ഇനിയില്ല, ഇതുപോലൊരു നേതാവ്

Thu,Apr 11,2019അണികളെ ആവേശം കൊള്ളിക്കുകയും അവരുടെ മനസുകളില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്ത നേതാവായിരുന്നു കെ.എം.മാണി. മധ്യതിരുവിതാംകൂറില്‍ കേരള കോണ്‍ഗ്രസിനെ ആര്‍ക്കും അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജനങ്ങളോടുന്ന ചേര്‍ന്നു നില്‍ക്കുന്ന ജനകീയ നേതാവ്. അതായിരുന്ന കെ.എം.മാണി. അണികളുടെ സുഖദു:ഖങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരോടും സമഭാവനയോടെ ഇടപെടാനുള്ള വലിയ മനസ് അദ്ദേഹത്തിനുണ്ടായിരുന്നു.
കെ.എം.മാണിയുടെ സ്‌നേഹവലയത്തിലുള്ളവര്‍ക്ക് അദ്ദേഹം വല്ലാത്തൊരു വികാരമാണ്. പരിചയപ്പെടുന്നവരെ തന്നിലേക്ക് ആകര്‍ഷിക്കുന്ന അനിതര സാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. കുടുംബത്തിലെ ഒരംഗത്തിന്റെ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം അവരില്‍ സൃഷ്ടിക്കുന്നത്. കെ.എം.മാണിയുമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രണ്ട് അമേരിക്കന്‍ പ്രവാസികള്‍ അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്നു. ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ അദ്ദേഹത്തെ സ്‌നേഹിക്കുകയും ന്യൂയോര്‍ക്കില്‍ മൂന്നു തവണ അദ്ദേഹത്തിന് ആതിഥേയനാവുകയും ചെയ്ത വര്‍ക്കി ഏബ്രഹാമും, പാലായിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു കുടുംബാംഗത്തിന്റെ സ്വാതന്ത്ര്യമുണ്ടായിരുന്ന ഹൂസ്റ്റണിലെ ജയിംസ് തെക്കനാട്ടുമാണ് തങ്ങളുടെ പ്രിയ നേതാവിനെ അനുസ്മരിക്കുന്നത്.
മാണി സാറിന്റെ മരുമകന്‍ ഡോ.സുനില്‍ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്ന് വര്‍ക്കി ഏബ്രാഹം പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചാണ് മാണി സാറിനെ ആദ്യമായി പരിചയപ്പെടുന്നത്. ആ സൗഹൃദം വളര്‍ന്നു പന്തലിച്ചത് മാണി സാര്‍ ആദ്യമായി ന്യൂയോര്‍ക്കില്‍ വന്ന അവസരത്തിലാണ്. ധന - ഭവന വകുപ്പു മന്ത്രിയായിരിക്കെ യു.എന്നില്‍ കുറഞ്ഞ ചെലവില്‍ വീടു നിര്‍മിക്കുന്നതു സംബന്ധിച്ച സെഷനില്‍ പങ്കെടുക്കാനാണ് മാണി സാര്‍ എത്തിയത്. എന്റെ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. വികസിത രാജ്യമായതു കൊണ്ട് അമരിക്കയിലെ കാര്യങ്ങള്‍ അറിയാനും, മനസിലാക്കാനും അദ്ദേഹം പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കാപ്പി കൃഷിയുടെ കാര്യത്തില്‍ ലോകപ്രശസ്തമായ ഗ്വാട്ടിമാല സന്ദര്‍ശിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത് കാര്‍ഷിക മേഖലയോടുള്ള താല്‍പര്യം മൂലമായിരുന്നു. ഞങ്ങള്‍ അവിടെ പോയി കാര്യങ്ങള്‍ കണ്ടു മനസിലാക്കി. ന്യൂയോര്‍ക്ക് അപ് സ്റ്റേറ്റിലെ ചോളം കൃഷി കാണുന്നതിനും പോയിരുന്നു.
രണ്ടാമത് മാണി സാര്‍ വന്നത് അള്‍സര്‍ സംബന്ധമായ ചികിത്സയ്ക്കു വേണ്ടിയായിരുന്നു. ചികിത്സ തുടങ്ങുന്നതിനു മുമ്പ് അദ്ദേഹം പെട്ടെന്നു രോഗബാധിതനായി. അടിയന്തരമായി സര്‍ജറി നടത്തേണ്ടി വന്നു. കുട്ടിയമ്മ ചേച്ചി മാത്രമാണ് കൂടെയുണ്ടായിരുന്നത്. വലിയ ഈശ്വരവിശ്വാസിയാണ് മാണി സാര്‍. സര്‍ജറിക്കായി ഓപ്പറേഷന്‍ തിയേറ്ററിലേക്കു പോകുന്നതിനു മുമ്പ് ആശുപത്രിയിലെ മുറിയിലായിരിക്കെ നമുക്ക് പ്രാര്‍ഥിച്ചിട്ടു പോകാമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ഥന നടത്തി. ഒരാഴ്ചയോളം ഐ.സി.യു വില്‍ കിടക്കേണ്ടി വന്നു. അതിനു ശേഷം ഒരു മാസത്തോളം എന്റെ വീട്ടിലാണ് താമസിച്ചത്. കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് അദ്ദേഹം ഞങ്ങളെയും, ഞങ്ങള്‍ അദ്ദേഹത്തെയും കണ്ടിരുന്നത്. സ്‌നേഹബന്ധം ഏറെ ആഴപ്പെട്ട അവസരമായിരുന്നു അത്.
