മുംബൈയ്ക്കെതിരെ അവസാന പന്തില്‍ ഹൈദരാബാദിന് ജയം
Fri,Apr 13,2018

ഹൈദരാബാദ്: ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. രാജീവ് ഗാന്ധി ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഒരു വിക്കറ്റ് ശേഷിക്കെ അവസാന പന്തിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് മുംബൈയെ തോല്‍പ്പിച്ചത്. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണ്ടിയിരുന്ന ഹൈദരാബാദിനായി ബില്ലി സ്റ്റാന്‍ലേക്ക് ബൗണ്ടറി നേടിയാണ് ടീമിന് വിജയം സമ്മാനിച്ചത്. സ്കോര്‍; മുംബൈ- 20 ഓവറില്‍ 147/8. ഹൈദരാബാദ് -20 ഓവറില്‍ 151/9.
മുംബൈ ഉയര്‍ത്തിയ 148 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ സണ്‍റൈസേഴ്സിനായി ധവാനും സാഹയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മികച്ച രീതിയില്‍ ബാറ്റ് വീശിയ സാഹ 20 പന്തില്‍ 22 റണ്‍സും ധവാന് 28 പന്തില്‍ 45 റണ്‍സും നേടി പുറത്തായി. അവസാന ഓവറുകളില്‍ തുടരെത്തുടരെ വിക്കറ്റ് നഷ്ടപ്പെടുത്തി റണ്‍ കണ്ടെത്താന്‍ ഹൈദരാബാദ് ബുദ്ധിമുട്ടിയതോടെ മുംബൈ മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ 25 പന്തില്‍ 32 റണ്‍സെടുത്ത ദീപക്ക് ഹൂഡ സ്റ്റാന്‍ലേക്കിന് കൂട്ടുപിടിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
മുബൈക്കായി മായങ്ക് മാര്‍ക്കണ്ടെ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്തു. റഹ്മാന് മൂന്നും ബുംറ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിരയില്‍ ആരും തന്നെ മികച്ച പ്രകടനം പുറത്തെടുത്തില്ല. 17 പന്തില്‍ 29 റണ്‍സ് നേടിയ എവിന്‍ ലൂയിസായിരുന്നു ടോപ് സ്കോറര്‍. രണ്ട് വിക്കറ്റ് വീതം പിഴുതെടുത്ത ബില്ലി സ്റ്റാന്‍ലേക്കും സിദ്ധാര്‍ഥ് കൗളും സന്ദീപ് ശര്‍മ്മയും നാല് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത റാഷിദ് ഖാനും ചേര്‍ന്നാണ് മുംബൈയെ ചെറിയ സ്കോറില്‍ ഒതുക്കിയത്.