ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ : ബംഗളുരു ഫൈനലില്‍

Sun,Mar 11,2018


ബംഗളുരു: രണ്ടാംപാദ സെമി ഫൈനലില്‍ പുനെ സിറ്റി എഫ്‌.സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ച്‌ ബംഗളുരു സിറ്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ സീസണ്‍ നാലിന്റെ ഫൈനലില്‍ കടന്നു. നായകന്‍ സുനില്‍ ഛെത്രിയുടെ ഹാട്രിക്കാണു ബംഗളുരുവിനെ ഫൈനലില്‍ കടത്തിയത്‌. ജെനാഥന്‍ ലൂക്കയാണു പുനെയ്‌ക്കു വേണ്ടി ഒരു ഗോള്‍ മടക്കിയത്‌. കളി തീരാന്‍ ഒരു മിനിട്ട്‌ ശേഷിക്കേയാണു ഛെത്രി ഹാട്രിക്കടിച്ചത്‌. 17 നു ബംഗളുരുവിന്റെ സ്വന്തം തട്ടകമായ ശ്രീ കണ്ഡീരവ സ്‌റ്റേഡിയത്തിലാണു ഫൈനല്‍. ഗോവയും ചെന്നൈയിന്‍ എഫ്‌.സിയും തമ്മില്‍ നടക്കുന്ന രണ്ടാംപാദ സെമിയിലെ ജേതാക്കളാണു ബംഗളുരുവിനെ ഫൈനലില്‍ നേരിടുക. പുനെയിലെ ശിവ്‌ ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ഒന്നാംപാദ സെമി ഗോള്‍രഹിത സമനിലയിലാണ്‌ അവസാനിച്ചത്‌. ഇതോടെ രണ്ടാംപാദ സെമി നിര്‍ണായകമായി. മുഴുവന്‍ സമയത്തും അധിക സമയത്തും സമനില പാലിച്ചാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയിയെ തെരഞ്ഞെടുക്കേണ്ടി വരുമായിരുന്നു. 4-1-4-1 എന്ന ഫോര്‍മേഷനുമായാണ്‌ ബംഗളുരു കോച്ച്‌ ആല്‍ബര്‍ട്ട്‌ റോക്ക പുനെ സിറ്റിയെ കാത്തിരുന്നത്‌. മിക്കുവാണു മുന്നില്‍നിന്നു കളിച്ചത്‌. ഛേത്രി, ഉദാന്ത സിങ്‌, ദിമാസ്‌ ഡെല്‍ഗാഡോ, ബോയ്‌താങ്‌ ഹായ്‌കോപ്‌ എന്നിവര്‍ മികുവിനെ പിന്തുണച്ചു. എറിക്‌ പാര്‍താലു മധ്യനിരയ്‌ക്കും പ്രതിരോധ നിരയ്‌ക്കും പിന്തുണക്കാരനായി പ്രവര്‍ത്തിച്ചു. 4-2-3-1 ഫോര്‍മേഷനുമായാണു പുനെ സിറ്റി കോച്ച്‌ റാങ്കോ പേപോവിക്‌ ബംഗളുരുവിലെത്തിയത്‌. എമിലിയാനോ ആല്‍ഫാരോയാണു മുന്നില്‍നിന്നത്‌. ഡീഗോ കാര്‍ലോസ്‌, മാഴ്‌സെലോ പെരേര, ഐസക്‌ വാന്‍മാല്‍സ്‌മ എന്നിവര്‍ ആല്‍ഫാരോയ്‌ക്കു പിന്തുണ നല്‍കി. കളിയുടെ മൂന്നാം മിനിട്ടില്‍ മികുവിനു ഗോളടിക്കാനുള്ള ആദ്യ അവസരം ലഭിച്ചു. മികുവിന്റെ ക്ലോസ്‌ റേഞ്ച്‌ ഷോട്ട്‌ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പോസ്‌റ്റ് മറികടന്നതോടെയാണു പുനെ താരങ്ങളുടെ ശ്വാസം നേരെ വീണത്‌. ബംഗളുരു താരങ്ങളും പുനെക്കാരും ആക്രമണപ്രത്യാക്രമണങ്ങളിലൂടെ രംഗം കൊഴുപ്പിച്ചു. 15-ാം മിനിട്ടിലാണു ഗോളിന്റെ പിറവി. പുനെ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്‌തിന്റെ വഴിമാറിയ ക്ലിയറന്‍സാണു ഗോളില്‍ കലാശിച്ചത്‌. പാകത്തിനു കിട്ടിയ പന്ത്‌ ഛെത്രി ഉദാന്തയ്‌ക്കു കൈമാറി. ചുറ്റും കൂടിയ പ്രതിരോധക്കാരെ കാഴ്‌ചക്കാരാക്കി ഉദാന്ത ഛെത്രിക്കു തിരിച്ചു നല്‍കി. മാര്‍ക്ക്‌ ചെയ്യാതെനിന്ന ഛെത്രി ലക്ഷ്യം കണ്ടു. ഗോള്‍ വീണ ആവേശത്തില്‍ പുനെ താരങ്ങള്‍ ബംഗളുരു പോസ്‌റ്റില്‍ നിരന്തരം കയറിയിറങ്ങി. 30-ാം മിനിട്ടില്‍ ആല്‍ഫാരോയുടെ അളന്നു മുറിച്ച ക്രോസ്‌ ബോക്‌സില്‍ കണക്‌ട് ചെയ്യാന്‍ ആളില്ലാതെ പോയതു പുനെയ്‌ക്കു തിരിച്ചടിയായി. ഒന്നാം പകുതിയുടെ അവസാനം കളിക്കാര്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തും മുമ്പ്‌ റഫറി ഇടപെട്ടു ശാന്തമാക്കി. 64-ാം മിനിട്ടിലായിരുന്നു ഛെത്രിയുടെ രണ്ടാം ഗോള്‍. ബോക്‌സില്‍ സാര്‍ഥക്‌ ഗൗലി ഛെത്രിയെ വീഴ്‌ത്തിയതിനു റഫറി പെനാല്‍റ്റി വിധിച്ചു. ഛെത്രിയുടെ പനേങ്ക കിക്ക്‌ ഗോള്‍ കീപ്പര്‍ കെയ്‌തിന്റെ കണക്കു കൂട്ടലിന്‌ അപ്പുറമായിരുന്നു. ഡൈവിങ്‌ പിഴച്ച കെയ്‌തിനു പന്ത്‌ തലയ്‌ക്കു മുകളിലൂടെ വലയില്‍ കയറുന്നതു നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു. തൊട്ടുപിന്നാലെ രാഹുല്‍ ബെക്കെയുടെ കനത്ത ഹെഡര്‍ ക്രോസ്‌ ബാറില്‍ തട്ടി മടങ്ങി. 82-ാം മിനിട്ടിലാണു ജൊനാഥന്‍ ലൂക്ക ഒരു ഗോള്‍ മടക്കിയത്‌. പ്രതിരോധക്കാരെയും ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത്‌ സിങ്‌ സന്ധുവിനെയും വട്ടംചുറ്റിച്ച ലൂക്ക പുനെയെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടുവന്നു.

