പണക്കൊഴുപ്പിന്റെ മത്സരത്തില്‍ ബിജെപി വളരെ മുന്നില്‍

Tue,May 14,2019


ബിജെപിയുടെ പെട്ടിയില്‍ പണം കുമിഞ്ഞുകൂടുകയാണ്. ഇത് ലോക് സഭാ തെരെഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്ന പാര്‍ട്ടിക്ക് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനേക്കാള്‍ വലിയതോതില്‍ മുന്‍തൂക്കം നല്‍കുന്നു. ഫെബ്രുവരിക്ക് ശേഷം ഗൂഗിള്‍, ഫേസ് ബുക്ക് എന്നീ സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം പരസ്യങ്ങള്‍ക്കായി കോണ്‍ഗ്രസിന്റെ ആറിരട്ടി പണമാണ് ബിജെപി ചിലവഴിച്ചതെന്നു ഈ രണ്ടു സ്ഥാപനങ്ങളില്‍ നിന്നുമുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. വലിയതോതില്‍ ലഭിക്കുന്ന പണം ബിജെപിയെ അസാധാരണമായ വിധത്തില്‍ ശക്തമായ നിലയിലെത്തിച്ചു.
രാജ്യത്തെ ഹെലികോപ്റ്ററുകള്‍ മുഴുവനും 90 ദിവസത്തേക്ക് വാടകക്ക് എടുത്തിരിക്കുകയാണ് ബിജെപി. പ്രതിപക്ഷ നേതാക്കള്‍ക്ക് അത്യാവശ്യം സഞ്ചരിക്കുന്നതിനു ഒരെണ്ണം ലഭിക്കാന്‍ വളരെ പ്രയാസപ്പെടേണ്ടി വരുന്നു. ഇത്രയും അസമമായ രീതിയിലുള്ള ഒരു തെരെഞ്ഞെടുപ്പ് പ്രചാരണം കണ്ടിട്ടേയില്ലെന്നാണ് മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. പണത്തിന്റെ കാര്യത്തില്‍ ബിജെപിയോട് മത്സരിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് ചിലവഴിക്കുന്നതിന്റെ 10 ഇരട്ടിയെങ്കിലും പണം ബിജെപി ചെലവഴിക്കുന്നുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ചിലവഴിക്കുന്ന പണത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ പണം ചിലവഴിക്കാന്‍ പാര്‍ട്ടിക്കുണ്ടെന്നു സമ്മതിച്ചു. ഇക്കുറി കോണ്‍ഗ്രസിന് വളരെക്കുറച്ചു പണം മാത്രമേ ലഭിച്ചിട്ടുള്ളുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കോണ്‍ഗ്രസിന് വിജയ സാധ്യതയില്ലെന്ന ധാരണ പരന്നതാണ് അതിനു കാരണമെന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം നല്‍കുന്നത് സുതാര്യമായ രീതിയിലല്ല. അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ വോട്ടര്‍മാര്‍ക്ക് രാഷ്ട്രീയത്തില്‍ പണം വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ഒരു പൂര്‍ണ്ണ ചിത്രം ലഭ്യവുമ ല്ല. ബിജെപിയുടെ പിന്തുണക്കാരും മുമ്പ് പിന്തുണച്ചവരും പ്രതിപക്ഷ രാഷ്ട്രീയക്കാരും ബിസിനസുകാരും ആക്ടിവിസ്റ്റുകളുമെല്ലാം ഒരു കാര്യം സമ്മതിക്കുന്നുണ്ട്: മോഡിക്ക് മുമ്പൊരിക്കലുമില്ലാത്തവിധമുള്ള ഒരു മെച്ചമുണ്ട്. ബിസിനസ് ലോകത്തുനിന്നുമുള്ള പിന്തുണയാണത്. വീണ്ടും മോഡി അധികാരത്തില്‍ വരുമെന്നവര്‍ പ്രതീക്ഷിക്കുന്നു. പല ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മെയ് 23നു ഫലപ്രഖ്യാപനത്തോടെ തെരെഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും. സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പടെ പരസ്യ പ്രചാരണങ്ങള്‍ക്കായി വലിയതോതില്‍ പണം ചിലവഴിക്കുകയാണ് ബിജെപി. മോദിയും ബിജെപി നേതാക്കളും രാജ്യത്തുടനീളം സഞ്ചരിച്ച് പ്രചാരണം നടത്തുന്നു.
മോഡിയെ നേരിടാന്‍ ദേശീയതലത്തില്‍ ഒരു പ്രതിപക്ഷ സഖ്യം രൂപപ്പെടുത്താന്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. തൊഴിലില്ലായ്മ, കര്‍ഷക ദുരിതങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ബിജെപിക്കെതിരെ നിലനില്‍ക്കുന്ന അസംതൃപ്തി ഫലപ്രദമായി ചൂഷണം ചെയ്യുന്നതിനും കഴിഞ്ഞില്ല. ഇപ്പോഴും ജനപ്രീതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെക്കാള്‍ മുന്നില്‍ നില്‍ക്കുകയാണ് നരേന്ദ്ര മോഡി. 130 കോടി ജനങ്ങളുള്ള രാജ്യത്ത് തെരെഞ്ഞെടുപ്പില്‍ പണം വളരെ പ്രധാന ഘടകമാണ്. പലഘട്ടങ്ങളിലായി 39 ദിവസങ്ങള്‍ നീളുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത്. പ്രദേശം, മതം, ഭാഷ, ജാതി തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നു.
പ്രചാരണ ചെലവുകള്‍ക്ക് പുറമെ വോട്ടര്‍മാര്‍ക്ക് സൗജന്യമായി പണവും സമ്മാനങ്ങളും നല്‍കുന്നതിന്റെ ചിലവുമുണ്ട്. മാര്‍ച്ച് 26 നു ശേഷം പല ഭാഗങ്ങളില്‍ നിന്നുമായി 456 മില്യണ്‍ ഡോളറിനു തുല്യമായ പണം അധികൃതര്‍ പിടിച്ചെടുക്കുകയുണ്ടായി. പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജമാക്കി നിര്‍ത്തുന്നതിനും വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനും പണം ആവശ്യമാണ്. ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചിലവഴിക്കാന്‍ കഴിയുന്ന തുക നിയമപ്രകാരം 70 ലക്ഷം രൂപയാണ് (100,000 ഡോളര്‍). എന്നാല്‍ ആ പരിധിയൊക്കെ ലംഘിക്കപ്പെടുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ യഥേഷ്ടം ചിലവഴിക്കുകയും ചെയ്യുന്നുണ്ടെന്നതാണ് സത്യം.

Write A Comment

 
Reload Image
Add code here