ആദ്യ ശബ്ദാതിവേഗ യുദ്ധവിമാനം വിജയകരമായി പരീക്ഷിച്ചുവെന്ന് ചൈന

Wed,Aug 08,2018


ബെയ്ജിങ്: ആണവപോര്‍മുന വഹിക്കാന്‍ശേഷിയുള്ളതും മിസൈല്‍ പ്രതിരോധസംവിധാനം തകര്‍ക്കാന്‍ശേഷിയുള്ളതുമായ ആദ്യ ശബ്ദാതിവേഗ യുദ്ധവിമാനം വിജയകരമായി പരീക്ഷിച്ചുവെന്ന് ചൈന.
സിങ്‌കോങ്-2, സ്റ്റാറി സ്‌കൈ-2 എന്നീ പേരുകളുള്ള വിമാനത്തിന്റെ പരീക്ഷണം വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ വെള്ളിയാഴ്ച നടത്തിയതായി ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗവേഷണസ്ഥാപനമായ ചൈന അക്കാദമി ഓഫ് എയ്‌റോസ്‌പേസ് എയ്‌റോഡൈനാമിക്‌സ് (സി.എ.എ.എ.) പറഞ്ഞു.
പത്തുമിനിറ്റോളം വിമാനം പറത്തി. മുന്‍ നിശ്ചയിച്ചപ്രകാരമുള്ള ലക്ഷ്യത്തില്‍ വിമാനമിറക്കാനായെന്നും സി.എ.എ.എ. പറഞ്ഞു. ചൈന എയ്റോസ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പ്പറേഷനും സി.എ.എ.എ.യും സംയുക്തമായാണ് സിങ്‌കോങ് രൂപകല്പന ചെയ്തത്.
മിസൈല്‍വേധ സംവിധാനം തകര്‍ക്കാന്‍ ശേഷിയുള്ള ശബ്ദാതിവേഗ യുദ്ധവിമാനമുണ്ടാക്കാനുള്ള ശ്രമം റഷ്യയും യു.എസും നടത്തിവരുന്നുണ്ട്. മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കുപോലും കണ്ടെത്താന്‍ കഴിയാത്ത വേഗതയിലാകും ഈ ഹൈപ്പര്‍സോണിക് വിമാനങ്ങള്‍ കുതിക്കുക. മണിക്കൂറില്‍ 7,300 കിലോമീറ്ററിലേറെ വേഗത്തില്‍ കുതിക്കുന്ന സ്‌കൈ-2 വിമാനങ്ങള്‍ക്ക് ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ കുതിക്കാനാകും.
പരമ്പരാഗത രീതിയിലുള്ള ആണവായുധങ്ങള്‍വരെ വഹിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് വിമാനങ്ങളുടെ പരീക്ഷണ വിജയം ചൈനീസ് പ്രതിരോധ ഗവേഷണത്തിലെ നാഴികക്കല്ലാണെന്ന് ചൈനീസ് പ്രതിരോധ വിദഗ്ധനായ സോങ് ഷോങ്പിങ് പറഞ്ഞു.
അമേരിക്കയ്ക്കും റഷ്യക്കുമൊപ്പം പൊരുതാന്‍ ശേഷിയുള്ള പ്രതിരോധശേഷി ചൈനക്ക് ആര്‍ജിക്കാനായി എന്നതാണ് ഇതു സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു നവീന പോര്‍വിമാനം വികസിപ്പിക്കുന്ന കാര്യം ആദ്യമായാണ് ചൈന പുറത്തുവിടുന്നതെന്നതും ശ്രദ്ധേയമാണ്. 2010 മുതല്‍ ഇത്തരമൊരു പോര്‍വിമാനം വികസിപ്പിക്കുന്നതിനായി അമേരിക്കയും റഷ്യയും ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഈ മേഖലയില്‍ വിജയം കണ്ടത് രഹസ്യമായി ഗവേഷണം നടത്തിയ ചൈനയാണെന്നുമാത്രം.
നാറ്റോയുടെ മിസൈല്‍ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ ശേഷിയുള്ള സിര്‍കോണ്‍ എന്ന ഹൈപ്പര്‍സോണിക് ആയുധം റഷ്യ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഗവേഷണം ഏതുഘട്ടത്തിലെത്തിയെന്ന് വെളിപ്പെടുത്തിയിട്ടില്ല. പറക്കുന്നതിനിടയില്‍ത്തന്നെ ദിശ ക്ഷണനേരംകൊണ്ട് മാറ്റാനാകുമെന്നതിനാല്‍, മിസൈലുകള്‍ക്കുപോലും സ്‌കൈ-2 പോര്‍വിമാനത്തെ തകര്‍ക്കാനാവില്ലെന്നാണ് ചൈനീസ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
പരീക്ഷണം വന്‍വിജയമായിരുന്നുവെന്ന് ചൈനീസ് എയറോസ്പേസ് എയറോഡൈനാമിക്സ് അക്കാദമിയിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. മിസൈലുകള്‍ തൊടുക്കാനും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ ചെറുക്കാനും കഴിവുള്ള സ്‌കൈ-2 ആഗോളതത്തില്‍ പ്രതിരോധ ഗവേഷണങ്ങളെ വേറിട്ടൊരു തലത്തിലെത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഈ കണ്ടെത്തലോടെ, പ്രതിരോധ രംഗത്ത് ചൈന കൈവരിക്കുന്ന കുതിപ്പുകളെ ആശങ്കയോടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കാണുന്നത്.

