എന്‍ഡിഎ നേരിയ ഭൂരിപക്ഷം നേടുമെന്ന് സര്‍വേകള്‍

Fri,Apr 12,2019


വ്യാഴാഴ്ച തുടങ്ങിയതും ഏഴു ഘട്ടങ്ങളിലായി പൂര്‍ത്തിയാകുന്നതുമായ പൊതു തെരെഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എന്‍ഡിഎ നേരിയ ഭൂരിപക്ഷം നേടുമെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവന്ന നാല് സര്‍വേ ഫലങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ ലഭിക്കുന്ന സൂചന.
ജനങ്ങളെ രൂക്ഷമായി അലട്ടുന്ന തൊഴിലില്ലായ്മയുടെയും കര്‍ഷക ദുരിതങ്ങളുടെയും പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ ദേശീയ സുരക്ഷയിലേക്ക് കേന്ദ്രീകരിക്കുന്നതായും സര്‍വേകള്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിജെപി നയിക്കുന്ന സഖ്യത്തിന് 543 അംഗ പാര്‍ലമെന്റില്‍ 273 സീറ്റുകള്‍ ലഭിക്കുമെന്നാണ് സൂചനകള്‍. ഒരാളുടെ ഭൂരിപക്ഷം എന്നാണ് അതിനര്‍ത്ഥം. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മൂന്നു ദശകങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 330 ലധികം സീറ്റുകള്‍ നേടിയാണ് ബിജെപി സഖ്യം അധികാരത്തിലേറിയത്. പാകിസ്ഥാനുമായി സമീപനാളുകളിലുണ്ടായ സംഘര്‍ഷാവസ്ഥ മോഡിക്ക് അനുകൂലമാകുന്നുവെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. ഫെബ്രുവരിയില്‍ കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. തൊഴിലില്ലായ്മ തുടങ്ങിയ ജീവല്‍ പ്രശ്‌നങ്ങളെക്കാള്‍ പ്രാധാന്യം ദേശീയ സുരക്ഷ നേടുന്നത് ഇന്ത്യയില്‍ ഒരു പക്ഷെ ഇതാദ്യമായിരിക്കാമെന്നു സി വോട്ടര്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളും സാമ്പത്തിക താല്‍പ്പര്യങ്ങളും കൈകാര്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസില്‍ നിന്നും വലിയ വ്യത്യസമൊന്നും ബിജെപിയില്‍ വോട്ടര്‍മാര്‍ കാണുകയുണ്ടായില്ല. എന്നാല്‍ ഭീകരതയെ നേരിടുന്നതിലും നിയന്ത്രിക്കുന്നതിലും പ്രകടമായ വ്യത്യാസം വോട്ടര്‍മാര്‍ക്ക് അനുഭവപ്പെടുന്നുണ്ട്. അടുത്തിടെ നടന്ന 4 സര്‍വേകളില്‍ എന്‍ഡിഎയ്ക്ക് ഏറ്റവും കുറവ് സീറ്റുകള്‍ പ്രവചിച്ചത് സി വോട്ടര്‍ സര്‍വേയാണ്. 267 സീറ്റുകളാണ് അവരുടെ പ്രവചനം. ഏറ്റവും കൂടുതല്‍ നല്‍കിയത് ടൈംസ് നൗ വി എം ആര്‍ സര്‍വേയാണ്279 സീറ്റുകള്‍. പ്രധാനപ്രതിപക്ഷമായകോണ്‍ഗ്രസും സഖ്യ ശക്തികളും അംഗബലം ഇരട്ടിയിലധികമാക്കുകയും 141 സീറ്റുകള്‍വരെ പരമാവധി നേടുകയും ചെയ്യും. 130 കോടി ജനങ്ങളുള്ള വിശാലമായ ഇന്ത്യയില്‍ ഏതാനും ആയിരങ്ങളില്‍ നിന്നുമാത്രം വിവരങ്ങള്‍ ശേഖരിക്കുന്ന തെരെഞ്ഞെടുപ്പിനു മുമ്പുള്ള സര്‍വേകള്‍ പലപ്പോഴും തെറ്റിയിട്ടുണ്ട്. ഇക്കുറി 900 മില്യണ്‍ വോട്ടര്‍മാരാണുള്ളത്.
പാകിസ്ഥാന് തിരിച്ചടി നല്‍കിക്കൊണ്ട് നടത്തിയ വ്യോമാക്രമണങ്ങള്‍ ഒരു രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണെന്നു കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കാര്‍ഷിക ദുരിതങ്ങള്‍ പരിഹരിക്കല്‍,സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ദേശീയ സുരക്ഷയുടെ പ്രശ്‌നം കൂടുതല്‍ വീറോടെ ഉയര്‍ത്തിക്കാട്ടുകയാണ് ബിജെപി. സ്വാതന്ത്ര്യാനന്തരം കാശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി നിര്‍ത്തലാക്കുമെന്നാണ് ബിജെപി പ്രകടനപത്രികയില്‍ പറയുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടിയ ഭൂരിപക്ഷത്തില്‍, അധികാരത്തില്‍ വരുമെന്ന് മോഡി അവകാശപ്പെടുന്നു. അതേസമയം ദരിദ്ര കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം 72,000 രൂപയുടെ സാമ്പത്തിക സഹായം നല്‍കുമെന്ന വാഗ്ദാനം അധികാരത്തില്‍ തിരിച്ചെത്തിക്കുമെന്നു കോണ്‍ഗ്രസ് കരുതുന്നു.

Other News

 • മള്ളര്‍ റിപ്പോര്‍ട്ട് ; പ്രസിഡന്റും കോണ്‍ഗ്രസും ഏറ്റുമുട്ടലിലേക്ക്
 • ലോക് സഭാ തെരഞ്ഞെടുപ്പ് ; ഫലം നിര്‍ണ്ണയിക്കുക ന്യൂനപക്ഷ വോട്ടുകള്‍
 • ശ്രീലങ്കയ്ക്ക് പുതിയ ഭീഷണിയായി ഭീകരാക്രമണം
 • ചൈന കനിഞ്ഞാല്‍ അസര്‍ കരിമ്പട്ടികയില്‍
 • ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നത് റെക്കോഡ് വേഗതയില്‍
 • പത്തനംതിട്ട ഇന്ത്യയിലെ മികച്ച മണ്ഡലം
 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • Write A Comment

   
  Reload Image
  Add code here