രാജ്കോട്ടില്‍ അഞ്ച് വിക്കറ്റ്; കുല്‍ദീപിന് അപൂര്‍വ റെക്കോഡ്
Sat,Oct 06,2018

രാജ്കോട്ട്: വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെ പേരില്‍ റെക്കോഡും. അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ചൈനാമാന്‍ ബൗളറെന്ന വിശേഷമാണ് കുല്‍ദീപ് സ്വന്തം പേരില്‍ കുറിച്ചത്. കുല്‍ദീപിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. നേരത്തെ ടിട്വന്റിയും ഏകദിനത്തിലും കാണ്പുര്താരം അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചിരുന്നു.
ഒപ്പം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ താരമെന്ന റെക്കോഡും ഇരുപത്തിമൂന്നുകാരന് സ്വന്തമാക്കി. ഇതിന് മുമ്പ് 2017-ല്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയുടെ ചൈനാമാന്‍ ബോളര്‍ ലക്ഷണ്‍ സണ്ടകന് അഞ്ച് വിക്കറ്റെടുത്തിരുന്നു.
ഹോപ്പിനെ 17 റണ്‍സിന് പുറത്താക്കി തുടങ്ങിയ കുല്‍ദീപ് 23-ാം ഓവറില്‍ ഹെറ്റ്മെയറേയും ആംബ്രിസിനേയും പറഞ്ഞയച്ചു. പിന്നീട് ചെറുത്തുനില്ക്കാന് ശ്രമിച്ച ചെയ്സും കീറണ്‍ പവലും കുല്‍ദീപിന്റെ ഇരകളായി. അശ്വിന് ക്യാച്ച് നല്കി ചെയ്സ് മടങ്ങിയപ്പോള്‍ പൃഥ്വി ഷായുടെ കൃത്യതയാര്‍ന്ന ക്യാച്ചില്‍ പവലും പുറത്തായി. ഇതോടെ കുല്‍ദീപിന്റെ അക്കൗണ്ടില്‍ അഞ്ച് വിക്കറ്റായി.