ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍

Thu,Jun 06,2019


സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബ്ബന്ധിത മൂന്നാം ഭാഷയാക്കുന്നതിനുള്ള നീക്കം നടത്തിയ മോദി സര്‍ക്കാറരിന് കനത്ത തിരിച്ചടി. സര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ് നാട്ടില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ ആ നീക്കത്തില്‍ നിന്ന് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷാ പദ്ധതി നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇത് ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കുന്നതിനുള്ള ശ്രമമാണെന്ന വിമര്‍ശനമുയര്‍ന്നതോടെ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ തലയൂരുകയായിരുന്നു.
സര്‍ക്കാര്‍ നീക്കത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ പ്രചാരണമാണ് ഉയര്‍ന്നത്.. കേന്ദ്ര ഗവണ്മെന്റിന്റെ പുതിയ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ട്വിറ്ററില്‍ പ്രവഹിച്ചു തുടങ്ങിയതോടെവളരെ കാലമായി ഹിന്ദി ഒരു വൈകാരിക പ്രശ്‌നമായി നിലനില്‍ക്കുന്ന തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാര്‍ പുതിയ നയത്തെ എതിര്‍ത്ത് രംഗത്ത് വരുകയായിരുന്നു. ഹിന്ദിക്ക് പ്രാധാന്യം നല്‍കണമെന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ( ഐ എസ്ആര്‍ ഒ) മുന്‍ തലവനായ കൃഷ്ണസ്വാമി കസ്തുരി രംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ്. 1968 മുതല്‍ ചില സ്‌കൂളുകള്‍ പിന്തുടരുന്ന 'ത്രിഭാഷാ പദ്ധതി' തുടരണമെന്ന നിര്‍ദ്ദേശമാണ് സമിതി കരട് നയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
കുട്ടികള്‍ അവരുടെ വിദ്യാഭ്യാസത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ത്തന്നെ മൂന്നു ഭാഷകള്‍ പഠിച്ചു തുടങ്ങണമെന്നാണ് കരട് നയം പറയുന്നത്. എട്ടാംക്ലാസുവരെ ഹിന്ദി നിര്‍ബ്ബന്ധമായും പഠിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നാണ് പലരും കരുതുന്നത്. #സ്റ്റോപ്പ് ഹിന്ദി ഇമ്പോസിഷന്‍, #ടി എന്‍ എഗൈന്‍സ്റ്റ് ഹിന്ദി ഇമ്പോസിഷന്‍ എന്നീ ഹാഷ്ടാഗുകളിലാണ് സാമൂഹ്യ മാധ്യമമായ ട്വിറ്ററില്‍ സന്ദേശങ്ങള്‍ പ്രവഹിച്ചത്. ഞായറാഴ്ച വൈകിട്ട്5 മണിയായപ്പോള്‍ത്തന്നെ രണ്ടു ഹാഷ്ടാഗുകളിലുമായി സന്ദേശങ്ങളുടെ ഇന്നത്തെ ഒരു ലക്ഷം കവിഞ്ഞിരുന്നു. പ്രതിഷേധമിരമ്പിയപ്പോള്‍ നിലപാട് മയപ്പെടുത്താന്‍ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍ നിര്‍ബ്ബന്ധിതനായി. നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും ഒരു നയം ഇനിയും ആവിഷ്‌ക്കരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നയം നടപ്പാകുകയാണെങ്കില്‍ സംസ്ഥാനത്ത് അത് നടപ്പാക്കില്ലെന്നു തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. തമിഴ്‌നാട് രണ്ടു ഭാഷകളെന്ന നയം മാത്രമേ നടപ്പാക്കുകയുള്ളുവെന്നും അത് തമിഴും ഇംഗ്ലീഷും ആയിരിക്കുമെന്നുമാണ്, ബിജെപിയുടെ സഖ്യ കക്ഷികൂടിയായ എ ഐ എ ഡി എം കെ യുടെ വിദ്യാഭ്യാസ മന്ത്രി കെ എ സെങ്കോട്ടയ്യന്‍ പറഞ്ഞത്. ഈ നീക്കം വലിയ ദുരന്തമുണ്ടാക്കുമെന്നു ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. 'ഭാഷ യുദ്ധം' തുടങ്ങുമെന്നായിരുന്നു എം ഡി എം കെ നേതാവ് വൈക്കോയുടെ മുന്നറിയിപ്പ്. അഹിന്ദി സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ബഹുസ്വരതയെ തകര്‍ക്കുമെന്നാണ് എ എം എം കെ നേതാവ് ടി ടി വി ദിനകരന്‍ പറഞ്ഞത്. ഹിന്ദി സംസാരിക്കാത്തകാര്‍ രണ്ടാംതരം പൗരന്മാരായി മാറുന്ന സ്ഥിതിയുണ്ടാകും. താന്‍ ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നു പറഞ്ഞ നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്‍ എന്നാല്‍ ആരുടെമേലും ഒന്നും അടിച്ചേല്‍പ്പിക്കരുതെന്നും ആവശ്യപ്പെട്ടു. ഏതു ഭാഷ പഠിക്കണമെന്നത് വ്യക്തിയുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കണം.
ഹിന്ദിക്ക് മറ്റു ഇന്ത്യന്‍ ഭാഷകളേക്കാള്‍ പ്രാമുഖ്യം നല്‍കുന്നതിനെ വളരെക്കാലമായി എതിര്‍ക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. സ്വാതന്ത്ര്യത്തിനു മുമ്പും 1937 ല്‍ ആരംഭിച്ച ഹിന്ദി വിരുദ്ധ പ്രക്ഷോഭം 1940 വരെ നീണ്ടുനിന്നു. 1965 ല്‍ വീണ്ടുമത് ആളിക്കത്തി. അന്നുണ്ടായ ലഹളകളില്‍ 70 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.ഇംഗ്ലീഷ് ബന്ധ ഭാഷയായി വേണമെന്ന് സംസ്ഥാനങ്ങള്‍ തീരുമാനിക്കുന്നതു വരെയും അഹിന്ദി സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പിന്റെ ലംഘനമാണ് കരട് നിര്‍ദ്ദേശം. പുതിയ വിദ്യാഭ്യാസനയം ആവിഷ്‌ക്കരിക്കുമെന്നു 2014 ലെ പ്രകടന പത്രികയില്‍ത്തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നതാണ്.

Write A Comment

 
Reload Image
Add code here