ദുരുപയോഗം തടയാന്‍ ഫേസ്ബുക്ക് 'വാര്‍ റൂം'

Sat,Apr 13,2019


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ ഇന്ത്യന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിക്കുന്ന വേളയില്‍ ആയിരക്കണക്കിന് മൈലുകള്‍ക്കകലെ ഒരു സംഘം വിദഗ്ധര്‍ രാപകല്‍ ജാഗ്രത പുലര്‍ത്തുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വരുന്ന പോസ്റ്റുകള്‍ നിരീക്ഷിക്കുകയാണവര്‍. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍, തെരഞ്ഞെടുപ്പിലുള്ള ഇടപെടലുകള്‍, വ്യാജവാര്‍ത്തകള്‍ എന്നിങ്ങനെയുള്ള എല്ലാത്തിനെയും അവര്‍ നേരിടും.
ഫേസ്ബുക്കിന് യുഎസിന് പുറത്തുള്ള ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധം ഫേസ് ബുക്കിനെ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണ് അതിന്റെ ആസ്ഥാനത്ത് ഒരു 'ഇലക്ഷന്‍ വാര്‍ റൂം' സജ്ജീകരിച്ചതും അതില്‍ 'ഇന്‍ഫര്‍മേഷന്‍ വാറിയേഴ്‌സിനെ' നിയോഗിച്ചതും. ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന എട്ട് ഭാഷകളിലെ പോസ്റ്റുകളായിരിക്കും ഇവര്‍ കൈകാര്യം ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മറാത്തി, തെലുഗ്, തമിഴ്, മലയാളം, ഗുജറാത്തി എന്നിവയാണ് ആ ഭാഷകള്‍. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ അനുഭവ പാഠങ്ങളാണ് ഫേസ്ബുക്കിനെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ 18 മാസങ്ങള്‍ക്ക് മുമ്പുതന്നെ തുടങ്ങിയിരുന്നു. തെരെഞ്ഞെടുപ്പ് സത്യസന്ധമാക്കുകയെന്ന ലക്ഷ്യത്തോടെ ഈയാഴ്ച സിംഗപ്പൂരിലും ഡബ്ലിനിലും രണ്ടു മേഖല കേന്ദ്രങ്ങള്‍ കൂടി ഫേസ് ബുക്ക് ആരംഭിക്കും. അവിടെയുള്ളവര്‍ മെന്‍ലോ പാര്‍ക്കിലെ കേന്ദ്ര ആസ്ഥാനവുമായും ഡല്‍ഹിയിലെ വിദഗ്ധരുമായും ഏകോപിച്ചായിരിക്കും പ്രവര്‍ത്തിക്കുക.
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അത് തടയും. കോണ്‍ഗ്രസുമായി ബന്ധമുള്ള 687 പേജുകളും എണ്ണത്തില്‍ കുറവെങ്കിലും ബിജെപിയുമായി ബന്ധപ്പെട്ട വളരെ വിപുലമായ സ്വാധീനം ചെലുത്തുന്ന അക്കൗണ്ടുകളും കഴിഞ്ഞയാഴ്ച ഫേസ് ബുക്ക് നീക്കം ചെയ്തിരുന്നു. സാമൂഹ്യ മാധ്യമ വേദിയില്‍ ഏകോപിതമായ രൂപത്തില്‍ ആധികാരിക സ്വഭാവമില്ലാതെയുള്ള പെരുമാറ്റത്തിന്റെ പേരിലാണ് അവ നീക്കം ചെയ്തത്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഇതുപകരിക്കും. രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതില്‍ സുതാര്യത പാലിക്കുന്നതിനും ഇന്ത്യയുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കുന്നതിന് പുറമെ നിന്നുള്ള ടീമുകളുമായി സഹകരിക്കുന്നതിനും സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടര്‍മാരുമായി ബന്ധപ്പെടുന്നതിന് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകള്‍ റെക്കോഡ് ചെയ്യുന്നതിനും മറ്റുമുള്ള മുന്‍കൈ നടപടികള്‍ ഫേസ്ബുക്ക് സ്വീകരിച്ചിട്ടുണ്ട്. സൈബര്‍ സെക്യൂരിറ്റി, പൊതുനയം, ഡേറ്റ സയന്‍സ്, നിയമം, എഞ്ചിനീയറിംഗ്, ഇന്റലിജന്‍സ്, ഗവേഷണം തുടങ്ങിയ മേഖലകളില്‍ നിന്നുമുള്ള വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന 40 ടീമുകളെ ഫേസ്ബുക്ക് സജ്ജമാക്കിയിട്ടുണ്ട്.