പ്രതിപക്ഷം തകര്‍ന്നടിയുന്നു

Thu,Jun 06,2019


ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് ശേഷം പ്രതിപക്ഷം തകര്‍ന്നടിയുന്ന കാഴ്ചയാണ് ദേശീയതലത്തില്‍ കാണുന്നത്. കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ രാജിഭീഷണി ഉയര്‍ത്തിയ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുമ്പോള്‍ മറ്റ് പ്രതിപക്ഷ കക്ഷികളും പ്രതിസന്ധിയെ നേരിടുകയാണ്. കോണ്‍ഗ്രസ് പ്രതിസന്ധി എപ്പോള്‍ അവസാനിക്കുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. അതാകട്ടെ സംസ്ഥാനങ്ങളിലേക്ക് പടരുകയാണ്. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് മടങ്ങിയെത്താനുള്ള സാധ്യത വിരളമാണെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. അങ്ങിനെയല്ലെന്നും രാഹുല്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു ശുദ്ധീകരണ പ്രക്രിയക്ക് ഉടന്‍ തുടക്കമിടുമെന്നും നേതൃത്വത്തിലുള്ള മറ്റുള്ളവര്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ തോറ്റേക്കുമെന്ന് രാഹുലിന് അറിയാമായിരുന്നു എന്നും അദ്ദേഹത്തെ ക്ഷുഭിതനാക്കിയത് പാര്‍ട്ടി താല്പര്യങ്ങള്‍ക്ക് മുകളില്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ വച്ച നേതാക്കളുടെ പ്രവര്‍ത്തന ശൈലിയാണെന്നുമാണ് പറയപ്പെടുന്നത്. മധ്യ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാര്‍ അക്ഷന്തവ്യമായ ഉപേക്ഷ കാട്ടിയെന്നാണ് രാഹുല്‍ കരുതുന്നത്. ഉത്തര്‍ പ്രദേശില്‍ എസ്പിബിഎസ്പി സഖ്യം തകര്‍ന്നതും പ്രതിപക്ഷത്തിന് തിരിച്ചടിയായിട്ടുണ്ട്. ബിഎസ്പി അധ്യക്ഷ മായാവതി ഏകപക്ഷീയമായി സഖ്യത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഉത്തര്‍ പ്രദേശിലെ 'മഹാഗട്ബന്ധന്‍' ഇല്ലാതെയായി. ബിഎസ്പി സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാവും മത്സരിക്കുക.
വന്‍ തിരിച്ചടി നേരിട്ട തെലങ്കാനയില്‍ കോണ്‍ഗ്രസിന് ആകെയുള്ള 19 എംഎല്‍എമാരില്‍ 12 പേര്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയില്‍ തീരുമാനിച്ചിരിക്കുകയാണ്. തൊട്ടപ്പുറത്ത് കര്‍ണടാകത്തില്‍ കോണ്‍ഗ്രസ്‌ജെഡി(എസ്) സഖ്യം ദിവസം ചെല്ലും തോറും ഉലയുകയാണ്. മുന്നണിക്ക് പ്രഹരമേല്‍പ്പിച്ച് ജെഡി(എസ്) സംസ്ഥാന അധ്യക്ഷന്‍ വ്യാഴാഴ്ച്ച രാജി സമര്‍പ്പിച്ചു. മുന്നണിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് രാജി.
രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും പ്രദേശ് കോണ്‍ഗ്രസ് സമിതി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും തമ്മിലുള്ള യുദ്ധവും മുറുകുകയാണ്. തന്റെ മകന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉത്തരവാദി പൈലറ്റാണെന്നാണ് ഗെഹ്‌ലോട്ടിന്റെ ആരോപണം. തൊട്ടപ്പുറത്ത് പഞ്ചാബില്‍ മുന്‍ ക്രിക്കറ്റ് താരമായ മന്ത്രി നവ്‌ജ്യോത് സിംഗ് സിദ്ധുവിന്റെ കയ്യില്‍ നിന്ന് തദ്ദേശഭരണത്തിന്റെ ചുമതല വ്യാഴാഴ്ച്ചത്തെ അഴിച്ചുപണിയില്‍ എടുത്തുമാറ്റി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തന്റെ ശക്തി തെളിയിച്ചിരിക്കുകയാണ്.

Write A Comment

 
Reload Image
Add code here