അസര്‍ പ്രശ്‌നത്തില്‍ ചൈന നിലപാട് മാറ്റിയത് വ്യക്തമായ ലക്ഷ്യങ്ങളോടെ

Mon,May 13,2019


മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ് ചൈന ഉപേക്ഷിച്ചത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്. 'ഇന്തോപസിഫിക്' എന്ന ആശയത്തിന് പകരം 'യുറേഷ്യ' എന്ന ആശയത്തോട് പ്രതിബദ്ധത കാട്ടുന്നതിന് ഇന്ത്യയെ പ്രോത്സാഹിപ്പിക്കുക, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള വ്യക്തിപരമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ആ ലക്ഷ്യങ്ങള്‍. യുഎന്‍ രക്ഷാസമിതിയുടെ 1267 കമ്മിറ്റിയില്‍ പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്ഷ്ഇമുഹമ്മദ് (ജെഇഎം) തലവന്‍ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിനു മുമ്പ് 'എക്കാലത്തെയും' സഖ്യശക്തിയായ പാകിസ്ഥാനെ ചൈന വിശ്വാസത്തിലെടുക്കുകയും ചെയ്തു.
1267 കമ്മിറ്റി മുമ്പാകെ അസറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിന് യുഎസും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തെ പിന്തുണക്കുന്നതിനു പകരം യുഎന്‍ രക്ഷാസമിതിയുടെ സമ്മേളനത്തില്‍ ഒരു പ്രത്യേക പ്രമേയം ഇതിനായി ചൈന അവതരിപ്പിക്കുമെന്ന് അറിയിക്കുകയായിരുന്നു. നിലപാട് മാറ്റുന്നതിന് ചൈനയെ സ്വാധീനിച്ച മറ്റുചില ഘടകങ്ങള്‍ കൂടെയുണ്ട്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ തന്നെ റഷ്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ദി ഹോളി അപ്പോസില്‍ ആന്‍ഡ്രൂ ദ് ഫസ്റ്റ്' നരേന്ദ്ര മോഡിക്ക് സമ്മാനിക്കാന്‍ റഷ്യ തീരുമാനിച്ചതിനു പിന്നാലെയായിരുന്നു ചൈനയുടെ തീരുമാനം. അമേരിക്കയുടെ നേതൃത്വത്തില്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന ഇന്തോപസിഫിക് കൂട്ടായ്മ എന്ന തന്ത്രത്തിന്റെ ദിശയിലേക്കു ഇന്ത്യ കൂടുതല്‍ വഴുതിമാറിപ്പോകുന്നതിനു മുമ്പ് മോഡിയുടെ നേതൃത്വത്തില്‍ത്തന്നെ യുറേഷ്യയുമായുള്ള ന്യൂഡല്‍ഹിയുടെ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതിനാണ്, യുഎസിന്റെ ശ്രമങ്ങള്‍ തുടരവെ തന്നെ, റഷ്യയും ചൈനയും ചെയ്തത്. യുറേഷ്യ കേന്ദ്രീകൃതമായ ഷാങ്ങ്ഹായ് സഹകരണ സംഘടനയില്‍ ഇന്ത്യയും ഒരംഗമാണ്. ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തിന് ശേഷമായിരിക്കണം അസറിനെ ഭീകരനായി പ്രഖ്യാപിക്കേണ്ടതെന്നും ചൈന തീരുമാനിച്ചിരുന്നു. ഏപ്രില്‍ 27നു സമാപിച്ച സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ബെയ്ജിങ് സന്ദര്‍ശിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വിഷമമുണ്ടാക്കുന്ന ഒരവസ്ഥ ഒഴിവാക്കാനായിരുന്നു ഇത്. അസറിനെ ഭീകരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പാകിസ്ഥാന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും ചൈന ശ്രദ്ധിച്ചു. ദക്ഷിണേഷ്യയില്‍ ഒരേസമയം ഇന്ത്യയുമായും പാകിസ്ഥാനുമായും ബന്ധങ്ങള്‍ തുടരുന്നതിനുള്ള ബെയ്ജിങിന്റെ തന്ത്രമാണ് അതിലൂടെ പ്രകടമായത്. അസറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിനോട് പാകിസ്ഥാനും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. അത്തരമൊരു നടപടി ഈ മാസമൊടുവില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) പാകിസ്ഥാനെ 'കരിമ്പട്ടികയില്‍' ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്നവര്‍ക്ക് ഉറപ്പായിരുന്നു. ഇസ്ലാമാബാദിന്റെ സാമ്പത്തികമായ ഒറ്റപ്പെടലിലേക്കു നയിക്കുന്ന തീരുമാനമാകുമായിരുന്നു അത്. അസറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിന് മുമ്പായി, പുല്‍വാമയിലെ ഭീകര ആക്രമണവുമായി ജെയ്ഷ് ഇ മുഹമ്മദിന് ബന്ധമൊന്നും ഇല്ലെന്ന തരത്തില്‍ പ്രമേയത്തില്‍ മാറ്റം വരുത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഈ മാറ്റം വളരെ പ്രധാനമാണ്. ഇന്ത്യ പ്രചരിപ്പിക്കുന്നതുപോലെ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം ആയിരുന്നില്ല പുല്‍വാമയില്‍ ഉണ്ടായതെന്നും അതിന്റെ വേരുകള്‍ കശ്മിരില്‍ത്തന്നെയാണെന്നും സ്ഥാപിക്കാന്‍ പാകിസ്ഥാന് കഴിയും. യുഎസും ഇന്ത്യയും പാകിസ്ഥാനുമായുമുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഏപ്രില്‍ 1നോട് അടുപ്പിച്ച് അസറിന്റെ കാര്യത്തില്‍ ഒരു തീരുമാനം ബെയ്ജിങ് എടുത്തിരുന്നതായാണ് ചൈനീസ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അസറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം 'സാങ്കേതിക കാരണങ്ങളാല്‍' മാര്‍ച്ച് 13 നു തടഞ്ഞുവെച്ചപ്പോള്‍ അസര്‍ പ്രശ്‌നത്തില്‍ ബെയ്ജിങ്ങും ന്യൂഡല്‍ഹിയും തമ്മിലുള്ള കൂടിയാലോചനകളില്‍ ഒരു സ്തംഭനാവസ്ഥ ഉണ്ടായെങ്കിലും ആശയ വിനിമയത്തിനുള്ള വാതിലുകള്‍ തുറന്നു തന്നെയാണിട്ടിരുന്നത്. അസറിന്റെ പ്രശ്‌നത്തേക്കാളേറെ ഇന്ത്യയില്‍ തെരെഞ്ഞെടുപ്പിനു ശേഷം നടക്കേണ്ട ഇന്ത്യ - ചൈന ഉച്ചകോടിയെക്കുറിച്ചു സംസാരിക്കുന്നതിനായാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പ്രധാനമായും ഏപ്രില്‍ 22നു ബെയ്ജിങ് സന്ദര്‍ശിച്ചത്. കഴിഞ്ഞവര്‍ഷം വുഹാനില്‍ നടന്ന അനൗപചാരിക ഉച്ചകോടിക്ക് ശേഷം ബന്ധങ്ങള്‍ നല്ല രീതിയില്‍ തുടരുന്നതിനുള്ള സന്ദേശമായിരുന്നു വിദേശകാര്യ സെക്രട്ടറിയുടെ സന്ദര്‍ശനം നല്‍കിയത്.

Write A Comment

 
Reload Image
Add code here