അവര്‍ കമാന്‍ഡ് സെന്ററുമായി ഏകോപിച്ച് ദുരുപയോഗം കണ്ടെത്തുകയും യഥാസമയം പ്രതികരിക്കുകയും ചെയ്യും. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി യുഎസില്‍ നിന്നുമുള്ള പ്രധാന ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ഡല്‍ഹിയിലും സിംഗപ്പൂരിലുമെത്തും. 7 ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പ് ഏപ്രില്‍ 11നു ആരംഭിച്ച് കഴിഞ്ഞു. മെയ് 19നു വോട്ടെടുപ്പ് അവസാനിക്കും. മേയ് 23 നാണു ഫലപ്രഖ്യാപനം. വോട്ടെടുപ്പ് ദിവസങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കും. വോട്ടെടുപ്പിനെ സംബന്ധിച്ചുള്ള തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ പലരും ശ്രമിക്കും. വോട്ടര്‍മാരെ ബൂത്തുകളിലേക്കു പോകുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി അക്രമങ്ങളുടെ കഥകള്‍ പ്രചരിപ്പിച്ചുവെന്നിരിക്കും. ഇത്തരം സന്ദേശങ്ങള്‍ വസ്തുതകള്‍ പരിശോധിക്കുന്ന സംഘങ്ങള്‍ അവലോകനം ചെയ്യും. തെറ്റായ സന്ദേശങ്ങളാണെന്നു കണ്ടത്തിയാല്‍ അവ കൂടുതല്‍ പേരിലേക്ക് പ്രചരിക്കുന്നത് തടയും.
ഇന്ത്യയില്‍ 900 മില്യനോളം വോട്ടര്‍മാരാണുള്ളത്. അവരില്‍ 200 മില്യണിലധികം പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുമാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെ സത്യസന്ധത ഉറപ്പു വരുത്തുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി സംവിധാനത്തെ ഗൂഢലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നവരെ പരാജയപ്പെടുത്തുന്നതിനു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് എന്നിവയുടെ പൂര്‍ണ്ണശേഷി ഫേസ്ബുക് ഉപയോഗപ്പെടുത്തും. സ്വയം പരിഭാഷപ്പെടുത്തുന്ന സംവിധാനത്തിലേക്ക് ഇന്ത്യയില്‍ നിന്നുമുള്ള 16 ഭാഷകള്‍ ഉള്‍പ്പടെ 24 പുതിയ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി വിപുലീകരണത്തിനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്.

Other News

 • മള്ളര്‍ റിപ്പോര്‍ട്ട് ; പ്രസിഡന്റും കോണ്‍ഗ്രസും ഏറ്റുമുട്ടലിലേക്ക്
 • ലോക് സഭാ തെരഞ്ഞെടുപ്പ് ; ഫലം നിര്‍ണ്ണയിക്കുക ന്യൂനപക്ഷ വോട്ടുകള്‍
 • ശ്രീലങ്കയ്ക്ക് പുതിയ ഭീഷണിയായി ഭീകരാക്രമണം
 • ചൈന കനിഞ്ഞാല്‍ അസര്‍ കരിമ്പട്ടികയില്‍
 • ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നത് റെക്കോഡ് വേഗതയില്‍
 • പത്തനംതിട്ട ഇന്ത്യയിലെ മികച്ച മണ്ഡലം
 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • Write A Comment

   
  Reload Image
  Add code here