പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യ

Thu,Jun 06,2019


ലോക്‌സഭയില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും പ്രതിപക്ഷ നേതൃസ്ഥാനത്തിനുള്ള അര്‍ഹത പോലും നേടാന്‍ കഴിയാത്ത കോണ്‍ഗ്രസ് പാര്‍ട്ടി ഒരു വശത്ത്. പല സംസ്ഥാനങ്ങളിലും ശക്തമായ വേരോട്ടമുള്ള പ്രാദേശിക പാര്‍ട്ടികള്‍ മറുവശത്ത്. ഇവര്‍ തമ്മില്‍ ഐക്യത്തിന്റെ പാലം ഇല്ലാതെ വന്നതോടെ ബി.ജെ.പി ക്ക് കാര്യങ്ങള്‍ എളുപ്പമാവുകയാണ്. ജനാധിപത്യ സംവിധാനത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടി മാത്രം അഭൂതപൂര്‍വകമായ വളര്‍ച്ച നേടുന്നത് അഭിലഷണീയമല്ല. എതിരാളികള്‍ ഇല്ലാതെ വരുമ്പോള്‍ തങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള അധികാരം ലഭിച്ചതായി ഭൂരിപക്ഷം ലഭിക്കുന്നവര്‍ കരുതും. മതപിന്തുണയുള്ള കേഡര്‍ പാര്‍ട്ടിയായതു കൊണ്ട് ബി.ജെ.പി പല പ്രാദേശിക പാര്‍ട്ടികളെ വിഴുങ്ങുന്ന കാലവും വിദൂരമല്ല. പ്രതിപക്ഷം ഇല്ലാതാകുന്ന ഇന്ത്യയെപ്പറ്റിയാണ് ജനപക്ഷം ഇക്കുറി ചര്‍ച്ച ചെയ്യുന്നത്. ജേക്കബ് ഈശോ (ഹൂസ്റ്റണ്‍), അജീഷ് നായര്‍ (ന്യൂയോര്‍ക്ക്), സതീശന്‍ നായര്‍ (ഷിക്കാഗോ), ജോര്‍ജ് മുണ്ടാടന്‍ (ഡാന്‍ ടൊറന്റോ) എന്നിവര്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നു.
മതം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് അപകടകരമായ അവസ്ഥയാണെന്നും, ഇന്ത്യയില്‍ അത് സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും ജേക്കബ് ഈശോ അഭിപ്രായപ്പെട്ടു. ലോകത്ത് എവിടെയൊക്കെ മതം രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടുണ്ടോ അവിടെയെല്ലാം പ്രശ്‌നങ്ങളുണ്ടാവുകയായിരുന്നു. മതത്തിന് എല്ലാവരെയും ഒന്നുപോലെ കാണാന്‍ കഴിയുകയില്ല. മതവും രാഷ്ട്രീയവും ചേര്‍ന്നുള്ള ഒത്തുകളി രാജ്യത്തിന് ഒരു പുരോഗതിയും നല്‍കില്ല എന്നതാണ് യാഥാര്‍ഥ്യം. മതഭ്രാന്ത്, രാഷ്ട്രീയ വിദ്വേഷം, അറിവില്ലായ്മ എന്നിവ കൂടി ചേരുമ്പോള്‍ സമൂഹത്തില്‍ വലിയ വിഷം വമിക്കുന്നു.
ഭരണപക്ഷം വാസ്തവത്തില്‍ രണ്ടു പേരുടെ നിയന്ത്രണത്തിലാണ്. മോഡി ഷാ കൂട്ടികെട്ടിനപ്പുറത്ത് ഒന്നും സംഭവിക്കില്ല. മുമ്പ് ഓരോ വകുപ്പും അതത് മന്ത്രിമാരാണ് ഭരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എല്ലാറ്റിന്റെയും നിയന്ത്രണം മോഡി ഷാ കൂട്ടുകെട്ടിനാണ്. ഫലത്തില്‍ ഇത് ഏകാധിപത്യത്തിന്റെ മറ്റൊരു പതിപ്പാണ്. ആഗോള തലത്തില്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന സല്‍പേര് നഷ്ടപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ് നിര്‍ജീവമായ അവസ്ഥയിലാണ്. രാഹുലും, പ്രിയങ്കയും കഴിഞ്ഞാല്‍ നേതൃനിര ശുഷ്‌കമാണ്. പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് ഒന്നിച്ചു നിന്നില്ലെങ്കില്‍ പാര്‍ലമെന്റില്‍ അവരുടെ ശബ്ദം പോലും ഇല്ലാതാകും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളെപ്പറ്റി വ്യാപകമായ സംശയമുണ്ട്. നിയമപാലകരും മീഡിയയുമാണ് ഇത് കണ്ടെത്തേണ്ടത്. പക്ഷേ, മീഡിയകള്‍ മിക്കതും ഒതുക്കപ്പെട്ടു കഴിഞ്ഞു. സത്യം പുറത്തു വരാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്ത് എടുത്തു കാണിക്കാന്‍ എന്തു പ്രൊജക്ടാണുള്ളത്. സമ്പന്നര്‍ വീണ്ടും സമ്പന്നരാകുന്ന അവസ്ഥയാണ്. പ്രതിപക്ഷത്തെ മറ്റു കക്ഷികളുമായി യോജിപ്പുണ്ടാക്കി മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തിന്റെ അവസ്ഥ ദയനീടകമാകുമെന്ന് ജേക്കബ് ഈശോ നിരീക്ഷിച്ചു.
