അവസാന ലീഗ് മത്സരത്തില്‍ നാണംകെട്ട് റയല്‍; ബാഴ്‌സയെ തളച്ച് ഐബര്‍

Thu,May 23,2019


മാഡ്രിഡ്: സ്പാനിഷ് ലീഗിലെ ഇത്തവണത്തെ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ റയല്‍ മാഡ്രിഡിന് തോല്‍വി. റയല്‍ ബെറ്റിസാണ് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റയലിനെ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നാണംകെടുത്തിയത്. ഈ സീസണിലെ റയലിന്റെ 12ാം തോല്‍വിയാണിത്. തോല്‍വിയോടെ സമീപകാലത്തെ ഏറ്റവും മോശം സീസണിന് റയല്‍ അവസാനം കുറിച്ചു. റയലിന്റെ മൈതാനത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ആതിഥേയരുടെ ഹൃദയം തകര്‍ത്ത രണ്ടു ഗോളുകളും പിറന്നത്. 61ാം മിനിറ്റില്‍ ലോറന്‍ മൊറോണും 75ാം മിനിറ്റില്‍ ഹെസെയുമാണ് ബെറ്റിസിനായി വലകുലുക്കിയത്. കെയ്‌ലര്‍ നവാസിന്റെ മികച്ച സേവുകളാണ് റയലിനെ കൂടുതല്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. തോല്‍വിയോടെ ഈ സീസണില്‍ മൂന്നാമതായാണ് റയല്‍ ഫിനിഷ് ചെയ്തത്.

38 മത്സരങ്ങളില്‍ നിന്ന് 87 പോയിന്റുകള്‍ നേടിയ ബാഴ്‌സലോണ നേരത്തെ തന്നെ കിരീടമുറപ്പിച്ചിരുന്നു. രണ്ടാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 76 പോയിന്റും മൂന്നാമതുള്ള റയലിന് 68 പോയിന്റുമുണ്ട്. 2001 02 സീസണിനു ശേഷം ഇതാദ്യമായാണ് റയല്‍ 70ല്‍ താഴെ പോയന്റില്‍ ഒതുങ്ങുന്നത്. ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടമണിഞ്ഞ ടീമിനാണ് ഈ വിധി. പരിശീലകരുടെ മാറ്റവും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതുമെല്ലാം റയലിന് തിരിച്ചടിയായി.

റയല്‍ പരാജയമറിഞ്ഞപ്പോള്‍ ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ ബാഴ്‌സലോണക്ക് സമനില. ഐബറാണ് ബാഴ്‌സയെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി. അടുത്തടുത്ത മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്ത ലയണല്‍ മെസ്സിയാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്. 31, 32 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. കിരീടമുറപ്പിച്ചിരുന്ന ബാഴ്‌സ പരിക്കേറ്റ ഡെംബലെ, സുവാരസ്, കുടീഞ്ഞ്യോ എന്നിവരില്ലാതെയാണ് കളത്തിലിറങ്ങിയത്. 20ാം മിനിറ്റില്‍ മാര്‍ക്ക് കുക്കുറെല്ലയിലൂടെ ഐബറാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഇടവേളക്ക് പിരിയുന്നതിന് തൊട്ട് മുമ്പ് പാബ്ലോ ഡി ബ്ലാസിസിലൂടെ ഐബര്‍ സമനില പിടിക്കുകയും ചെയ്തു. ലീഗില്‍ 36 ഗോളുകളോടെ ലയണല്‍ മെസ്സി ടോപ് സ്‌കോറര്‍ പുരസ്‌കാരം സ്വന്തമാക്കി.

Other News

 • ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം
 • കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍20 ലോകകപ്പ് കിരീടം
 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
 • ബ്രസീല്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
 • തിരിച്ചെത്തിയാലും ധവാന് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് കോച്ച്
 • മഴഭീഷണി: ലോകകപ്പിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
 • ഓസ്‌ട്രേലിയക്കെതിരേ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാകിസ്ഥാന്‍
 • ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്ത്, മുഴുവന്‍ ലോകകപ്പ് മത്സരങ്ങളും നഷ്ടമാകും
 • തന്നെ ആസൂത്രിതമായി നീക്കിയെന്ന വെളിപെടുത്തലുമായി അഫ്ഗാന്‍ താരം
 • പോര്‍ച്ചുഗലിന് പ്രഥമ യുവേഫ നാഷന്‍സ് ലീഗ് കിരീടം
 • ഇനിയില്ല, ക്രീസിലെ യുവരാജ ഭരണം
 • Write A Comment

   
  Reload Image
  Add code here