Other News

  • 55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലോകത്തിലെ ഏറ്റവും നീണ്ട കടല്‍പ്പാലം ചൈനയില്‍ നിന്ന് ഹോങ്കോംഗിലേക്ക് സഞ്ചാരത്തിന് റെഡി
  • ഖഷോഗിയെ 'ബന്ദിയാക്കാന്‍' നോക്കി; എതിര്‍ത്തപ്പോള്‍ മരണം സംഭവിച്ചു, പ്രാദേശിക സഹായത്തോടെ മൃതദേഹം മറവു ചെയ്തുവെന്ന് പുതിയ വെളിപ്പെടുത്തല്‍
  • ഖഷോഗി വധം: 'സത്യം' വെളിപ്പെടുത്തുമെന്ന് ടര്‍ക്കി, ഒന്നും മൂടിവയ്ക്കില്ലെന്നും പ്രഖ്യാപനം
  • അവസാനം സൗദിയും സമ്മതിച്ചു; ജമാല്‍ ഖഷോഗി ടര്‍ക്കിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വച്ച് കൊല്ലപ്പെട്ടു
  • ജമാല്‍ ഖഷോഗിയുടെ മൃതദേഹം കണ്ടെത്താന്‍ ടര്‍ക്കി അന്വേകര്‍ വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നു
  • കാണ്ടഹാറില്‍ അമേരിക്കന്‍ കമാന്‍ഡര്‍ പങ്കെടുത്ത സുരക്ഷാ മീറ്റിംഗിനിടെ താലിബാന്‍ ആക്രമണം; പ്രവിശ്യാ പോലീസ് മേധാവി ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു
  • പാക്കിസ്ഥാന് ഐഎംഎഫ് വായ്പ വേണ്ടിവരില്ലെന്ന് ഇമ്രാന്‍ ഖാന്‍
  • ഖഷോഗിയുടെ 'തിരോധാനം'; ഇസ്താംബൂളിലെ സൗദി കോണ്‍സുലിന്റെ വസതി പരിശോധിക്കുന്നു; കോണ്‍സുല്‍ രാജ്യം വിട്ടു
  • മീറ്റിങിനിടെ സീലിങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു
  • സൗദി അറേബ്യയില്‍ വിദ്യാഭ്യാസമേഖലയിലും സ്വദേശിവല്‍ക്കരണം; മലയാളികള്‍ ആശങ്കയില്‍
  • പാക്കിസ്ഥാന്‍ റുപ്പിയുടെ മൂല്യം പത്തുശതമാനം ഇടിഞ്ഞു; രാജ്യം കടക്കെണിയില്‍
  • Write A Comment

     
    Reload Image
    Add code here