പ്രതിപക്ഷം നിര്‍ജീവമാണ് എന്നതിലല്ല, ഇന്ത്യയില്‍ ശക്തമായ ഭരണപക്ഷമുണ്ട് എന്നതിലാണ് പ്രവാസികള്‍ ആശ്വസിക്കേണ്ടതെന്ന് അജീഷ് നായര്‍ ഓര്‍മിപ്പിച്ചു. യു.പി.എ സര്‍ക്കാരിന്റെ കാലത്തും, മറ്റ് ന്യൂനപക്ഷ സര്‍ക്കാരുകളുടെ കാലത്തും അഴിമതിയും സ്വജനപക്ഷപാതവുമാണ് നടമാടിയിരുന്നത്. വിഘടിച്ചു നില്‍ക്കുന്നവരെ ഒന്നിച്ചു നിറുത്താന്‍ നടത്തിയ വിട്ടുവീഴ്ചകള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറി. എന്നാല്‍, ഇപ്പോള്‍ ശക്തമായ ഭരണപക്ഷമുണ്ട്. രാജ്യത്തിന്റെ വികസനം സുരക്ഷിതമായി കൈകളിലാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണത്തിലല്ല, ക്വാളിറ്റിയിലാണ് കാര്യം. കോണ്‍ഗ്രസിന് ക്രിയാത്മക പ്രതിപക്ഷമാകാന്‍ കഴിയും. എങ്കില്‍ അത് നല്ലതായിരുന്നു. പക്ഷേ, രാഹുല്‍ ഗാന്ധി പറയുന്നത്. ഇത് യുദ്ധമാണെന്നും ബി.ജെ.പിക്കും ഭരണത്തിനുമെതിരേ ചാവേറുകളെപ്പോലെ പോരാടും എന്നുമാണ്. പല വികസിത രാജ്യങ്ങളിലും ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് പല കാര്യങ്ങളും തീരുമാനിക്കാറുണ്ട്. നന്മയെ നന്മയായി കാണാനും, പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് നല്ല പ്രതിപക്ഷമാകാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. പ്രതിപക്ഷവും, ദേശീയ പാര്‍ട്ടികളും വേണമെന്ന നിലപാടാണ് ബി.ജെ.പിക്കുള്ളത്. വാജിപേയ് മന്ത്രിസഭയുടെ കാലത്ത് സി.പി.എം, സി.പി.ഐ കക്ഷികള്‍ക്ക് ദേശീയ പാര്‍ട്ടി നഷ്ടപ്പെടുന്ന സാഹചര്യം വന്നപ്പോള്‍ നിയമങ്ങള്‍ മാറ്റി ആ പാര്‍ട്ടികളുടെ പദവികള്‍ സംരക്ഷിച്ച സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുള്ളത്. പ്രതിപക്ഷ ബഹുമാനം ബി.ജെ.പി പുലര്‍ത്തുക തന്നെ ചെയ്യും. ഭാരതത്തിന്റെ വികസനവും, നന്മയുമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെങ്കില്‍ ബി.ജെ.പിക്കും സര്‍ക്കാരിനുമെതിരേ 'യുദ്ധം' നടത്തുകയല്ല വേണ്ടതെന്നും ക്രിയാത്മക പ്രതിപക്ഷമായി മാറണമെന്നും അജീഷ് അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ദേശീയ മതാധിഷ്ഠിതമല്ലെന്നും സാഹോദര്യം ഊട്ടിയുറപ്പിക്കുന്ന ഒന്നാണെന്നും സതീശന്‍ നായര്‍ ചൂണ്ടിക്കാട്ടി. അസഹിഷ്ണുതയും, വര്‍ഗീതയും വളര്‍ത്തി നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി പരിശ്രമിക്കുന്നത്. അവര്‍ക്ക് താത്കാലിക വിജയം ഉണ്ടായിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് തിരിച്ചു വരിക തന്നെ ചെയ്യും. കോണ്‍ഗ്രസില്‍ നിന്നു വിഘടിച്ചു പോയവരാണ് പല പ്രാദേശിക പാര്‍ട്ടികളും ഉണ്ടാക്കിയത്. പ്രതിപക്ഷം ഭിന്നിച്ചു നിന്നതു കൊണ്ടാണ് ഇത്തവണ കോണ്‍ഗ്രസിന് വലിയ തകര്‍ച്ച സംഭവിച്ചത്. എല്ലാവരും യോജിച്ചു നിന്നിരുന്നുവെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു. കോണ്‍ഗ്രസിന്റെ അണികള്‍ ചേര്‍ന്നു പോയിട്ടുണ്ട്. അവരെ തിരികെ കൊണ്ടുവരാന്‍ കീഴ്ഘടകങ്ങള്‍ മുതല്‍ സജീവമാക്കണം. പാര്‍ട്ടിക്കു സംഭവിച്ച വീഴ്ചകള്‍ തിരിച്ചറിഞ്ഞ് അതു പരിഹരിക്കാനുള്ള നടപടിയാണ് ഇനിയുണ്ടാകേണ്ടത്. മുങ്ങിത്താഴുന്ന അവസ്ഥയിലും കോണഗ്രസില്‍ കൊമ്പുകോര്‍ക്കില്‍ തുടരുന്നുണ്ട്. മക്കള്‍ രാഷ്ട്രീയത്തിന് അറുതി വരുത്തി ജനസമ്മതരായ പ്രവര്‍ത്തകരെ സ്ഥാനാര്‍ഥികളാക്കുകയാണ് വേണ്ടത്.