മാണി സാര്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കേരളീയ വിഭവങ്ങളായിരുന്നു. കപ്പയും മീന്‍കറിയുമായിരുന്ന പ്രിയ വിഭവം. ഇപ്പോഴത്തെപ്പോലെ മലയാളം ചാനലുകള്‍ അന്ന് ലഭ്യമായിരുന്നില്ല. നാട്ടിലെ കാര്യങ്ങള്‍ അറിയാന്‍ അദ്ദേഹത്തിന് വലിയ താല്‍പര്യമായിരുന്നു. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് വാര്‍ത്തകള്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. അഞ്ചാറു വര്‍ഷം മുമ്പ് മെഡിക്കല്‍ ചെക്കപ്പിനു വേണ്ടിയാണ് മൂന്നാമതു വന്നത്. ഈ മൂന്നു യാത്രകളിലും കുട്ടിയമ്മ ചേച്ചി കൂടെയുണ്ടായിരുന്നു. ഒപ്പമുള്ളവര്‍ക്ക് പോസീറ്റീവ് എനര്‍ജി തരുന്ന നേതാവായിരുന്നു മാണി സാര്‍. എത്ര ക്ഷീണമുണ്ടെങ്കിലും ജുബ്ബ ഇട്ടു കഴിഞ്ഞാല്‍ അദ്ദേഹത്തിന് പ്രത്യേകമായ ഒരു ഉന്മേഷം കിട്ടും. രണ്ടാഴ്ച മുമ്പ് ആശുപത്രിയില്‍ പോയി മാണി സാറിനെ കണ്ടിരുന്നു. ബാബു എന്നാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. ആ പേരു വിളിച്ച് കൈ തോളില്‍ കൊണ്ടുപോയി വച്ചു. ആത്മാര്‍ഥതയുള്ള ഒരു ജ്യേഷ്ഠസഹോദരന്റെ നഷ്ടമാണ് ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് വര്‍ക്കി ഏബ്രഹാം പറഞ്ഞു. പതിനാറു വയസുള്ള ഒരു
കൗമാരപ്രായക്കാരനായിരിക്കെ പരിചയപ്പെട്ട നേതാവിന്റെ ഏറ്റവുമടുത്ത വിശ്വസ്തരില്‍ ഒരാളായി വളര്‍ന്ന അനുഭവമാണ് ജയിംസ് തെക്കനാട്ടിനു പറയാനുള്ളത്. 1993 ല്‍ എസ്.എസ്.എല്‍.സി ബുക്ക് നഷ്ടപ്പെട്ട സാഹചര്യമാണ് ആദ്യ കൂടിക്കാഴ്ചയ്ക്ക് കാരണമായതെന്ന് ജയിംസ് അനുസ്മരിച്ചു. ഡ്യൂപ്ലിക്കേറ്റ് എസ്.എസ്.എല്‍.സി ബുക്കിന് അപേക്ഷ നല്‍കുന്നതിനു നേരിട്ട് തിരുവനന്തപുരത്തിനു വരാന്‍ ബന്ധു കൂടിയായ, ടോമി ചേട്ടന്‍ എന്ന് അടുപ്പക്കാര്‍ വിളിക്കുന്ന തോമസ് ചാഴികാടന്‍ എം.എല്‍.എ യാണ് നിര്‍ദേശിച്ചത്. അവിടെ എത്തിയ സമയത്ത് ടോമി ചേട്ടന് മണ്ഡലത്തിലെ ഏതോ അടിയന്തര കാര്യത്തിനു വേണ്ടി നാട്ടിലേക്കു പോരേണ്ടി വന്നു. മാണി സാറിന്റെ ഓഫീസില്‍ കാര്യങ്ങളൊക്കെ പറഞ്ഞ് ഏല്‍പിച്ചിട്ടുണ്ടെന്നും നേരിട്ട് പോയി കണ്ടാല്‍ മതിയെന്നും എന്നെ അറിയിച്ചു. ഓഫീസലെത്തിയപ്പോള്‍ മാണി സാറിന്റെ മുറിയിലേക്ക് കടത്തി വിട്ടു. എണീറ്റു നിന്ന് കൈ തന്ന് കസേരയില്‍ പിടിച്ചിരുത്തിയ മാണി സാറിന്റെ രൂപം ഇപ്പോഴും മനസിലുണ്ട്. ഏറെ ആദരവോടെ ദൂരം നിന്നു മാത്രം കണ്ടിട്ടുള്ള വലിയൊരു നേതാവ് ഒരു പതിനാറു വയസുകാരന് നല്‍കിയ പരിഗണന അമ്പരപ്പിക്കുന്നതായിരുന്നു. ആ നേതാവ് എന്റെ മനസിലേക്കാണ് ചേക്കേറിയത്.