഗവണ്‍മെന്റുകള്‍ സമര്‍പ്പിച്ച കണക്കുകളിലാണ് ഈ വ്യത്യാസമുണ്ടായതെന്നാണ് ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗവേഷക പ്രബന്ധത്തില്‍ പറയുന്നത്.
കണക്കുകളില്‍ കാട്ടുന്ന കൃത്രിമങ്ങളെക്കുറിച്ച് അറിയാമായിരുന്ന ബെയ്ജിങ്ങിലെ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് ബ്യുറോ അത് ശരിയാക്കിക്കൊണ്ടിരുന്നു. എന്നാല്‍ 2008നു ശേഷം കണക്കുകളില്‍ മാറ്റം വരുത്തുന്ന ജോലി നിര്‍വഹിക്കപ്പെട്ടില്ല. അതിനുപകരം വലിയ കൃതൃമങ്ങളൊന്നും കാണിക്കാന്‍ കഴിയാത്ത നികുതി വരുമാന കണക്കുകള്‍, ഉപഗ്രഹ ത്രങ്ങള്‍, വൈദ്യുതി ഉപഭോഗം, റെയില്‍വേ ചരക്കു ഗതാഗതം, കയറ്റുമതിഇറക്കുമതി തുടങ്ങിയവ സംബന്ധിച്ച കണക്കുകളാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്ഘടനയുടെ ജിഡിപി വളര്‍ച്ച പ്രവചിക്കുന്നതിനായി ഉപയോഗപ്പെടുത്തിയത്. 2008നു ശേഷം ചൈനയുടെ വളര്‍ച്ചയില്‍ നേരിട്ട മാന്ദ്യം ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ ഗുരുതരമായിരുന്നുവെന്നാണ് പരിഷ്‌ക്കരിച്ച കണക്കുകള്‍ കാണിക്കുന്നതെന്നാണ് ഗവേഷകര്‍പറയുന്നത്.
വളര്‍ച്ച പെരുപ്പിച്ചു കാട്ടുക അല്ലെങ്കില്‍ കുറച്ചു കാട്ടുക അല്ലെങ്കില്‍ യഥാര്‍ത്ഥ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ കുറച്ചുകാട്ടുക എന്നതിന്റെയൊക്കെ പേരില്‍ ചൈനയിലെ ജിഡിപി വളരെക്കാലമായി വിമര്‍ശിക്കപ്പെട്ടിരുന്നു. സ്വന്തം സ്ഥാനക്കയറ്റങ്ങളുടെ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനായി സാമ്പത്തിക വളര്‍ച്ചയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രമിച്ചിരുന്ന തദ്ദേശീയ ഗവണ്മെന്റുകളുടെ അധികാരികള്‍ കണക്കുകള്‍ പെരുപ്പിച്ചു പറയുകയും അത് പലപ്പോഴും ഔദ്യോഗിക ദേശീയസംഖ്യയായ 10 ശതമാനത്തിനു മുകളില്‍ പോകുകയും ചെയ്തിരുന്നുവത്രെ.
സമീപവര്‍ഷങ്ങളില്‍ സ്ഥാപനങ്ങളില്‍ നിന്നും സ്ഥിതിവിവര കണക്കുകള്‍ നേരിട്ട് ശേഖരിക്കുകയും പ്രത്യേക പരിശോധന വിഭാഗം രൂപീകരിക്കുകയും ആള്‍ക്കാരെ പേരെടുത്തു പറഞ്ഞു വിമര്‍ശിക്കുകയും ചെയ്തുകൊണ്ട് കണക്കുകളില്‍ കൃത്രിമങ്ങള്‍ കാട്ടുന്നത് തടയാന്‍ ദേശീയ തലത്തില്‍ അധികൃതര്‍ ശ്രമം തുടങ്ങി. പ്രശ്‌നങ്ങളെല്ലാം അവസാനിച്ചുവെന്നും 2019 മുതല്‍ 31 മേഖലകളിലെയും ജിഡിപി നേരിട്ട് കണക്കാക്കുമെന്നും നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് ബ്യുറോ മേധാവി കഴിഞ്ഞവര്‍ഷം പറഞ്ഞിരുന്നു. ഇനിയെങ്കിലും ശരിക്കുള്ള കണക്കുകള്‍ കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം...

Other News

 • അതിവേഗ റെയില്‍ പാതയുടെ നിര്‍മ്മാണം 2020ല്‍ ആരംഭിക്കും
 • അസ്സാന്‍ജിനെ വിട്ടുകിട്ടുന്നതിനായി യുഎസും സ്വീഡനും
 • പ്രശസ്തരുടെ വിവരങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ചോര്‍ന്നു
 • എലോണ്‍ മസ്‌കിന്റെ ഇന്ത്യ സ്വപ്നം സഫലമാക്കാന്‍ അശോക് ലെയ്‌ലാന്‍ഡ്
 • യുഎസില്‍ ഏഷ്യന്‍ തൊഴിലാളികളുടെ എണ്ണം കൂടുന്നു
 • വിദഗ്ധരെ പ്രോത്സാഹിപ്പിക്കുന്ന കുടിയേറ്റ നയവുമായി ട്രംപ് ഭരണം
 • ഇലക്ഷന്‍ ഫലം; വടക്കേ അമേരിക്ക പ്രതികരിക്കുന്നു
 • അപ്രതീക്ഷിതമല്ലാത്ത തിരിച്ചടി
 • എന്തുകൊണ്ട് മോഡി?
 • തിരിച്ചടിച്ചത് ശബരിമലയിലെ കടുംപിടിത്തം; വിമര്‍ശനം നീളുക പിണറായിക്കു നേരെ
 • ചിന്തയുണര്‍ത്തുന്ന ഉജ്ജ്വലവിജയം
 • Write A Comment

   
  Reload Image
  Add code here