രാജ്യത്ത് ഏകാധിപത്യ പ്രവണതയ്ക്ക് ഒരു സാധ്യതയുമില്ല. കാരണം, ഇന്ത്യന്‍ ജനാധിപത്യം അതിനുള്ള വഴിയൊരുക്കില്ല. പ്രതിപക്ഷ യോജിപ്പിന് മുന്‍കൈ എടുക്കേണ്ടത് കോണ്‍ഗ്രസാണ്. രാഹുല്‍ ഗാന്ധി അതിനുള്ള സാധ്യതകള്‍ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിപക്ഷം തമ്മിലടിച്ചു നീങ്ങിയാല്‍ വലിയ തിരിച്ചടിയാവും ഉണ്ടാവുകയെന്നും, അത് സംഭവിക്കില്ല എന്നുള്ള ശുഭപ്രതീക്ഷയാണുള്ളതെന്നും സതീശന്‍ നായര്‍ നിരീക്ഷിച്ചു.
രാജ്യം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോവുകയാണെന്നും, കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു തിരിച്ചു വരവ് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ജോര്‍ജ് മുണ്ടാടന്‍ (ഡാന്‍) അഭിപ്രായപ്പെട്ടു. ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷം ശക്തമായി നിലകൊള്ളേണ്ടതുണ്ട്. പക്ഷേ, കോണ്‍ഗ്രസ് ചുരുങ്ങി വരികയാണ്. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിന്ന് മാറുന്നതു കൊണ്ട് പ്രശ്‌നം തീരില്ല. വാസ്തവത്തില്‍ പുതിയൊരു പ്രസിഡന്റ് വന്നാല്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കപ്പെടകയാവും ചെയ്യുക. യു.പി.എ ഭരണകാലത്ത് മന്‍മോഹന് സിംഗ് പ്രധാനമന്ത്രിയായിരുന്നുവെങ്കിലും, അധികാരത്തിന്റെ ചുക്കാന്‍ സോണിയാ ഗാന്ധിക്കായിരുന്നു. രാഹുല്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് മാറി നിന്നാലും രാഹുലിനെ ഒഴിവാക്കി ആര്‍ക്കും മുന്നോട്ടു പോകാന്‍ കഴിയില്ല.
ഹൈന്ദവ വികാരം ഉണര്‍ത്തി ബി.ജെ.പി വോട്ടു നേടുകയാണ്. ഉത്തരേന്ത്യയില്‍ വര്‍ഗീയത ചൂഷണം ചെയ്യാന്‍ എളുപ്പമാണ്. കേരളത്തില്‍ മത രാഷ്ട്രീയം ഇതുവരെ കാര്യമായി ഏശിയിട്ടില്ല. കാരണം, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നൊക്കെ വിദ്യാഭ്യാസപരമായും, സാംസ്‌കാരികമായും, സാമൂഹ്യമായും വേറിട്ടു നില്‍ക്കുന്ന സ്ഥലമാണ് കേരളം. അവിടെയും കാലക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വന്നേക്കാം. ചിതറി നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് കോണ്‍ഗ്രസ് കൂടുതല്‍ സജീവമാകേണ്ടിയിരിക്കുന്നു. അതിനുള്ള ആര്‍ജവം പ്രകടിപ്പിക്കാതിരുന്നാല്‍ പാര്‍ട്ടിയുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലം വിദൂരമല്ലെന്ന് ഡാന്‍ ഓര്‍മിപ്പിച്ചു.

Write A Comment

 
Reload Image
Add code here