മോഡി അനുകൂല പ്രസ്താവന; കെ.വി തോമസ് പെട്ടു; ഹൈക്കമാണ്ട് വിശദീകരണം ആവശ്യപ്പെട്ടു; പ്രസംഗം വളച്ചൊടിച്ചെന്ന് കെവി തോമസ്

Sat,Apr 14,2018


കൊച്ചി: മോഡിയുടെ മാനേജ്‌മെന്റ് വൈഭവത്തെ സ്തുതിച്ച് താന്‍ നടത്തിയ പ്രസംഗം പത്രമാധ്യങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പ്രൊഫ. കെവി തോമസ്.
മോഡിയാണ് കോണ്‍ഗ്രസ് നേതാക്കളെ അപേക്ഷിച്ച് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതില്‍ കംഫര്‍ട്ടബ്ള്‍ എന്നതടക്കം പ്രധാനമന്ത്രി മോഡിയെ പ്രശംസിച്ച് മുന്‍കേന്ദ്രമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കെവി തോമസ് കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെ.എം.എ) ദേശീയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയ സാഹചര്യത്തിലാണ് തന്റെ പ്രസംഗം പത്രക്കാര്‍ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം വിശദീകരിച്ചത്.
രാഷ്ട്രീയ എതിര്‍പ്പുകളെ മറികടന്ന് ഓരോ പ്രശ്‌നവും വളരെ വിദഗ്ധമായി മറികടക്കാന്‍ മോഡിക്കുള്ള അസാമാന്യ മാനേജ്‌മെന്റ് വൈദഗ്ധ്യം എല്ലാവരും കണ്ടു പഠിക്കേണ്ടതാണ് എന്നാണ് താന്‍ ഉദ്ദേശി ച്ചതെന്നാണ് കെവി തോമസിന്റെ വിശദീകരണം. ഇത് മോഡിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ടു പറഞ്ഞതല്ല. അദ്ദേഹത്തിന്റെ മാനേജ്‌മെന്റ്വൈദഗ്ധ്യത്തെക്കുറിച്ച് മാനേജ്‌മെന്റ് വിദ്ഗ്ധരുടെ ദേശീയ സെമിനാറില്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചുവെന്നേയുള്ളൂ എന്നും കെവി തോമസ് വിശദീകരിച്ചു.
അതേ സമയം കെ.വി തോമസ് നടത്തിയ മോഡി സ്തുതി പത്രങ്ങളിലൂടെ പുറത്തുവന്നതോടെ കോണ്‍ഗ്രസും കെ.വി തോമസും സമ്മര്‍ദ്ദത്തിലായിരുന്നു. പ്രസംഗം നടക്കുമ്പോള്‍ തന്നെ ഒപ്പമുണ്ടായിരുന്ന ചിലര്‍ പ്രസംഗത്തില്‍ വന്ന വിവാദ പരാമര്‍ശങ്ങള്‍ പ്രശ്‌നമായേക്കാമെന്ന നിലയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കാര്യങ്ങള്‍ കൈവിട്ടുപോയെന്ന തോന്നലിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ മുതല്‍ കെവി തോമസ് സന്ദര്‍ശകരെയോ മാധ്യമങ്ങളെയോ കാണാന്‍ കൂട്ടാക്കാതെ എറണാകുളം ഗസ്റ്റ് ഹൗസിലെ ഒന്നാം നമ്പര്‍ മുറിയില്‍ തങ്ങുകയായിരുന്നു. മാധ്യമങ്ങള്‍ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിശദീകരണം ലഭിച്ചിരുന്നില്ല. ഇതിനിടയില്‍ ഉന്നതരായ. കോണ്‍ഗ്രസ് നേതാക്കള്‍ തോമസിനെ ബന്ധപ്പെട്ടിരുന്നു. ഹൈക്കമാണ്ടില്‍ നിന്നും തോമസിനെ ബന്ധപ്പെട്ടതായും സൂചനയുണ്ട്.
ഇതോടെ സമ്മര്‍ദ്ദമേറിയ കെവി തോമസ് 12 മണിക്കുശേഷമാണ് മാധ്യമ ഉപദേഷ്ടാക്കളുടെ സഹായത്തോടെ വിശദീകരണവുമായി രംഗത്തുവന്നത്. കെപി സിസി പ്രസിഡന്റ് എംഎം ഹസനും കെവി തോമസിനെ വിളിച്ച് നിലപാട് ആരാഞ്ഞിരുന്നു.
കെ.വി. തോമസ് നടത്തിയ മോഡി അനുകൂല പ്രസ്താവനയെക്കുറിച്ച് തോമസ് വിരുദ്ധര്‍ ഹൈക്കമാണ്ടിനു പരാതി നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ കൂടുതല്‍ വിവാദ പ്രസ്താവനകള്‍ ഉണ്ടാകരുതെന്ന് എംഎം ഹസന്‍ കെപിസിസി നേതാക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കെവി തോമസിന് സംഭവിച്ച നാക്കുപിഴ എന്ന നിലയില്‍ തന്നെ ഈ വിഷയം കൈകാര്യം ചെയ്യാനാണ് കെപിസിസിയുടെ തീരുമാനം.
കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പും അടുത്തവര്‍ഷം ലോക് സഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ മോഡിയുടെ ഭരണ പാടവത്തെ സ്തുതിച്ചുകൊണ്ട് പ്രൊഫ. കെ.വി തോമസ് രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതാക്കളെയും ബിജെപി നേതാക്കളെയും ഒരുപോലെ ഞെട്ടിച്ചിരരുന്നു.
2014 ല്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയര്‍മാനായി ബിജെപി അംഗങ്ങളുടെ കൂടി പിന്തുണയോടെ ചുമതലയേറ്റപ്പോള്‍ തന്നെ കെവി തോമസ് ബിജെപി കൂടാരത്തിലേക്ക് ചേക്കേറാനൊരുങ്ങുകയാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
ഈ അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതാണ് കെ.വി തോമസ് നടത്തിയ മോഡി സ്തുതിയെന്നായിരുന്നു വിലയിരുത്തല്‍.


Other News

 • പ്രണയികളെ സഹായിക്കാനും ദുരഭിമാനക്കൊല തടയാനും ലവ് കമാന്റോസ്, ആദ്യ പരിപാടി കോഴിക്കോട്
 • മുംബൈയില്‍ മദ്യപാനിയായ മകന്റെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു
 • മുരളീധരന്‍ ഇടപെട്ടു: രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു
 • പൊതു സ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി
 • കോഴിക്കോട് ധനകാര്യസ്ഥാപന ഉടമയെ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ സ്വദേശി പിടിയില്‍
 • സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപകമായ മഴ, കാറ്റ്; മുന്നറിയിപ്പ്
 • അഭിമന്യുവിന്റെ കൊലപാതകം ആസന്നമായ മഹാവിപത്തിന്റെ സൂചനയെന്ന് വെള്ളാപ്പള്ളി
 • കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
 • ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്
 • മനോദൗര്‍ബല്യമുള്ള മകന്‍ വയോധികനായ പിതാവിനെ കോടാലികൊണ്ട് വെട്ടിക്കൊന്നു
 • കുമ്പസാര പീഡനം: ഒരു വൈദികന്‍ കൂടി തിരുവല്ലയില്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here