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ പഠിക്കവേ എഡിറ്റര്‍, ജനറല്‍ സെക്രട്ടറി, ചെയര്‍മാന്‍ പദവികളിലേക്ക് കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ കെ.എസ്.സി യുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിക്കുകയുണ്ടായി. മത്സരിക്കുന്നതിനു മുമ്പും ജയിച്ച ശേഷവും മാണി സാറിനെ പോയി കാണുക പതിവായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാലഘട്ടമായിരുന്നു അത്. ഒരു ദിവസം പാലായിലെ മാണി സാറിന്റെ വീട്ടില്‍ ടാറ്റാ സിയറ വണ്ടി ഓടിച്ചാണ് ഞാന്‍ ചെന്നത്. സാറിന് വണ്ടി വളരെ ഇഷ്ടപ്പെട്ടു. മാണി സാര്‍ വണ്ടിയില്‍ കയറി ഇരുന്ന ശേഷം പാലായിലെ വഴികളിലൂടെ ടാറ്റാ സിയറ കുതിച്ചു. അന്ന് അദ്ദേഹം കേരള യാത്രയ്ക്ക് ഒരുങ്ങുന്ന സമയമായിരുന്നു. പാലാ മുതല്‍ തിരുവനന്തപുരം വരെ കേരള യാത്രയില്‍ ടാറ്റായ സിയറയില്‍ സാരഥിയാകണമെന്ന് മാണി സാര്‍ ആവശ്യപ്പെട്ടു. കാസര്‍ഗോഡു മുതല്‍ പാലാ വരെയുള്ള യാത്രയ്ക്ക് മറ്റൊരു വാഹനം ഏര്‍പ്പാടാക്കിയിരുന്നു. പാലാ മുതല്‍ തിരുവനന്തപുരം വരെയുള്ള 10 ദിവസത്തെ കേരള യാത്ര ഒരിക്കലും മറക്കാന്‍ കഴിയില്ല. ഒരേ കാറില്‍ സഞ്ചരിച്ച്, ഒരേ സ്ഥലത്ത് താമസിച്ചുള്ള യാത്രയില്‍ ഒരു മകനോടുള്ള സ്‌നേഹമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. മാണി സാറുമായി ഏറ്റവുമടുത്ത ദിവസങ്ങളായിരുന്നു അത്.
മൂവാറ്റുപുഴയില്‍ ജോസ് കെ മാണി ആദ്യമായി മത്സരിച്ച അവസരത്തില്‍ മാണി സാര്‍ എന്നെ കോട്ടയത്തേക്ക് വിളിപ്പിച്ചു. ജോസ് കെ മാണിയെ അറിയാമായിരുന്നുവെങ്കിലും അടുത്തു പരിചയം കുറവായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ജോസ് കെ മാണിയുടെ വിശ്വസ്തനായി കൂടെ ഉണ്ടാകണമെന്ന് മാണി സാര്‍ പറഞ്ഞു. പ്രചാരണത്തിന്റെ 80 ദിവസവും ജോസ് കെ മാണിക്ക് ഒപ്പമുണ്ടായിരുന്നു. വീട്ടില്‍ പോലും പോയിരുന്നില്ല. ജോസ് കെ മാണി മൂവാറ്റുപുഴയിലാണ് താമസിക്കുന്നതെങ്കില്‍ അവിടെ, പാലായിലാണെങ്കില്‍ അവിടെ കൂടുകയായിരുന്നു. മാണി സാറിന്റെ കുടുംബത്തിലുള്ളവരൊക്കെയായി അടുത്ത ദിവസങ്ങളായിരുന്നു അത്.
