ഡല്‍ഹിയിലെ കുറഞ്ഞ പോളിംഗ് ശതമാനം ആര്‍ക്കാണ് ഗുണം ചെയ്യുക

Wed,May 15,2019


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആകെയുള്ള ഏഴു ലോക്‌സഭാ സീറ്റുകളിലേക്ക് ഈമാസം 12 ന് നടന്ന തെരഞ്ഞെടുപ്പില്‍ 2014 ലേതിനെക്കാള്‍ പോളിംഗ് കുറഞ്ഞത് രാഷ്ട്രീയ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടേയും സജീവ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.
2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 65.1 ശതമാനമായിരുന്ന പോളിംഗ് ശതമാനം ഇക്കുറി 60.5 ശതമാനമായി താഴ്ന്നതാണ് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നത്. ഈ വോട്ടിംഗ് ശതമാനക്കുറവിന് കാരണം തിരയലും, തെരഞ്ഞെടുപ്പു ഫലത്തെ ഏതെല്ലാം തരത്തില്‍ ബാധിക്കുമെന്ന ആശങ്കയുമെല്ലാം ചേര്‍ന്ന് ഡല്‍ഹി തെരഞ്ഞെടുപ്പ് മാധ്യമങ്ങളിലും സജീവമാണ്. ഓരോ മണ്ഡലത്തിലും അധികരിച്ച മുസ്‌ലിം വോട്ടുകള്‍ ഏതുമുന്നണിയെയാവും സഹായിക്കുക എന്നതു സംബന്ധിച്ച ചര്‍ച്ചകളും സജീവമാണ്.
ബല്ലിമാരന്‍ ലോക് സഭാമണ്ഡലത്തില്‍ 68.3% പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ മാട്യമഹല്‍, സീലാംപുര്‍ എന്നിവിടങ്ങളില്‍ അധികം പിന്നാക്കം പോകാതെ യഥാക്രമം 66.9 %വും 66.5 %വും പോളിംഗ് രേഖപ്പെടുത്തി. ത്രിലോക് പുരി (65.4%), മുസ്തഫബാദ് (65.2%), ബാബര്‍പുര്‍ (62.1%) എന്നിങ്ങനെ വോട്ടിംഗ് ശതമാനം നിലനിര്‍ത്തിയപ്പോള്‍ ചാന്ദ്‌നി ചൗക്ക് (59.4%) കുറവ് പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പ്രതീക്ഷകള്‍ തെറ്റിച്ച് ഏറ്റവും കുറവ് പോളിംഗ് നടന്നത് ഓഖ്‌ല മണ്ഡലത്തിലായിരുന്നു. 54.86 % പോളിംഗ് മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്.
മുസ്‌ലിം വോട്ടുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിനോ ആംആദ്മി പാര്‍ക്കോ അനുകൂലമായാണ് പോള്‍ ചെയ്തിട്ടുണ്ടാവുക. അതേ സമയം മുസ്ലിം വോട്ടുകള്‍ ഇപ്രകാരം രണ്ട് പാര്‍ട്ടികള്‍ക്കുവേണ്ടി ഭിന്നിച്ചത് ബിജെപിക്ക് ഗുണം ചെയ്‌തേക്കുമെന്ന ആശങ്ക കോണ്‍ഗ്രസും എഎപിയും ഒരുപോലെ പങ്കുവയ്ക്കുന്നു. എങ്കില്‍ പോലും കോണ്‍ഗ്രസ് കനത്ത ശുഭാപ്തി വിശ്വാസത്തിലുമാണ്. ബിജെപിയെ താഴെയിറക്കാനുള്ള സുവര്‍ണ അവസരമായി തെരഞ്ഞെടുപ്പിനെ കാണുന്ന മുസ്‌ലിം വോട്ടര്‍മാര്‍ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ തന്നെ പിന്തുണക്കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാര്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുമ്പോളും ദേശീയ വിഷയങ്ങള്‍ക്കാകണം ലോക് സഭാതെരഞ്ഞെടുപ്പില്‍ പ്രാധാന്യം നല്‍കേണ്ടത് എന്ന അഭിപ്രായം കുറെയേറെ വോട്ടര്‍മാരെങ്കിലും പ്രകടിപ്പിച്ചിരുന്നു. അതേ സമയം തലസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളുടെ സൂത്രധാരനായ ആംആദ്മി സര്‍ക്കാരിന്റെ അമരക്കാരന്‍ അരവിന്ദ് കെജ്‌രിവാളിനെയാണ് പിന്തുണക്കേണ്ടതെന്ന അഭിപ്രായത്തിനും മുന്‍തൂക്കമുണ്ടായിരുന്നു.
എന്നാല്‍ വോട്ടര്‍മാരും സ്ഥാനാര്‍ത്ഥികളും തമ്മിലുണ്ടാകേണ്ടിയിരുന്ന ബന്ധം വളരെ ദുര്‍ബലമായതാണ് പോളിംഗ് ശതമാനം കുറച്ചതെന്നാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും റാലിക്കുമെല്ലാം നേതൃത്വം നല്‍കിയ നേതാക്കന്മാരുടെ അതിപ്രസരം സ്ഥാനാര്‍ത്ഥികളെ അപ്രസക്തരാക്കി എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ദേശീയ വിഷയങ്ങളുടെ കുത്തൊഴുക്കി മുങ്ങിയതിനാല്‍ പ്രാദേശിക വിഷയങ്ങള്‍ ശരിയായ രീതിയില്‍ ജനങ്ങളുടെ മുന്നിലെത്തിക്കുന്നതില്‍ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്നും ഇത് വോട്ടര്‍മാരില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയെന്നും വിലയിരുത്തലുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് അനുഭവപ്പെട്ട കാലാവസ്ഥാ വ്യതിയാനവും കടുത്ത ചൂടും വോട്ടര്‍മാരെ വീടുകളില്‍ തന്നെ തളച്ചിതായി ഡല്‍ഹി സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ രവി രഞ്ജന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലാണ്. 63.45 ശതമാനമായിരുന്നു ഇവിടെ പോളിംഗ്. എന്നാല്‍ നിരാശാജനകമായ രീതിയില്‍ പോളിംഗ് നടന്നത് ന്യൂഡല്‍ഹി മണ്ഡലത്തിലാണ്. വെറും 56.9 ശതമാനം പോളിംഗ് മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ബിഹാര്‍, കിഴക്കന്‍ യുപി എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍താമസിക്കുന്ന അനധികൃത കോളനികള്‍ ധാരാളമുണ്ട്. ഇവര്‍ക്ക് വോട്ടിംഗില്‍ പങ്കെടുക്കാന്‍ അവസരവും ലഭിച്ചില്ല. ന്യൂഡല്‍ഹി മണ്ഡലത്തിലെ വോട്ടര്‍മാര്‍ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് നഗര സംസ്‌ക്കാരം പേറുന്നവരാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യാപാരികളും മധ്യവര്‍ത്തി വിഭാഗവുമാണ് ഇവിടുത്തെ പ്രധാന വോട്ടര്‍മാര്‍.

Write A Comment

 
Reload Image
Add code here