കുടിയേറ്റ നയം പ്രഖ്യാപിക്കാന്‍ ട്രമ്പ് ഒരുങ്ങുന്നു; സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ക്കുള്ള വിസകള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍

Wed,May 15,2019


വാഷിംഗ്ടണ്‍ ഡി സി: കുടിയേറ്റ നയത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ പ്രസിഡന്റ് ട്രമ്പ് പ്രഖ്യാപനം നടത്തുമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ സൂചിപ്പിച്ചു. സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ക്കുള്ള വിസകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തുകയും, മറ്റുള്ള വിസകള്‍ വെട്ടിച്ചുരുക്കയും ചെയ്യുന്ന നിര്‍ദേശം സംബന്ധിച്ച് തന്റെ ഉപദേശകരമായി ട്രമ്പ് ചര്‍ച്ച നടത്തി വരികയാണ്. ഇത്തരമൊരു നിര്‍ദേശം 2020 നവംബറിലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനു മുമ്പ് യു.എസ് കോണ്‍ഗ്രസില്‍ അംഗീകാരം നേടാന്‍ സാധ്യതയില്ലെന്നും വിലയിരുത്തപ്പെടുന്നു.
ട്രമ്പിന്റെ മരുമകനും സീനിയര്‍ അഡൈ്വസറുമായ ജാരദ് കുഷ്‌നര്‍, യാഥാസ്ഥിതിക ഇമിഗ്രേഷന്‍ അഡൈ്വസറായ സ്റ്റീഫന്‍ മില്ലര്‍ എന്നിവര്‍ കാപ്പിറ്റോള്‍ ഹില്ലില്‍ പുതിയ നയം സംബന്ധിച്ച് വിശദീകരിച്ചതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ജോണ്‍ കോര്‍നിന്‍, ജോണ്‍ ബരാസോ എന്നിവര്‍ അറിയിച്ചു. കാലഹരണപ്പെട്ട ഇമിഗ്രേഷന്‍ നയം പുതുക്കുന്നതു സംബന്ധിച്ച് റിപ്പബ്ലിക്കന്‍ - ഡെമോക്രാറ്റ് പാര്‍ട്ടിക്കാര്‍ വര്‍ഷങ്ങളായി തര്‍ക്കിച്ചു വരികയാണ്. 2016 ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പു പ്രചാരണ കാലത്ത് തെക്കന്‍ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം തടയാന്‍ മതില്‍ നിര്‍മിക്കുമെന്ന് ട്രമ്പ് വ്യക്തമാക്കിയിരുന്നത് ഇക്കാര്യത്തിലുള്ള ഭിന്നത വിളിച്ചോതുന്നു.
പുതിയ നയം അതിര്‍ത്തി സുരക്ഷയും, മെറിറ്റ് അടിസ്ഥാനത്തിലുള്ള നിയമനുസൃത കുടിയേറ്റവും സംബന്ധിച്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരില്‍ ഐക്യമുണ്ടാക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഉന്നം വയ്ക്കുന്നതെന്നും, ഡെമോക്രാറ്റുകളുടെ പിന്തുണ നേടാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് കരുതുന്നില്ലെന്നും റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞു. കുടിയേറ്റം സംബന്ധിച്ച് ഏതു തരത്തിലുള്ള ബില്ലും കോണ്‍ഗ്രസില്‍ കടന്നു കൂടണമെങ്കില്‍ ഡെമോക്രാറ്റുകളുടെ പിന്തുണ നേടേണ്ടതുണ്ട്. കാരണം, കോണ്‍ഗ്രസില്‍ ഇപ്പോള്‍ അവര്‍ക്കാണ് ഭൂരിപക്ഷം.
വിസകളുടെ എണ്ണത്തില്‍ മാറ്റം വരുത്താതെ ചില നയവ്യതിയാനങ്ങള്‍ വരുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ലിന്‍ഡ്‌സെ സൂചിപ്പിച്ചു. വിസകളുടെ എണ്ണത്തില്‍ കുറവു വരുന്നത് 2020 ലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസിലെ ജെസിക്ക വൗഹന്‍ അഭിപ്രായപ്പെട്ടു. 'ഡ്രീമേഴ്‌സിനെ' സംരക്ഷിക്കുന്ന കാര്യം നിര്‍ദിഷ്ട പ്രഖ്യാപനത്തില്‍ ഉണ്ടാകില്ലെന്നാണ് സൂചന. ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകള്‍ സ്വന്തം നിലയില്‍ ഇമിഗ്രേഷന്‍ പാക്കേജ് തയാറാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. 'ഡ്രീമോഴ്‌സിന്' സംരക്ഷണം നല്‍കുന്ന ഒന്നായിരിക്കും ഇതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.


Other News

 • പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ പൗരത്വമെടുക്കാന്‍ ഇന്ത്യക്കാര്‍ തിരക്കു കൂട്ടുന്നു
 • മെയ് മാസം ന്യൂയോര്‍ക്കില്‍ മലയാള പൈതൃക മാസം; മാര്‍ത്തോമ്മ സഭയ്ക്ക് ന്യൂയോര്‍ക്ക് സെനറ്റില്‍ ആദരം
 • എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ്; സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യന്മാര്‍
 • തോമസ് ചാഴികാടനെ അഭിനന്ദിച്ചു
 • ഹൂസ്റ്റണിലെ ഗുരുദേവ മന്ദിരത്തിന്റെ സമര്‍പ്പണം ജൂണ്‍ രണ്ടിന്
 • മോഡിയെ അഭിനന്ദിച്ച് ട്രമ്പ്; ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നുവെന്ന് ട്വീറ്റ്
 • അമേരിക്കയില്‍ മെയില്‍ വിതരണത്തിന് സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ പരീക്ഷിച്ചു തുടങ്ങി
 • ജെറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജ്വേറ്റ്
 • 17 വയസ്; ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ് പതിനൊന്നാം ദിവസം ഹാര്‍വാഡ് ഗ്രാജ്വേഷന്‍
 • മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ഹൗസ് കമ്മിറ്റിയുടെ ഉത്തരവ് വൈറ്റ്ഹൗസ് മുന്‍ കോണ്‍സല്‍ അവഗണിച്ചു; ഇത്തരം ഉത്തരവുകള്‍ തടയുമെന്ന് ട്രമ്പ്
 • മാതൃദിനാഘോഷവും പുതുക്കിപ്പണിത മാപ്പ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും നടത്തി
 • Write A Comment

   
  Reload Image
  Add code here