കെ.എസ്.സി യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും , പിന്നീട് പ്രസിഡന്റായും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുകയുണ്ടായി. 2006 ല്‍ പേരാമ്പ്രയില്‍ നിന്ന് നിയമസഭയിലേക്കു മത്സരിക്കുവാന്‍ അവസരം ലഭിച്ചു. പല തവണ മാണി സാര്‍ അവിടെ പ്രചാരണത്തിനു വന്നിരുന്നു. ചെറിയ വോട്ടിന് തോല്‍ക്കേണ്ടി വന്നുവെങ്കിലും രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകള്‍ മനസിലാക്കുവാന്‍ പറ്റിയ അവസരമായിരുന്നു അത്. വേഷത്തിലും ഭാവത്തിലും എന്നും ഉന്മേഷം നിലനിറുത്താന്‍ മാണി സാറിനു കഴിഞ്ഞിരുന്നു. ആളകള്‍ക്ക് പരിഗണന നല്‍കുന്ന രിതിയാണ് അദ്ദേഹം അവലംബിച്ചിരുന്നത്. ആരോടും ദേഷ്യപ്പെടുന്നത് കണ്ടിട്ടേയില്ല. എന്നാല്‍, പറയേണ്ട കാര്യങ്ങള്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുകയും ചെയ്യും. മാണി സാര്‍ മന്ത്രിയായിരിക്കെ പാലായില്‍ നിന്ന് തൊടുപുഴയ്ക്ക് പോകുന്ന അവസരത്തില്‍ കാറില്‍ ഞാനും ഒപ്പമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന പേപ്പര്‍ കഷണം ചുരുട്ടി യാത്ര മധ്യേ ഗ്ലാസ് താഴ്ത്തി പുറത്തേക്കിട്ടു. ഇതു ശ്രദ്ധിച്ച മാണി സാര്‍ പ്രതികരിച്ചത് ഇങ്ങനെയാണ് - 'വിദേശത്തായിരുന്നുവെങ്കില്‍ ഇതിനൊക്കെ പിഴ വരും'. പറയേണ്ട കാര്യം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു. എവിടെ പോയാലും കുട്ടിയമ്മ ചേച്ചിയെ ഇടയ്ക്ക് വിളിക്കും. ഫോണ്‍ കിട്ടി കഴിയുമ്പോള്‍ കുലുങ്ങിയുള്ള ഒരു ചിരിയുണ്ട്. മക്കളെ ജീവനു തുല്യം സ്‌നേഹിക്കുന്ന നല്ല ഒരു കുടുംബനാഥനായിരുന്നു മാണി സാര്‍.
വിശ്വസിക്കാവുന്ന ആളാണെന്ന് തോന്നിയതു കൊണ്ടാവും ആ വീട്ടില്‍ ഒരു കുടുംബാംഗത്തെപ്പോലെ ഇടപെടാന്‍ എനിക്കു കഴിഞ്ഞിരുന്നു. അമേരിക്കയിലേക്കു കുടിയേറുന്ന കാര്യം പറഞ്ഞപ്പോള്‍, നീ പോകുന്നതു വിഷമമാണെന്നും, വിളിച്ചാല്‍ തിരിച്ചു വരണമെന്നുമായിരുന്നു മറുപടി. കുടുംബം ഒന്നിച്ചാകുന്നതിനു വേണ്ടിയുള്ള യാത്രയായതു കൊണ്ട് അദ്ദേഹം എതിര്‍പ്പൊന്നും പറഞ്ഞില്ല. കുടുംബത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന ചിന്തയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. വലിയ നേതാവാണെന്ന തോന്നല്‍ ഒരിക്കലും പ്രകടിപ്പിക്കാതെ എല്ലാവര്‍ക്കും പരിഗണന നല്‍കിയ ഒരു നേതാവാണ് ഓര്‍മകളിലേക്കു മടങ്ങുന്നതെന്ന് ജയിംസ് പറഞ്ഞു.
കെ.എം.മാണിയുടെ സംസ്‌കാര ചടങ്ങില്‍ വര്‍ക്കി ഏബ്രഹാമും, ജയിംസ് തെക്കനാട്ടും പങ്കെടുത്തിരുന്നു.

Other News

 • മള്ളര്‍ റിപ്പോര്‍ട്ട് ; പ്രസിഡന്റും കോണ്‍ഗ്രസും ഏറ്റുമുട്ടലിലേക്ക്
 • ലോക് സഭാ തെരഞ്ഞെടുപ്പ് ; ഫലം നിര്‍ണ്ണയിക്കുക ന്യൂനപക്ഷ വോട്ടുകള്‍
 • ശ്രീലങ്കയ്ക്ക് പുതിയ ഭീഷണിയായി ഭീകരാക്രമണം
 • ചൈന കനിഞ്ഞാല്‍ അസര്‍ കരിമ്പട്ടികയില്‍
 • ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നത് റെക്കോഡ് വേഗതയില്‍
 • പത്തനംതിട്ട ഇന്ത്യയിലെ മികച്ച മണ്ഡലം
 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • Write A Comment

   
  Reload Image
  Add code here