Other News

 • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
 • ലിവര്‍പൂളിന് ആവേശവിജയം
 • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
 • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
 • അഫ്ഗാനോടും തോറ്റു; ശ്രീലങ്ക ഏഷ്യകപ്പില്‍ നിന്നും പുറത്ത്
 • റൊണാള്‍ഡോ പോയശേഷം കൂടുതല്‍ ഒത്തിണക്കത്തോടെയാണ് റയല്‍ മാഡ്രിഡ് കളിക്കുന്നതെന്ന് ബെയ്ല്‍
 • കോലിയെ ടീമിലുള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം; പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് ബിസിസിഐ
 • കേരള ബ്ലാസ്‌റ്റേഴ്‌സിനെ എം.എ. യൂസഫ് അലി ഏറ്റെടുത്തുവെന്നത് വ്യാജവാര്‍ത്ത
 • കെനിയന്‍ താരം മാരത്തണില്‍ ലോക റെക്കോഡ് തിരുത്തി
 • ഒരു ഗോളിന് പിന്നില്‍ നിന്നശേഷം ബാഴ്‌സ തിരിച്ചടിച്ചു; റയലിന് സമനില
 • അഞ്ചില്‍ അഞ്ചിലും വിജയം; 100 വര്‍ഷം പഴക്കമുള്ള റെക്കോഡ് ആവര്‍ത്തിച്ച് ചെല്‍സിയും ലിവര്‍പൂളും
 • Write A Comment

   
  Reload Image
  Add code here