ട്രംപ് നികുതി വെട്ടിച്ചിരുന്നു: മാധ്യമ റിപ്പോര്‍ട്ട്

Tue,May 14,2019


പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 1985 മുതല്‍ 1994വരെയുള്ള വര്‍ഷങ്ങളില്‍ 1.17 ബില്യണ്‍ ഡോളറിന്റെ ബിസിനസ് നഷ്ടമുണ്ടായെന്ന് കണക്കുണ്ടാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ്. ആ വര്‍ഷങ്ങളിലെ നികുതി രേഖകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പത്രം ഇത് റിപ്പോര്‍ട്ട് ചെയ്തത്. ആ വര്‍ഷങ്ങളില്‍ യുഎസിലെ മറ്റേതൊരു നികുതിദായകനേക്കാളും കൂടുതല്‍ പണം ട്രംപിന് നഷ്ടപ്പെട്ടുകൊണ്ടിരുന്നതായാണ് കാണപ്പെടുന്നത്. ട്രംപിന്റെ 10 വര്‍ഷത്തെ നികുതിരേഖകള്‍ ന്യൂയോര്‍ക്ക് ടൈംസിനു ലഭിച്ചു. താന്‍ സ്വയം ഒരു ബില്യണറായി വളര്‍ന്നതാണെന്നു തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപ് പൊങ്ങച്ചം പറയാറുണ്ടായിരുന്നു. ബിസിനസ് രംഗത്ത് തന്‍ നേടിയ വിജയം ഉയര്‍ത്തിക്കാട്ടുന്നതിനായിരുന്നു ആ പ്രചാരണം. അതേസമയം നികുതി രേഖകള്‍ പുറത്തുവിടാന്‍ ട്രംപ് കൂട്ടാക്കിയതുമില്ല.
കോണ്‍ഗ്രസില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടു പോലും സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ട്രംപ്. കഴിഞ്ഞ 6 വര്‍ഷങ്ങളിലെ ട്രംപിന്റെ നികുതി റിട്ടേണുകള്‍ ലഭ്യമാക്കണമെന്ന ഹൗസിന്റെ വേസ് ആന്‍ഡ് മീന്‍സ് കമ്മിറ്റിയുടെ അഭ്യര്‍ത്ഥന ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മനുഷിന്‍ തിങ്കളാഴ്ച ഔപചാരികമായി നിഷേധിക്കുകയും ചെയ്തു. ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാത്ത നികുതിരേഖകളായിരുന്നു അവ. 1990ലും 1991ലും ട്രംപിന്റെ പ്രധാന ബിസിനസിന് ഓരോ വര്‍ഷവും 250 മില്യണ്‍ ഡോളര്‍ വീതം നഷ്ടം സംഭവിച്ചു. ആ സമയത്ത് ട്രംപിന് ഏകദേശമൊപ്പം തന്നെ നികുതി നല്‍കിയിരുന്ന മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടി നഷ്ടമാണ് സംഭവിച്ചത്.
1990കളില്‍ മാതാപിതാക്കളെ നികുതി വെട്ടിക്കാന്‍ ട്രംപ് സഹായിച്ചിരുന്നതായി ന്യൂയോര്‍ക് ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തികച്ചും കൃതൃമമായ മാര്‍ഗങ്ങളിലൂടെ ഒരു 'തട്ടിപ്പ് കോര്‍പ്പറേഷനില്‍' മില്യണ്‍ കണക്കിന് ഡോളര്‍ ഒളിപ്പിക്കാന്‍ ട്രംപും സഹോദരങ്ങളും മാതാപിതാക്കളെ സഹായിച്ചതുള്‍പ്പടെയാണിത്. മൂന്നു വയസ്സുള്ളപ്പോള്‍ത്തന്നെ പിതാവിന്റെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തില്‍ നിന്നും ഇപ്പോഴത്തെ 413 മില്യണ്‍ ഡോളറെങ്കിലും ട്രംപിന് പൈതൃകമായി ലഭിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപിന്റെ നികുതി റിട്ടേണുകള്‍ ടൈംസിനു ലഭ്യമായിരുന്നില്ല. റിട്ടേണുകള്‍ നിയമപരമായി കൈവശമുണ്ടായിരുന്ന ചിലരാണ് ആ വിവരം നല്‍കിയത്.
ടൈംസ് പിന്നീട് ഉയര്‍ന്ന വരുമാനമുള്ളവരെ സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് ലഭ്യമായ ഐ ആര്‍ എസ് ഡേറ്റയുമായും മറ്റു പൊതു രേഖകളുമായും താരതമ്യം ചെയ്തു. അതിനുശേഷം പത്രം നേരത്തെതന്നെ ലഭ്യമാക്കിയിരുന്ന ട്രംപ് കുടുംബത്തിന്റെ രഹസ്യ നികുതി, ധനകാര്യ രേഖകളുമായും ഒത്തുനോക്കിയാണ് വലിയ കണ്ടെത്തലുകള്‍ നടത്തിയത്. എന്നാല്‍ ടൈംസ് ലഭ്യമാക്കിയ നികുതി രേഖകള്‍ തെറ്റായവ ആയിരുന്നുവെന്നും 30 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രസിഡന്റിന്റെ നികുതി റിട്ടേണുകളും ബിസിനസ് വിവരങ്ങളും എല്ലാം തെറ്റുകള്‍ നിറഞ്ഞവയായിരുന്നുവെന്നുമാണ് ട്രംപിന്റെ അഭിഭാഷകനായ ചാള്‍സ് ജെ. ഹാര്‍ഡര്‍ പറയുന്നത്. ഇലക്ട്രോണിക് ഫയലിംഗ് വരുന്നതിനു മുമ്പുള്ള ഐ ആര്‍ എസ് രേഖകള്‍ തികച്ചും തെറ്റാണെന്നും നികുതി ദായകന്റെ യഥാര്‍ത്ഥ വിവരം പ്രതിഫലിപ്പിക്കുന്നവയല്ലെന്നും ഹാര്‍ഡര്‍ ചൊവ്വാഴ്ച ടൈംസിനോട് പറഞ്ഞു.

Write A Comment

 
Reload Image
Add code here